ADVERTISEMENT

ഓസ്ട്രേലിയയിലെ ചില ഡെയറിഫാമുകളിൽ മേഞ്ഞുനടക്കുന്ന പശുക്കളുടെ ചെവിയിലെ ഹൈടെക് കമ്മലിനെക്കുറിച്ച്  ബിബിസി ഈയിടെ റിപ്പോർട്ട് ചെയ്തിരുന്നു.  ഇൻഷുർ ചെയ്ത പശുക്കളുടെ കമ്മലിൽനിന്നു വ്യത്യസ്തമാണത്. തീപ്പെട്ടിവലുപ്പത്തിലുള്ള ഈ ഉപകരണം  പശുക്കളുടെ ബ്ലാക്ക് ബോക്സ് ആണെന്നു പറയാം. സൗരോർജമുപയോഗിച്ചു പ്രവർത്തിക്കുന്ന ഈ ഉപകരണം പശു എവിടെയാണെന്നും ഏതവസ്ഥയിലാണെന്നുമൊക്കെ ഉടമസ്ഥനെ അറിയിച്ചുകൊണ്ടിരിക്കും. തട്ടിയാലും മുട്ടിയാലുമൊന്നും പൊട്ടിപ്പോകാത്ത സെൻസർ ബോക്സാണ് ഇതിലുള്ളത്. ഈ ഉപകരണം  ഉപഗ്രഹവുമായി ബന്ധി ച്ചിരിക്കുന്നു. പശുവിന്റെ  ഓരോ ചലനവും ആകാശത്തുനിന്നു നിരീക്ഷിക്കുകയും വിവരങ്ങൾ ഉടമസ്ഥനു കൈമാറുകയും ചെയ്യുന്ന നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാണ് ഈ കമ്മലുകൾ. 

സമാനമായ നിരീക്ഷണസംവിധാനം നമ്മുടെ കൊച്ചുകേരളത്തിലെ രണ്ടു മിടുക്കന്മാർ പണ്ടേ രൂപപ്പെടുത്തിയതാണെന്നു മലയാളികളെങ്കിലും അറിയണം. ശ്രീശങ്കർ എസ്. നായർ, റോമിയോ പി. ജരാർദ് എന്നീ യുവ എൻജിനീയർമാരാണ് കന്നുകാലികളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാനുള്ള ഐഒടി ഇയർ ടാഗിനു രൂപം കൊടുത്തത്. 

ന്യൂഡൽഹിയിൽ നടന്ന അഗ്രി ഹാക്കത്തണിൽ മികച്ച അഗ്രി–സ്റ്റാർട്ടപ്പുകൾക്കുള്ള ഐസിഎആർ അവാർഡ്  ഇവർക്കാണ് ലഭിച്ചത്. വിസ്റ്റോക്ക് എന്നാണ്  ഇവർ രൂപപ്പെടുത്തിയ നിരീക്ഷണസംവിധാനത്തിന്റെ പേര്. ബ്രെയിൻവയേർഡ് എന്ന പേരിലുള്ള  ഇവരുടെ  അഗ്രിസ്റ്റാർട്ടപ്പിനെ കർഷകശ്രീ കഴിഞ്ഞ വർഷം (2020 ജനുവരി ലക്കം)  പരിചയപ്പെടുത്തിയിരുന്നു.  ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയതാണെന്ന മെച്ചവും വിസ്റ്റോക്കിനുണ്ട്. വാണിജ്യ ഉപയോഗത്തിനുള്ള സംവിധാനമായി  ഇതു മാറിക്കഴി ഞ്ഞു. കേരളത്തിലെയും കർണാടകത്തിലെയും ഏതാനും ഫാമുകളിലായി നാൽപതിലേറെ പശുക്കളിൽ ഉപയോഗിച്ചു തുടങ്ങിയ ഈ സംവിധാനത്തിനു മഹാരാഷ്ട്ര സർക്കാരിന്റെ ഓർഡറും കിട്ടി. വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുന്നതിനു മുന്‍പ് പരമാവധി വിവര ശേഖരണം നടത്തി കൃത്യതടെയുള്ള പ്രവർത്തനം ഉറപ്പാക്കാനുള്ള പ്രയത്നത്തിലാണ് ബ്രെയിൻവയേർഡ്. മാസം തോറും 150–200 രൂപ വാടക ഈടാക്കി വിസ്റ്റോക്ക് ടാഗ് പശുക്കളെ അണിയിക്കുകയും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മെച്ചപ്പെട്ട ചികിത്സാസൗകര്യം എത്തിച്ചുകൊടുക്കുകയും ചെയ്യുന്ന ബിസിനസ് മാതൃകയാണ് ഇവരുടെ മനസ്സിൽ. അടുത്ത മാസം മുതൽ വിസ്റ്റോക്കിനുള്ള ഓർഡറുകൾ സ്വീകരിച്ചു തുടങ്ങുമെന്ന് ശ്രീശങ്കർ അറിയിച്ചു. ജൂണിൽ ഇവ തൊഴുത്തുകളിലെത്തിത്തുടങ്ങും. ചെറുകിട കർഷകർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഉരുക്കളെ സംബന്ധിച്ച വിവരങ്ങൾ ഉടമസ്ഥന് എത്തിക്കാനായി മൊബൈൽ ആപ് ഉണ്ടായിരിക്കും. വിസ്റ്റോക് വരിക്കാരായ പശുക്കളുടെ ആരോഗ്യനിലയിലെ ചെറിയ മാറ്റങ്ങൾ പോലും ലോകത്തെവിടെയിരുന്നാലും ഉടമസ്ഥന് അറിയാനാവുമെന്നു ചുരുക്കം. ഒരു മാസത്തേക്ക് സൗജന്യ ഓൺലൈൻ വെറ്ററിനറി സേവനവും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്റർനെറ്റ് ഓഫ് തിങ്സ്, മെഷീൻ ലേണിങ് തുടങ്ങിയ സങ്കേതങ്ങളാണ് ഈ ഉപകരണത്തിനായി ബ്രെയിൻവയേർഡ് പ്രയോജനപ്പെടുത്തിയത്. പശുവിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങൾ– ശരീര താപനില, അന്തരീക്ഷ ഈർപ്പം, ശരീരഭാരം,  ഭക്ഷണത്തിന്റെ അളവ്, പാലുൽപാദനം, മദിചക്രം എന്നിവയൊക്കെ സെൻസറുകളിലൂടെ മനസ്സിലാക്കാനാവും. ഇത്തരം വിവരങ്ങൾ ഇന്റർനെറ്റിലൂടെ സ്ഥിരമായി നിരീക്ഷിക്കുന്നതിന് ഇന്റർനെറ്റ് ഓഫ് തിങ്സ് ‌(ഐഒടി) സാങ്കേതികവിദ്യ പ്രയോജനപ്പെടും. ശേഖരിച്ച വിവരങ്ങൾ ശരിയായി വിശകലനം ചെയ്തു നിഗമനങ്ങളിലെത്തുന്നതിനാണ് മെഷീൻ ലേണിങ് സഹായിക്കുക. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് വിസ്റ്റോക്കിന്റെ പ്രവർത്തനം ക്രമീകരിക്കാം. ആവശ്യമുള്ള സേവനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി ചെലവ് കുറയ്ക്കാൻ ഇതിടയാക്കും. 

4 വിധത്തിലാണ് ഇത് കർഷകരെ സഹായിക്കുക

  • നേരത്തെയുള്ള രോഗനിർണയം
  • മെച്ചപ്പെട്ട പ്രത്യുൽപാദന ക്ഷമത
  • ഉരുവിനെക്കുറിച്ചു കൃത്യമായ വിവരം 
  • ചെലവു കുറയ്ക്കൽ. 

