ADVERTISEMENT

തീറ്റയും വെള്ളവുമാണ് കോഴിഫാമുകളിലെ പ്രധാന രണ്ടു ഘടകങ്ങൾ. പക്ഷേ, ഇറച്ചിക്കോഴി ഫാമുകളിൽ തീറ്റക്രമത്തെക്കുറിച്ച് പല കർഷകരും ചിന്തിക്കാറേയില്ല. കാരണം, ഇറച്ചിക്കോഴികൾക്ക് മുഴുവൻ സമയവും തീറ്റ ലഭിക്കുന്ന രൂപത്തിൽ തീറ്റപ്പാത്രത്തിൽ തീറ്റ സജ്ജീകരിച്ചിരിക്കും.

എങ്കിലും ഓരോ പ്രായത്തിലും ഇറച്ചിക്കോഴികൾ കഴിക്കുന്ന തീറ്റയ്ക്ക് കൃത്യമായ അളവുണ്ട്. ഈ അളവുകൾ ഇറച്ചിക്കോഴികൾക്ക് തീറ്റ അളന്നു നൽകാനുള്ളതല്ല. പക്ഷേ, ഈ അളവുകൾവച്ച് കോഴികൾ ഇത്രയും തീറ്റ കഴിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തണം. ഓരോ പ്രായത്തിലും കഴിക്കുന്ന തീറ്റയുടെ അളവ് താഴെയുള്ള ചാർട്ടിൽനിന്നു മനസിലാക്കുക.

poultry-feed-chart

ഇറച്ചിക്കോഴികൾക്ക് തീറ്റ നൽകുന്ന വിഷയത്തിൽ താഴെപ്പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം.

1. ക്രോപ് ഫിൽ (തീറ്റസഞ്ചി നിറയുന്നത്)

ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ ഫാമിൽ എത്തിയാൽ 8 മണിക്കൂർകൊണ്ട് അവയുടെ തീറ്റസഞ്ചി 80 ശതമാനം നിറയും. ഇങ്ങനെ തീറ്റസഞ്ചി നിറയ്ക്കുന്ന കോഴിക്കുഞ്ഞുങ്ങൾ ആരോഗ്യമുള്ളവ‌യാണെന്ന് മനസിലാക്കാം.

2. ഈ ലേഖനത്തിൽ നൽകിയ ചാർട്ട് നോക്കി ഓരോ ദിവസവും അത്രയും തീറ്റ കഴിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ തൊട്ടടുത്തുള്ള മൃഗാശുപത്രിയുമായോ പരിചയസമ്പന്നനായ ഡോക്ടറുമായോ ചർച്ച ചെയ്ത് ആവശ്യമായ ടോണിക്കുകൾ നൽകുക.

3. തീറ്റപ്പാത്രത്തിന്റെ അടിയിൽ ബാക്കി വരുന്ന പൗഡർ കഴിച്ചതിനു ശേഷം മാത്രം പുതിയ തീറ്റ നൽക്കുക. ഇതിനായി തീറ്റ നൽകുന്നതിന്റെ ഒരു മണിക്കൂർ മുമ്പ് തീറ്റപാത്രം ഒന്ന് തട്ടിക്കൊടുത്താൽ മതിയാകും.

4. തീറ്റച്ചാക്കുകൾ ഒരു കാരണവശാലും തറയിൽ തട്ടുന്ന വിധത്തിൽ സൂക്ഷിക്കരുത്. ഇത് ഈർപ്പം തീറ്റയിൽ പിടിക്കാനും അതുവഴി പൂപ്പൽ വിഷബാധയ്ക്കും കാരണമാകും.

5. കൃത്യമായ തീറ്റമുറി സജ്ജീകരണം ഇല്ലാത്ത ഫാമുകളിൽ 3-4 ദിവസത്തേക്കുള്ള തീറ്റ മാത്രം വാങ്ങിക്കുക.

6. ഓരോ തീറ്റച്ചാക്കും പൊട്ടിക്കുമ്പോഴും അതിനുള്ളിൽ തീറ്റ കട്ട പിടിച്ചിട്ടില്ല എന്ന് ഉറപ്പിക്കുക. തീറ്റ കട്ടപിടിച്ച രൂപത്തിൽ കണ്ടാൽ ആ തീറ്റച്ചാക്ക് ഉപയോഗിക്കരുത്.

7. വേനൽകാലത്ത് ചൂട് കൂടിയ സമയത്തു തീറ്റ ഒഴിവാക്കുന്നതാണ് ഉത്തമം.

8. FCR (തീറ്റപരിവർത്തന ശേഷി)

കോഴിഫാമിന്റെ മൊത്തം പ്രകടനത്തെ കാണിക്കുന്ന അളവുകോലാണ് എഫ്‌സിആർ. കോഴി ഒരു കിലോ തൂക്കം ലഭിക്കാൻ എത്ര കിലോ തീറ്റ നൽകണം എന്നതാണ്  തീറ്റപരിവർത്തന ശേഷി. പൂർണവളർച്ചയെത്തിയ ബ്രോയ്‌ലർ കോഴികളുടെ തീറ്റപരിവർത്തന ശേഷി 1.6 മുതൽ 1.8 വരെയാണ്.

9. ഇതിനേക്കാൾ ഒക്കെ പ്രധാനമാണ് ഗുണമെന്മയുള്ള തീറ്റകമ്പനി തിരഞ്ഞെടുക്കുക എന്നത്. ഇതിനായി പരിചയ സമ്പന്നരായ കർഷകരുമായും ഡോക്ടർമാരുമായും ചർച്ച നടത്തുക. ദഹനശേഷി കുറവുള്ള മാംസ്യം ചേർക്കുന്നതും പ്രോബയോട്ടിക്കുകൾ ചേർക്കാതിരിക്കുന്നതും മൂട്‌ചീച്ചിൽ പോലുള്ള ബുദ്ധിമുട്ടുകൾക്ക് കാരണമാകും.

തീറ്റയിലും വെള്ളത്തിലും കൃത്യമായ ശ്രദ്ധ പതിപ്പിച്ചാൽ ഇറച്ചിക്കോഴി മേഖലയിൽ വിജയം കൊയ്യാൻ ആയാസമുണ്ടാകില്ല.

English summary: Feeding management of poultry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com