ADVERTISEMENT

കാലവർഷമെത്താത്ത ജൂൺ മാസങ്ങൾ, വെള്ളപ്പൊക്കമോ പ്രളയമോ സംഭവിച്ചേക്കാവുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങൾ, പതിവിലും പതിന്മടങ്ങ് ചൂട് വർധിക്കുന്ന വേനൽ മാസങ്ങൾ, സംശയമില്ല, കേരളത്തിന്റെ കാലാവസ്ഥയും താളം തെറ്റിയിരിക്കുന്നു. 2030 എത്തുന്നതോടെ ഇന്ത്യയുടെ കാർഷികമേഖലയിൽ 700 കോടി ഡോളറിന്റെ നഷ്ടം കാലാവസ്ഥാ വ്യതിയാനം കൊണ്ടു സംഭവിക്കുമെന്ന് വർഷങ്ങൾ മുൻപേ പ്രവചിച്ചപ്പോൾ അതാരും അത്ര ഗൗരവത്തിലെടുത്തില്ല. എന്നാൽ ഇന്നു നമ്മുടെ കർഷകർക്കെല്ലാമുണ്ട് കാലാവസ്ഥാമാറ്റത്തെക്കുറിച്ച് ആശങ്ക. കാലം തെറ്റിയുള്ള മഴയും കടുത്ത വേനലുമെല്ലാം കൃഷിയുടെയും ഉൽപാദനത്തിന്റെയും വരുമാനത്തി ന്റെയും താളം തെറ്റിക്കുന്നുവെന്ന് കർഷകർ. ക്ലൈമറ്റ് സ്മാർട് ഫാമിങ്ങിന്റെ (സിഎസ്എ) പ്രസക്തിയും ഈ സന്ദർഭത്തിലാണ്.  

അന്തരീക്ഷ താപനിലയിലെ വർധന നമ്മുടെ പല വിളകളുടെയും ഉൽപാദനത്തെ ഇന്നു സാരമായി ബാധിക്കുന്നുണ്ട്. ഹൈറേഞ്ചിലെ പകൽ–രാത്രി താപനിലകളിൽ കഴിഞ്ഞ 10 വർഷങ്ങൾക്കിടയിലുണ്ടായ വ്യതിയാനം കാലാവസ്ഥാമാറ്റത്തോട് അതിവേഗം പ്രതികരിക്കുന്ന തേയില, കാപ്പി, ഏലം, കൊക്കോ തുടങ്ങിയവയുടെ ഉൽപാദനത്തെ ബാധിച്ചിട്ടുണ്ട്. മാവിന്റെയും ജാതിയുടെയുമെല്ലാം ഉൽപാദന സീസണിലെ മാറ്റങ്ങൾ തുടങ്ങി വന്യമൃഗശല്യവര്‍ധനവരെ കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ടിരിക്കുന്നു.  

ചെറുധാന്യകൃഷിക്കു ശ്രദ്ധ കൊടുക്കാൻ കാർഷികവിദഗ്ധർ നിർദേശിക്കുന്നതിനു മുഖ്യ കാരണം വരൾച്ചയിൽ വാടാത്തവയാണെന്നതുതന്നെ. പരിസ്ഥിതിനാശം വർധിച്ചതോടെ പശ്ചിമ ഘട്ടത്തിന്റെ വിടവുകളിലൂടെ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കു വീശുന്ന ഉഷ്ണക്കാറ്റിന്റെ തീക്ഷ്ണത വർധിച്ചിരിക്കുന്നു. കേരളത്തിലെ ഈ മരുവൽക്കരണവും അപ്രതീക്ഷിത പ്രളയങ്ങളും കണക്കിലെടുക്കുമ്പോൾ ക്ലൈമറ്റ് സ്മാർട് ഫാമിങ്  അനിവാര്യമാണെന്നു പറയുന്നു കേരള കാർഷിക സർവകലാശാലയിലെ കോളജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസിലെ ഡീൻ ഡോ. പി.ഒ. നമീർ.

ക്ലൈമറ്റ് സ്മാർട് ഫാമിങ്ങിൽ രണ്ടു ഘടകങ്ങളാണ് പ്രധാനം; ഉൽപാദനവും വരുമാനവും വർധി പ്പിക്കുന്ന സുസ്ഥിരക്കൃഷിയും ഹരിതഗൃഹ വാതകോൽപാദനത്തിന്റെ അളവു കുറയ്ക്കുന്ന കൃഷിരീതികളും. ആദ്യ കേൾവിയിൽ അപരിചിതത്വം തോന്നാമെങ്കിലും മേൽപറഞ്ഞ കൃഷിമാർഗം നമുക്കു നല്ല പരിചയമുള്ള പാരമ്പര്യ സമ്മിശ്ര–സംയോജിതകൃഷി തന്നെ. വിളകളും അവയ്ക്കു യോജ്യമായ ഇടവിളകള്‍ തിരഞ്ഞെടുത്തും കൃഷിയിടത്തിലെ മണ്ണ്, ജലം, സൂര്യപ്രകാശം, മറ്റ് അടി സ്ഥാന വിഭവങ്ങൾ എന്നിവയുടെ സാധ്യതകള്‍  പൂർണമായും വിനിയോഗിച്ചുമാണല്ലോ നാം കൃഷിചെയ്തു വന്നിരുന്നത്. അതുതന്നെയാണ് ക്ലൈമറ്റ് സ്മാർട് ഫാമിങ് എന്നും അതിലേക്കു തന്നെയാണ് മടങ്ങിപ്പോകേണ്ടതെന്നും അദ്ദേഹം പറയുന്നു. 

