ADVERTISEMENT

നാടന്‍ പശുക്കള്‍ ഒരു പരിധി വരെ പിടിച്ചുനില്‍ക്കുമെങ്കിലും അത്യുല്‍പ്പാദന ശേഷിയുള്ള ഹോള്‍സ്‌റ്റൈന്‍ ഫ്രീഷ്യന്‍, ജേഴ്സി, സങ്കരയിനം പശുക്കള്‍ക്ക് അത്യുഷ്ണത്തെ അതിജീവിക്കാനുള്ള ശേഷി തീരെ കുറവാണ്. കടുത്ത ചൂടില്‍ കിതച്ചും അണച്ചും പശുക്കള്‍ തളരും. തീറ്റയെടുക്കല്‍ പൊതുവെ കുറയും. ശരീരസമ്മര്‍ദമേറുമ്പോള്‍ പ്രത്യുല്‍പ്പാദനപ്രശ്‌നങ്ങള്‍ക്കും സാധ്യതയേറെ. ഉയര്‍ന്ന താപനില പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ട ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്നത് കാരണം പശുക്കളുടെ മദിചക്രം താളംതെറ്റും.

പശുക്കള്‍ മദിലക്ഷണങ്ങള്‍ കാണിക്കുന്നതും മദിയുടെ ദൈര്‍ഘ്യവും കുറയുന്നതാണ് പ്രത്യുല്‍പാദനവുമായി ബന്ധപ്പെട്ട വേനല്‍ക്കാലത്തെ മുഖ്യ പ്രശ്‌നം കഠിനമായ വേനലില്‍ കൃത്രിമബീജാദാനം നടത്തുമ്പോള്‍ ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത താരതമ്യേന കുറവാണെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ഗര്‍ഭധാരണം നടന്നാലും ഭ്രൂണാവസ്ഥയില്‍ തന്നെ ഗര്‍ഭസ്ഥ കിടാവിന്റെ ജീവന്‍ നഷ്ടമാകാനും വേനല്‍ ചൂടും പശുക്കളുടെ ശരീരസമ്മര്‍ദവും കാരണമാവും. പശു മദിചക്രത്തിലൂടെ കടന്നുപോവുമെങ്കിലും ഉഷ്ണസമ്മര്‍ദത്തിന്റെ  ഫലമായി മദിയുടെ ബാഹ്യലക്ഷണങ്ങള്‍ കാണിക്കാത്ത നിശബ്ദ മദിക്കും സാധ്യതയുണ്ട്. മദി കൃത്യമായി തിരിച്ചറിയാന്‍ കര്‍ഷകന് കഴിയാതെ പോയാല്‍ കൃത്രിമബീജാദാനം മുടങ്ങും. പ്രസവങ്ങള്‍ തമ്മിലുള്ള ഇടവേള കൂടുന്നതും പാലുല്‍പ്പാദനമില്ലാത്ത ദിവസങ്ങളുടെ എണ്ണവും പരിപാലനചിലവും  ഉയരുന്നതടക്കം ഒരു മദി തിരിച്ചറിയാന്‍ കഴിയാതെ പോയാല്‍ കര്‍ഷകര്‍ക്ക് ഉണ്ടായേക്കാവുന്ന  സാമ്പത്തികനഷ്ടങ്ങള്‍ ഏറെ. നിശബ്ദ മദി ഗര്‍ഭധാരണം നടക്കാതിരിക്കല്‍ ഭ്രൂണ നാശം എന്നിവയെല്ലാം ഉള്‍പ്പെടുന്ന പശുക്കളിലെ വേനല്‍ക്കാല വന്ധ്യത മറികടക്കാന്‍ പരിപാലനത്തില്‍ ചില പ്രയോഗികമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്.

