നന്നാവാൻ പന്നി മതി: പന്നിവളർത്തലിന്റെ ലാഭവഴികൾ പങ്കുവച്ച് അലോഷി

HIGHLIGHTS
  • പത്തു സെന്റിൽ താമസിക്കുന്നവർക്കുപോലും പന്നി വളർത്തി വരുമാനം നേടാം
  • പന്നിയിലൂടെ രണ്ടു വഴിക്കു വരുമാനം
aloshi-pig-farmer
SHARE

കേരളത്തിലിന്ന് ഏറ്റവും ലാഭകരമായി ചെയ്യാവുന്ന കൃഷി–മൃഗസംരക്ഷണ സംരംഭങ്ങളിൽ ഒന്നാം സ്ഥാനം പന്നിവളർത്തലിനു നൽകുന്നു ഇടുക്കി ജില്ലയിൽ തൊടുപുഴ ഏഴല്ലൂർ പൂക്കോട്ടിൽ അലോഷി ജോസഫ്. പന്നിവളർത്തലിൽ മാത്രം ഒതുങ്ങാതെ കർഷകരിൽനിന്നു പന്നിയെ വാങ്ങി കച്ചവടക്കാർക്കു വിൽക്കൽ, ഇറച്ചി വിൽപനയ്ക്ക് സ്വന്തം ഔട്ട്‌ലെറ്റുകൾ എന്നിവയിലും കൈവച്ചിരിക്കുന്നു അലോഷി. തൊടുപുഴയിലെ കർഷകപ്രസ്ഥാനമായ കാഡ്സിന്റെ പുതിയ വിപണനകേന്ദ്രമായ വില്ലേജ് സ്ക്വയറിൽ ശീതീകരിച്ച ആധുനിക മാംസവിൽപനശാലയാണ് അലോഷി ഒരുക്കിയിരിക്കുന്നത്.

കുഞ്ഞുങ്ങളെ വിറ്റും 10 മാസം വളർത്തി ഇറച്ചിത്തൂക്കത്തിനു വിറ്റും പന്നിയിലൂടെ രണ്ടു വഴിക്കു വരുമാനം. ചെറുകിട കർഷകരെ സംബന്ധിച്ച് ബ്രീഡിങ് യൂണിറ്റ് സജ്ജമാക്കി കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു വിൽക്കുന്നത് സ്ഥിരവരുമാനത്തിനുതകുമെന്ന് അലോഷി. ഒപ്പം ഇറച്ചിക്കുള്ളവയെയും വളർത്താം. ഒൻപത് പെണ്ണും ഒരാണും എന്ന നിലയിൽ രണ്ടര മാസം പ്രായമായ മികച്ച 10 പന്നിക്കുഞ്ഞുങ്ങളെ വാങ്ങി സംരംഭം തുടങ്ങാം. ഡ്യൂറോക്ക്, യോർക് ഷെയർ ഇനങ്ങളും അവയുടെ സങ്കരസന്തതികളുമെല്ലാം ഒരുപോലെ വളർച്ച കാണിക്കുമെന്ന് അലോഷി. അന്തഃപ്രജനനം (Inbreeding) ഒഴിവാക്കാൻ ആണിനെ മാത്രം വേറെ ഫാമിൽനിന്നു വാങ്ങുക. ശരാശരി 40,000 രൂപ വരും 10 കുഞ്ഞുങ്ങൾക്ക്. ബയോഗ്യാസ് യൂണിറ്റിനും കൂടിനും കൂടി ഏകദേശ ചെലവ് 2 ലക്ഷം രൂപ. 

പത്തു സെന്റിൽ താമസിക്കുന്നവർക്കുപോലും അതിൽ ഒരു സെന്റു സ്ഥലം നീക്കിവച്ച് പരിസരമലിനീകരണമില്ലാതെ പന്നി വളർത്തി വരുമാനം നേടാമെന്ന് അലോഷി. യഥാസമയം മാലിന്യം നീക്കാനും ദുർഗന്ധം ഒഴിവാക്കാനുമായി ഫാമിനൊപ്പം ബയോഗ്യാസ് യൂണിറ്റ് വേണമെന്നു മാത്രം. ഫാമിന്റെ ഭാഗമായി ബയോഗ്യാസ് യൂണിറ്റ് സ്ഥാപിച്ച് വീട്ടിലേക്കും പരിസരത്തുള്ള അഞ്ചു വീടുകളിലേക്കും അടുക്കളയാവശ്യത്തിനുള്ള ഗ്യാസ് ഉൽപാദിപ്പിക്കുന്നു അലോഷി.

