ADVERTISEMENT

പാലിലെ ഫാറ്റ് ഉയർത്താം മികച്ച വില നേടാം (‌ഭാഗം 2)

പാലിലെ കൊഴുപ്പ് കൂട്ടുന്നതിനായും, മതിയായ ഊര്‍ജലഭ്യത ഉറപ്പുവരുത്തുന്നതിനായും പരുത്തിക്കുരു, പരുത്തിക്കുരുപ്പിണ്ണാക്ക്, സോയാപിണ്ണാക്ക്, സൂര്യകാന്തിപ്പിണ്ണാക്ക്, ചക്കിലാട്ടിയ തേങ്ങാപ്പിണ്ണാക്ക്, എള്ളിന്‍പിണ്ണാക്ക് തുടങ്ങിയ സസ്യജന്യസാന്ദ്രീകൃതാഹാരങ്ങള്‍ കര്‍ഷകര്‍ സാധാരണയായി നല്‍കാറുണ്ട്. ഉയര്‍ന്ന അളവില്‍‌ സസ്യജന്യകൊഴുപ്പും ഊര്‍ജവും, ബൈപ്പാസ് മാംസ്യവും അടങ്ങിയ ഈ തീറ്റയിനങ്ങള്‍ പശുക്കള്‍ക്ക് മികച്ച ആഹാരമാണ്. പ്രത്യേക വ്യാവസായിക പ്രക്രിയയിലൂടെ കൊഴുപ്പ് നീക്കിയ പരുത്തിക്കുരു പിണ്ണാക്കും, തേങ്ങാപ്പിണ്ണാക്കുമെല്ലാം നാരുകളുടെയും മികച്ച സ്രോതസുകളായ സാന്ദ്രീകൃതാഹാരങ്ങളാണ്. എങ്കിലും അവയുടെ ആകെ അളവ് മൊത്തം ശുഷ്കാഹാരത്തിന്‍റെ  5-6 ശതമാനത്തില്‍ അധികരിച്ചാല്‍ പാലുൽപാദനം തന്നെ കുറയുന്നതിന് കാരണമാവുകയും ഒപ്പം ദഹന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുകയും ചെയ്യും. ആമാശയത്തിലെ ആദ്യ അറയായ റൂമനില്‍വച്ച് വിഘടിച്ച് ഗ്ലിസറോളും ഫാറ്റി അമ്ലങ്ങളുമായി മാറുന്ന പ്രകൃതിദത്ത കൊഴുപ്പുകള്‍ പച്ചപ്പുല്ലടക്കമുള്ള പരുഷാഹാരങ്ങളിലെ നാരുകള്‍ക്ക് ചുറ്റും നേരിയ കൊഴുപ്പുപാളികള്‍ രൂപപ്പെടുത്തുകയും സൂക്ഷ്മാണുക്കളുടെ കിണ്വന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും ചെയ്യുന്നതിനാലാണിത്. പ്രകൃതിദത്ത കൊഴുപ്പ് ഉയര്‍ന്ന തോതിലടങ്ങിയ സാന്ദ്രീകൃതാഹാരങ്ങള്‍ തീറ്റയില്‍ അനുവദനീയമായ അളവില്‍ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രദ്ധ വേണം. ലഭ്യമായ സാന്ദ്രീകൃതാഹാരങ്ങള്‍ കൃത്യമായ അനുപാതത്തില്‍ ഉള്‍പ്പെടുത്തി തീറ്റ മിശ്രിതം തയാറാക്കാന്‍ വിദഗ്ധരുടെ സഹായം തേടാം.  പാലിലെ കൊഴുപ്പളവ് മുഖ്യമായും  ഉയരുന്നത് പച്ചപ്പുല്ല്, വൈക്കോല്‍ തുടങ്ങിയ പരുഷാഹാരങ്ങളില്‍ അടങ്ങിയ മാര്‍ദ്ദവവും നീളവുമുള്ള നാരുകളുടെ സമയമെടുത്തുള്ള ദഹന പ്രവര്‍ത്തനങ്ങളിലൂടെയാണ് എന്ന കാര്യം എപ്പോഴും മനസില്‍ സൂക്ഷിക്കണം. 

