ADVERTISEMENT

മൃഗപരിപാലന ചെലവിന്റെ 75 മുതല്‍ 80 ശതമാനം തീറ്റച്ചെലവിന്റെ ഇനത്തിലാണ് വരുന്നത്. മൃഗങ്ങള്‍ക്ക്, പ്രത്യേകിച്ചും പശുക്കള്‍ക്ക് പോഷകങ്ങള്‍ ലഭിക്കുന്നത് അവ കഴിക്കുന്ന തീറ്റകളില്‍നിന്നാണ്. അതിനാല്‍, ആവശ്യമായ അളവില്‍, ഗുണ നിലവാരമുള്ള തീറ്റ കൊടുത്തെങ്കില്‍ മാത്രമേ അവയില്‍നിന്ന് കര്‍ഷകന് നല്ല രീതിയിലുള്ള ഉല്‍പാദനം ലഭിക്കുകയുള്ളൂ എന്നു മാത്രമല്ല, സംരംഭം ലാഭകരമാവുകയുമുള്ളൂ.  

തീറ്റകളെ, അവയുടെ നാരിന്റെ അംശം അനുസരിച്ചു സാന്ദ്രീകൃതഹാരം എന്നും പരുഷാഹാരം എന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. സാന്ദ്രീകൃതാഹാരം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നാരിന്റെ അംശം കുറവുള്ള ധാന്യങ്ങള്‍, പിണ്ണാക്കുകള്‍, തവിടുകള്‍ എന്നിവയും ഇവയെല്ലാം ഉപയോഗിച്ചു നിര്‍മ്മിച്ച, വിപണിയില്‍ ലഭിക്കുന്ന സമീകൃത കാലിത്തീറ്റയുമാണ്. പരുഷാഹാരത്തില്‍ ഉള്‍പ്പെടുന്നതുന്നത് പുല്ലും വൈക്കോലും പോലുള്ള നാര് കൂടുതലടങ്ങിയ വസ്തുക്കളാണ്.  

മൃഗസംരക്ഷണ മേഖലയില്‍, പ്രത്യേകിച്ചും ക്ഷീരമേഖലയില്‍, തീറ്റയെ സംബന്ധിക്കുന്ന അനേകം പ്രശ്നങ്ങളുണ്ട്. ഇവയില്‍ സാന്ദ്രീകൃതഹാരത്തെയും, പരുഷഹാരത്തെയും സംബന്ധിക്കുന്ന പ്രശ്നങ്ങളെയും അവയ്ക്കുള്ള പരിഹാര നിര്‍ദേശങ്ങളെയും ഓരോന്നോരോന്നായെടുത്ത് നമുക്ക് ചര്‍ച്ച ചെയ്യാം.

സാന്ദ്രീകൃതാഹാരത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ 

1. ഘടക വസ്തുക്കളായ ധാന്യങ്ങള്‍, പിണ്ണാക്കുകള്‍, തവിടുകള്‍ എന്നിവ ഒന്നും തന്നെ തദ്ദേശീയമായി ലഭ്യമല്ല. അതിനാല്‍ കര്‍ഷകര്‍ വിപണിയില്‍ ലഭിക്കുന്ന കാലിത്തീറ്റ വലിയ വില കൊടുത്തു വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നു. ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭ്യമായ പല കാലിത്തീറ്റകളിലും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേർഡ്‌സിനനുസൃതമായ മാംസ്യവും ഊർജവും അടങ്ങിയിട്ടില്ല എന്നത് നിര്‍ഭാഗ്യകരമായ ഒരു വസ്തുതയാണ്. 

തൽഫലമായി ശാസ്ത്രീയമായി പറഞ്ഞിട്ടുള്ള അളവില്‍ കാലിത്തീറ്റ കൊടുത്താല്‍ പോലും ഉദ്ദേശിച്ച അളവില്‍ പാല്‍ കിട്ടുന്നില്ല. അതിനാല്‍ കര്‍ഷകർ കാലിത്തീറ്റയ്ക്കു പുറമേ, മാംസ്യത്തിന്റെ സ്രോതസുകളായ പിണ്ണാക്കുകളും, ഊര്‍ജത്തിന്റെ സ്രോതസായ അരിയുടെ കഞ്ഞിയും കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് തീറ്റച്ചെലവ് പിന്നേയും കൂട്ടുന്നു.

2. കാലിത്തീറ്റയിലും, ധാതുലവണ മിശ്രിതത്തിലുമുള്ള മായം ചേര്‍ക്കല്‍: തീറ്റയില്‍ മാംസ്യത്തിന്റെ അളവ് കൂട്ടാന്‍ വേണ്ടി യൂറിയ ചേര്‍ക്കുന്നു. എന്നാല്‍ കാലിത്തീറ്റയില്‍ ചേര്‍ക്കാവുന്ന യൂറിയയുടെ പരമാവധി ആളവ് 1 ശതമാനമാണ്. കന്നുകുട്ടികളുടെ തീറ്റയില്‍ ആകട്ടെ ഒട്ടും യൂറിയ ചേര്‍ക്കാനും പാടില്ല. അധികരിച്ച അളവില്‍ യൂറിയ അടങ്ങിയ തീറ്റ കഴിക്കുന്ന പശുക്കള്‍ കരള്‍ രോഗം പിടിപെടാനും, ചിലപ്പോള്‍ ചത്തു പോകാനും സാധ്യതയുണ്ട്. 

നമ്മുടെ സംസ്ഥാനത്ത് വിപണിയിലുള്ള ധാതുലവണ മിശ്രിതങ്ങള്‍ പലതിലും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിഷ്കര്‍ഷിച്ചിട്ടുള്ളതിലും അധികം മണല്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ധാതുലവണ മിശ്രിതങ്ങള്‍ തുടര്‍ച്ചയായി കൊടുക്കുന്നതു മൂലം കാത്സ്യം, ഫോസ്ഫറസ് എന്നീ മുഖ്യ മൂലകങ്ങളുടെ ന്യൂനത ഉണ്ടാകാന്‍ സാധ്യത വളരെയേറെയാണ്. 

3. ക്ഷീരകര്‍ഷകര്‍ അൽപമെങ്കിലും പിടിച്ചു നില്‍ക്കുന്നത് ബിയര്‍ വേസ്റ്റ്, സ്റ്റാര്‍ച്ച് നീക്കിയ കപ്പ, ചോള മാവ്, ചോളത്തവിട് എന്നീ ഉപോല്‍പ്പന്നങ്ങള്‍, തീറ്റയില്‍ ചേര്‍ത്തു കൊടുത്തുകൊണ്ടാണ്. എന്നാല്‍, ഇത്തരം വസ്തുക്കള്‍ അധികമായി കൊടുത്താല്‍ ദഹനക്കേട്, കുളമ്പു ചീയല്‍, വന്ധ്യത എന്നീ അസുഖങ്ങള്‍ വരാം. 

4. വളരുന്ന പശുക്കള്‍ക്ക്/കിടാരികള്‍ക്കുള്ള തീറ്റ അപൂർവം ചില കമ്പനികൾ പരിമിതമായി ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ പലയിടത്തും, പ്രത്യേകിച്ചു൦ വടക്കൻ ജില്ലകളിൽ ഒട്ടും തന്നെ വിപണിയില്‍ ലഭ്യമല്ല. 

5. പാല്‍വില എപ്പോള്‍ വർധിപ്പിച്ചാലും അതിനെക്കാള്‍ വേഗത്തില്‍ കാലിത്തീറ്റവില വര്‍ധിപ്പിക്കും.

സാന്ദ്രീകൃതാഹാരത്തെ സംബന്ധിക്കുന്ന പരിഹാരങ്ങള്‍ 

1. വിപണിയില്‍ ലഭ്യമായ സമീകൃത കാലിത്തീറ്റയുടെയും ധാതുലവണ മിശ്രിതങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കാനുള്ള നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ പണിപ്പുരയിലാണ്. അധികം താമസിക്കാതെ, അത് നടപ്പിലാകുമ്പോൾ കാലിത്തീറ്റ ഗുണനിലവാര നിഷ്കർഷയും പരിശോധനയും; ഭക്ഷ്യ സുരക്ഷാ പരിശോധന പോലെ കർശനമാകും.    

2. പറ്റാവുന്നിടത്തോളം, തദ്യേശീയമായി ലഭ്യമായ കാപ്പിക്കുരു തൊണ്ട്, തേയിലച്ചണ്ടി, കുരുമുളകുചണ്ടി, പുളിങ്കുരു പൊടിച്ചത് മുതലായ പാരമ്പര്യേതര തീറ്റകള്‍ പശുക്കള്‍ക്ക് കൊടുക്കുകയാണെങ്കില്‍ വില കൂടിയ കാലിത്തീറ്റ കൊടുക്കുന്നതു കുറെയേറെ കുറയ്ക്കാന്‍ സാധിക്കും. 

3. കാലിത്തീറ്റ സബ്സിഡി നിരക്കില്‍ എല്ലാ കര്‍ഷകര്‍ക്കും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. നിലവില്‍, ക്ഷീരകര്‍ഷകര്‍ സൊസൈറ്റിയില്‍ അളക്കുന്ന ഓരോ ലീറ്റര്‍ പാലിനും കാലിത്തീറ്റയുടെ വിലയില്‍ 1 രൂപ നിരക്കില്‍ സബ്സിഡിയായി നൽകുന്നുണ്ട്. ഇത് തുച്ഛമാണെന്ന് മാത്രമല്ല, പശുവിന് കറവയുണ്ടെങ്കില്‍ മാത്രമേ കിട്ടൂ. അതിനാല്‍ കാലിത്തീറ്റ സബ്സിഡി വർധിപ്പിക്കുകയും, അത് പശുവിനെ വളര്‍ത്തുന്ന എല്ലാ കര്‍ഷകര്‍ക്കും, എപിഎല്‍ - ബിപിഎല്‍ വ്യത്യാസം ഇല്ലാതെ നൽകുകയും ചെയ്യണം. 

4. കേരളത്തിലെ മില്ലുകളില്‍നിന്നുല്‍പ്പാദിപ്പിക്കുന്ന തേങ്ങാ പിണ്ണാക്കും തവിടും കേരളത്തിനു വെളിയിലേക്ക് കടത്തുന്നത് നിയമം മൂലം നിരോധിക്കുകയാണെങ്ങില്‍, ഇത്തരം വസ്തുക്കള്‍ ഉപയോഗിച്ച് കേരളത്തിലും വിലക്കുറവില്‍ കാലിത്തീറ്റ നിര്‍മ്മിക്കാന്‍ സാധിക്കും.

5. അത്യുല്‍പാദന ശേഷിയുള്ള പശുക്കള്‍ക്ക് ബൈപ്പാസ്സ് പ്രോട്ടീന്‍, ബൈപ്പാസ്സ് ഫാറ്റ് എന്നിവ കൂടുതല്‍ അടങ്ങിയിട്ടുള്ള തീറ്റ കൊടുക്കണം. തന്നെയുമല്ല, ബിയര്‍ വേസ്റ്റ് പോലത്തെ ഉപോല്‍പ്പന്നങ്ങള്‍ തീറ്റയില്‍ ചേര്‍ത്ത് കൊടുക്കുമ്പോഴുള്ള പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും  കര്‍ഷകര്‍ക്ക് മനസിലാക്കി കൊടുക്കുവാന്‍ ഉദ്യേശിച്ചുള്ള പരിശീലന പരിപാടികളും വിജ്ഞാന വ്യാപന പ്രവർത്തനങ്ങളും, വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്‌ത സംരംഭത്തിൽ കേരളത്തില്‍ മുഴുവനും നടത്തണം.

6. കേരള വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തിയിലെ സ്കൂള്‍ ഓഫ് അനിമല്‍ നൂട്രീഷന്‍ ആന്‍ഡ് ഫീഡ് ടെക്നോളജിയില്‍ കന്നുകുട്ടികളുടെയും കിടാരികളുടെയും തീറ്റ ഉല്‍പാദിപ്പിക്കുന്നുണ്ട്. ഇതേ മാതൃക സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. 

പരുഷാഹാരത്തെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ 

പരുഷാഹാരത്തിന്റെ പ്രത്യേകിച്ചു പച്ചപ്പുലിന്റെയും വൈക്കോലിന്റെയും ലഭ്യതക്കുറവാണ് കേരളത്തിലെ ക്ഷീരമേഖലയെ ബാധിക്കുന്ന പ്രധാന പ്രശ്നം. അയവിറക്കുന്ന മൃഗമായ പശുവിന്‍റെ തീറ്റയില്‍ 40 ശതമാനമെങ്കിലും പരുഷാഹാരം ലഭ്യമാക്കിയിരിക്കണം. അതിനാല്‍, പച്ചപ്പുല്‍ ലഭ്യമല്ലെങ്കില്‍ പശുക്കള്‍ക്ക് വൈക്കോല്‍ കൂടിയ വില കൊടുത്തു വാങ്ങിക്കൊടുക്കുകയേ കര്‍ഷകര്‍ക്ക് നിര്‍വാഹമുള്ളൂ. ഇത് പാലുല്‍പാദനച്ചെലവ് വീണ്ടും വർധിപ്പിക്കുന്നു. 

പരുഷാഹാരത്തെ സംബന്ധിക്കുന്ന പരിഹാരങ്ങള്‍ 

1. ഊര്‍ജിതമായ തീറ്റപ്പുല്‍ക്കൃഷി നടപ്പിലാക്കണം. നല്ല രീതിയിൽ തീറ്റപ്പുല്‍ കൊടുക്കാനായാല്‍ വില കൂടിയ കാലിത്തീറ്റയും വൈക്കോലും കുറച്ചു കൊടുത്താല്‍ മതിയാകും. കാരണം, 1 കിലോ കാലിത്തീറ്റയ്ക്ക് പകരം 20 കിലോ പച്ചപ്പുല്ലോ 6–8 കിലോ പയറു വര്‍ഗങ്ങളോ കൊടുത്താല്‍ മതിയാകും. അതുപോലെതന്നെ, 1 കിലോ വൈക്കോലിന് പകരം 4-5 കിലോ പച്ചപ്പുല്‍ മതി.  

പഞ്ചായത്തുകള്‍ പോലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ക്ഷീര സഹകരണ സംഘങ്ങളും  തീറ്റപ്പുല്‍കൃഷി വ്യാപിപ്പിക്കുന്നതിന് മുന്‍കയ്യെടുക്കേണ്ടതാണ്. സ്ഥലമുള്ളവര്‍ക്ക് അവരുടെ സ്വന്തം സ്ഥലത്തും; പുല്‍കൃഷി ചെയ്യാന്‍ താൽപര്യമുള്ളവരും, എന്നാല്‍ സ്ഥലം ഇല്ലാത്തവരുമായ ആള്‍ക്കാര്‍ക്ക് സ്ഥലം പാട്ടത്തിനെടുത്തു കൊടുത്തും, പുല്‍കൃഷി ചെയ്യാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കണം. 

ഏറ്റവും കൂടുതല്‍ വിളവു തരുന്ന പുല്ലിനമായ സങ്കര നേപ്പിയര്‍ തനി വിളയായി മാത്രമേ നടാനാവൂ. തെങ്ങിന്‍ തോട്ടങ്ങളിലെ ഒഴിഞ്ഞ സ്ഥലത്തു ഗിനി, കൊംഗോസിഗ്നല്‍ എന്നീ പുല്ലിനങ്ങള്‍ ഇടവിളയായി നടാം. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ പാരാ പുല്ലു കൃഷി ചെയ്യാവുന്നതാണ്. 

2. നെല്‍കൃഷി ചെയ്യാതെ തരിശായി കിടക്കുന്ന വയലുകളില്‍ നെല്‍കൃഷിയിറക്കാന്‍ കര്‍ഷകര്‍ക്ക് എല്ലാ സഹായഹസ്തങ്ങളും നല്കണം. 2008ലെ നെല്‍വയല്‍ സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കുകയും, നെല്‍വയല്‍ നികത്തി കെട്ടിടം പണിയുന്നവര്‍ക്കെതിരെ കര്‍ശനവും, മാതൃകാപരവുമായ നടപടികള്‍ എടുത്തെങ്കില്‍ മാത്രമേ നെല്‍കൃഷിയുണ്ടാവുകയുള്ളൂ. നെല്‍കൃഷിയുണ്ടായാല്‍ മാത്രമേ, നെല്ലിന്റെ ഉപോൽപന്നമായ വൈക്കോല്‍, ക്ഷീരകര്‍ഷകര്‍ക്ക് ചെറിയ വിലയ്ക്ക് കിട്ടുകയുള്ളൂ. 

3. മഴക്കാലത്ത് അധികമായുണ്ടാകുന്ന പച്ചപ്പുല്‍; സൈലേജ്, ഹേ (ഉണക്ക പുല്ല്) എന്നിവയാക്കി മാറ്റി സംഭരിച്ചു സൂക്ഷിച്ചാല്‍, പച്ചപ്പുല്ലിന് ദൗര്‍ലഭ്യമുള്ള വേനല്‍ക്കാലത്ത് പരുഷാഹാരമായി ഉപയോഗിക്കാം. 

4. കാലിത്തീറ്റയുടെ ഘടകവസ്തുക്കളായ ധാന്യങ്ങള്‍, പിണ്ണാക്കുകള്‍, തവിടുകള്‍; പരുഷാഹാരങ്ങളായ പുല്ല് അല്ലെങ്കില്‍ വൈക്കോല്‍ എന്നിവ പൊടിച്ചു ചേര്‍ത്ത് ഒറ്റത്തീറ്റയായി കൊടുക്കുന്ന സമ്പൂര്‍ണ മിശ്രിത തീറ്റ (കംപ്ലീറ്റ് ഫീഡ് അഥവാ ടോട്ടല്‍ മിക്സ്ഡ് റേഷന്‍ - TMR) എന്ന സാങ്കേതിക വിദ്യ വ്യാപകമാക്കേണ്ടിയിരിക്കുന്നു. ഈ സാങ്കേതിക വിദ്യ വ്യാപകമാക്കുന്നതില്‍ കൂടി പശുവിനെ വളര്‍ത്താന്‍ സ്ഥലമില്ലാത്തത്തും, അതേസമയം പാലിന് ആവശ്യക്കാരേറെ ഉള്ളതുമായ പട്ടണങ്ങളില്‍ പോലും പശുവിനെ വളര്‍ത്താന്‍ സാധിക്കും.

5. യൂറിയ ഉപയോഗിച്ചുള്ള വൈക്കോലിന്റെ സംപൂഷ്ടീകരണം വ്യാപകമാക്കിയാല്‍, ഗുണനിലവാരം കുറഞ്ഞ വൈക്കോലിന്റെ പോഷക മൂല്യം വർധിപ്പിക്കാനും പശുവിനുള്ള മാംസ്യലഭ്യത വർധിപ്പിക്കാനും സഹായിക്കും. 

പൊതുവായ പരിഹാര നിര്‍ദ്ദേശങ്ങള്‍

  • ഉല്‍പ്പാദനച്ചെലവിനനുസൃതമായി പാലിന്റെ സംഭരണവില വര്‍ധിപ്പിക്കേണ്ടതുണ്ട്. 
  • കര്‍ഷകരുടെയും, മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആള്‍ക്കാരുടെയും കാഴച്ചപ്പാട്; മൃഗസംരക്ഷണ മേഖലയും, പശു വളര്‍ത്തലും, ഒരു ഉപതൊഴില്‍ എന്നതില്‍ നിന്നും മാറി, കൂടിയ അളവില്‍ ഉല്‍പാദനവും, തദ്വാരാ കൂടുതല്‍ വരുമാനവും നേടിത്തരുന്ന ഒരു വ്യാവസായിക സംരംഭം എന്നതിലേക്ക് മാറേണ്ടിയിരിക്കുന്നു. 
  • കേരളത്തിലെ ക്ഷീര-മൃഗ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകളില്‍, 60 ശതമാനത്തിലധികം പേരും 55 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. ഇത് അധികകാലം ഈ രീതിയില്‍ തുടര്‍ന്നു പോകില്ല. അതിനാല്‍, പുതു തലമുറയെ ഈ മേഖലയിലേക്കാകര്‍ഷിക്കാന്‍; കൃഷിയും മൃഗസംരക്ഷണവും, ഹൈസ്കൂള്‍ തലത്തിലെങ്കിലും നിര്‍ബന്ധിത പാഠ്യ വിഷയങ്ങളായി മാറ്റേണ്ടിയിരിക്കുന്നു. 
  • കഷ്ടപ്പെട്ടും അധ്വാനിച്ചും നേട്ടം കൊയ്ത ക്ഷീര കര്‍ഷകരെ നമ്മള്‍ ആദരിക്കേണ്ടിയിരിക്കുന്നു. ഇത് മറ്റുള്ളവര്‍ക്ക് ഒരു നല്ല മാതൃകയായിരിക്കും. 
  • ക്ഷീര കര്‍ഷകന്റെ തോളിന്‍മേലുള്ള ഭാരം കുറയ്ക്കാന്‍, ഗുജറാത്ത് മാതൃകയില്‍ തീറ്റയും ചികില്‍സയും കര്‍ഷകന് വീട്ടുപടിക്കല്‍ ലഭ്യമാക്കേണ്ടിയിരിക്കുന്നു.   
  • ക്ഷീര മേഖല ഈ വക പ്രതിസന്ധികളില്‍ കൂടിയെല്ലാം കടന്നു പോകുന്നുണ്ടെങ്കിലും, പുതു തലമുറയില്‍ പെട്ട അനേകം യുവാക്കള്‍; ധാരാളം പശുക്കളും, വന്‍ മുതല്‍ മുടക്കും ഉള്ള വലിയ പശു ഫാമുകള്‍ തുടങ്ങിയിട്ടുണ്ട് എന്നത് ശ്ലാഘനീയമാണ്. തന്നെയുമല്ല, കോവിഡ് പ്രതിസന്ധി മൂലം ഗൾഫ് രാജ്യങ്ങളിൽ നിന്നും മടങ്ങി വന്ന അനേകം ആൾക്കാർ ഇന്നീ മേഖലയെ വളരെ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. ഇവർക്കെല്ലാവർക്കും വേണ്ട രീതിയിലുള്ള ശാസ്ത്രീയമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകുന്നതിന് വേണ്ടിയുള്ള ഫലപ്രദമായ വിജ്ഞ്ജാന വ്യാപന പ്രവർത്തനങ്ങൾ കേരള വെറ്ററിനറി സര്‍വകലാശാലയുടെ വിജ്ഞ്ജാന വ്യാപന വിഭാഗത്തിന്‍റെ മേല്‍നോട്ടത്തില്‍ ഈ കോവിഡ് കാലത്തും വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കൂടി വളരെയേറെ കർഷക പങ്കാളിത്തത്തോടെ സ൦ഘടിപ്പിക്കുന്നുണ്ട് എന്നത് ശുഭോദർക്കമായ കാര്യമാണ്. 

English summary: Guide for Cattle Feeding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com