ക്ലൈമറ്റ് സ്മാർട് കൃഷിയുടെ മാതൃകാത്തോട്ടം ക്രമീകരിച്ച് സംയോജിത കൃഷിമാർഗങ്ങൾക്ക്  പ്രചാരം നൽകുകയാണിപ്പോൾ കാർഷിക സർവകലാശാല. ഇടവിളകൾക്ക് സംയോജിത കൃഷിയിൽ വലിയ പ്രാധാന്യമുണ്ട്. കർഷകന്റെ വരുമാനം കൂട്ടും എന്നു മാത്രമല്ല കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കാനും ഇടവിളക്കൃഷി ഉപകരിക്കുമെന്നു ഡോ. നമീർ. പ്രകാശസംശ്ലേഷണത്തിനായി സസ്യങ്ങൾക്ക് കാർബൺ ഡൈ ഓക്സൈഡ് ആവശ്യമാണല്ലോ. ഇടവിളകൾ നിറഞ്ഞ കൃഷിയിടത്തിൽ സ്വാഭാവികമായും കാർബൺ ആഗിരണം വർധിക്കുകയും അതുവഴി ഹരിതഗൃഹ ഭീഷണി ലഘൂകരിക്കപ്പെടുകയും ചെയ്യുമെന്ന് അദ്ദേഹം പറയുന്നു. ഈ സന്ദേശം കൂടുതൽ കർഷകരിലെത്തിക്കാനായി ഇടവിളക്കൃഷിയിലൂന്നി സർവകലാശാലയിലൊരുക്കിയ തോട്ടം കൃഷിയും വിളവെ ടുപ്പുമായി ഒരു ഘട്ടം പിന്നിട്ടിരിക്കുന്നു.

സുസ്ഥിരകൃഷിരീതി എന്നാൽ വരുമാനത്തിലും സുസ്ഥിരത എന്നാണർഥം. ഏകവിളക്കൃഷിയിലൂ ന്നുമ്പോൾ ആ ഇനത്തിനുണ്ടാകാവുന്ന ദീർഘകാല വിലയിടിവ് കർഷകന്റെ സാമ്പത്തികസ്ഥിതി ദുർബലമാക്കും. അതേസമയം വാഴയും പച്ചക്കറികളുമെല്ലാം ചേർന്ന ഇടവിളകൾകൂടി ചേരുന്നതോടെ നിത്യം വരുമാനം എന്ന സ്ഥിതിയുണ്ടാവുകയും മണ്ണ്, ജലം എന്നിവയുടെ കാര്യക്ഷമമായ വിനിയോഗം സാധ്യമാകുകയും ചെയ്യുമെന്ന് ഡോ. നമീർ. 

ഏകവിളയിലൂന്നിയുള്ള കടുംകൃഷി മണ്ണിന്റെ ഉൽപാദനശേഷി ക്രമേണ നഷ്ടപ്പെടുത്തുകയും രോഗ, കീടബാധകൾ പെരുകാനിടയാക്കുകയും ചെയ്യുമ്പോൾ സംയോജിത കൃഷിമാർഗങ്ങൾ മണ്ണിന്റെ ഉൽപാദനശേഷി വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. ചുരുക്കത്തിൽ ക്ലൈമറ്റ് സ്മാർട് ഫാമിങ് നമ്മുടെ കൃഷിക്കാർക്ക് അപരിചിതമായൊരു കൃഷി മാർഗമേ അല്ല. മാറുന്ന കാലാവസ്ഥയ്ക്കും മാറിയ വിപണിക്കും അനുസൃതമായി പാരമ്പര്യകൃഷിയെ പുനഃക്രമീകരിക്കുക എന്നതു തന്നെ.

മയിലുകൾ പെരുകിയത് കാലാവസ്ഥാമാറ്റം കാരണം

കേരളത്തിൽ മയിലുകളുടെ എണ്ണം കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ ഗണ്യമായി വർധിച്ചിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ ഒരു സൂചകമാണിതെന്നു പറയുന്നു ഡോ. നമീർ. മയിൽ കേരളത്തിന്റെ തനതു പക്ഷിയിനമല്ല. കേരളത്തിലെ പക്ഷിയിനങ്ങളെക്കുറിച്ച് ആദ്യ പഠനം നടത്തിയ ബ്രിട്ടിഷുകാർ കേരളത്തിൽ അന്ന് മയിലിന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടില്ല. 1970 കളിലെ പഠനങ്ങളിലാണ് ആദ്യ പരാമർശം കാണുന്നത്. പിന്നീടത് കൂടിക്കൂടി വന്നു. മയിൽ മാത്രമല്ല, വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന പക്ഷികളും ജീവികളും ഇന്നു കേരളത്തിൽ വർധിച്ചിട്ടുണ്ട്. വനാതിർത്തികളിലുള്ള കർഷകർക്ക് ഇന്നു മയിൽ സൃഷ്ടിക്കുന്ന വിളനാശം ചെറുതല്ല. കാലാവ സ്ഥാവ്യതിയാനം സൃഷ്ടിക്കാവുന്ന പ്രതിസന്ധികൾ പലതാണ് എന്നർഥം.

English summary: Benefits of climate-smart agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com