പാലിൽ കൊഴുപ്പുകൂടാന്‍ പശുക്കള്‍ക്ക് പുത്തൻ തീറ്റകൾ 

പ്രത്യേക സാങ്കേതികവിദ്യയുടെ സഹായത്തോടെ സാന്ദ്രീകൃത പരുഷാഹാരങ്ങള്‍ കൃത്യമായ അനുപാതത്തില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച തീറ്റയാണ് ടിഎംആര്‍ (Total mixed ration) അഥവാ സമ്പൂര്‍ണ മിശ്രിത കാലിത്തീറ്റകള്‍. പോഷകങ്ങള്‍ സമീകൃതമായി ഉള്‍പ്പെടുത്തി സമ്പന്നമാക്കിയ ടിഎംആര്‍ സമ്പൂര്‍ണ മിശ്രിത കാലിത്തീറ്റകള്‍ അധിക ആമാശയ അമ്ലത തടയാനും ആമാശയാരോഗ്യം ഉറപ്പുവരുത്താനും ഉത്തമമാണ്. ടിഎംആര്‍ തീറ്റകള്‍ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ ദഹനം കാര്യക്ഷമമാവുകയും പാലിന്‍റെ അളവും കൊഴുപ്പുമെല്ലാം വര്‍ധിക്കുകയും ചെയ്യും. അത്യുല്‍പ്പാദനശേഷിയുള്ള പശുക്കളുടെ പാലിലെ കൊഴുപ്പ് ഉയര്‍ത്താനും ഉല്‍പ്പാദനത്തിനാവശ്യമായ മതിയായ ഊര്‍ജം ലഭ്യമാക്കാനുമുള്ള മികച്ച ഒരു വഴിയാണ് അവയുടെ തീറ്റയില്‍ പ്രത്യേക സാങ്കേതികവിദ്യ വഴി നിര്‍മിച്ച ബൈപ്പാസ് കൊഴുപ്പുകള്‍ ഉള്‍പ്പെടുത്തുക എന്നുള്ളത്. ആമാശയത്തിലെ ആദ്യ അറയായ റൂമനിലെ ദഹനപ്രവര്‍ത്തനങ്ങളെ അതിജീവിക്കുന്ന ബൈപ്പാസ് കൊഴുപ്പുകള്‍ നാലാം അറയായ അബോമാസത്തില്‍വച്ചു മാത്രമേ വിഘടിപ്പിക്കപ്പെടുകയുള്ളൂ. തുടര്‍ന്ന് ചെറുകുടലില്‍വച്ച് നേരിട്ട് ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. ബൈപ്പാസ് കൊഴുപ്പുകള്‍ പരുഷാഹാരങ്ങളുടെ ദഹനത്തെയോ സൂക്ഷ്മാണുക്കളുടെ കിണ്വന പ്രവര്‍ത്തനങ്ങളെയോ തടസ്സപ്പെടുത്തുകയില്ല. മാത്രവുമല്ല പ്രകൃതിദത്ത കൊഴുപ്പില്‍ കാത്സ്യം ചേര്‍ത്തുള്ള സാങ്കേതികവിദ്യ വഴി നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ബൈപ്പാസ് കൊഴുപ്പുകള്‍ വിഘടിക്കുമ്പോള്‍ കൊഴുപ്പിനൊപ്പം കാത്സ്യവും പശുക്കള്‍ക്ക് ലഭ്യമാവും. കാത്സ്യം ചേര്‍ത്തു നിര്‍മിച്ചതിനാല്‍ കാത്സ്യം സോപ്പുകള്‍ എന്നാണ് ബൈപ്പാസ് കൊഴുപ്പുകള്‍ അറിയപ്പെടുന്നത്. നിയാസിന്‍ അടക്കമുള്ള ജീവകങ്ങള്‍, കോബാള്‍ട്ട്, ഫോസ്ഫറസ്, ക്രോമിയം തുടങ്ങിയ ധാതുക്കള്‍, യീസ്റ്റ് (സക്കാരോമൈസെസ് സെര്‍വീസിയ), അസ്പരാഗസ് റേസിമോസസ് തുടങ്ങിയ മിത്രാണുക്കള്‍, ആമാശയ അമ്ലത ലഘൂകരിക്കുന്നതിനായി പൊട്ടാസ്യം ക്ലോറൈഡ് പോലുള്ള ക്ഷാരഘടകങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയ ബൈപ്പാസ് കൊഴുപ്പുമിശ്രിതങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. വില അൽപം കൂടുതലാണെങ്കിലും മേന്മയുള്ള പാല്‍ ഉറപ്പുവരുത്തുന്നതിനാല്‍ ബൈപ്പാസ് കൊഴുപ്പുകള്‍ ഉപയോഗിക്കുന്നത് ക്ഷീരകര്‍ഷകര്‍ക്ക് ഒരിക്കലും നഷ്ടമാവില്ല. 10 മുതല്‍ 15 ലീറ്ററിലധികം പാലുല്‍പ്പാദിപ്പിക്കുന്ന പശുക്കള്‍ക്ക് പ്രതിദിനം 50-100 ഗ്രാം വരെ ബൈപ്പാസ് കൊഴുപ്പുമിശ്രിതങ്ങള്‍ തീറ്റയില്‍ ഉള്‍പ്പെടുത്തി നല്‍കാം. 

പശുക്കളുടെ ദഹനവ്യൂഹത്തില്‍ മിത്രാണുക്കളുടെ എണ്ണവും സന്തുലിതാവസ്ഥയും ഉറപ്പുവരുത്തുന്നതിനും ദഹനശേഷി കാര്യക്ഷമമാക്കുന്നതിനും ഉത്തമമാണ് പ്രോബയോട്ടിക്കുകള്‍. ലാക്ടോബാസിലസ് അസിഡോഫിലസ്, ലാക്ടോബാസിലസ് ബിഫിഡസ് , യീസ്റ്റ് എന്നിവയെല്ലാം അടങ്ങിയ പ്രോബയോട്ടിക് മിശ്രിതങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. പ്രോബയോട്ടിക്കുകള്‍ തീറ്റപരിവര്‍ത്തനശേഷിയും പാലിന്‍റെ അളവും കൊഴുപ്പും ഉയര്‍ത്തുമെന്ന് പഠനഫലങ്ങള്‍ ഉണ്ട്. ജീവകങ്ങളും ധാതുക്കളും മികച്ച തോതില്‍ അടങ്ങിയ അസോള തീറ്റയില്‍ ചേര്‍ത്ത് നല്‍കിയാല്‍ പാലിന്‍റെ അളവും കൊഴുപ്പും കൊഴുപ്പിതര പദാര്‍ഥങ്ങളും വര്‍ധിക്കുന്നതായി പഠനത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്. പുതിയ ആഹാരവുമായി പരിചയപ്പെടുത്തുന്നതിന് തുടക്കത്തില്‍ അസോള 200-250 ഗ്രാം അളവില്‍ നല്‍കാം. ശേഷം പ്രതിദിനം 3 മുതല്‍ 5 കിലോ വരെ അസോള  തീറ്റയില്‍ ചേര്‍ത്ത് കറവപ്പശുക്കള്‍ക്ക് നല്‍കാം. ഇതോടൊപ്പം ഉപാപചയ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി 50-60 ഗ്രാം വീതം ധാതുലവണമിശ്രിതങ്ങള്‍ ദൈനംദിന തീറ്റയില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. പണ്ടപ്പുഴു എന്ന് കര്‍ഷകര്‍ക്കിടയില്‍ അിറയപ്പെടുന്ന ആംഫിസ്റ്റോം അടക്കമുള്ള വിരബാധകള്‍ പാലിലെ ഖരപദാര്‍ഥങ്ങളുടെ അളവ് കുറയുന്നതിന് കാരണമാവാറുണ്ട്. അതിനാല്‍ വിരമരുന്നുകള്‍ കൃത്യമായ ഇടവേളകളില്‍ നല്‍കാന്‍ പ്രത്യേക ശ്രദ്ധ വേണം. 

പാലിലെ കൊഴുപ്പും കറവയുടെ ക്രമവും 

പാലിലെ കൊഴുപ്പ് മികച്ചരീതിയില്‍ നിലനിര്‍ത്താന്‍ കറവയിലും ശ്രദ്ധവേണ്ടതുണ്ട്. കറവയുടെ തുടക്കത്തില്‍ പാലില്‍ കൊഴുപ്പിന്‍റെ അളവ് കുറവായിരിക്കുമെങ്കിലും കറക്കും തോറും പാലില്‍ കൊഴുപ്പിന്‍റെ അളവ് കൂടി വരികയും അവസാനത്തെ തുള്ളി പാലില്‍ പരമാവധിയിലെത്തുകയും ചെയ്യും. കറവയുടെ ആദ്യഘട്ടത്തില്‍ കറന്നെടുക്കുന്ന പാലില്‍ അടങ്ങിയതിനെക്കാള്‍ 8-15 ശതമാനം അധിക അളവില്‍ കൊഴുപ്പ് അവസാനത്തില്‍ ചുരത്തുന്ന പാലില്‍ അടങ്ങിയിട്ടുണ്ട്. അവസാനം ചുരത്തേണ്ട പാല്‍ കറന്നെടുക്കാതെ കിടാവിനു കുടിക്കേണ്ടതിനായി അകിടില്‍ ബാക്കിവച്ചാല്‍ പാലിലെ ആകെയുള്ള കൊഴുപ്പളവ് കുറയുന്നതിനു വഴിവയ്ക്കും. അതിനാല്‍ പാല്‍ ഇത്തിരിപോലും അകിടില്‍ ബാക്കിവയ്ക്കാതെ പൂര്‍ണമായും കറന്നെടുത്ത് 7-8 മിനിറ്റിനുള്ളില്‍ കറവ പൂര്‍ത്തിയാക്കണം. കിടാവിന് കുടിക്കാനായി ഒരു മുലക്കാമ്പ് മാറ്റിവയ്ക്കുകയോ കറന്നെടുത്ത് കുടിപ്പിക്കുകയോ ചെയ്യാം. പാല്‍ കറവ നടത്തുന്നതിനിടെ പശുവിനെ ഭയപ്പെടുത്തുകയോ വിരട്ടുകയോ ചെയ്യരുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൂര്‍ണമായും പാല്‍ ചുരത്താന്‍ പശു മടിക്കുന്നതിനാല്‍ അത് കൊഴുപ്പളവ് കുറയാന്‍ ഇടയാകും. 

കറവയിലെ ക്രമമില്ലായ്മ ഏറ്റവുമധികം ബാധിക്കുക പാലിലെ കൊഴുപ്പിനെയാണ്. കറവകള്‍ക്കിടയിലുള്ള ഇടവേള കൂടിയാല്‍ പാലിലെ കൊഴുപ്പും ലാക്ടോസുമെല്ലാം കുറയും. രണ്ടു കറവകള്‍ക്കിടയിലുള്ള ഏറ്റവും മികച്ച ഇടവേളയായ 12 മണിക്കൂര്‍ പാലിക്കാന്‍ ശ്രമിക്കണം. ശ്രദ്ധക്കുറവ് മൂലം കുറഞ്ഞയളവില്‍ പോലും ജലം പാലില്‍ കലര്‍ന്നാല്‍ അതും കൊഴുപ്പളവ് കുറയുന്നതിന് വഴിവെക്കും. അകിടുകളും പാല് കറന്നെടുക്കുന്ന പാത്രങ്ങളും കഴുകി തുടച്ച് ജലാംശം പൂര്‍ണമായും ഒഴിവാക്കിയതിന് ശേഷമേ കറവ നടത്താവൂ. കറന്നെടുത്ത പാല്‍ ഏറെ നേരം അനക്കാതെ വെച്ചിരുന്നാല്‍ സാന്ദ്രത കുറഞ്ഞ കൊഴുപ്പുകണികകള്‍ ഉപരിതലത്തില്‍ അടിയാന്‍ ഇടവരുത്തും. ഇത് പാലിലെ കൊഴുപ്പിന്റെ സന്തുലിതമായ വിതരണത്തെ ബാധിക്കും. അതിനാല്‍ പാല്‍ വിതരണത്തിനെടുക്കും മുമ്പ് നന്നായി ഇളക്കി നല്‍കാന്‍ മറക്കരുത്.  

English summary: How to increase milk yield and fat percent of a dairy cow?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com