വേനലില്‍ കൃത്രിമബീജാധാനം എപ്പോള്‍ നടത്തണം

പശുക്കളില്‍ ഒരു മദിചത്ത്രിന്റെ ദൈര്‍ഘ്യം 21 ദിവസമാണ്. ഗര്‍ഭധാരണം നടക്കുന്നതുവരെ ആരോഗ്യമുള്ള പശുക്കള്‍ ഓരോ 21 ദിവസം കൂടുന്തോറും മദിക്കോളില്‍ എത്തുകയും അണ്ഡവിസര്‍ജനം നടത്തി  ഗര്‍ഭധാരണത്തിന് സജ്ജമാവുകയും ചെയ്യും. മദിയിലുള്ള പശുക്കള്‍ മറ്റു പശുക്കളുടെ മേല്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതും മറ്റ് പശുക്കള്‍ക്ക് കയറുന്നതിനായി അനങ്ങാതെനിന്ന് കൊടുക്കുന്നതുമാണ് (സ്റ്റാന്‍ഡിങ് ഹിറ്റ് ) മദി ആരംഭിക്കുന്നതിന്റെ പ്രഥമവും പ്രധാനവുമായ  ലക്ഷണം. ഈ ലക്ഷണം കണ്ടതിന് ശേഷം 12-18 മണിക്കൂറുകള്‍ക്കുള്ളിലാണ് പശുക്കളില്‍ കൃത്രിമ ബീജാദാനം നടത്തേണ്ട ഏറ്റവും ഉചിതമായ സമയം. എന്നാല്‍ തൊഴുത്തില്‍ തന്നെ പൂര്‍ണ്ണസമയം കെട്ടിയിട്ട് വളര്‍ത്തുന്ന രീതിയില്‍ മദിയാരംഭിക്കുന്നതിന്റെ ഏറ്റവും പ്രധാനമായ ഈ ലക്ഷണം തിരിച്ചറിയാന്‍ പ്രയാസമാണ്.  

യോനീമുഖത്തുനിന്ന് മുട്ടയുടെ വെള്ള പോലെയുള്ള സുതാര്യമായ കൊഴുത്ത സ്രവം ഒലിക്കല്‍, ചുവന്ന് തടിച്ച യോനീമുഖം, യോനിക്കു ചുറ്റും വാലിട്ടിളക്കല്‍, തുടങ്ങിയ അനുബന്ധ ലക്ഷണങ്ങള്‍ മാത്രമാണ് പലപ്പോഴും കര്‍ഷകന്റെ ശ്രദ്ധയില്‍പ്പെടുക. എന്നാല്‍ കഠിനമായ വേനല്‍കാലത്ത് ഈ അനുബന്ധ മദി ലക്ഷണങ്ങള്‍ പശു പ്രകടിപ്പിക്കാനുള്ള സാധ്യതയും കുറയും. അത്യുല്‍പാദന ശേഷിയുള്ള സങ്കരയിനം പശുക്കളില്‍ മദിലക്ഷണങ്ങളുടെ പ്രകടിപ്പിക്കുന്ന തീവ്രത മാത്രമല്ല മദിചക്രത്തിന്റെയും, മദിക്കോളിന്റെയും ആകെ ദൈര്‍ഘ്യവും വേനല്‍ കുറഞ്ഞുവരുന്നതായി പുതിയ പഠനങ്ങളില്‍ നിരീക്ഷിച്ചിട്ടുണ്ട്.  കുത്തിവയ്ക്കാന്‍ വൈകുംന്തോറും ഗര്‍ഭധാരണം നടക്കാനുള്ള സാധ്യത കുറയുകയും ചെയ്യും. 

കൃത്രിമ ബീജാദാനം നടത്താന്‍ വൈകും തോറും മൂരി കിടാക്കള്‍ ജനിക്കാനുള്ള സാധ്യത കൂടുമെന്നും പുതിയ പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ പഠനങ്ങളുടെ വെളിച്ചത്തില്‍ മദിയുടെ മേല്‍പ്പറഞ്ഞ അനുബന്ധ  ലക്ഷണങ്ങള്‍ ഏതെങ്കിലും മാത്രമാണ്  ശ്രദ്ധയില്‍പ്പെടുന്നതെങ്കില്‍ 12 മണിക്കൂര്‍ കഴിയുന്നതായി കാത്തിരിക്കാതെ 6 -12 മണിക്കൂറിനുള്ളില്‍ തന്നെ അത്യുല്‍പ്പാദന ശേഷിയുള്ള പശുക്കളെ  കൃത്രിമ ബീജദാനത്തിനു വിധേയമാക്കുന്ന രീതി കര്‍ഷകര്‍ക്ക് സ്വീകരിക്കാവുന്നതാണ്.

