ADVERTISEMENT

ഒരിടയ്ക്ക് നമ്മുടെ രാജ്യത്ത് ദിനംപ്രതി ഇന്ധനവില കൂടിയിരുന്നത് പോലെയാണ് ഇപ്പോഴത്തെ കോഴിത്തീറ്റയുടെ അവസ്ഥ. അനുദിനം വില കയറിക്കൊണ്ടിരിക്കുന്നു. സാധാരണ ഗതിയില്‍ 36-40 രൂപയ്ക്കിടയില്‍ ലഭിക്കാറുള്ള സോയ കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 63 രൂപയായിരുന്നു. എന്നാല്‍, ഇന്ന് സോയയുടെ വില കിലോയ്ക്ക് 80 രൂപയിലേക്ക് കുതിക്കുകയാണ്. ഇതുവരെ വില വ്യതിയാനം കാണിക്കാതിരുന്ന ചോളത്തിന്റെ വിലയും പതുക്കെ മുകളിലേക്കു തന്നെ. തന്മൂലം ഒരു കിലോ കോഴിത്തീറ്റയുടെ വില 37നും മുകളിലേക്ക് കുതിക്കുന്നു. സോയയുടെ ഉയര്‍ന്ന വിലമൂലം മറ്റ് മാംസ്യ സ്രോതസുകളിലേക്ക് മാറാന്‍ തീറ്റക്കമ്പനികള്‍ നിര്‍ബന്ധിതരായിത്തീരുകയാണ്. ഇത് മൂലമുണ്ടാകുന്ന തീറ്റയിലെ മാറ്റങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്കിടയില്‍ വ്യാപക പരാതിയും ഉടലെടുക്കുന്നുണ്ട്.

ഒരു കിലോ ഇറച്ചിക്കോഴി ഉല്‍പാദിപ്പിക്കാന്‍ 105 രൂപയുടെ അടുത്ത് കര്‍ഷകര്‍ ചെലവാക്കേണ്ടി വരുന്നു എന്ന് കഴിഞ്ഞ ലേഖനത്തില്‍ വരവ് ചെലവ് സഹിതം വിവരിച്ചിരുന്നു. എന്നാല്‍, നിലവില്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്ന ഫാം റേറ്റ് 100 രൂപ മാത്രമാണ്. അതായത് കഴിഞ്ഞാഴ്ച കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന അല്‍പസ്വല്‍പ്പ ലാഭമൊക്കെ  മാറിക്കിട്ടി എന്നു സാരം.

നിലവില്‍ നാളെ എന്തെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത അവസ്ഥയിലൂടെയാണ് ഇറച്ചിക്കോഴി വിപണി മുന്നേറുന്നത്. തീറ്റയുടെ കൈ പൊള്ളിക്കുന്ന വിലയും, ലോക്ഡൗണ്‍ വരുമോ എന്ന ആശങ്കയുമൊക്കെ  പുതിയ കോഴിക്കുഞ്ഞുങ്ങളെ ഇടുന്നതില്‍നിന്നു കര്‍ഷകരെ പിന്തിരിപ്പിക്കുകയാണ്. കൂടാതെ ഇറച്ചിക്കോഴിയുടെ ശരാശരിയിലും ഉയര്‍ന്ന വില്‍പനവില മൂലമുള്ള വിപണിയിലെ മാന്ദ്യവും മറുവശത്ത്!

ഈ അനിശ്ചിതത്വം മൂലം കുഞ്ഞുങ്ങളെ എടുക്കാന്‍ ആളില്ലാത്തതു കാരണം കഴിഞ്ഞ ആഴ്ച 55 രൂപയുണ്ടായിരുന്ന കുഞ്ഞിന്റെ വില അതിവേഗം ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. ഇന്ന് കാലത്ത് 23 രൂപ ഉണ്ടായിരുന്ന കുഞ്ഞിന്റെ വില ഉച്ചകഴിഞ്ഞപ്പോള്‍ 13 ആക്കി കുറച്ചിട്ടും എടുക്കാന്‍ ആളില്ലാത്ത അവസ്ഥ. നിലവിലെ സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ വിരിയിച്ചു കൊടുക്കന്നവരും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. കിട്ടുന്ന വിലയ്ക്ക് കുഞ്ഞുങ്ങളെ ഒഴിവാക്കേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ മാതൃശേഖരവും, ഹാച്ചറിയും, തീറ്റ നിര്‍മാണ യൂണിറ്റും, മാംസ സംസ്‌കരണ പ്ലാന്റുമൊക്കെയുള്ള  കുത്തകക്കാര്‍ക്ക് മാത്രം പിടിച്ചു നില്‍ക്കാന്‍ പറ്റുന്ന ഒരു സ്ഥിതി വിശേഷത്തിലൂടെയാണ് ഇറച്ചിക്കോഴി വ്യവസായം മുന്നേറിക്കൊണ്ടിരിക്കുന്നത്. നിലവില്‍ കുഞ്ഞിന് വിലക്കുറവുണ്ടെങ്കിലും തീറ്റ വില, കൊറോണ എന്നീ വിഘ്‌നങ്ങള്‍ക്കു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഓരോ കര്‍ഷകനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com