450 പന്നികൾ, മാസവരുമാനം ലക്ഷങ്ങൾ; ഇത് മാത്തുക്കുട്ടിയുടെ ഹൈടെക് പന്നിഫാമിന്റെ കഥ

HIGHLIGHTS
  • മിച്ചഭക്ഷണം ചൂടാക്കിയതിനു ശേഷം നൽകുന്നു
  • വലിയൊരു മുതൽമുടക്ക് നടത്തി പെട്ടെന്ന് ഇതിലേക്ക് ഇറങ്ങരുത്
mathukkutty-pig-farm
SHARE

പരമ്പരാഗത രീതിയിലുള്ള പന്നി ഫാമിൽനിന്ന് അൽപം മാറി ചിന്തിച്ചിരിക്കുകയാണ് യുവകർഷകനായ കോട്ടയം മരങ്ങാട്ടുപിള്ളി സ്വദേശി മാത്തുക്കുട്ടി. മാംസവിൽപനയ്ക്കുവേണ്ടി മാത്രമല്ല പ്രജനന ആവശ്യങ്ങൾക്കായും വ്യത്യസ്ത ഇനങ്ങളിലുള്ള പന്നികളെ വളർത്തുന്നതിലാണ് മാത്തുക്കുട്ടി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിലുപരി പന്നി ഫാമിൽ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ മാലിന്യ സംസ്കരണത്തിലും മികച്ച രീതിയിലുള്ള പരിഹാരവും അതിൽ നിന്ന് നല്ലൊരു വരുമാനവും നേടുന്നു. 

രണ്ടു മാസം പ്രായമുള്ള നാലു പന്നിക്കുട്ടികളെ വാങ്ങി നാലു വർഷം മുമ്പ് ആരംഭിച്ച ഫാമിൽ ഇപ്പോൾ ഏകദേശം 450ൽപ്പരം പന്നികളുണ്ട്.  ആദ്യത്തെ ഒരു വർഷക്കാലം മാത്തുക്കുട്ടി സ്വന്തമായി തന്നെ പന്നികളെ പരിപാലിച്ചു. വളരെ ചെറിയ രീതിയിൽ തുടങ്ങി മുന്നോട്ട് പോവുകയാണെങ്കിൽ പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാൻ സാധിക്കുമെന്ന് അനുഭവത്തിന്റെ വെളിച്ചത്തിൽ മാത്തുക്കുട്ടി പറയുന്നു. നൂറു പന്നികളുള്ള ഒരു ഫാമിൽനിന്ന് ഒരു മാസം ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനം ലഭിക്കുമെന്നും മാത്തുക്കുട്ടി.

വളരെ സാധ്യതകളുള്ള ഒരു മേഖലയാണ് പന്നി വളർത്തൽ. ഉയർന്ന തീറ്റ പരിവർത്തന ശേഷിയും വളരെ കുറഞ്ഞ ചെലവിൽ തീറ്റ ലഭിക്കുന്നതിനുള്ള സാഹചര്യവും, ഒരു പ്രസവത്തിൽ തന്നെ പത്തിൽ കൂടുതൽ കുഞ്ഞുങ്ങളെ ലഭിക്കുന്നതും, കുറഞ്ഞ ഗർഭകാലവുമെല്ലാം ഇതിന്റെ സാധ്യത വർധിപ്പിക്കുന്നു. പ്രജനന ഫാമിൽനിന്നു കുഞ്ഞുങ്ങളെ വളർത്തി ഇറച്ചി ആവശ്യങ്ങൾക്കായി മാംസ സംസ്കരണ യൂണിറ്റിലേക്ക് എടുക്കുന്നു. അതുപോലെ പുറത്തു വിൽപ്പനയുമുണ്ട്. ഡ്യൂറോക്, ലാൻ‌ഡ്രേസ്, ലാർജ് യോർക്‌ഷയർ എന്നീ ഇനങ്ങളെയാണ്  വളർത്തുന്നത്. 

pig-farm

ഇറച്ചിക്കുവേണ്ടി വളർത്തുന്ന പന്നിക്കുഞ്ഞുങ്ങൾക്ക് രണ്ടു മാസം പ്രായം മുതൽ ഭക്ഷണ അവശിഷ്ടങ്ങളാണ് പ്രധാനമായും കൊടുക്കുന്നത്. പുറത്തുനിന്നു ലഭിക്കുന്ന മിച്ചഭക്ഷണം ചൂടാക്കിയതിനു ശേഷം നൽകുന്നതിനാൽ വിഷാംശങ്ങളും അണുക്കളുമെല്ലാം നശിക്കുന്നു. അതിനോടൊപ്പം കോഴി ഫാമിൽനിന്നുള്ള അറവുമാലിന്യവും ഹാച്ചറിയിൽനിന്നുള്ള മുട്ടയും വേവിച്ചതിനു ശേഷം അരിഞ്ഞെടുത്ത പുല്ലും കൂടി യോജിപ്പിച്ച് നൽകുന്നു. അതിനാൽ പന്നികൾക്കാവശ്യമായ കാർബോഹൈഡ്രറ്റും പ്രോട്ടീനും കാത്സ്യവും നാരുകളുമെല്ലാം ഈ സമീക‍ൃത തീറ്റയിലൂടെ ലഭിക്കുന്നു. രണ്ടു നേരമായാണ് തീറ്റ നൽകുന്നത്. രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും. പ്രസവം കഴിഞ്ഞ തള്ളപ്പന്നികൾക്ക് പ്രത്യേകം തയാറാക്കിയ ഭക്ഷണമാണ് നൽകുന്നത്. മിച്ച ഭക്ഷണാവശിഷ്ടം വളരെ കുറച്ചു മാത്രമേ അമ്മപ്പന്നികൾക്കു നൽകുകയുള്ളൂ. ഹാച്ചറിയിൽ നിന്നുള്ള മുട്ടയും പുല്ല് അരിഞ്ഞതും തേങ്ങാപിണ്ണാക്കും അൽപം ഭക്ഷണ അവശിഷ്ടങ്ങളും കൂടി യോജിപ്പിച്ചെടുന്ന തീറ്റക്രമമാണ് അവയ്ക്കുള്ളത്. അതിനു പുറമേ ചോളത്തവിട്, കടലത്തൊണ്ട്, അരിത്തവിട് എന്നിവയും ഫീ‍‍ഡറുകളും മിനറൽ മിക്സറുകളും കാത്സ്യവുമെല്ലാം ഓരോ ഘട്ടത്തിലും പ്രത്യേകം നൽകുന്നുണ്ട്. 

മാലിന്യ സംസ്കരണത്തിനായി തീറ്റ അവശിഷ്ടങ്ങളും കൂടു വ‍ൃത്തിയാക്കുന്ന അവശിഷ്ടങ്ങളുമെല്ലാം കോരിയെടുത്ത് കമ്പോസ്റ്റ് ആക്കുന്നു. പ്രഷർ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനാൽ ജലനഷ്ടം കുറവ്. കുളിപ്പിക്കുന്നതും കൂടു കഴുകുന്നതുമായ വെള്ളം നെറ്റ് ഘടിപ്പിച്ച ടാങ്കുകളിലൂടെ കടത്തി വിട്ടാണ് മാലിന്യ ടാങ്കിലേക്ക് ശേഖരിക്കുന്നത്. മൂന്ന് അറകളുള്ള ടാങ്കിലേക്കാണ് മലിനജലം ഒഴുക്കുന്നത്. ആദ്യത്തെ അറയിലെത്തുന്ന മലിന ജലം വീണ്ടും അരിച്ച് രണ്ടാമത്തെ അറയിലേക്ക് എത്തുന്നു. അവിടെനിന്നു മൂന്നാമത്തെ അറയിൽ എത്തുമ്പോഴേക്ക് മാലിന്യത്തിന്റെ അളവിൽ വലിയ കുറവുണ്ടാകും. ഈ വെള്ളം മറ്റൊരു ടാങ്കിൽ ശേഖരിച്ച് കൃഷിക്കുവേണ്ടി ഉപയോഗിക്കുന്നു.  

‌‌വേർതിരിക്കുന്ന ഖരാപദാർഥങ്ങളെല്ലാം ബയോഗ്യാസ് പ്ലാന്റിലേക്ക് നിക്ഷേപിക്കുന്നു. ഇവിടെനിന്നുള്ള സ്ലറി കമ്പോസ്റ്റാക്കി മാറ്റുന്നു. കമ്പോസ്റ്റ് നന്നായി ഉണക്കി ചാക്കുകളിൽ നിറച്ചുവയ്ക്കുന്നു. ഓർഡറനുസരിച്ച് ഏലത്തിനും കുരുമുളകിനും, തേയിലയ്ക്കും റബറിനുമൊക്കെയുള്ള വളമായി വിൽപ്പനയും നടത്തുന്നു. ഇതിൽനിന്നും മെച്ചപ്പെട്ട വരുമാനവും ലഭിക്കുന്നുണ്ടെന്ന് മാത്തുക്കുട്ടി. 

pig-farm-1
ദുർഗന്ധമകറ്റാൻ കശുവണ്ടിപ്പുക

പന്നി ഫാമിൽ അഭിമുഖീകരിക്കുന്ന മറ്റൊരു വലിയ പ്രശ്നമാണ് ദുർഗന്ധം. അത് പരിഹരിക്കുന്നതിനുള്ള മാർഗവും മാത്തുക്കുട്ടിയുടെ പക്കലുണ്ട്. മാർക്കറ്റിൽനിന്നും ചെറിയ വിലയ്ക്ക് ലഭിക്കുന്ന കശുവണ്ടിയുടെ തൊണ്ട് ചുടുകട്ടകൊണ്ട് കെട്ടിയുണ്ടാക്കിയ പ്രത്യേക അടുപ്പിൽ  പുകയ്ക്കുന്നു. അതിനാൽ  കശുവണ്ടിയുടെ നല്ലൊരു മണം കാറ്റിനനുസരിച്ച് ആ പ്രദേശത്താകെ വ്യാപിക്കും. അതുപോലെ തന്നെ പുകയിൽനിന്ന് ഫാമിലുള്ള അണുക്കൾ നശിക്കുന്നതിനും സഹായകരമാണ്.

പുതുതായി ഈ മേഖലയിലേക്ക് വരാൻ താൽപര്യമുള്ളവരോട് ചില കാര്യങ്ങൾ മാത്തുക്കുട്ടിക്ക് പറയാനുണ്ട്. അധികം ആൾ സഞ്ചാരം ഇല്ലാത്ത ആളൊഴിഞ്ഞ സ്ഥലമായിരിക്കണം ഫാമിനുവേണ്ടി തിരഞ്ഞെടുക്കാൻ. അതുപോലെ തന്നെ തുടങ്ങുന്നതിനു മുൻപ് തന്നെ ലൈസൻസ് എടുക്കാൻ വേണ്ട എല്ലാ മാനദണ്ഡങ്ങളും അവിടെയുണ്ടോ എന്ന് ഉറപ്പു വരുത്തണം. അതു കഴിഞ്ഞ് മാത്രമേ ഫാമിന്റെ പണി ആരംഭിക്കാവൂ. ഒരു കാരണവശാലും വലിയൊരു മുതൽമുടക്ക് നടത്തി പെട്ടെന്ന് ഇതിലേക്ക് ഇറങ്ങരുത്. വളരെ ചെറിയ രീതിയിൽ തുടങ്ങി ഘട്ടം ഘട്ടമായി മാത്രമേ വികസിപ്പിക്കാവൂ. 

കേരളത്തിലെ പന്നികർഷകരുടെ സംഘടനയായ പിഗ് ഫാർമേഴ്സ് അസോസിയേഷനിലെ സംസ്ഥാനതല അംഗം കൂടിയാണ് മാത്തുക്കുട്ടി. 

English Summary:  Modern pig farming in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA