കോഴിക്ക് തീവില! കർഷകന് ഇപ്പോൾ 10 രൂപ ലാഭം കിട്ടുന്നതിൽ വിഷമിക്കേണ്ട കാര്യമുണ്ടോ?

HIGHLIGHTS
  • കിലോ 35-38 രൂപയ്ക്കു ലഭിച്ചിരുന്ന സോയയ്ക്ക് ഇപ്പോൾ 63 രൂപ
  • ഒരു കിലോ കോഴി ഉൽപാദിപ്പിക്കാനുള്ള ചെലവ് 104 രൂപ
chicken
SHARE

‘കോഴിക്ക് തീവില!’ ഇന്നത്തെ പല മാധ്യമങ്ങളിലെയും പ്രധാന തലക്കെട്ടാണ് വിഷുവും, ഈസ്റ്ററും, തിരഞ്ഞെടുപ്പും ഒക്കെ കാരണമാണ് ഈ വിലക്കയറ്റം എന്നും, കോഴിക്കർഷകർ ഇതുമായി ബന്ധപ്പെട്ട് കൊള്ളലാഭം ഉണ്ടാക്കുകയാണെന്നുമാണ് ഇപ്പോഴത്തെ പൊതു സംസാരം. എന്നാൽ, ഈ പറയുന്നതിന്റെ യാഥാർഥ്യത്തിലേക്കു കൂടി ഒന്നു കണ്ണോടിക്കേണ്ടതുണ്ട്..

കോഴിത്തീറ്റയിലെ പ്രധാന ഘടകമായ കിലോ 35-38 രൂപയ്ക്കു ലഭിച്ചിരുന്ന സോയയ്ക്ക് ഇപ്പോൾ 63 രൂപയും, ഒരു കോഴിക്കുഞ്ഞിന് 55 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇവിടെനിന്നു വേണം കണക്കിലെ കളികൾ നോക്കാൻ. 1000 കോഴിയെ വളർത്തുന്ന ഒരു കർഷകൻ ഇത്തരത്തിൽ 55,000 രൂപ കോഴിക്കുഞ്ഞിനു വേണ്ടി മാത്രം ചെലവാക്കുന്നുണ്ട്. തീറ്റവില സകല റെക്കോർഡുകളും തകർത്ത് ചില്ലറവില കിലോ 35 രൂപ നിരക്കിൽ എത്തി നിൽക്കുന്നു. 42 ദിവസം കൊണ്ട് 2.2 കിലോ തൂക്കമുള്ള കോഴിയെ സൃഷ്ടിക്കാൻ കോഴി ഒന്നിന് 3.8 കിലോ തീറ്റ എന്ന കണക്കിൽ നോക്കുമ്പോൾ തീറ്റച്ചെലവ് 1,33,000 രൂപ. ഒരാളെ 500 രൂപ കൂലി കൊടുത്ത് 40 ദിവസം പണിക്കു നിർത്തുന്ന വകയിൽ  രൂപ 20,000 പോയിക്കിട്ടും (വീട്ടുകാർ എല്ലാം കൂടി ഈ പണികൾ ഏറ്റെടുത്ത് ചെയ്താൽ ഈ കാശ് ലാഭിക്കാം). കൂടാതെ കൂട്ടിൽ വിരിക്കാനുള്ള അറക്കപ്പൊടി, വാക്‌സിൻ, മരുന്ന്, അണുനാശിനി, വൈദ്യുതി, വെള്ളം ഈ വക ചെലവല്ലാം ചേർക്കുമ്പോൾ മറ്റൊരു 10,000 രൂപ എങ്കിലും കയ്യിൽ നിന്നിറങ്ങിയിരിക്കും. ഇങ്ങനെ നോക്കുമ്പോൾ 1000 കോഴിയെ വളർത്താൻ ആകെ ചിലവ് 2,18,000 രൂപ.

ഇനി കോഴി വിറ്റു കിട്ടുന്ന വരുമാനക്കണക്ക് നോക്കാം. ഫാമിങ്ങിൽ സാധാരണ മരണ നിരക്ക് 3% ആണ്. വേനൽക്കാലമായതിനാൽ അത് 5% എന്ന് കണക്കാക്കുമ്പോൾ വിൽക്കാൻ തയാറായവ 950 കോഴി. അതായത് പരമാവധി 2090 കിലോ ലൈവ് കോഴി. ചെലവായ തുക വച്ച് ഹരിക്കുമ്പോൾ ഒരു കിലോ കോഴി ഉൽപാദിപ്പിക്കാനുള്ള ചെലവ് 104 രൂപ! ഇന്നലത്തെ ഫാം ലിഫ്റ്റിംഗ് നിരക്ക് 114 രൂപ. അതായത് കർഷകന് നിലവിൽ ലഭിക്കുന്നത് കിലോയ്ക്ക് പരമാവധി 10 രൂപ മാത്രം. ഇതിനു പുറമെ കോഴികളെ ഫാമിൽ നിന്നെടുത്ത് കടകളിൽ കൊണ്ട് കൊടുക്കുന്ന ഇടനിലക്കാരന് കടത്തു കൂലിയും, കമ്മിഷനുമുണ്ട്. ചില്ലറ വിൽപന നടത്തുന്ന കടക്കാരന് കോഴി വൃത്തിയാക്കുന്നതിന് 10 രൂപ എന്ന നിരക്കിലും, മാലിന്യ നിർമാർജനത്തിന് മറ്റൊരു 5 രൂപ എന്നിങ്ങനെ ചെലവ് കണക്കാകുമ്പോഴാണ് 114 രൂപ ഫാം റേറ്റിൽ നിന്നും  ഒരു കിലോ ജീവനോടെയുള്ള തൂക്കത്തിന് ചില്ലറ വിൽപന വില 135-140 രൂപയായി ഉയരുന്നത്.. 

കൊറോണയും പക്ഷിപ്പനിയും കത്തി നിന്ന സമയത്ത് എല്ലാ നഷ്ടവും സഹിച്ച് കിലോ 20 രൂപയ്ക്കു കോഴികൾ വിറ്റൊഴിവാക്കേണ്ടി വന്ന കർഷകന് ഇപ്പോൾ 10 രൂപ ലാഭം കിട്ടുന്നതിൽ വിഷമിക്കേണ്ട കാര്യമുണ്ടോ? അത് സ്വാഭാവിക നീതിയായെ കണക്കാക്കേണ്ടതുള്ളു. കോഴിക്കുഞ്ഞിന്റെ വില 25 രൂപയും, തീറ്റ വില പരമാവധി 30 രൂപയും, നല്ല തീറ്റ പരിവർത്തന ശേഷിയുള്ള ബ്രീഡുമുണ്ടെങ്കിൽ ഏതാണ്ട് 65 രൂപ നിരക്കിൽ ഒരു കിലോ കോഴി ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നാണ് ഏകദേശ കണക്ക്. ഇതിനു പുറമെ മാർക്കറ്റിങ് തന്ത്രങ്ങളും, വിപണിയിലെ ഉയർച്ച താഴ്ചകളും മനസിലാക്കി പ്രവർത്തിക്കുന്നവർക്ക് മാത്രമേ ഈ മേഖലയിൽ നിലനിൽപ്പുള്ളൂ എന്ന് കൂടി നാം ഓർക്കേണ്ടതാണ്.

English summary: Broiler chicken prices soar in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ | Manorama Explainer

MORE VIDEOS
FROM ONMANORAMA