വേനല്‍ക്കാല വന്ധ്യത തടയാന്‍ ചില മാര്‍ഗങ്ങള്‍

കൃത്രിമ ബീജാധാനം  തണലുള്ള ഇടങ്ങളില്‍വച്ച് നടത്തണം. കൃത്രിമ ബീജാദാനം നടത്തിയതിനു ശേഷം പശുക്കളെ തണലില്‍ പാര്‍പ്പിക്കുന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂട്ടും.  

വേനല്‍ക്കാലത്ത് പശുക്കള്‍ മദിലക്ഷണങ്ങള്‍ കാണിക്കുന്നതും മദിയുടെ ദൈര്‍ഘ്യവും കുറയാനിടയുള്ളതിനാല്‍ അതിരാവിലെയും സന്ധ്യയ്ക്കും മദി പ്രത്യേകം നിരീക്ഷിക്കണം.

ചൂട് കാരണം പശുക്കളില്‍ ഉണ്ടാവുന്ന  ശരീരസമ്മര്‍ദം കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തൊഴുത്തില്‍ സ്വീകരിക്കണം. തൊഴുത്തില്‍ നല്ല വായുസഞ്ചാരം ഉറപ്പാക്കണം. തൊഴുത്തിനുള്ളില്‍ മുഴുവന്‍ സമയവും ഫാനുകള്‍ പ്രവര്‍ത്തിപ്പിച്ച് നല്‍കണം. പനയോല, തെങ്ങോല, ഗ്രീന്‍ നെറ്റ്, ടാര്‍പ്പോളിന്‍ എന്നിവയിലേതെങ്കിലും  ഉപയോഗിച്ച് മേല്‍ക്കൂരയ്ക്ക് കീഴെ അടിക്കൂര (സീലിങ്) ഒരുക്കുന്നതും തൊഴുത്തിനുള്ളിലെ ചൂട് കുറയ്ക്കും.  സ്പ്രിംഗ്ലര്‍, ഷവര്‍, മിസ്റ്റ് എന്നിവയിലേതെങ്കിലും ഒരുക്കി പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഫലപ്രദമാണ്. ചൂടുകൂടുന്ന സമയങ്ങളില്‍ രണ്ടു മണിക്കൂര്‍ ഇടവേളയില്‍ മൂന്ന് മിനിട്ട് നേരം ഇവ പ്രവര്‍ത്തിപ്പിച്ച് പശുക്കളെ തണുപ്പിക്കാം. തൊഴുത്തിന് മുകളില്‍ സ്പ്രിംഗ്ലര്‍ ഒരുക്കി തൊഴുത്തിന്റെ മേല്‍ക്കൂര നനച്ച് നല്‍കാവുന്നതാണ്.

പ്രസവത്തെ തുടര്‍ന്നുള്ള സ്വാഭാവിക തീറ്റമെടുപ്പും ചൂട് കാരണം തീറ്റയെടുക്കല്‍ കുറയുന്നതും കറവപ്പശുക്കളുടെ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കുറയുന്നതിനും ഊര്‍ജഅപര്യാപ്തതയ്ക്ക്  വഴിയൊരുക്കും. അത്യുല്‍പ്പാദനമുള്ള കറവപ്പശുക്കളുടെ ശരീരത്തില്‍ ഊര്‍ജം കുറയുന്നതോടെ കീറ്റോസിസ് എന്ന ഉപാപചയ രോഗത്തിനുള്ള സാധ്യത ഏറെയാണ്. കീറ്റോസിസ് പിടിപെട്ടാല്‍ പാലുല്‍പ്പാദനം ഒറ്റയടിക്ക് പകുതിയും കാല്‍പ്പാതിയുമൊക്കെയായി കുറയും എന്ന് മാത്രമല്ല പ്രസവാനന്തര മദിയും വൈകും. സാധാരണ നിലയില്‍ പ്രസവം കഴിഞ്ഞ് ഒന്നരമാസത്തിനകം  വീണ്ടും മദിയിലെത്തേണ്ട പശുക്കള്‍ കീറ്റോസിസ് ബാധിച്ചാല്‍ അതിന്റെ ഇരട്ടി സമയം കഴിഞ്ഞാലും മദിയുടെ ലക്ഷണങ്ങള്‍ ഒന്നും കാണിക്കില്ല. ഇതുണ്ടാക്കുന്ന സാമ്പത്തിക നഷ്ടം ഊഹിക്കാമല്ലോ. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വേനലില്‍ കറവപ്പശുക്കള്‍ക്ക് നല്‍കുന്ന കാലിത്തീറ്റ ഏറ്റവും ഗുണനിലവാരമുള്ളതാവണം. പ്രസവം കഴിഞ്ഞ് ആദ്യ മൂന്ന് മാസം മതിയായ ഊര്‍ജം അടങ്ങിയ അതായത് അന്നജത്തിന്റെ അളവുയര്‍ന്ന ബിയര്‍ വേസ്റ്റ്, പുളിങ്കുരുപ്പൊടി,  മരച്ചീനിപ്പൊടി, തവിട്, ചോളത്തണ്ട്, ചോളം പൊടിച്ചത്  മുതലായവ കാലിത്തീറ്റയ്‌ക്കൊപ്പം പശുക്കളുടെ തീറ്റയില്‍ ഉള്‍പ്പെടുത്തണം. ഇത് പശുക്കളുടെ ശരീരത്തിലുണ്ടായേക്കാവുന്ന ഊര്‍ജകമ്മി പരിഹരിക്കാനും പ്രസവാനന്തര മദി വേഗത്തിലാക്കാനും സഹായിക്കും. കാലിതീറ്റയും മറ്റ് ഖരാഹാരങ്ങളും നല്‍കുന്നത് ചൂട് കുറഞ്ഞ സമയങ്ങളിലും രാത്രിയുമായി ക്രമീകരിക്കണം. അധിക സാന്ദ്രീകൃത തീറ്റനല്‍കുന്നത് കാരണം ആമാശയത്തില്‍ ഉണ്ടായേക്കാവുന്ന അസിഡിറ്റി ഒഴിവാക്കാന്‍ സോഡിയം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം) ഒരു കിലോഗ്രാം  കാലിത്തീറ്റയ്ക്ക് 10 ഗ്രാം നിരക്കില്‍ തീറ്റയില്‍ ചേര്‍ത്ത് നല്‍കാം. കീറ്റോണ്‍ രോഗം അറിയുന്നതിനായി പ്രസവിച്ച് ഒരു മാസം  കഴിയുമ്പോള്‍ പശുവിന്റെ മൂത്രം പരിശോധിക്കുന്നത് ഉചിതമാണ്. രോഗം നേരത്തെ തിരിച്ചറിയുകയാണെങ്കില്‍ തീറ്റയില്‍ മതിയായ ക്രമീകരണങ്ങള്‍ വരുത്തി പിന്നീടുണ്ടാവുന്ന ഉല്‍പ്പാദന പ്രത്യുല്‍പ്പാദന നഷ്ടം ഒഴിവാക്കാന്‍ കഴിയും.

ബീജാധാനം നടത്തിയതിന് 60-70 ദിവസങ്ങള്‍ക്ക് ശേഷം നിര്‍ബന്ധമായും ഗര്‍ഭ പരിശോധന നടത്തണം. ബാഹ്യ ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലോ, മദിയുടെ  അഭാവത്തിന്റെ അടിസ്ഥാഥനത്തിലോ ഗര്‍ഭം  സ്ഥിരീകരിക്കുന്ന രീതി അഭികാമ്യമല്ല. ഗര്‍ഭ പരിശോധന നടത്തിയാല്‍ ഗര്‍ഭം അലസും എന്നു കരുതുന്ന ചിലരെങ്കിലുമുണ്ട്, ഇത് മിഥ്യാധാരണയാണ്.

English summary: Summer care for cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com