ഇതിനകം 2500 ഉരുക്കളിൽ വിസ്റ്റോക്ക്  ടാഗ് അണിയിക്കാൻ ധാരണയായിക്കഴിഞ്ഞു. വൈകാതെതന്നെ 5000 പശുക്കളിലേക്ക് ഇതു വ്യാപിപ്പിക്കാനുള്ള  പദ്ധതിയുമുണ്ട്. അമുൽപോലുള്ള പ്രമുഖ ഡെയറി കമ്പനികളുമായി ചർച്ച നടക്കുന്നു.

മൃഗസംരംക്ഷണത്തിൽ മാത്രമല്ല, കൃഷിയിലും അക്വാകൾച്ചറിലുമൊക്കെ ഐഒടി അധിഷ്ഠിത വിദൂര നിരീ ക്ഷണം ഉപയോഗപ്പെടുത്താനാകും. കൃഷിയിടത്തിലെ ഈർപ്പത്തിന്റെ തോത് നിരീക്ഷിച്ചു കൃത്യമായ തോതിലും സമയത്തും നന നൽകാനും  മത്സ്യക്കുളങ്ങളിലെ വെള്ളത്തിൽ പ്രാണവായുവിന്റെ അപര്യാപ്തത തിരിച്ചറിഞ്ഞ് എയ്റേറ്ററുകൾ പ്രവർത്തിപ്പിക്കാനുമൊക്കെ ഈ സാങ്കേതികവിദ്യ മതി.  

ഏതു കൃഷിയായാലും വിവരങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ശരിയായ തീരുമാനങ്ങളെടുക്കാൻ സാധിക്കൂ. നൂറും ഇരുന്നൂറും വളർത്തുമൃഗങ്ങളുള്ള ഫാമുകളിൽ ഓരോന്നിനെയും നിരീക്ഷിക്കാനും ആ രോഗ്യപ്രശ്നങ്ങൾ  ഓർത്തുവയ്ക്കാനും പ്രയാസമായിരിക്കും. എന്നാൽ ഐഒടിയുടെ സഹായത്തോടെ ഇത്തരം വിവരങ്ങൾ മുടങ്ങാതെ നിരീക്ഷിക്കാമെന്നു മാത്രമല്ല, ദീർഘകാലത്തേക്ക് കംപ്യൂട്ടറിൽ സൂക്ഷിക്കാനുമാകും.  പിന്നീട് ഇൻഷുർ ചെയ്യുമ്പോഴും ഉരുക്കളെ വിൽക്കുമ്പോഴുമൊക്കെ  വിവരങ്ങൾക്ക് പ്രസക്തിയുണ്ടാകും. സെൻസറുകൾ മാത്രമല്ല, കാമറകളും മറ്റ് ഉപകരണങ്ങളുമൊക്കെ  വിവരശേഖരണത്തിനായി പ്രയോജനപ്പെടുത്താം. 

പ്രധാനമായും 5 തരത്തിലുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനാണ് കൃഷിയിടത്തിൽ ഐഒടി സഹായിക്കുക.

  • കാലാവസ്ഥാനിരീക്ഷണം: കൃഷിയിടത്തിനുള്ളിലെയും പുറത്തെയും കാലാവസ്ഥ സംബന്ധിച്ചു ശരിയായ വിവരം നൽകുന്നു.
  • കൃത്യതാക്കൃഷി: ഓരോ ചെടിക്കും ആവശ്യമുള്ള വെള്ളവും വളവും കൃത്യമായി നൽകാൻ സഹായിക്കുന്നു.
  • സ്മാർട് ഗ്രീൻഹൗസ്:  ഗ്രീൻഹൗസിനുള്ളിലെ  അന്തരീക്ഷനില നിരീക്ഷിക്കാനും ക്രമീകരിക്കാനും.
  • വിവരാധിഷ്ഠിത കൃഷി: കൃഷിയിട നിരീക്ഷണത്തിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായ തീരുമാനം.
  • ഡ്രോൺ പ്രവർത്തനം: ഡ്രോണുകളുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നു.

English summary: High-tech ear tag to monitor animal health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com