ADVERTISEMENT

അഗ്രോ സർവീസ് സെന്ററിലേക്ക് ഉദ്യോഗാർഥികളെ ആവശ്യമുണ്ട് എന്ന പത്രപ്പരസ്യം കണ്ട് തൃശൂർ ഒല്ലൂക്കര ബ്ലോക്ക് ഓഫീസിൽ ഹാജരായ ഷീബ തൊഴിലന്വേഷകരുടെ തിക്കും തിരക്കും കണ്ട് ആദ്യമൊന്ന് അമ്പരന്നു. കൂട്ടത്തിൽ സ്ത്രീയായി ഷീബ മാത്രം. വന്നവരിൽ ഭൂരിപക്ഷവും പക്ഷേ വൈകാതെ സ്ഥലം കാലിയാക്കി. ഓഫിസ് ജോലി പ്രതീക്ഷിച്ചു വന്നവരായിരുന്നു നല്ല പങ്കും. കൃഷിപ്പണികൾക്കു സന്നദ്ധരാകുന്നവരുടെ തൊഴിൽസേനയിലേക്കാണ് ക്ഷണം എന്നറിഞ്ഞതോടെ ശേഷിച്ചവർ ഇരുപതിൽ താഴെ. ഉറച്ചുനിന്നവരിൽനിന്ന് ഷീബയുൾപ്പെടെ 15 പേരെ തിരഞ്ഞെടുത്താണ് ഒല്ലൂക്കര ബ്ലോക്ക് അഗ്രോ സർവീസ് സെന്റർ രൂപീകരിക്കുന്നത്. 

അവരിലും ചിലർ പരിശീലനം കഴിഞ്ഞ് സ്ഥാപനത്തോട് സലാം പറഞ്ഞു. സംഘത്തിൽ വിരലിലെണ്ണാൻപോലും ആളില്ലെന്നായതോടെ കൂട്ടുകാരികളെ സംഘത്തിലേക്കു ക്ഷണിച്ചു ഷീബ. ഏതു തൊഴിലിനും അന്തസ്സുണ്ടെന്ന ബോധ്യത്തോടെ മുന്നിട്ടിറങ്ങിയ 5 പെണ്ണുങ്ങളും ആൺതരികളിൽ ബാക്കിയായ ഒരാളും ഉൾപ്പെടെ ഒല്ലൂക്കര അഗ്രോ സർവീസ് സെന്ററില്‍ ഇന്നുള്ളത് ആറംഗ തൊഴിൽസേന.

സ്വന്തം കാലിൽ

തൃശൂർ മാടക്കത്തറ ചിറക്കേക്കോട് ആനന്ദനഗർ സ്വദേശികളായ ഷീബ ഷോബിൻ, രമ്യ സുനിൽ, രമ്യ ഷിജു, ലിബി ജിംസൺ, ലിൻസി ജയൻ എന്നീ 5 പേരും മുൻപ് വീട്ടുജോലികളുമായി ഒതുങ്ങിക്കൂടിയിരുന്നവർ. സ്വന്തം കാലിൽ നിൽക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള വഴി എന്തെന്ന് അറിയില്ലായിരുന്നുവെന്ന് അഞ്ചംഗ സംഘം പറയുന്നു. കാർഷിക സേവനകേന്ദ്രം അവർക്കു തുറന്നു നൽകിയതാവട്ടെ, തൊഴിലിന്റെയും വരുമാനത്തിന്റെയും പുതിയ പാത. 

കൃഷിവകുപ്പിന്റെ എൻജിനീയറിങ് വിഭാഗത്തിൽനിന്ന് കൃഷിയന്ത്രങ്ങളിൽ നേടിയ പരിശീലനം കൃഷിപ്പണികൾ ഏറ്റെടുക്കാൻ മാത്രമല്ല, തൊഴിലെടുത്തു ജീവിക്കാനുമുള്ള ധൈര്യം കൂടിയാണു പകർന്നതെന്നു ഷീബ. ട്രാക്ടറും ടില്ലറും ബ്രഷ് കട്ടറുമെല്ലാം അനായാസം പ്രവർത്തിപ്പിക്കാൻ ഇന്ന് അഞ്ചു പേരും സജ്ജം. ട്രാക്ടർ പ്രവർത്തിപ്പിക്കാനുള്ള ലൈസൻസും സ്വന്തം.

മൂന്നു വർഷം മുൻപ് ഈ രംഗത്തേക്കു വരുമ്പോൾ പ്രോത്സാഹനവും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത് അന്ന് മാടക്കത്തറ കൃഷി ഓഫിസറായിരുന്ന സത്യവർമയെന്നു ഷീബ. ഇപ്പോൾ ഒല്ലൂക്കര ബ്ലോക്ക് അസിസ്റ്റന്റ് ഡയറക്ടർ ആയ സത്യവർമ ബ്ലോക്കിന്റെ കാർഷിക പദ്ധതികളുമായി ബന്ധപ്പെട്ട ജോലികൾ വിശ്വസിച്ച് ഏൽപിക്കുന്നതും ഈ വനിതാസംഘത്തെത്തന്നെ.

thozhil-sena-1
ഗ്രോബാഗിൽ നടീൽമിശ്രിതം നിറയ്ക്കുന്ന അഞ്ചംഗസംഘം

മണ്ണിലിറങ്ങാൻ മടിയില്ല

കായികാധ്വാനമുള്ള ജോലികളോട് മലയാളികൾ മുഖംതിരിക്കുന്നതാണ് തൊഴിലന്വേഷകരുടെ എണ്ണം പെരുകാൻ കാരണമെന്നു പറയുന്നു ഈ വനിതാസംഘം. കൃഷിയും കൃഷിക്കാരും നേരിടുന്ന വെല്ലുവിളിയും ഇതുതന്നെ. കായികാധ്വാനം ഒഴിവാക്കാൻ കഴിയില്ലെങ്കിൽ കൂടിയും യന്ത്രവൽക്കരണം വന്നതോടെ കൃഷിപ്പണികൾ എളുപ്പമായിട്ടുണ്ട്. കൂടുതൽ സ്ത്രീകൾക്ക് ഈ രംഗത്തേക്കു കടന്നുവരാനും യന്ത്രവൽക്കരണം അവസരമായി. 

ഒരു ട്രാക്ടർ, 3 പവർ ടില്ലർ, 2 ഗാർഡൻ ടില്ലർ, 5 ബ്രഷ് കട്ടർ ഒപ്പം ലഘു പണിയായുധങ്ങൾ, മോട്ടറുകൾ എന്നിവയും ചേർന്ന് സുസജ്ജമായ യന്ത്രപ്പുരയാണ് മാടക്കത്തറ പുല്ലുകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒല്ലൂക്കര അഗ്രോ സർവീസ് സെന്ററിനുള്ളത്. യന്ത്രപ്പണികളിൽ മാത്രമല്ല, തുള്ളിനന യൂണിറ്റുകളും കൃത്യതാക്കൃഷിക്കുമുള്ള സൗകര്യമൊരുക്കൽ തുടങ്ങി ആധുനിക കൃഷിരീതികൾ പലതിലും പരിശീലനം നേടിയിട്ടുമുണ്ട് ഈ വനിതാസംഘം.

സബ്സിഡിയോടെയുള്ള ഗ്രോബാഗ് വിതരണം ഉൾപ്പെടെ ഒല്ലൂക്കര ബ്ലോക്കിനു കീഴിൽ നടപ്പാക്കു ന്ന ഒട്ടേറെ കാർഷിക പദ്ധതികളുണ്ട്. കഴിഞ്ഞ സാമ്പത്തികവർഷം ബ്ലോക്കിൽ കൃഷിവകുപ്പ് വിതരണം ചെയ്ത 40,000 ഗ്രോബാഗുകളും നടീൽമിശ്രിതം നിറച്ച് തൈകൾ നട്ട് തയാറാക്കിയത് ഈ വനിതാസംഘം തന്നെ. ഒല്ലൂക്കര ബ്ലോക്കിലുള്ള ഏതു കൃഷിയിടങ്ങളിലും നിശ്ചിത നിരക്കിൽ കൃഷിപ്പണികൾ സംഘം ചെയ്തു കൊടുക്കും. യന്ത്രങ്ങൾ വാടകയ്ക്കു നൽകുന്ന പതിവുമുണ്ട്.

മൂന്നു വർഷം മുൻപു വരെ വീട്ടമ്മ എന്ന മേൽവിലാസത്തിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഈ സ്ത്രീകൾക്ക് ഇന്ന് തൊഴിലുണ്ട്, വരുമാനമുണ്ട്, സമ്പാദ്യമുണ്ട്. യന്ത്രങ്ങൾ എത്ര വന്നാലും കൃഷിയിൽ കായികാധ്വാനം ഒരളവുവരെ ആവശ്യം വരുമെന്നു ഷീബ. ഗ്രോബാഗ് നിറയ്ക്കൽപോലുള്ള പ്രവൃത്തികൾ കൈകൊണ്ടുതന്നെ ചെയ്യണം. ഏതു കൃഷിപ്പണിയും മടിയില്ലാതെ ചെയ്യാൻ മനസ്സുണ്ടോ, എങ്കിൽ വനിതകൾക്കു ധൈര്യമായി ഈ രംഗത്തേക്കു വരാമെന്നു പറയുന്നു ഈ പെൺകൂട്ടം. 

ഫോൺ: 7559036448

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com