ADVERTISEMENT

ആറു പാടശേഖരങ്ങളിലായി നൂറേക്കറിലധികം നെൽകൃഷി, രണ്ട് ട്രാക്ടറുകൾ, ഒരു ബെയിലർ, ആറു കൊയ്ത്തുമെതിയന്ത്രങ്ങൾ, ഒരു നെല്ലുകുത്തുമില്ല്...... നെൽകൃഷിയിൽ യന്ത്രങ്ങളുെട സാധ്യത പറയാന്‍ കുട്ടനാട്ടിലെ പോൾ മാത്യുവിനോളം അനുഭവസമ്പത്ത് അധികമാർക്കുമുണ്ടാവില്ല. പിതാവ് മാത്യു ചാണ്ടിയുടെ കാലത്തുതന്നെ എടത്വയിലെ വീട്ടിൽ ട്രാക്ടറുകളുണ്ട്.

ആദ്യത്തെ കൊയ്ത്തുമെതിയന്ത്രം 2007ലാണ് വാങ്ങുന്നത്. തുടർന്നുള്ള വർഷങ്ങളില്‍ ഓരോ യന്ത്രം വീതം വാങ്ങി. ഒരു വർഷം മുമ്പ് 2019 ഡിസംബറിലാണ് ആറാമത്തെ കൊയ്ത്തുയന്ത്രം വാങ്ങിയത്. 23.5 ലക്ഷം രൂപ വിലയുള്ള യന്ത്രത്തിനു സ്മാം പദ്ധതിപ്രകാരം 11 ലക്ഷം രൂപ സബ്സിഡിക്കു ശേഷം 12.5 ലക്ഷം രൂപയേ മുടക്കേണ്ടിവന്നുള്ളൂ. ഒരു വർഷം 900 മണിക്കൂറെങ്കിലും കൊയ്ത്തു നടത്താനായാൽ മാത്രമേ നഷ്ടമില്ലാതെ ഇവ നിലനിര്‍ത്താനാവൂ എന്ന് പോൾ പറയുന്നു. മണിക്കൂറിന് 2000 രൂപയാണ് കൊയ്ത്തുകൂലി ഈടാക്കുക. ഭീമമായ മുതൽമുടക്കും പരിപാലനത്തിലെ പ്രയാസങ്ങളും പരിഗണിക്കുമ്പോൾ കൊയ്ത്തുയന്ത്രങ്ങളിലൂടെ മാത്രം വരുമാനം കണ്ടെത്തുക പ്രയാസം. എന്നാൽ വിപുലമായി നെൽകൃഷി നടത്തുന്നതിനാൽ തനിക്ക് യന്ത്രസഹായം കൂടിയേ തീരൂ എന്ന് പോൾ ചൂണ്ടിക്കാട്ടുന്നു.

സ്ഥിരവരുമാനം നേടാന്‍ കേരളത്തിനു പുറത്തും പ്രവർത്തിക്കേണ്ടിവരുമെന്നതാണ് കംബൈൻഡ് ഹാർവ സ്റ്ററിന്റെ പരിമിതിയെന്നു പോൾ മാത്യു. കേരളത്തിൽ പരമാവധി എട്ടു മാസമേ കൊയ്ത്തുണ്ടാവൂ. ഏതായാലും സംസ്ഥാനത്തിനുള്ളിൽ മാത്രമാണ് പോളിന്റെ കൊയ്ത്തുയന്ത്രങ്ങൾ പ്രവർത്തിക്കുന്നത്. കുട്ടനാടിനു പുറത്ത് പാലക്കാട്, തൃശൂർ, മലപ്പുറം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലൊക്കെ നെല്ലു കൊയ്യാൻ പോളിന്റെ യന്ത്രങ്ങൾ പോകാറുണ്ട്. പത്രങ്ങളിൽ ക്ലാസിഫൈഡ് പരസ്യം നൽകിയാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. കൊയ്ത്തുയന്ത്രങ്ങൾ ആവശ്യത്തിലേറെയുള്ള തമിഴ്നാട്ടിലും മറ്റും അവസരങ്ങൾ കുറവാണെന്ന് അദ്ദേഹം പറയുന്നു. 

വൈദഗ്ധ്യമുള്ള തൊഴിലാളികളെ കിട്ടാനില്ലെന്നതും അറ്റകുറ്റപ്പണികൾക്ക്  സാഹചര്യമില്ലെന്നതും കേരളത്തിൽ കൊയ്ത്തുയന്ത്രങ്ങളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള കൊയ്ത്തുയന്ത്രങ്ങളെ നാം കൂടുതലായി ആശ്രയിക്കേണ്ടിവരുന്നത്  ഈ സാഹചര്യത്തിലാണ്.  കേരളത്തിലെ കംബൈൻഡ് ഹാർവസ്റ്ററുകൾക്ക് സ്ഥിരമായി ജോലി കിട്ടുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചാൽ ഈ പ്രശ്നം മറികടക്കാമെന്നു പോൾ ചൂണ്ടിക്കാട്ടി. അവ പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനും പരിശീലനം നേടിയ തൊഴിൽ സേനയും വേണം. 

സ്മാം പദ്ധതിപ്രകാരം ഒരു ചെറുകിട റൈസ് മില്ലും പോൾ സ്വന്തമാക്കിയിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള അരി സ്വന്തമായി കുത്തിയെടുക്കുന്നതിനാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ പലേടത്തും  കൊയ്ത്തിനു പോകുമ്പോൾ കിട്ടുന്ന വിശിഷ്ട ഇനങ്ങളുെട അരിയുണ്ടാക്കി വിപണനം നടത്താനുള്ള ആലോചന പോളിനുണ്ട്. ജൈവ അരിക്കും മറ്റും  ആവശ്യക്കാരേറെയാണെന്നു പോൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം കൊറോണ മൂലം അയൽസംസ്ഥാനങ്ങളിൽനിന്നു കൊയ്ത്തുയന്ത്രങ്ങളുടെ വരവ് തടസ്സപ്പെട്ടത് പോളിനും പോളിന്റെ യന്ത്രങ്ങൾ നാട്ടുകാരായ കൃഷിക്കാർക്കും പ്രയോജനപ്പെട്ടു. അന്ന് കൊയ്ത്തു നടത്താൻ ഈ കുട്ടനാട്ടുകാരന്റെ യന്ത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. കാർഷികയന്ത്രങ്ങളുടെ കാര്യത്തിലും സ്വയംപര്യാപ്തത ആവശ്യമാണെന്ന് ഇത് വ്യക്തമാക്കുന്നതായി പോൾ പറയുന്നു.  

ഫോൺ: 9495955510

English summary: Farmer to share his experience with the combine harvester

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com