ADVERTISEMENT

പാടത്തും പറമ്പിലും കൃഷിപ്പണി എളുപ്പമാക്കാന്‍ ഒട്ടേറെ യന്ത്രോപകരണങ്ങള്‍, ധനസഹായത്തോടെ വാങ്ങാന്‍ സ്മാം പദ്ധതി. യന്ത്രങ്ങള്‍ വാങ്ങി തൊഴില്‍ സംരംഭവും തുടങ്ങാം

പഞ്ചാബിലെ കൃഷിക്കാർ സമരം ചെയ്യാൻ പോയതു കണ്ടോ? സ്വന്തം ട്രാക്ടറുകളിലേറി അവർ ഇന്ദ്ര പ്രസ്ഥത്തിലേക്ക് കുതിക്കുന്നത്‌ ഒരു കാഴ്ച തന്നെയായിരുന്നു. പഞ്ചാബിലെ കൃഷിയിൽ ട്രാക്ടറിന് ഏറെ പ്രാധാന്യമുണ്ട്.  ഇനി നമുക്ക് അൽപം മാറിച്ചിന്തിക്കാം. കേരളത്തിലെ കൃഷിക്കാരാണ് ഡൽഹിക്കു മാർച്ച് നടത്തുന്നതെന്ന് കരുതുക. എന്താവും  മുഖ്യ കാർഷിക ഉപകരണമായി കൂടെക്കരുതുക? തൂമ്പാ, അരിവാൾ, ടാപ്പിങ് കത്തി....  ഇവയ്ക്കപ്പുറം എല്ലാവരും ഉപയോഗിക്കുന്ന എന്ത് ഉപകരണമാണ് നമ്മുടെ കൃഷിയിലുള്ളത്? ബ്രഷ്കട്ടറുകളും കറവയന്ത്രങ്ങളും ടില്ലറുകളുമൊക്കെ കേരളത്തില്‍  ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നെല്ല് കൊയ്യുന്നതിനു കംബൈൻഡ് ഹാർവെസ്റ്റർ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നതും വാസ്തവം. എന്നാൽ  കേരളത്തിൽ ഉപയോഗിക്കുന്ന കൊയ്ത്തുയന്ത്രങ്ങളില്‍ നല്ല പങ്കും തമിഴ്നാട്ടിൽ നിന്നെത്തുന്നവതന്നെ.

ട്രാക്ടറും ടില്ലറുമൊക്കെ കേരളത്തിലെത്തിയിട്ടു ദശകങ്ങളായെങ്കിലും മുന്നേറ്റം തുടരാൻ കഴിയാതെ പോയി. രണ്ടായിരാമാണ്ടിനു ശേഷം നെല്ല് കൊയ്യാൻ കംബൈൻഡ് ഹാർവസ്റ്റര്‍ വന്നപ്പോഴാണ് യന്ത്രവൽക്കരണത്തിന് വീണ്ടും മുന്നേറ്റമുണ്ടായാത്. തെങ്ങുകയറ്റയന്ത്രവും നാപ്സ്പാക്ക് സ്പ്രെയറും മാത്രമാവാം മറ്റു കൃഷികളിൽ ഒരു പരിധിവരെ നാം പ്രയോജനപ്പെടുത്തിയ ഉപകരണങ്ങൾ. എന്നാല്‍ സ്ഥിതി മാറുകയാണ്. വൈകിയാണെങ്കിലും യന്ത്രങ്ങളുടെ മുരളലും ചീറ്റലുമൊക്കെ കൃഷിയിടങ്ങളിൽ സാധാരണമാകുന്നു. നിലമൊരുക്കാനും മരുന്നുതളിക്കാനും കമ്പുമുറിക്കാനും വിളവെടുക്കാനും മരം കയറാനും ജലാംശം നീക്കാനുമൊക്കെ  യന്ത്രോപയോഗം പതിവായിക്കഴിഞ്ഞു.  ട്രാക്ടർ മാത്രം ഉപയോഗിച്ചിരുന്ന പാടങ്ങളിൽ ഡ്രോണുകൾ പറന്നുനടന്ന് മരുന്നടിക്കുന്നതും കാണാമിപ്പോൾ. വിത്തുമുതൽ വിളവെടുപ്പുവരെ യന്ത്രസഹായമെന്നതിനു പകരം വിത മുതൽ സംസ്കരണംവരെ യന്ത്രങ്ങൾ  എന്നായിരിക്കുന്നു. ആവ ശ്യമനുസരിച്ച്  തിരഞ്ഞെടുക്കുകയേ വേണ്ടൂ. 

കാടുപിടിച്ചു കിടന്ന സ്ഥലത്ത് നിങ്ങൾ കൃഷി ആരംഭിക്കുകയാണെന്നു കരുതൂ. പുല്ലും കുറ്റിച്ചെടികളുമൊക്കെ വെട്ടിമാറ്റാൻ  ബ്രഷ് കട്ടർ മതി. ചെറു മരങ്ങളും മറ്റും മുറിക്കുന്നതിനു  ചെയിൻസോ സഹായിക്കും. നിലം ഇളക്കാനും അവിടെ വാരങ്ങളുണ്ടാക്കാനും  ട്രാക്ടറും ടില്ലറും അവയോടു ചേർന്നുള്ള മറ്റ് ഉപകരണങ്ങളും. വാരങ്ങൾക്കിടയിലൂടെ വിത്തും വളവുമായി നീങ്ങാൻ വീൽബാരോ അഥവാ അറബാനോ. മരുന്നു തളിക്കാൻ പവർസ്പ്രെയർ മുതൽ ഡ്രോൺവരെ. വിളവെടുപ്പിനും തുടർന്ന് ഉൽപന്നങ്ങൾ കഴുകാനും നുറുക്കാനും പുഴുങ്ങാനും ഉണങ്ങാനും പൊടിക്കാനും സത്തെടുക്കാനുമൊക്കെ വിവിധ തരം ഉപകരണങ്ങൾ.  

പുരയിടക്കൃഷിക്കും യന്ത്രങ്ങള്‍

ചെറുകിട കർഷകരുടെ പറമ്പുകളിലേക്ക് ഏതാനും ഉപകരണങ്ങൾ ചുവടെ:

തേങ്ങയിടാന്‍ തെങ്ങുകയറ്റയന്ത്രം, മേൽമണ്ണ് ഇളക്കുന്നതിനും കള നശിപ്പിക്കുന്നതിനും ഗാർഡൻ ടില്ലർ, പുല്ലും ചെറുസസ്യങ്ങളും വെട്ടിനീക്കി പറമ്പ് കൃഷിയോഗ്യമാക്കാൻ ബ്രഷ് കട്ടർ, വൃക്ഷങ്ങളിൽനിന്നു വിളവെടുപ്പിനു ഫൈബർ തോട്ടികൾ, നിലത്തു നിന്നുകൊണ്ട് വൃക്ഷങ്ങളുടെ ചെറുശിഖരങ്ങൾ  വെട്ടിനീക്കുന്നതിനു ട്രീ പ്രൂണർ, കുഴിയെടുക്കുന്നതിന് ഓഗർ,  ചെറുമരങ്ങളും കമ്പുകളും മുറിക്കുന്നതിന് ചെയിൻ സോ,  കാർഷികോൽപന്നങ്ങൾ ഉണക്കുന്നതിനു ഡ്രയർ, കീടനാശിനികളും പോഷകങ്ങളും തളിക്കുന്നതിനു സ്പ്രേയർ.

പുതു സാധ്യതകൾ

കാർഷിക ഉപകരണങ്ങൾക്കും  യന്ത്രങ്ങൾക്കും കേരളത്തിൽ ഏറെ വളർച്ചസാധ്യതയുണ്ട്. വിവിധ തരം കൃഷിയിടങ്ങൾക്കു യോജിച്ച ഉപകരണങ്ങൾ സംബന്ധിച്ച്  വിശദമായ ശുപാർശ നൽകാൻ അധികൃതർക്കു സാധിക്കണം. ശുപാർശപ്രകാരമുള്ള ഉപകരണ കിറ്റുകൾ ലഭ്യമാക്കുകയും വേണം.  തൂമ്പാപ്പണിക്കും മരം കയറ്റത്തിനും ചാണകം ചുമക്കലിനുമൊന്നും ഇനി ആളെ കിട്ടില്ല. ഒരു ഏക്കറിൽ താഴെ കൃഷിയിടമുള്ളവർക്ക്  ആയാസരഹിതമായും ഒഴിവുവേളകൾ പ്രയോജനപ്പെടുത്തിയും കൃഷി ചെയ്യാന്‍  സഹായകമായ കൂടുതൽ ഉപകരണങ്ങൾ വേണ്ടതുണ്ട്. എന്നാൽ കാർഷികയന്ത്രങ്ങളുടെ ഗവേഷണ വികസനത്തിനായി  ഒരു സ്ഥാപനം നമുക്കില്ല. തവനൂരിലെ കാർഷിക എൻജിനീയറിങ് കോളജില്‍ ഗവേഷണ വികസന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും മുഴുവൻസമയ ഗവേഷകരെ നിയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. കൃഷിവകുപ്പിലെ ചെറിയ  വിഭാഗം മാത്രമാണ് കാർഷിക എൻജിനീയറിങ് ഇപ്പോൾ.  കൃഷി ആധുനികീകരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കേണ്ട ഈ വിഭാഗത്തെ  പ്രത്യേക വകുപ്പായി വികസിപ്പിക്കണം. കൃഷി സാങ്കേതികപ്രധാനമാകുന്ന ഇക്കാലത്ത് തുള്ളിനന, വെർട്ടിക്കൽ ഫാമിങ്, പോളിഹൗസ്  നിർമാണം, ഹൈടെക് തൊഴുത്തുകൾ, ഹൈടെക് ഫിഷ് ടാങ്കുകൾ തുടങ്ങിയ കാര്യങ്ങളിൽ കൃഷിക്കാരെ സഹായിക്കാൻ ഈ വകുപ്പിനു സാധിക്കും.

വരുമാനവഴികൾ

കൃഷി സുഗമമാക്കുന്നതിനൊപ്പം സംരംഭസാധ്യതയായും വരുമാനമാർഗമായും  കാർഷിക ഉപകരണങ്ങൾ മാറുന്നു.  കൂടുതൽ ആവശ്യക്കാരുള്ള ഉപകരണങ്ങൾ വാടകയ്ക്കു നൽകിയോ അവ ഉപയോഗിച്ചു കൃഷി‌പ്പണി ചെയ്തുനൽകിയോ വരുമാനം കണ്ടെത്താനാവും. ഒന്നോ രണ്ടോ ഉപകരണം മാത്രമുള്ളവർക്കും അവസരമുണ്ട്. പിന്നീട് വ്യത്യസ്ത ഉപകരണങ്ങൾ സ്വന്തമാക്കി സംരംഭം വിപുലമാക്കാം. സ്വയം തൊഴിൽ കണ്ടെത്തുന്നതിനൊപ്പം മറ്റുള്ളവർക്ക് തൊഴിൽ നൽകാനും ഇതുവഴി സാധിക്കുന്നു. കൂടുതൽ  യന്ത്രങ്ങൾ സ്വന്തമായുള്ളവർക്ക് തരിശുഭൂമികള്‍ വാടകയ്ക്ക് എടുത്തു വിപുലമായി കൃഷി ചെയ്ത്  ഉയർന്ന വരുമാനം നേടാനുമാവും. 

കാർഷികോൽപന്നങ്ങൾ സംസ്കരിച്ചും മൂല്യവർധന നടത്തിയും അധിക വരുമാനം ഉറപ്പാക്കാൻ സഹായിക്കുന്ന ഒട്ടേറെ ഉപകരണങ്ങൾ ഇപ്പോൾ ലഭ്യമാണ്. ഉണങ്ങാനും പൊടിക്കാനും നുറുക്കാനുമൊക്കെയുള്ള ഇത്തരം ഉപകരണങ്ങൾക്കും  സ്മാം പദ്ധതിയില്‍ ധനസഹായം കിട്ടും.   ഉപകരണങ്ങൾ  വാങ്ങാനാഗ്രഹിക്കുന്നവർക്ക് സ്മാം പദ്ധതിയില്‍ അപേക്ഷ നൽകാം. ഹോർട്ടികൾച്ചർ മിഷനും സഹായം നൽകുന്നുണ്ട്. സ്വന്തമായി യന്ത്രങ്ങൾ വാങ്ങാനും പ്രവർത്തിപ്പിക്കാനും സാധിക്കാത്തവർക്കായി അവ വാടകയ്ക്ക് നൽകുന്ന കാർഷിക സേവനകേന്ദ്രങ്ങളും കാർഷിക കർമസേനകളും സംസ്ഥാനത്തുടനീളം  ഉയർന്നുവരുന്നു.

കാർഷിക കർമസേനകളും സേവനകേന്ദ്രങ്ങളും

ഉപകരണങ്ങളുടെ സഹായത്തോടെ  ജോലികൾ കാര്യക്ഷമമായി ചെയ്തുനൽകുന്ന കാർഷിക  കർമസേ നകൾക്കൊപ്പം  യന്ത്രങ്ങൾ വാടകയ്ക്കു നൽകുന്ന  അഗ്രോസർവീസ് സെന്ററുകളും കേരളത്തിലെ എല്ലാ ബ്ലോക്കുകളിലും വന്നുകൊണ്ടിരിക്കുകയാണ്.  നിലവില്‍ 98  സർവീസ് സെന്ററുകളും 367   കർമസേനകളുമുണ്ട് (കർമസേനകളുടെയും സേവനകേന്ദ്രങ്ങളുടെയും ഫോൺ നമ്പർ കർഷകശ്രീ ഡയറിയില്‍).  നിശ്ചിത വേതനനിരക്കുകളിലാണ്  പ്രവർത്തനം. പകുതിയിലേറെ പഞ്ചായത്തുകളിൽ ഇനിയും ഇവ  ആരംഭിക്കേണ്ടതുണ്ട്. സ്വകാര്യ തൊഴിൽസേനകളും  സജീവം. 

യന്ത്രവൽക്കരണത്തിനു സ്മാം  

കൃഷിക്കാർക്കും കാർഷിക സംഘങ്ങൾക്കും കാർഷിക യന്ത്രോപകരണങ്ങൾ സ്വന്തമാക്കാൻ സബ്സിഡി  നൽകുന്നതാണ് കേന്ദ്ര–സംസ്ഥാന സർക്കാരുകൾ  ചേര്‍ന്നു  നടപ്പാക്കുന്ന സ്മാം. ഇതില്‍ വില യുടെ 40  മുതൽ 80വരെ ശതമാനം  ധനസഹായമായി  നൽകുന്നു. ഈ ആനുകൂല്യത്തിനായി കൃഷിക്കാർ സർക്കാർ ഓഫിസുകളിലൂടെ കയറിയിറങ്ങേണ്ടതില്ല. ജോലികൾക്കു മുടക്കം വരുത്താതെ ഒഴിവു സമയത്ത് വീടിന്റെ സ്വച്ഛതയിലോ അക്ഷയകേന്ദ്രങ്ങളിലോ ഇരുന്ന്  ഓൺലൈനായി അപേക്ഷ നൽകാം.  അപേക്ഷയുടെ സ്ഥിതിയും ഓരോ ഘട്ടത്തിലെയും പുരോഗതിയും  ഓൺലൈനായിത്തന്നെ അറിയാം.  കാലതാമസമില്ലാതെ തീരുമാനമുണ്ടാകുന്നതും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർഷകരുടെ വീട്ടിലെത്തി പരിശോധന നടത്തുന്നതുമൊക്കെ സ്മാമിനെ മാതൃകാ പദ്ധതിയാക്കുന്നു.  ബന്ധപ്പെട്ട ഓഫിസുകളില്‍ ഒരിക്കൽപോലും പോകാതെ ലക്ഷങ്ങളുടെ സബ്സിഡി അക്കൗണ്ടിലെത്തുമ്പോൾ 500 രൂപയ്ക്കുവേണ്ടിപോലും കൃഷിഭവന്റെ വരാന്ത നിരങ്ങി പരിചയിച്ച കൃഷിക്കാർ അത്ഭുതപ്പെടുകയാണ്.

പുല്ല് വെട്ടുന്നതിനുള്ള ബ്രഷ് കട്ടറാണ് സ്മാം പദ്ധതിയിലൂടെ ഏറ്റവുമധികം ആളുകൾ വാങ്ങിയിട്ടുള്ളത്. രണ്ടു വർഷത്തിനുള്ളിൽ 5422 ബ്രഷ്കട്ടറുകൾക്ക് അനുമതിയായി. 855 പേർ വാങ്ങിയ യന്ത്രവാളും 678 പേർ വാങ്ങിയ ട്രാക്ടറുമാണ് തൊട്ടുപിന്നില്‍.  355 ടില്ലറുകളും 122 നാപ്സ്പാക് സ്പ്രെയറുകളും 91 മിനി റൈസ് മില്ലുകളും 34 കംബൈൻഡ് ഹാർവസ്റ്ററുകളും പദ്ധതിയിലൂടെ കേരളത്തിൽ വിതരണം ചെയ്തു.  ഇക്കൊല്ലത്തെ സബ്സിഡി നൽകാൻ തുടങ്ങുന്നതേയുള്ളൂ. നടപ്പു സാമ്പത്തികവർഷം മാത്രം ആകെ 15,000 ഉപകരണങ്ങൾക്ക് സബ്സിഡി നൽകാനാകുമെന്നാണ് പ്രതീക്ഷയെന്ന് സ്മാം പദ്ധതിയുടെ സ്റ്റേറ്റ് നോഡൽ ഓഫിസർ ആർ. ജയരാജ് പറഞ്ഞു. ഇരുപതിനായിരം അപേക്ഷകൾ വെയിറ്റിങ് ലിസ്റ്റിലുണ്ടെന്നത് ഈ പദ്ധതിയുടെ ജനപ്രീതി വ്യക്തമാക്കുന്നു. പദ്ധതി നടത്തിപ്പിൽ മുന്നിൽ നിൽക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈ വർഷം സ്മാം പദ്ധതിയില്‍ ഏറ്റവുമധികം തുക ചെലവഴിക്കുന്ന സംസ്ഥാനവും കേരളമായിരിക്കുമെന്നു ജയരാജ്. 

എന്തൊക്കെ വാങ്ങാം

കൃഷി, കാർഷികോൽപന്ന സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട യന്ത്രങ്ങളും ഉപകരണങ്ങളുമാണ് പദ്ധതിയുടെ ഭാഗമായുള്ളത്. മൃഗസംരക്ഷണം, ക്ഷീരോൽപാദനം, മത്സ്യക്കൃഷി എന്നിവയുമായി ബന്ധപ്പെട്ട യന്ത്രങ്ങൾ ഈ പദ്ധതിയുടെ ഭാഗമല്ല. കൃഷി, കാർഷികോൽപന്ന സംസ്കരണ മേഖലയിലെ ഉപ കരണങ്ങൾ ടെസ്റ്റിങ് ഏജൻസികൾ ഗുണനിലവാര പരിശോധന നടത്തി അംഗീകരിച്ചാൽ മാത്രമേ പദ്ധതിയുടെ ഭാഗമാകൂ. ഇതനുസരിച്ച് 35,000 രൂപയിലധികം വിലയുള്ള ഉപകരണങ്ങളും സംവിധാനങ്ങളും കേന്ദ്രസർക്കാരിന്റെ ടെസ്റ്റിങ് സെന്ററുകളിൽ പരിശോധനാവിധേയമാക്കണം.  കേന്ദ്രസർക്കാരിന്റെ ഫാം മെഷീനറി ടെസ്റ്റിങ് സെന്റർ കേരളത്തിൽ മലപ്പുറം ജില്ലയിലെ തവനൂരിലാണ്. എന്നാൽ 35,000 രൂപയിൽ താഴെ വിലയുള്ള  യന്ത്രങ്ങളും ഉപകരണങ്ങളും  തിരുവനന്തപുരം വെള്ളായണിയിലെ ആർടിടി സെന്ററിലാണ് പരിശോധിക്കേണ്ടത്. വിൽപനാനന്തര സേവനം നൽകാൻ ഡീലർമാർക്കു ബാധ്യതയുണ്ട്.  ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ കൃഷിക്കാർക്ക് പരാതി നൽകാം.

അപേക്ഷകരും അർഹതയും

കൃഷിക്കാർക്കും കർഷകസംഘങ്ങൾക്കും പദ്ധതിയിലൂടെ യന്ത്രങ്ങളും ഉപകരണങ്ങളും സ്വന്തമാക്കാം. വ്യക്തികൾക്ക് 60 ശതമാനംവരെ സബ്സിഡി. രണ്ടു ഹെക്ടറിലേറെ  ഭൂമിയുള്ളവർക്ക് 40 ശതമാനം സഹായധനം കിട്ടുമ്പോൾ ഒരു ഹെക്ടറിൽ താഴെയുള്ളവർക്കും ഒരു ഹെക്ടർ മുതൽ രണ്ടു ഹെക്ടർ വരെയുള്ളവർക്കും 50 ശതമാനം സബ്സിഡി. സ്ത്രീകൾക്കും പട്ടികവിഭാഗങ്ങൾക്കും 50 ശതമാനം സബ്സിഡിക്ക് അർഹതയുണ്ട്. 

തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ കർഷക സംഘങ്ങൾക്ക് ഉപകരണങ്ങൾ വാടകയ്ക്കു നൽകുന്ന കസ്റ്റം ഹയറിങ് സെന്ററുകൾ തുടങ്ങുന്നതിന് 10 ലക്ഷം രൂപ വരെ വിലയുള്ള ഉപകരണങ്ങൾക്ക് 80 ശതമാനം സബ്സിഡി. മറ്റു പ്രദേശങ്ങളിലെ സംഘങ്ങൾക്ക് ഒരു കോടി രൂപവരെ വിലയുള്ള  യന്ത്രങ്ങൾക്കും  ഉപക രണങ്ങൾക്കും 40 ശതമാനം സബ്സിഡി.  പുതിയ കാർഷികോപകരണങ്ങൾ വികസിപ്പിക്കുന്നവർക്കും ധനസഹായം നൽകാന്‍ വ്യവസ്ഥയുണ്ട്. 

English summary: SMAM Scheme for Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com