ADVERTISEMENT

പശുവളർത്തലിൽ കറവക്കാരുടെ പ്രാധാന്യം പറയേണ്ടതില്ല. അവർ ഒരു നേരം വരാതിരുന്നാൽ മതി കാര്യങ്ങളെല്ലാം അവതാളത്തിലാകും. സ്വന്തമായി കറവ നടത്തുന്ന കർഷകർക്കുപോലും ആരോഗ്യപ്രശ്നങ്ങൾമൂലം  കറവ വെല്ലുവിളിയാകാറുണ്ട്. കറവ മുടങ്ങിയാൽ വരുമാനനഷ്ടം മാത്രമല്ല പശുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ടാകും. എന്തിനേറെ ഒരു നാട്ടിലെ പശുക്കളുടെ എണ്ണംപോലും അവിടുത്തെ കറവക്കാരുടെ ലഭ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. 

തൃശൂർ വാടാനപ്പള്ളിയിൽ വെറ്ററിനറി ഡോക്ടറായി സേവനമനുഷ്ഠിക്കുമ്പോഴാണ് ഡോ. ജോൺ ഏബ്രഹാം ഇക്കാര്യം മനസ്സിലാക്കിയത്.  പഞ്ചായത്തിലെ പശുക്കളുടെ എണ്ണം കുറഞ്ഞതിനു കാരണം തേടിയതായിരുന്നു അദ്ദേഹം. കറവക്കാരെ  കിട്ടാനില്ലാതെ പശുവളർത്തൽ അവസാനിപ്പിച്ചവർ ഏറെയുണ്ടെന്ന് ഡോക്ടർ കണ്ടെത്തി. കറവക്കാരനൊരു പകരക്കാരൻ വന്നില്ലെങ്കിൽ നാട്ടിലെ പശുവളർത്തൽ തന്നെ നിലച്ചുപോകുമെന്ന സ്ഥിതി.

പകരക്കാരനായി കറവയന്ത്രങ്ങളെത്തി. പക്ഷേ രണ്ടോ മൂന്നു പശുക്കളുള്ള , ചെറുകിട കർഷകരുടെ തൊഴുത്തുകൾക്ക് ചേരുന്നവയായിരുന്നില്ല അവയൊന്നും. പത്തു പശുക്കളെങ്കിലുമുള്ളവർക്ക് യോജിച്ച കറവയന്ത്രങ്ങളാണ് വിപണിയിലുണ്ടായിരുന്നത്. പലതിനും തൊട്ടാൽ കൈപൊള്ളുന്ന വില.  സർവോപരി വൈദ്യുതിയുണ്ടെങ്കിൽ മാത്രം പ്രവർത്തിക്കുന്നവയും. വൈദ്യുതിമുടക്കം പതിവായ നാട്ടിൻപുറങ്ങൾക്ക് ചേരുന്നവയായിരുന്നില്ല അവയൊന്നും.  അതിരാവിലെ വൈദ്യുതി മുടങ്ങിയാലോ. കാറ്റും മഴയും ഇടിയും മിന്നലുമൊക്കെയുള്ള കാലങ്ങളിൽ വൈദ്യുതിത്തകരാറുകൾക്ക് സാധ്യതയേറെ. വൈദ്യുതിയുണ്ടെങ്കിലല്ലേ കറവയന്ത്രം പ്രവർത്തിക്കൂ.  അപ്പോൾ പകരക്കാരനൊരു പകരക്കാരനെ തേടേണ്ടിവരില്ലേ?

milking-machine-1

വിപണിയിൽ ലഭ്യമായ നല്ല കറവയന്ത്രങ്ങളെല്ലാംതന്നെ വൈദ്യുതിയിൽ പ്രവർത്തിക്കുന്നവയായിരുന്നു. വൈദ്യുതി ആവശ്യമില്ലാത്ത ചില മോഡലുകളുണ്ടെങ്കിലും മുഴുവൻ പാലും കറന്നെടുക്കാനുള്ള സാങ്കേതികമികവ് അവയ്ക്കില്ലെന്നു ഡോക്ടർ ചൂണ്ടിക്കാട്ടി. സാധാരണക്കാരായ ക്ഷീരകർഷകരുടെ സാഹചര്യങ്ങൾക്കു ചേർന്ന കറവയന്ത്രത്തിനായുള്ള ഡോ. ജോണിന്റെ അന്വേഷണം ആരംഭിച്ചത് അങ്ങനെയാണ്. പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ അധ്യാപകനായി നിയമനം കിട്ടിയപ്പോഴും  അന്വേഷണം അവസാനിപ്പിച്ചില്ല. സുദീർഘമായ പരിശ്രമങ്ങൾക്കൊടുവിൽ 2009ലാണ് ശാസ്ത്രീയമായി കറവ നടത്തുന്നതും വൈദ്യുതി ആവശ്യമില്ലാത്തതുമായ കറവയന്ത്രത്തിന്റെ പ്രാഥമികരൂപമായത്. തുടർന്ന് കേരള ശാസ്ത്ര സാങ്കേതിക കൗൺസിലിന്റെ  ഫണ്ട് നേടി ഗവേഷണം പൂർത്തിയാക്കുന്നതിനും പേറ്റന്റ് നേടുന്നതിനും അഗ്രിക്കൾച്ചർ എൻജിനീയർമാരായ ഡോ. ജിപ്പു, ധലിൻ എന്നിവരുടെ പങ്കാളിത്തമുണ്ടായിരുന്നു. 2013ൽ മൂവരും ചേർന്ന് നൽകിയ അപേക്ഷപ്രകാരം പേറ്റന്റ് അനുവദിച്ചുകിട്ടിയത് 2021ലാണെന്നു മാത്രം!

പൾസേഷൻ മെക്കാനിസം പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന ഈ യന്ത്രത്തിനു ചെലവ് തീരെ കുറവാണെന്നത് ഏറെ ശ്രദ്ധേയമാണ്. റോക്കർ മാതൃകയിലുള്ളതിനു 15,000 രൂപ മാത്രം. ചവിട്ടി പ്രവർത്തിപ്പിക്കാവുന്ന ബൈസിക്കിൾ മോഡലിനാവട്ടെ 25,000 രൂപയും. വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം ആരംഭിക്കുന്നതോടെ ചെലവ് വീണ്ടും കുറയുമെന്ന് ഡോ. ജോൺ പറയുന്നു. പേറ്റന്റ് സ്വന്തമായ സാഹചര്യത്തിൽ വാണിജ്യഉൽപാദനത്തിനും വിപണനത്തിനും പങ്കാളികളെ കാത്തിരിക്കുകയാണിവർ.

സാധാരണ കറവയന്ത്രങ്ങൾ പോലെ ഇതിനും രണ്ടു ഭാഗങ്ങളുണ്ട്. അകിടിനോട് ഘടിപ്പിക്കുന്ന ഭാഗവും  വായു ക്രമീകരിക്കുന്ന സക്‌ഷനും.  ഒരു സൈക്കിളിലെന്നവിധം ഇരുന്നുകൊണ്ട് ഇരുകാലുകളും കൊണ്ട് ചവിട്ടി  പ്രവർത്തിപ്പിക്കാവുന്ന ബൈസിക്കിൾ മോഡൽ അകിടിലേക്ക് നേരിട്ടു ഘടിപ്പിക്കാം. എന്നാൽ റോക്കർമോഡൽ പശുവിന്റെ ശരീരത്തിൽ വെച്ചു കെട്ടേണ്ടതുണ്ട്. കറവ തീരെ വശമില്ലാത്തവർക്കു പോലും ഈ യന്ത്രമുണ്ടെങ്കിൽ പാൽ നഷ്ടപ്പെടാതെ കറന്നെടുക്കാൻ കഴിയുമെന്ന് ഡോ‌. ജോൺ ചൂണ്ടിക്കാട്ടി. കുറഞ്ഞ ചെലവ് മാത്രമുള്ളതിനാൽ സാധാരണക്കാരായ ആളുകൾക്കുപോലും ഇത് പ്രയോജനപ്പെടും.  

ഫോൺ: 9447617194

English summary: Low cost cow milking machine for small farms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com