ചെലവ് ചുരുക്കാൻ ലളിതമാർഗങ്ങൾ, മികച്ച വരുമാനവും; കണ്ടു പഠിക്കേണ്ട കർഷകൻ ജിമ്മി

HIGHLIGHTS
  • തീറ്റപ്പുല്ലിനെക്കാൾ ലാഭകരം പൈനാപ്പിൾ ഇല
  • മുട്ടക്കോഴികൾക്ക് ചെലവു കുറഞ്ഞ പോഷകത്തീറ്റ
jimmy
ജിമ്മി
SHARE

മലങ്കര ഡാമിന്റെ പദ്ധതിപ്രദേശത്ത് നൂറേക്കർ വിസ്തൃതിയിൽ തീറ്റപ്പല്ല് കൃഷി ചെയ്തിരുന്നു ഇടുക്കി ജില്ലയിൽ തൊടുപുഴയ്ക്കടുത്ത് അഞ്ചിരി വെട്ടുകാട്ടിൽ ജിമ്മി. ഡെയറി ഫാമുകൾക്ക് പുല്ലു വിൽക്കുന്നത് മികച്ച വരുമാനമാർഗവുമായിരുന്നു. ഇന്നു പക്ഷേ പുല്ലിനെക്കാൾ മികച്ച തീറ്റ ഫാമുകൾക്കെത്തിക്കുന്ന തിരക്കിലാണ് ഈ കർഷകൻ. പുല്ലിന്റെ മുന്നിലൊന്നു വിലയ്ക്കു കിട്ടുന്ന തീറ്റ വാങ്ങാൻ ക്ഷീരകർഷകർക്കും  താൽപര്യം. പൈനാപ്പിൾ ഇലയാണ് പുല്ലിനെ പിന്നിലാക്കി പ്രചാരം നേടുന്ന പുതിയ തീറ്റ. ഡിമാൻഡ് വർധിച്ചതോടെ പുൽകൃഷി പൂർണമായും ഒഴിവാക്കി പകരം പൈനാപ്പിൾ ഇല ലഭ്യമാക്കുന്ന സംരംഭത്തിലേക്കു കടന്നിരിക്കുന്നു ജിമ്മി. വാണിജ്യാടി സ്ഥാനത്തിൽ വാഴയും കപ്പയും കൃഷി ചെയ്യുന്ന  ജിമ്മിയുടെ പുതുസംരംഭം പ്രദേശത്തെ ക്ഷീര കർഷകർക്കും നൽകുന്നു ചെറുതല്ലാത്ത നേട്ടം.  

പൈനാപ്പിൾ കൃഷിക്ക് വൻപ്രചാരമുള്ള എറണാകുളം, ഇടുക്കി ജില്ലകളിലെ ക്ഷീരകർഷകർ ഏറെക്കാലമായി പശുക്കൾക്കു പൈനാപ്പിളില നൽകുന്നവരാണ്. പുല്ലിന്റെ ലഭ്യത കുറയുന്ന വേനൽക്കാലത്ത് ബദൽ തീറ്റ മാത്രമായിരുന്നു മുന്‍പ് പൈനാപ്പിളില. ഇന്ന് അതല്ല സ്ഥിതിയെന്നു ജിമ്മി. തീറ്റപ്പുല്ല് തീർത്തും ഒഴിവാക്കി പകരം വർഷം മുഴുവൻ  പൈനാപ്പിളില നൽകുന്നു പല  ഡെയറി ഫാമുകളും സാധാരണ ക്ഷീരകർഷകരും. പൈനാപ്പിൾകൃഷി വ്യാപകമല്ലാത്ത ജില്ലകളിലേക്ക് ടൺ കണക്കിന് ഇല ഇവിടെനിന്നു വാങ്ങിക്കൊണ്ടുപോകുന്ന ഫാമുകളുണ്ടെന്നും ജിമ്മി.

‌ചെലവ് തുച്ഛം, വരവ് മെച്ചം

പൈനാപ്പിളില പശുക്കൾക്ക് ആഹാരമാകുന്നതിന്റെ ഗുണം പലതാണ്. സ്ഥലം പാട്ടത്തിനെടുത്ത് വാണിജ്യാടിസ്ഥാനത്തിൽ പൈനാപ്പിൾക്കൃഷി ചെയ്യുന്ന കർഷകരെ സംബന്ധിച്ച് വലിയ തലവേദനയാണ് വിളവെടുപ്പിനു ശേഷം വിളാവശിഷ്ടങ്ങൾ എവിടെ ഉപേക്ഷിക്കും എന്നത്. ഇലയത്രയും ഡെയറി ഫാമുകളിലേക്കു പോകാൻ തുടങ്ങിയതോടെ ആ പ്രതിസന്ധി ഒഴിവായി. ചെലവു കുറഞ്ഞ തീറ്റ ലഭിക്കുന്നു എന്നതാണ് ക്ഷീരകർഷകരുടെ നേട്ടം. തീറ്റപ്പുല്ലിന് കിലോ 3–4 രൂപ മുടക്കേണ്ടിവരുമ്പോൾ കിലോയ്ക്ക് ശരാശരി ഒന്നേകാൽ രൂപയ്ക്കു ലഭിക്കും പൈനാപ്പിൾ ഇല. നാരും മറ്റു പോഷകങ്ങളുമടങ്ങിയ പൈനാപ്പിളില പതിവ് ആഹാരമായതോടെ കറവ കൂടിയെന്നും കർഷകർ. പശുക്കൾക്കാകട്ടെ, ഇതു പുല്ലിനെക്കാൾ പ്രിയവും.

pineapple-leaf
പൈനാപ്പിൾ ഇല ലോറിയിൽ കയറ്റുന്നു

പത്തു യുവാക്കളെ ഒപ്പം കൂട്ടിയാണ് ജിമ്മിയുടെ ഇലവെട്ടൽ. മുൻമന്ത്രിയും തൊടുപുഴ എംഎൽഎ യുമായ പി.ജെ. ജോസഫിന്റെ നൂറോളം പശുക്കളുള്ള ഫാമിലേക്കും മുടങ്ങാതെ 3–4 ടൺ പൈനാപ്പിളില എത്തിക്കുന്നുണ്ട് ജിമ്മിയും സംഘവും. നിലവിൽ 20 ഫാമുകളെങ്കിലും സ്ഥിരം ആവശ്യക്കാരായുണ്ടെന്ന് ജിമ്മി. പച്ചപ്പും ജലാംശവും ചോരാതെ 10 ദിവസം വരെ സൂക്ഷിക്കാം എന്നതിനാൽ ഫാമുകൾ ഒരാഴ്ചത്തേക്ക് ഒരുമിച്ചു വാങ്ങും. അരിഞ്ഞോ ചാഫ് കട്ടറിൽ ചെറുകഷണങ്ങളാക്കിയോ കാലികൾക്കു  നൽകും. 

പൈനാപ്പിൾകൃഷി വ്യാപകമായതിനാൽ പുതുക്കൃഷിക്കായി വെട്ടി നീക്കേണ്ട തോട്ടങ്ങൾ ഒട്ടേറെ യുണ്ടാവും വർഷം മുഴുവനും. അതുകൊണ്ടുതന്നെ ചെലവു കുറഞ്ഞ ഈ തീറ്റയുടെ ലഭ്യതയെ ക്കുറിച്ച് ആശങ്കയില്ലെന്നും ജിമ്മി.

pineapple-leaf-1
പൈനാപ്പിൾ ഇല മികച്ച തീറ്റ

പച്ചക്കറി അവശിഷ്ടങ്ങളിൽനിന്ന് പ്രോട്ടീൻ

പാഴായ പൈനാപ്പിളില പശുക്കൾക്ക് ആഹാരമാക്കുന്ന സംരംഭംപോലെ പച്ചക്കറി അവശിഷ്ടങ്ങളിൽനിന്ന് പ്രോട്ടീൻസമൃദ്ധമായ ബ്ലാക്ക് സോൾജിയർ ഫ്ലൈ ലാർവ ഉൽപാദിപ്പിച്ച് നാടൻ മുട്ട ക്കോഴികൾക്കു തീറ്റയായി നൽകുന്നുമുണ്ട് ജിമ്മി. നമ്മുടെ പരിസരങ്ങളിൽ സാധാരണ കാണാറുള്ള ബ്ലാക്ക് സോൾജിയർ ഫ്ലൈ (BSF) എന്ന നിരുപദ്രവകാരിയായ ഈച്ചയെ  പ്രയോജനപ്പെടുത്തി ജൈവമാലിന്യ സംസ്കരണവും കോഴി–മത്സ്യത്തിറ്റ ഉൽപാദനവും സാധ്യമാക്കുന്നതു സംബന്ധിച്ച് മുൻപ് കർഷകശ്രീ ഓൺലൈൻ വിശദമായി പങ്കുവച്ചിട്ടുണ്ട്.

രോഗം പരത്തുകയോ മറ്റ് ഉപദ്രവങ്ങൾ ഉണ്ടാക്കുകയോ ചെയ്യാത്ത ഈ ഈച്ചയിനത്തിന്റെ ലാർവയെ ഉൽപാദിപ്പിക്കുക എളുപ്പമെന്നു ജിമ്മി. തൊടുപുഴ നഗരസഭയിലെ പച്ചക്കറിക്കടകളിൽനിന്നു ലഭിക്കുന്ന പഴം–പച്ചക്കറി അവശിഷ്ടങ്ങൾ നൽകിയാണ് ജിമ്മിയുടെ ലാർവക്കൃഷി. പ്രകൃതിയിൽ സാധാരണ കാണുന്ന ബ്ലാക്ക് സോൾജിയർ ഈച്ചകൾ ഈ ജൈവാവശിഷ്ടങ്ങളിൽ വന്നു മുട്ടയിടും. മുട്ട വിരിഞ്ഞു പുറത്തു വരുന്ന ലാർവകൾ ജൈവമാലിന്യം കഴിച്ചു വളരും. ഉയർന്ന തീറ്റപരിവർത്തനശേഷിയുണ്ട് ഈ ലാർവകൾക്ക്. അതായത്, നന്നായി തിന്ന് നന്നായി വളരും. 20 ദിവസം വളർച്ചയെത്തുന്നതോടെ അവ പ്രീ പ്യൂപ്പ ഘട്ടത്തിലേക്കും തുടർന്ന് പ്യൂപ്പ(സമാധി)ദശയിലേക്കും നീങ്ങും. ദിവസങ്ങൾക്കുള്ളിൽ പ്യൂപ്പ വിരിഞ്ഞ് ഈച്ചകളാവും. പ്രീ പ്യൂപ്പ ഘട്ടത്തിലെത്തു മുൻപ് ഇവയെ കോഴികൾക്ക് തീറ്റയാക്കുമെന്നു ജിമ്മി. 

ജാറുകൾ മുറിച്ച് തയാറാക്കിയ നാനൂറോളം പാത്രങ്ങളിലാണ് ജിമ്മിയുടെ ലാർവ വളർത്തൽ. ഓരോ ജാറിലും ഓരോ വളർച്ചഘട്ടത്തിലുള്ള ലാർവകളായതിനാൽ കോഴികൾക്കു നിത്യവും ലാർവകളെ നൽകാനും കഴിയുന്നു. പ്യൂപ്പ ഘട്ടത്തിലെത്തിയ ലാർവകൾ വളരുന്ന ഏതാനും ജാറുകൾ ഇടയ്ക്കെടുത്ത് വലകൾകൊണ്ടു മറച്ചു തയാറാക്കിയ ഒരു മുറിയിലേക്കു വയ്ക്കും. പ്യൂപ്പകൾ ഈച്ചകളായി മാറി ഈ ‘ലവ് റൂമി’നുള്ളിൽ ഇണചേർന്ന് മുട്ടയിടും. 

മുട്ടയിടാനും ഈച്ചകൾക്കിണങ്ങിയ സൗകര്യം ഒരുക്കിയിട്ടുണ്ട്. തടിക്കഷണങ്ങൾ കൂട്ടിക്കെട്ടി തയാറാക്കിയ ‘എഗ്ഗീസു’കളുടെ വിടവുകളിലാണ് ഈച്ചകൾ മുട്ടയിടുക. അൽപം മാത്രം പച്ചക്കറി അവശിഷ്ടങ്ങൾ നിക്ഷേപിച്ച ജാറുകളിലേക്ക് ഈ ഏഗ്ഗീസുകൾ കുടഞ്ഞ് മുട്ട നിക്ഷേപിക്കുന്നു. മുട്ട വിരിഞ്ഞ് ലാർവകൾ ഭക്ഷിച്ചു തുടങ്ങുന്നതിന് അനുസൃതമായി ജാറിലിടുന്ന അവശിഷ്ടങ്ങളുടെ അളവ് കൂട്ടിക്കൊണ്ടിരിക്കും. പ്രി പ്യൂപ്പ ഘട്ടത്തിലെത്തിയ ലാർവകൾ നിറഞ്ഞ ജാറുകൾ നേരെ പുരയിടത്തിലെ വിശാലമായ റബർത്തോട്ടത്തിലേക്കു കുടഞ്ഞിടുമെന്നു ജിമ്മി.

റബർത്തോട്ടത്തിൽ അഴിച്ചു വിട്ടു വളർത്തുന്ന അഞ്ഞൂറോളം നാടൻ മുട്ടക്കോഴികൾ അത്യുത്സാഹത്തോടെ ചിക്കിച്ചികഞ്ഞ് ലാർവകളെ ആഹാരമാക്കും. കോഴികൾ ബാക്കിവയ്ക്കുന്ന അവശിഷ്ടങ്ങളും ലാർവകളുടെ വിസർജ്യാവശിഷ്ടങ്ങളും റബറിന് നല്ല വളമായി മാറും. ലാർവ ആഹാരമാക്കുന്ന കോഴികൾ ആരോഗ്യത്തിലും മുട്ടയുൽപാദനത്തിലും മികവു പുലർത്തുന്നുണ്ടെന്നും ജിമ്മി പറയുന്നു.

ഫോൺ: 9447178258

English summary: Low cost food for cattle and poultry

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA