ADVERTISEMENT

അസുഖങ്ങള്‍ വരാതെ നോക്കുകയും, അസുഖം വന്നാല്‍ അവ തുടക്കത്തില്‍ തന്നെ മനസിലാക്കുകയും പരിഹരിക്കുകയും ചെയ്യുക എന്നതാണ് കോഴിവളര്‍ത്താല്‍ മേഖലയിലെ പ്രധാന വിജയ രഹസ്യങ്ങളില്‍ ഒന്ന്. കോഴിഫാമുകളില്‍ അസുഖങ്ങള്‍ വരുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ചില നാടന്‍ പ്രതിവിധികളെക്കുറിച്ചു പറയാം.

ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ ഒരിക്കലും പൗള്‍ട്രി മേഖലയില്‍ പരിജയ സമ്പന്നരായ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്യാതെ ഉപയോഗിക്കരുത്. ഇത് ഒരിക്കലും കൃത്യമായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും പരിഹാരമല്ല. ലക്ഷണങ്ങള്‍ തുടങ്ങുന്ന സമയത്തുതന്നെ ശ്രദ്ധയില്‍ പെട്ടാല്‍ ഡോക്ടറുമായി ചര്‍ച്ച ചെയ്ത് പ്രയോഗിക്കാം.

CRD (കഫക്കെട്ട്)

കോഴിവളര്‍ത്തല്‍ മേഖലയിലെ ഒരു പ്രധാന അസുഖമാണ് കഫക്കെട്ട്. വെളുത്തുള്ളിയുടെ നീര് കുടിക്കാന്‍ കൊടുക്കുന്നതും അതുകൊണ്ടുതന്നെ സ്‌പ്രേ ചെയ്യുന്നതും കഫക്കെട്ട് ഒരു പരിധിവരെ തടയാന്‍ സഹായിക്കും. 

കഫക്കെട്ടിനു മാത്രമല്ല പല വൈറസ് അസുഖങ്ങള്‍ക്കും വെളുത്തുള്ളി സ്‌പ്രേ ഒരു പരിധിവരെ പരിഹാരം നല്‍കും. ആയിരം കോഴികള്‍ക്ക് 2 കിലോ വെളുത്തുള്ളിയെങ്കിലും ഉപയോഗിക്കണം.

ഐബിഡി

ഐബിഡി പോലുള്ള മാരക വൈറസ് അസുഖങ്ങള്‍ക്ക് മറ്റു ചികിത്സയുടെ കൂടെ കറ്റാര്‍വാഴ നീര് വെള്ളത്തില്‍ ചേര്‍ത്തു നല്‍കുന്നത് തമിഴ്നാട്ടിലെ കോഴിക്കര്‍ഷകര്‍ക്കിടയില്‍ വ്യാപകമാണ്.

തീറ്റ സഞ്ചിയിലെ അനുബാധ

ബാക്റ്റീരിയകളെ നശിപ്പിക്കാനുള്ള മഞ്ഞളിന്റെ കഴിവ് പ്രശസ്തമാണല്ലോ അതിനാല്‍ ഒരാഴ്ചയില്‍ താഴെ പ്രായമായ കോഴിക്കുഞ്ഞുങ്ങളില്‍ കാണുന്ന തീറ്റ സഞ്ചിയിലെ അനുബാധ പരിഹരിക്കാന്‍ മഞ്ഞള്‍പ്പൊടി കുടിവെള്ളത്തില്‍ നല്‍കുന്ന രീതി കര്‍ഷകര്‍ക്കിടയില്‍ പ്രസിദ്ധമാണ്. ലീറ്ററിന് ഒരു ഗ്രാം എന്ന അളവില്‍ മഞ്ഞള്‍പൊടി ഉപയോഗിക്കാം.

കുടല്‍പ്പുണ്ണ്

കുടല്‍പ്പുണ്ണിന്റെ ഭാഗമായി ഉണ്ടാകുന്ന വയറിളക്കം തുടക്കത്തില്‍ കാണുന്ന സമയത്തുതന്നെ തൈര് നല്‍കുന്നത് കുടല്‍പുണ്ണു കുറയ്ക്കുകയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന വയറിളക്കം ശമിപ്പിക്കുകയും ചെയ്യും. 1000 കോഴികള്‍ക്ക് 2 ലീറ്റര്‍ തൈര് എങ്കിലും ഉപയോഗിക്കണം.

കോക്സീഡിയ

കാഷ്ടത്തില്‍ രക്തത്തിന്റെ അംശം കാണുന്നതാണ് കോക്സീഡിയ അസുഖം. കുടല്‍ഭിത്തിയിലെ രക്തസ്രാവം തന്നെ കാരണം. ഉലുവ വറുത്തു പൊടിച്ചു തീറ്റയില്‍ ചേര്‍ത്തു നല്‍കുന്നത് കോക്സീഡിയയ്ക്കു ഒരു പരിധിവരെ പരിഹാരമാണ്. 1000 കോഴികള്‍ക്ക് 200-300 ഗ്രാം ഉലുവയാണ് ഉപയോഗിക്കേണ്ടതാണ്.

മുട്ടക്കോഴികള്‍ തമ്മില്‍ കൊത്തുകൂടുന്നത്

കോഴികള്‍ തമ്മില്‍ കൊത്തു കൂടുന്നത് കോഴിഫാമുകളില്‍ ഒരു വലിയ പ്രതിസന്ധിയാണ്. ഇതിനു പരിഹാരമായി 1000 ലീറ്റര്‍ വെള്ളത്തില്‍ 2 കിലോ ഉപ്പ്ഉപയോഗിക്കുക. ഉപ്പു കൂടുതല്‍ ഉപയോഗിച്ചാല്‍ അത് വയറിളക്കത്തിനു കാരണമാകും.

ഗൗട്ട്

14 ദിവസത്തിന് താഴെയുള്ള കോഴിക്കുഞ്ഞുങ്ങള്‍ വെള്ളം കുടിക്കുന്നത് കുറവായതു കാരണം സംഭവിക്കുന്ന അസുഖമാണ് ഗൗട്ട്. പരിഹാരമായി ശര്‍ക്കരയും അപ്പക്കാരവും വെള്ളത്തില്‍ ചേര്‍ത്ത് നല്‍കുക. ഇതുമൂലം വെള്ളം കുടിക്കുന്നത് വര്‍ധിക്കുകയും ഗൗട്ട് മൂലമുള്ള ബുദ്ധിമുട്ടുകള്‍ കുറയുകയും ചെയ്യും. ആയിരം കോഴികള്‍ക്ക് 500-800 ഗ്രാം ശര്‍ക്കരയും 200-300 ഗ്രാം അപ്പക്കാരവും ഉപയോഗിക്കുക.

വേനല്‍ച്ചൂട്

ചൂട് സമയത്ത് കോഴികളുടെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനു വേണ്ടി ചെറുനാരങ്ങയും നെല്ലിക്കയും വെള്ളത്തില്‍ ഉപയോഗിക്കുന്നത് വ്യാപകമാണ്, ഇവയിലെ വിറ്റാമിന്‍ സിയാണ് ചൂടുകാരണമുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.

ബീജധാരണം വര്‍ധിപ്പിക്കാന്‍

വിരിയിക്കാനുള്ള കൊത്തു മുട്ടകള്‍ ഉല്‍പാദിപ്പിക്കുന്ന ഫാമുകളില്‍ പൂവന്‍ കോഴികളുടെ ബീജധാരണ ശേഷി വര്‍ധിപ്പിക്കാന്‍ ചെറുപയര്‍ മുളപ്പിച്ചതും ഗോതമ്പു മുളപ്പിച്ചതും നല്‍കാറുണ്ട്.

അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ മാത്രമേ ഇത്തരം പ്രയോഗങ്ങള്‍ ഫലം തരൂ. കൃത്യമായ രോഗനിര്‍ണയവും ചികിത്സയും തന്നെയാണ് പരിഹാരം. തൊട്ടടുത്ത മൃഗാശുപത്രിയുമായോ പരിചയ സമ്പന്നനായ ഡോക്ടറുമായോ സ്ഥിരമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് അസുഖങ്ങള്‍ വരാതിരിക്കാനും പെട്ടെന്നുള്ള പരിഹാരത്തിനും കര്‍ഷകരെ വലിയ രീതിയില്‍ സഹായിക്കും.

English summary: Home remedies for poultry diseases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com