പ്രജനനം ലക്ഷ്യമിട്ടു വളർത്തുന്നവ 7–8 മാസം കൊണ്ട് ഇണചേർക്കാൻ പാകമാകും. ആദ്യ പ്രസവത്തിൽ പത്തിൽ താഴെ കുഞ്ഞുങ്ങളെങ്കിൽ പിന്നീട് പത്തിനു മുകളിൽ ഉറപ്പെന്നും 17 വരെ ലഭിച്ച അനുഭവമുണ്ടെന്നും അലോഷി. കുഞ്ഞുങ്ങളായാലും ഇറച്ചിപ്പന്നികളായാലും  ഇന്നത്തെ സ്ഥിതിയിൽ  അനായാസം വിറ്റു പോകും. ശരാശരി 4000 രൂപ ലഭിക്കും കുഞ്ഞൊന്നിന്. ഇറച്ചിക്കെങ്കിൽ, 10 മാസം വളർത്തുമ്പോഴേക്കും 100–110 കിലോ തൂക്കമെത്തും. കിലോ 150 രൂപ വിലയിട്ടാണ് നിലവിൽ കർഷകരിൽനിന്ന് കച്ചവടക്കാർ പന്നിയെ വാങ്ങുന്നത്. അതായത്, 100 കിലോ എത്തിയതിന് 15,000 രൂപ. 10 മാസത്തെ വളർത്തൽചെലവു നീക്കിയാലും പകുതി ലാഭം.

പന്നിഫാമുകളിലെ മാലിന്യവും പരിസരവാസികളുടെ പരാതികളുമാണ് പലരെയും ഈ ലാഭ സംരംഭത്തിൽനിന്നു പിൻതിരിപ്പിക്കുന്നത്. ഹോട്ടലുകളിൽനിന്നുള്ള ഭക്ഷ്യാവശിഷ്ടങ്ങളാണല്ലോ പന്നിക്കു നൽകുന്ന മുഖ്യ തീറ്റ. കണക്കില്ലാതെ അതു നൽകി കൂട്ടിൽ ബാക്കികിടന്നു ചീഞ്ഞുനാറുന്ന സ്ഥിതിയുണ്ട് പലയിടത്തും. വൈകിട്ട് ഒരു നേരം മാത്രം, പന്നിയൊന്നിന് 4 കിലോ എന്ന കണക്കിൽ തീറ്റ നൽകുകയും രാവിലെ കൂടു കഴുകി ബയോഗ്യാസ് യൂണിറ്റിലേക്ക് മാലിന്യം നീക്കുകയും ചെയ്താൽ മണമോ മാലിന്യപ്രശ്നമോ ഉണ്ടാവില്ലെന്ന് അലോഷി. പന്നികൾക്ക് പകൽ തീറ്റയായി പുല്ല് നൽകുന്നതു വഴിയും ഫാമിലെ മണം ഒഴിവാക്കാം. പ്രജനനത്തിനുപയോഗിക്കുന്ന തള്ളപ്പന്നികൾക്ക് പുല്ലു മാത്രം നൽകിയാലും ആരോഗ്യത്തോടെ വളരും. തള്ളപ്പന്നികളുടെ തൂക്കം കൂടുന്നതു നിയന്ത്രിക്കാനും പറ്റും. തള്ളപ്പന്നികൾക്ക് പശുക്കൾക്കു നൽകുന്ന സിഒ 3 പുല്ലു നൽകിയാൽ പാൽ വർധിക്കുമെന്നും അതുവഴി പന്നിക്കുഞ്ഞുങ്ങൾക്ക് കൂടുതൽ ആരോഗ്യം ലഭിക്കുമെന്നും അലോഷി പറയുന്നു.

ഫോൺ: 9526138002

English summary: Better Profit from Pig Farming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA