മികച്ച ബ്രീഡ്, കീശ ചോരാത്ത കൂട്, മുടക്കമില്ലാതെ ഫീഡ്: ആടു വളർത്തലിലെ വിജയമന്ത്രം

HIGHLIGHTS
  • കൂട്ടിനുള്ളിൽ മതിയായ വായുസഞ്ചാരം ഉറപ്പാക്കണം
  • പശുക്കളേക്കാള്‍ അധികം തീറ്റ കഴിക്കുന്നവരാണ് ആടുകള്‍
goat-farming
SHARE

മൃഗസംരക്ഷണ സംരംഭക രംഗത്തേക്ക് കടന്നുവരുന്ന പുതുസംരംഭകരുടെ ഇഷ്ടമേഖലകളിലൊന്നാണ് ആടു വളര്‍ത്തല്‍. ഫാം ആരംഭിക്കുന്നതിന് ആവശ്യമായ താരതമ്യേനെ കുറഞ്ഞ മുതല്‍മുടക്കും ആവർത്തനച്ചെലവും കുറഞ്ഞ ജോലിഭാരവും ആടുകൃഷിയുടെ ആകർഷണങ്ങളാണ്. ഭൂമി, വെള്ളം, വൈദ്യുതി തുടങ്ങിയവയ്ക്കുള്ള കുറഞ്ഞ ആവശ്യകതയും എളുപ്പമായ മാലിന്യനിര്‍മാർജനവും ആടു വളര്‍ത്തലിന്റെ മേന്മകളാണ്. ആടുകളുടെ ഉയര്‍ന്ന പ്രത്യുല്‍പ്പാദനക്ഷമതയും സന്താനസമൃദ്ധിയും കൂടിയ തീറ്റപരിവര്‍ത്തനശേഷിയും വളര്‍ച്ചാനിരക്കും ഉയര്‍ന്ന രോഗപ്രതിരോധശേഷിയുമെല്ലാം ആട് സംരംഭകര്‍ക്ക് ആദായം നേടിനല്‍കും. ആടിനും ആട്ടിന്‍കുഞ്ഞുങ്ങള്‍ക്കുമെല്ലാം ആവശ്യക്കാർ ഏറെയുണ്ട്. വിപണിയില്‍ ലഭ്യമായ വിലയേറിയ പാലും വിലനിലവാരത്തില്‍ മുന്‍പന്തിയിലുള്ള മാംസവും ആടിന്റേത് തന്നെ. വലിയ രീതിയില്‍ വിലവ്യതിയാനങ്ങളില്ലാത്ത സുസ്ഥിരവും സുനിശ്ചിതവുമായ വിപണിയുമുണ്ട്. ആട് മേഖലയിലേക്ക് കടന്നുവരുന്ന പുതുസംരംഭകര്‍ ആദ്യ ഘട്ടത്തില്‍ പത്തോ ഇരുപതോ ആടുകളെ വളര്‍ത്തി അറിവും അടവും സ്വായത്തമാക്കിയതിന് ശേഷം ഫാം വിപുലപ്പെടുത്തുന്നത് അഭികാമ്യം.

മികച്ച ബ്രീഡ്  

മാംസോൽപാദനം, നല്ലയിനം കുഞ്ഞുങ്ങളുടെ ഉൽപാദനവും വിപണനവും, പാലുൽപാദനം, ഇണ ചേര്‍ക്കാന്‍ വേണ്ടി മാത്രമുള്ള മേല്‍ത്തരം മുട്ടനാടുകളുടെ പരിപാലനം, ഫാന്‍സി / ഓമന ആടുകളുടെ വിപണനം തുടങ്ങി ഓരോ ആടു സംരംഭകന്റെയും ലക്ഷ്യങ്ങള്‍ പലതായിരിക്കും. ഈ സംരംഭകലക്ഷ്യങ്ങളോട് ഇണങ്ങുന്നതും ഉത്തമ ജനിതകഗുണങ്ങളുള്ളതുമായ ജനുസുകളെ വേണം ഫാമിലെ മുഖ്യ ബ്രീഡായി തിരഞ്ഞെടുക്കേണ്ടത്. മലബാറി സങ്കരയിനം ആടുകൾ തന്നെയാണ്. മലബാറി, സങ്കര മലബാറി തുടങ്ങിയ ഇനങ്ങളെ കൂടാതെ ജമുനാപാരി, ബീറ്റല്‍, സിരോഹി, ഒസ്മനാബാദി, ബര്‍ബാറി തുടങ്ങി ഇത്തിരി കുഞ്ഞന്‍ അസ്സാം ഡ്വാര്‍ഫ് ഉള്‍പ്പെടെ നിരവധി മറുനാടന്‍ ജനുസുകളും ഇന്ന് കേരളത്തില്‍ പ്രചാരത്തിലുണ്ട്. അംഗീകൃത ജനുസുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടില്ലെങ്കിലും സങ്കരപ്രജനനം വഴി പ്രാദേശികമായി ഉരുത്തിരിഞ്ഞ ചില ആടിനങ്ങളും കേരളത്തിൽ ഇന്ന്  പ്രചാരത്തിലുണ്ട്. പർബസാരി, തോത്താപുരി, കരോളി, സോജത്, കോട്ട, നാഗഫണി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ആടുകൾ ഇത്തരം  പ്രാദേശിക ഇനങ്ങൾക്ക് ഉദാഹരണങ്ങളാണ്. പ്രത്യുല്‍പ്പാദനക്ഷമത, കാലാവസ്ഥയോടുള്ള ഇണക്കം, രോഗപ്രതിരോധശേഷി, വളര്‍ച്ചനിരക്ക്, പരിപാലനച്ചെലവ് എന്നിവയെല്ലാം ഒരുമിച്ച് പരിഗണിക്കുമ്പോള്‍ മറ്റിനങ്ങളെ അപേക്ഷിച്ച് മലബാറി ആടുകളും മലബാറി സങ്കരയിനങ്ങളും തന്നെയാണ് ഒരുപടി മുന്നില്‍ നില്‍ക്കുന്നത്. ആടുവളര്‍ത്തല്‍ മേഖലയിലേക്ക് പുതുതായി കടന്നുവരുന്ന സംരംഭകര്‍ക്ക് ആശങ്കകളും ആകുലതകളും ഏറെയില്ലാതെ തിരഞ്ഞെടുത്ത്  വളര്‍ത്താവുന്ന ഇനവും നമ്മുടെ മലബാറി തന്നെ. കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് വിപണനം ചെയ്യാനും മാംസോൽപ്പാദനത്തിന് പ്രയോജനപ്പെടുത്താനും ഏറ്റവും ഉത്തമവും മലബാറി തന്നെ 

കന്നുകാലി ചന്തകളില്‍നിന്നും കശാപ്പുകാരുടെ  കൈയ്യില്‍നിന്നും ഇടനിലക്കാരില്‍നിന്നും ആടുകളെ വളർത്താനായി വാങ്ങുന്നത് പരമാവധി ഒഴിവാക്കണം. ശാസ്ത്രീയ രീതികൾ അവലംബിച്ച് വളര്‍ത്തുന്ന കര്‍ഷകരില്‍ നിന്നോ മികച്ച രീതിയില്‍  പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫാമുകളില്‍ നിന്നോ  ആടുകളെ തിരഞ്ഞെടുക്കാം. രക്തബന്ധമില്ലാത്ത ആടുകള്‍ തമ്മില്‍ ഇണ ചേര്‍ന്നുണ്ടായ കുഞ്ഞുങ്ങളെ മാത്രമേ വളര്‍ത്താന്‍ വേണ്ടി തിരഞ്ഞെടുക്കാന്‍ പാടുള്ളൂ. ആടിനെ വാങ്ങുമ്പോള്‍ കുട്ടികളോട് കൂടി അമ്മയാടുകളെ വാങ്ങുന്നതാണ് ലാഭകരം. കൂടുതല്‍ കുട്ടികളുള്ള ആടുകളാണെങ്കില്‍ ഏറെ നന്ന്. ആട്ടിൻകുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുമ്പോൾ കഴിയുമെങ്കിൽ രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ പ്രസവിക്കുന്ന തള്ളയാടിന് ഉണ്ടായ കുഞ്ഞുങ്ങളെ തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം. മൂന്ന് മാസം പ്രായമെത്തിയ പാൽക്കുടി മാറിയ കുഞ്ഞുങ്ങളെയും 8-9 മാസം പ്രായമായ പെണ്ണാടുകളെയും ഒരു വര്‍ഷം പ്രായമായ മുട്ടനാടിനെയും ഫാമിലേക്ക് തിരഞ്ഞെടുക്കാം. പ്രസവിക്കാറായ ആടുകളെയോ, മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ളതോ പത്ത് കിലോയില്‍ താഴെ തൂക്കമുള്ളതോ ആയ ആടുകളെ വാങ്ങാതിരിക്കുന്നതാണ് നല്ലത്. എല്ലുകള്‍ തെളിഞ്ഞ് കാണുന്ന ക്ഷീണിച്ച ആടുകളെ ഒഴിവാക്കണം. കണ്ണിന്റെ ശ്ലേഷ്മസ്തരങ്ങള്‍ പരിശോധിക്കണം. വിളറി വെളുത്ത ശ്ലേഷ്മസ്തരങ്ങള്‍ ഉള്ളവയെ ഒഴിവാക്കണം. ആരോഗ്യമുള്ള ആടുകളുടെ കണ്ണിന്റെ  ശ്ലേഷ്മസ്തരങ്ങള്‍ക്ക് പിങ്ക് നിറമായിരിക്കും. ആടുകളുടെ അകിട് പരിശോധിക്കുകയും അകിടുവീക്കം വന്ന്  കല്ലിച്ച അകിടുകൾ ഉള്ളവയെ ഒഴിവാക്കുകയും വേണം. 

goat-farming-1

കീശചോരാത്ത കൂട്

ആടുകളേക്കാൾ കൂടുകൾക്ക് മുതൽമുടക്കുന്ന പ്രവണത ആടുവളർത്തൽ സംരംഭങ്ങളെ പരാജയത്തിൽ കൊണ്ടെത്തിക്കും എന്നതിന് അനുഭവപാഠങ്ങൾ ഏറെയുണ്ട്. ആട്ടിൻ കൂടിനുള്ള മുതൽ മുടക്ക്  സംരംഭത്തിന്റെ മൊത്തം ബഡ്‌ജറ്റിന്റെ ഇരുപത് ശതമാനത്തിൽ ഒതുക്കി നിർത്താൻ കഴിയണം. പ്രതികൂല കാലാവസ്ഥയിൽനിന്നും ഇരപിടിയന്‍ ജീവികളില്‍നിന്നും സംരക്ഷണം ഉറപ്പാക്കുന്ന കൂടുകളാണ് പണികഴിപ്പിക്കേണ്ടത്. ചെലവില്ലാതെ ലഭിക്കുന്ന  പ്രകൃതിദത്ത അണുനാശിനിയാണ് സൂര്യപ്രകാശം. വെയില്‍ നന്നായി കൂട്ടില്‍ പതിക്കാന്‍ സാഹചര്യമൊരുക്കുന്ന വിധം കിഴക്ക്-പടിഞ്ഞാറ് ദിശയില്‍ കൂട് നിർമിക്കുന്നതാണ് ഉത്തമം. കൂടുകള്‍ പണികഴിപ്പിക്കുമ്പോള്‍ ഒരു പെണ്ണാടിന് ഏകദേശം  10 ചതുരശ്ര അടിയും മുട്ടനാടിന് ചുരുങ്ങിയത് 20-25 ചതുരശ്ര അടിയും കുട്ടികള്‍ക്ക് 5-6 ചതുരശ്ര അടിയും സ്ഥലം കൂട്ടില്‍ ഉറപ്പാക്കണം. ഈ കണക്കുപ്രകാരം 300-350   ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു കൂട് പണികഴിപ്പിച്ചാല്‍ 20 പെണ്ണാടുകളെയും അവയിൽ നിന്നുണ്ടാവുന്ന കുട്ടികളെയും (പെണ്ണാടുകളുടെ ഇരട്ടി എണ്ണം കുഞ്ഞുങ്ങൾ ഓരോ വർഷവും ഫാമിൽ ഉണ്ടാവും എന്നാണ് കണക്ക് ) ഒരു മുട്ടനാടിനെയും വളര്‍ത്താം. ആദ്യഘട്ടത്തിൽ വളർത്താനുദ്ദേശിക്കുന്ന ആടുകളുടെ എണ്ണത്തിന്റെ ഇരട്ടി ആടുകളെ ഉൾകൊള്ളുന്ന കൂടുകൾ നിർമിക്കുന്നത് കുഞ്ഞുങ്ങൾ വളർന്ന് ഫാം വിപുലമാവുമ്പോൾ  സഹായകരമാവും.  

കൂട്ടിനുള്ളിൽ മതിയായ വായുസഞ്ചാരം ഉറപ്പാകുന്നതിനാവണം മുഖ്യപരിഗണന. കാഷ്ഠത്തിന്റെയും മൂത്രത്തിന്റെയും അവയിൽ നിന്നും പുറന്തള്ളുന്ന അമോണിയയുടെയും മണം കൂട്ടില്‍ തങ്ങി നിന്നാൽ ആടുകൾക്ക് ശ്വാസകോശരോഗങ്ങൾ വിട്ടുമാറില്ല. ഇരുപത് മുതൽ മുപ്പത്  വരെ ആടുകളെ വളർത്താവുന്ന  ഇടത്തരം കൂടുകളാണെങ്കില്‍ കൂടിന്റെ പ്ലാറ്റ് ഫോം തറ നിരപ്പില്‍നിന്ന ഒരു മീറ്റര്‍ ഉയരത്തില്‍ പണിയാം. വലിയ കൂടുകളാണെങ്കില്‍ ഒരാള്‍ക്ക്  കൂടിനടിയിലൂടെ നിവര്‍ന്ന് നടക്കാനും കൂടിനടി വൃത്തിയാക്കാനും കഴിയുന്നവിധം  1.8 മീറ്റര്‍ ഉയരത്തില്‍ (6 അടി) ഉയരത്തില്‍ പ്ലാറ്റ് ഫോം പണിയുന്നതാണ് ഉത്തമം. ഇതിനായി നല്ല ബലമുള്ള മരത്തടികളോ  ഹോളോബ്രിക്സോ കോൺക്രീറ്റ് ബാറുകളോ സ്‌ക്വയർ പൈപ്പുകളോ ഉപയോഗിക്കാം. കൂടിന്റെ പ്ലാറ്റ്‌ഫോം (ആടുകൾ നിൽക്കുന്ന തട്ട്)  ഒരുക്കുന്നതിനായി പാകപ്പെടുത്തിയ കവുങ്ങിൻ തടിയോ പനത്തടിയോ നല്ല ഈടുനിൽക്കുന്ന  മരപ്പട്ടികയോ ഉപയോഗപ്പെടുത്തുന്നതാണ് ലാഭകരം. പ്ലാറ്റ്‌ഫോം ഉയർച്ചയും താഴ്ചയും ഇല്ലാതെ ഒരേ നിരപ്പിൽ ക്രമീകരിക്കാൻ ശ്രദ്ധിക്കണം. പല നിരപ്പിലുള്ള പലകകള്‍ ആടിന്റെ കുളമ്പിന്‍റെ ആരോഗ്യത്തെ  ബാധിക്കും. തട്ട് നിർമിക്കാൻ ഉപയോഗിക്കുന്ന പട്ടികകൾക്ക് രണ്ട്  ഇഞ്ച് വീതിയും ഒരു ഇഞ്ച് കനവും ഉണ്ടായിരിക്കണം. തട്ട് ഒരുക്കാൻ ഉപയോഗിക്കുന്ന മരപ്പട്ടികകൾക്കിടയിൽ 1.25-1.5  സെന്റിമീറ്റർ വിടവ് നൽകണം. മരപ്പട്ടികകൾക്കിടയിൽ തമ്മിൽ 4-6 സെന്റിമീറ്റർ അകലം നൽകണം.  ഇന്റര്‍ലോക്ക് ചെയ്ത് ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഫ്ലോറുകൾ ഇന്ന് വിപണിയിലുണ്ട്. പ്രാരംഭച്ചെലവ്  കൂടുതലാണെങ്കിലും പെട്ടെന്ന് തട്ടിന്റെ പണി തീര്‍ക്കാമെന്നും മൂത്രമോ കാഷ്ഠമോ കെട്ടിക്കിടക്കില്ലെന്നും വൃത്തിയാക്കല്‍ എളുപ്പമാണെന്നുമുള്ള നേട്ടം പ്ലാസ്റ്റിക്  പ്ലാറ്റ്‌ഫോമിനുണ്ട്. തണുപ്പോ ചൂടോ ഈര്‍പ്പമോ  ബാധിക്കാതെ ദീർഘകാലം ഈടുനിൽക്കുകയും ചെയ്യും.  ഇത്തരം പ്ലാസ്റ്റിക് ഫ്ളോറുകള്‍ ഏജന്റുമാരില്‍ നിന്ന് വാങ്ങുന്നതിന്  പകരം കമ്പനിയുമായി ബന്ധപ്പെട്ട് നേരിട്ട്  വാങ്ങുന്നതാണ് അഭികാമ്യം. ഒരു ചതുരശ്ര അടിയിൽ താങ്ങാൻ കഴിയുന്ന ഭാരത്തിന്റെ അടിസ്ഥാനത്തിലാണ് പ്ലാസ്റ്റിക് സ്ളേറ്റഡ് ഫ്ലോറുകളുടെ ഗുണമേന്മ നിർണയിക്കേണ്ടത്.

പ്ലാറ്റ്‌ഫോമിൽനിന്നും ഒന്നര- രണ്ട്  മീറ്റർ വരെ ഉയരത്തിൽ മരപ്പട്ടികകൊണ്ടോ മുള കൊണ്ടോ ഇഴയകലമുള്ള  കമ്പിവല കൊണ്ടോ ഭിത്തി നിർമിക്കാം. . രണ്ട് ഇഞ്ചിന്റെ  കണ്ണിവലകളാണ് അനുയോജ്യം. തീറ്റത്തൊട്ടി  കൂട്ടിനുള്ളിലോ കൂട്ടില്‍നിന്ന് തല പുറത്തേക്ക് കടക്കാനുന്ന തരത്തിലോ ക്രമീകരിക്കാം. വ്യാസം കൂടിയ പിവിസി പൈപ്പുകൾ നെടുകെ  കീറി ചെലവ് കുറഞ്ഞ രീതിയിൽ തീറ്റത്തൊട്ടി നിർമിക്കാവുന്നതാണ്. പുറത്തേക്കാണ് തീറ്റപ്പാത്രങ്ങള്‍  ക്രമീകരിച്ചിരിക്കുന്നതെങ്കില്‍ രാത്രി അടച്ച് സൂക്ഷിക്കാന്‍ സംവിധാനം ഉണ്ടാവണം. ഓല കൊണ്ടോ ഓടുകൊണ്ടോ തകര കൊണ്ടോ ടിൻ കോട്ടഡ് അലുമിനിയം ഷീറ്റ് കൊണ്ടൊ മേൽക്കൂര ഒരുക്കാം. പ്ലാറ്റ്‌ഫോമിൽ നിന്നും മേൽക്കൂരയുടെ ഒത്ത മധ്യത്തിലേക്ക് 4  മീറ്റർ ഉയരം നൽകണം. ഇരുവശങ്ങളിലും പ്ലാറ്റ്‌ഫോമിൽ നിന്നും മേൽക്കൂരയിലേക്കുള്ള  ഉയരം 3 മീറ്റർ നൽകണം. വശങ്ങളിൽ 1-1.5 മീറ്റർ പുറത്തേക്ക് ഇറങ്ങി നിൽക്കുന്ന രീതിയിൽ വേണം മേൽക്കൂര ക്രമീകരിക്കേണ്ടത്.

മുടക്കമില്ലാതെ  ഫീഡ്

ശരീരതൂക്കത്തിന്  ആനുപാതികമായി നോക്കുമ്പോള്‍ പശുക്കളേക്കാള്‍ അധികം തീറ്റ  കഴിക്കുന്നവരാണ് ആടുകള്‍.  ശരീര തൂക്കത്തിന്റെ 5 മുതല്‍ 7 ശതമാനം വരെ അളവില്‍ ശുഷ്കാഹാരം (ഡ്രൈമാറ്റര്‍) നിത്യവും ആടുകള്‍ക്ക് വേണ്ടതുണ്ട്. ആവശ്യമായ ശുഷ്കാഹാരത്തിന്‍റെ മുക്കാല്‍ പങ്കും തീറ്റപ്പുല്ലുകള്‍, വൃക്ഷയിലകൾ, പയർവർഗ വിളകൾ, വൈക്കോല്‍ തുടങ്ങിയ പരുഷാഹാരങ്ങളില്‍ നിന്നായിരിക്കേണ്ടതും ആടുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ശുഷ്കാഹാരത്തിന്റെ ഈ കണക്ക് പ്രകാരം മേയാന്‍ വിടാതെ വളര്‍ത്തുന്ന മുതിര്‍ന്ന ആടുകള്‍ക്ക് 4-5 കിലോഗ്രാമെങ്കിലും തീറ്റപ്പുല്ലോ അല്ലെങ്കില്‍  വൃക്ഷയിലകളോ  ദിവസേന  വേണ്ടിവരും. ആട് ഫാം ആരംഭിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും മുന്‍പായി തീറ്റപ്പുല്‍കൃഷി ആരംഭിക്കേണ്ടതും  വൃക്ഷവിളകള്‍ നട്ടുവളര്‍ത്തേണ്ടതും സമൃദ്ധമായ തീറ്റ ഉറപ്പുവരുത്തുന്നതിന് പ്രധാനമാണ്. ഫാം ആരംഭിക്കുന്നതിനു രണ്ടര  മാസം  മുന്‍പായി  തീറ്റപ്പുല്‍കൃഷിക്കായുള്ള  ഒരുക്കങ്ങള്‍ തുടങ്ങണം. സിഒ  3, സിഒ 5, സൂപ്പർ നേപ്പിയർ തുടങ്ങിയ സങ്കരയിനം നേപ്പിയറുകള്‍, പാരപ്പുല്ല്, ഗിനി, കോംഗോസിഗ്നല്‍ തുടങ്ങിയവയെല്ലാം ആടുകള്‍ക്ക് ഉത്തമമായ തീറ്റ പുല്ലിനങ്ങളാണ്. ഏകദേശം 50 മുതല്‍ 80 വരെ  ആടുകളെ വളര്‍ത്താന്‍ അരയേക്കറില്‍ തീറ്റപ്പുല്‍കൃഷി വിളയിച്ചാല്‍ മതിയാവും. ഒപ്പം വൻപയർ, തോട്ടപ്പയർ, സ്റ്റൈലോസാന്തസ്, സെന്റ്രോസീമ (പൂമ്പാറ്റപ്പയർ)  തുടങ്ങിയ പയർ വർഗ ചെടികളും സുബാബുള്‍ (പീലിവാക),  മള്‍ബറി, മുരിക്ക്, മുരിങ്ങ, വേങ്ങ, അഗത്തി തുടങ്ങിയ വൃക്ഷവിളകളും കൂടെ  നട്ടുപിടിപ്പിച്ചാല്‍ മുടക്കമില്ലാതെ മാംസ്യസമൃദ്ധമായ തീറ്റ ആടിന് ഉറപ്പാക്കാം. ഇത് വഴി സാന്ദ്രീകാഹാരത്തിന്‍റെ അളവ് കുറയ്ക്കാനും ചെലവ് ചുരുക്കാനും സാധിക്കും. പുല്‍കൃഷിക്കായി ഒരുക്കുന്ന  സ്ഥലത്തിന്‍റെ 60 ശതമാനം  തീറ്റപ്പുല്ലും ബാക്കി 40 ശതമാനം  ഇലച്ചെടികളും വൃക്ഷവിളകളും  വളര്‍ത്തുന്നതാണ് ഉത്തമം. അസോളയും ആടിന് അത്യുത്തമമായ  മാംസ്യസ്രോതസാണ്. 

പരുഷാഹാരങ്ങള്‍ക്കൊപ്പം തന്നെ കുറഞ്ഞ അളവില്‍ സാന്ദ്രീകൃതാഹാരവും ആടുകള്‍ക്ക് വേണ്ടതുണ്ട്.  പ്രായപൂര്‍ത്തിയായ മലബാറി ഇനത്തിൽ പെട്ട  പെണ്ണാടുകള്‍ക്ക് ദിവസവും  250 മുതല്‍ 350 ഗ്രാം വരെ സാന്ദ്രീകൃത തീറ്റ നല്‍കിയാല്‍ മതിയാവും. സിരോഹി, ജമുനാപാരി, ബീറ്റൽ തുടങ്ങിയ ശരീരതൂക്കവും വളർച്ചയും കൂടിയ ജനുസിൽപ്പെട്ട ആടുകൾക്ക്  കൂടിയ അളവിൽ (അര കിലോഗ്രാം മുതൽ ഒന്നര കിലോഗ്രാം വരെ )  സാന്ദ്രീകൃതാഹാരം പ്രതിദിനം നൽകേണ്ടി വരും. ആടുകള്‍ക്ക്  ആവശ്യമായ സാന്ദ്രീകൃതാഹാരങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അല്ലെങ്കില്‍ ഊര്‍ജസാന്ദ്രതയുയര്‍ന്ന ധാന്യങ്ങള്‍ 30 ശതമാനവും മാംസ്യത്തിന്റെ അളവുയര്‍ന്ന പിണ്ണാക്കുകള്‍ 30 ശതമാനവും നാര് ധാരാളമടങ്ങിയ തവിടുകള്‍ 30 ശതമാനവും ബാക്കി  ധാതുലവണ ജീവക മിശ്രിതങ്ങളും പ്രോബയോട്ടിക്കുകളും ചേര്‍ത്ത് ആടുകള്‍ക്കുള്ള തീറ്റ സ്വന്തമായി  തയാറാക്കാവുന്നതുമാണ്. മുതിര്‍ന്ന ആടുകള്‍ക്ക് ഊര്‍ജസാന്ദ്രത ഉയര്‍ന്ന തീറ്റയും (ധാന്യസമൃദ്ധം) ആട്ടിന്‍കുട്ടികള്‍ക്ക് മാംസ്യത്തിന്‍റെ അളവുയര്‍ന്ന (കൂടുതല്‍ പിണ്ണാക്ക്) തീറ്റയുമാണ് നല്‍കേണ്ടത്. 

നാളെ: ആടുവളർത്തലും ഫാം ലൈസൻസും പുതിയ സംരംഭകരറിയാൻ

English summary: How to Start a Goat Farm?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA