ADVERTISEMENT

പച്ചക്കറിക്കൃഷിക്ക് ഏറെ പേരുകേട്ട നാടാണ് ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി. പച്ചക്കറിക്കര്‍ഷകര്‍ക്ക് ഒരു മേല്‍വിലാസം നല്‍കിയ നാട്. അവിടേക്കാണ് വലിയ ശമ്പളമുള്ള ജോലി ഇട്ടെറിഞ്ഞ് കൃഷിക്കായി ഫിലിപ്പ് ചാക്കോ എന്ന എംബിഎ ബിരുദധാരി കൃഷിക്കാരനാകാന്‍ ചെന്നെത്തിയത്. പാട്ടത്തിനെടുത്ത 34 ഏക്കറിലാണ് ഫിലിപ്പ് ചാക്കോ എന്ന ചാക്കോയുടെ കൃഷി. ഓരോ ഇനം പച്ചക്കറിയും സ്ഥലം തിരിച്ച് നട്ടുവളര്‍ത്തുന്നു. എന്തിന് തണ്ണിമത്തന്‍ വരെ ചാക്കോയുടെ അധ്വാനത്തില്‍ മികച്ച വിളവ് നല്‍കി. 

കേരളത്തില്‍ ചൂടേറെയുണ്ടായിരുന്ന ഫെബ്രുവരിയില്‍ വിളവെടുപ്പിനു പാകമായ തണ്ണിമത്തന്‍ ചില്ലറ ബുദ്ധിമുട്ടല്ല ചാക്കോയ്ക്ക് വരുത്തിവച്ചത്. വിറ്റഴിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിലായപ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികളുള്‍പ്പെടെ സഹായത്തിനെത്തി. പ്രതിസന്ധികളെ അതിജീവിച്ച് ചാക്കോ തന്‌റെ കൃഷി വീണ്ടും വിപുലീകരിക്കാനുള്ള ശ്രമത്തിലാണെന്ന് പറയുകയാണ് മന്ത്രി തോമസ് ഐസക്.

കഞ്ഞിക്കുഴിയിലെ പാട്ടത്തിനെടുത്ത തോട്ടം കൂടാതെ പാലക്കാട്ട് 24 ഏക്കറില്‍ കൃഷി ചെയ്യാനുള്ള ശ്രമത്തിലാണ് ചാക്കോയെന്നും തോമസ് ഐസക് പറയുന്നു. എന്തുകൊണ്ട് പാലക്കാട് പോലെ പച്ചക്കറിക്കൃഷിക്ക് കൂടുതല്‍ അനുയോജ്യമായ സ്ഥലം ആദ്യം തന്നെ തിരഞ്ഞെടുത്തില്ല എന്ന തന്‌റെ ചോദ്യത്തിന് 'ഇത് നമ്മുടെ നാടല്ലേ? പിന്നെ കഞ്ഞിക്കുഴിയുടെ ബ്രാന്‍ഡ് ഒന്നാംതരമാണ്. കിലോയ്ക്ക് 10 രൂപയെങ്കിലും അധികം കിട്ടും. ചിലയിനങ്ങള്‍ക്ക് 20ഉം. കഞ്ഞിക്കുഴി പച്ചക്കറികള്‍ കീടനാശിനി തളിക്കാത്ത ജൈവ പച്ചക്കറിയാണെന്നാണ് വിശ്വാസം. കഞ്ഞിക്കുഴിയുടെ പേര് ഉണ്ടെങ്കില്‍ ഉപഭോക്താക്കള്‍ ഉയര്‍ന്ന വില നല്‍കുവാന്‍ തയ്യാറാണ്' എന്നായിരുന്നു ചാക്കോയുടെ മറുപടിയെന്നും തനിക്കത് വിശ്വസിക്കുവാന്‍ പ്രയാസം തോന്നിയെന്നും അദ്ദേഹം പറയുന്നു.

കഞ്ഞിക്കുഴി പച്ചക്കറിക്ക് കൂടുതല്‍ വില കിട്ടും എന്നത് പണ്ടേ അറിയാം. പക്ഷേ ഇത്രയധികം? ചാക്കോച്ചന്‍ കണക്കുകള്‍ നിരത്തി. പണ്ടത്തേയും, ഇപ്പോഴത്തേയും. 'മുഴുവന്‍ പച്ചക്കറിയും മൊത്തവ്യാപാരികള്‍ക്കാണ് നല്‍കുന്നത്. റീട്ടെയില്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ വില കിട്ടും. റീട്ടെയില്‍ മാര്‍ക്കറ്റിലേക്ക് കടക്കണമെങ്കില്‍ ഒരു കട പോര. പല കട വേണം. പക്ഷേ അതിനു മുന്‍പ് കൃഷി പൂര്‍ണ്ണമായും കൈപ്പടിയില്‍ ഒതുങ്ങണം. അതിപ്പോള്‍ ഏതാണ്ട് വശത്തായിട്ടുണ്ട്. പാലക്കാട് കൃഷി വിളവെടുത്ത് തുടങ്ങിയാല്‍ എറണാകുളത്ത് കട തുടങ്ങാനാണ് പരിപാടി.'

സമ്മിശ്ര കൃഷിയാണ് ചാക്കോയുടേത്. നാടന്‍ ഇനങ്ങള്‍ മാത്രമല്ല, ഷെമാം, കാബേജ്, വിവിധയിനം തണ്ണിമത്തനുകള്‍ എല്ലാം കൃഷി ചെയ്യുന്നുണ്ട്. ചാക്കോച്ചന്റെ മാസ്റ്റര്‍ പീസ് കുറ്റിപ്പയറാണ്. വയലറ്റ് നിറത്തിലുള്ള കുറ്റിപ്പയറിന് വമ്പന്‍ ഡിമാന്‍ഡ് ആണ്. താന് ചാക്കോയുടെ പാടത്ത് ചെല്ലുമ്പോള്‍ ഒരു കണ്ടത്തിലെ വെണ്ടയുടെ വിളവെടുപ്പ് തീര്‍ന്നിരുന്നു. ചെറുതണ്ടുകളും, ഇലകളും ഒക്കെ മുറിച്ചുമാറ്റി. എന്നിട്ട് കുറ്റിപ്പയര്‍ നടുന്ന തിരക്കിലായിരുന്നുവെന്ന് മന്ത്രി. വെണ്ടയുടെ കുറ്റിയില്‍ പയര്‍ പടര്‍ത്തുകയാണ് രീതിയെന്നും തോമസ് ഐസക് പറയുന്നു. 

മാരാരിക്കുളത്തെ പച്ചക്കറി പരിണാമത്തിന്റെ ഇപ്പോഴത്തെ ഘട്ടം ഇന്നെയാണെന്നും മന്ത്രി പറഞ്ഞുവയ്ക്കുന്നു. എല്ലാവര്‍ക്കും കുറച്ചൊക്കെ കൃഷിയുണ്ട്. സംഘ കൃഷിക്കാരുമുണ്ട്. പക്ഷേ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് കടന്നുവരുന്നു. നാളെ ഇവര്‍ സംസ്‌കരണത്തിലേക്കും, നേരിട്ടുള്ള വിപണനത്തിലേക്കും കടക്കുമെന്ന് തനിക്ക് ഉറപ്പാണെന്നും മന്ത്രി. 

മാരാരിക്കുളത്തെ ഏറ്റവും വലിയ പച്ചക്കറിക്കര്‍ഷകന്‍ എന്ന് മന്ത്രി തോമസ് ഐസക് വിശേഷിപ്പിച്ച യുവ കര്‍ഷകനാണ് ഫിലിപ്പ് ചാക്കോ. കഞ്ഞിക്കുഴിയിലെ 28 ഏക്കര്‍ ഉള്‍പ്പെടെ 34 ഏക്കറിലാണ് ചാക്കോയുടെ ആലപ്പുഴയിലെ കൃഷി. ഉല്‍പാദിപ്പിച്ച ടണ്‍ കണക്കിന് തണ്ണിമത്തന്‍ വില്‍ക്കാന്‍ ബുദ്ധിമുട്ടിയപ്പോഴും അതിനെ പുഞ്ചിരിയോടെ സമീപിച്ച കര്‍ഷകന്‍. തന്‌റെ പച്ചക്കറിക്കൃഷി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ചാക്കോ ഇപ്പോള്‍.

ചാക്കോയുടെ പച്ചക്കറിക്കൃഷിയുടെയും കൃഷിയിടത്തിന്‌റെയും വിശദമായ വിഡിയോ കാണാം

English summary: Minister Thomas Issac with Young Farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com