കോഴിത്തീറ്റവില 2000 പിന്നിട്ടു; കൊടുക്കുന്ന തീറ്റ മാംസമാക്കി മാറ്റേണ്ടത് കർഷകരുടെ ആവശ്യം, ശ്രദ്ധിക്കാം ചില കാര്യങ്ങൾ

HIGHLIGHTS
  • കുറഞ്ഞ FCR ലഭിക്കാൻ നല്ല തീറ്റ ലഭിക്കണം
  • അസുഖം ബാധിക്കുന്നത് തീറ്റപരിവർത്തന ശേഷിയെ ബാധിക്കും
poultry-farming
SHARE

ബ്രോയി‌ലർ കോഴിത്തീറ്റയുടെ വില ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്. 50 കിലോയുടെ ചാക്കിന് 2000 രൂപയ്ക്കു മുകളിൽ എത്തിക്കഴിഞ്ഞു. അതായത് ഒരു കിലോഗ്രാം തീറ്റയ്ക്ക് 40 രൂപയ്ക്കു മുകളിൽ. ഈ അവസരത്തിൽ ‌ഇത്രയും വില കൊടുത്തു വാങ്ങുന്ന തീറ്റ പരമാവധി മാംസമാക്കി മാറ്റേണ്ടത് കർഷകരുടെ ആവശ്യമാണ്. ഇത് കണക്കാക്കുന്ന രീതിയാണ് FCR (ഫീഡ് കോൺവെർഷൻ റേഷ്യോ) അഥവാ തീറ്റ പരിവർത്തന ശേഷി.

ജീവനോടെ ഒരു കിലോ തൂക്കം ലഭിക്കാൻ എത്ര കിലോ തീറ്റ നൽകി എന്നതാണ് തീറ്റ പരിവർത്തന ശേഷി. ആകെ ചെലവായ തീറ്റ ആകെ വിറ്റ കോഴിതൂക്കവുമായി ഹരിച്ചാൽ ആ ബാച്ചിന്റെ തീറ്റ പരിവർത്തനശേഷി ലഭിക്കും. 1.7നു താഴെ FCR ലഭിക്കേണ്ടത് അത്യാവശ്യമാണ്. എങ്കിൽ മാത്രമേ കോഴിവളർത്തൽ ലാഭമാണെന്നു പറയാൻ കഴിയൂ.

തീറ്റപരിവർത്തന ശേഷി കോഴിഫാമിലെ എല്ലാ മേഖലമയുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. കുറഞ്ഞ FCR ലഭിക്കാൻ നല്ല തീറ്റ ലഭിക്കണം, നല്ല കോഴിക്കുഞ്ഞുങ്ങളെ ലഭിക്കണം, നല്ല പരിചരണം നൽകണം. എങ്കിൽ മാത്രമേ നമ്മൾ കൂടിയ വിലകൊടുത്തു വാങ്ങുന്ന തീറ്റ അതിന്റെ പരമാവധിയിൽ മാംസമായി മാറി എന്ന് പറയാൻ സാധിക്കൂ.

കർഷകർ പല പ്രായത്തിലും തൂക്കത്തിലുമായിരിക്കും കോഴികളെ വിപണിയിൽ വിൽക്കുന്നത്, എന്നാൽ പ്രായം കൂടുന്നതിനനുസരിച്ച് കോഴിയുടെ തീറ്റപരിവർത്തന ശേഷി കുറഞ്ഞു വരും. അതിനാൽ 2 കിലോ തൂക്കം ഉണ്ടായപ്പോൾ എന്ത് FCR ഉണ്ടായിരുന്നിരിക്കണം എന്ന് കണ്ടുപിടിക്കുന്നതാണ് കോൺവെർട്ടഡ് FCR (CFCR). 

അത് കണ്ടുപിടിക്കുന്ന സൂത്രവാക്യമാണ് CFCR= FCR-((Avg.Body weight-2)/4)

ഇതിൽനിന്നു നമ്മുടെ കോഴി 2 കിലോ തൂക്കം വരുന്ന സമയത്ത് എത്ര FCR ഉണ്ടായിരുന്നു എന്ന കണക്കു ലഭിക്കും. ഇത് നമ്മുടെ പരിചരണത്തിന്റെയും കൂടാതെ കോഴിക്കുഞ്ഞിന്റെയും തീറ്റയുടെയും  ഗുണമേന്മയുടെ കൂടി നേരിട്ടുള്ള പ്രതിഫലനമാണ്. സാധാരണ FCR പ്രായത്തിനനുസരിച്ച് മാറുന്നതാണ്.

കോഴികളെ 2നും 2.200നും ഇടയിൽ വിൽപന നടത്തുന്നത് CFCR അനുകൂലമാക്കാൻ സഹായിക്കും. കുറഞ്ഞ FCR ലഭിക്കാൻ വിശ്വാസയോഗ്യമായ ഏജൻസികളിൽനിന്നും തീറ്റയും കോഴിക്കുഞ്ഞുങ്ങളും വാങ്ങിക്കുക എന്നതു വളരെ പ്രധാനമാണ്. മാത്രമല്ല കോഴിക്കുഞ്ഞുങ്ങൾ എല്ലാ പ്രതിരോധ വാക്‌സിനുകളും ചെയ്ത പേരെന്റ്സ് ഫാമിൽനിന്നാണ് വരുന്നതെന്ന് ഉറപ്പു വരുത്തണം.

കൃത്യമായ ബ്രൂഡിങ് പരിചരണം FCR കുറയ്ക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്. ബ്രൂഡിങ് സമയത്ത് കോഴിക്കുഞ്ഞുങ്ങൾ ബ്രൂഡറിന്റെ എല്ലാ ഭാഗത്തും  ഓടി നടക്കുന്നു എന്നതാണ്‌ കൃത്യമായ ബ്രൂഡിങ്ങിന്റെ ലക്ഷണം. അസുഖം ബാധിക്കുന്നത് തീറ്റപരിവർത്തന ശേഷിയെ കാര്യമായി ബാധിക്കും. തീറ്റയുടെ ഒരംശം രോഗ പ്രതിരോധത്തിനു വേണ്ടി ചെലവഴിക്കും.

കുഞ്ഞായിരിക്കുന്ന ആദ്യ ആഴ്ചയിൽ നൽകുന്ന തീറ്റയുടെ ബഹു ഭൂരിഭാഗവും മാംസമായി മായി മാറും. ശാരീരിക പ്രവർത്തനങ്ങൾക്കൂള്ള ഊർജം ഈ പ്രായത്തിൽ കുറച്ചു മതി എന്നുതന്നെ കാരണം. കോഴികൾക്ക് പ്രായമാകും തോറും ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഊർജത്തിന്റെ അളവ് വർധിക്കുകയും മാംസോൽപാദനത്തിനുള്ള തീറ്റ ഉപയോഗം കുറയുകയും ചെയ്യും. അതിനാൽ ചെറുപ്രായത്തിൽ കോഴിക്കുഞ്ഞുങ്ങൾ കൃത്യമായ തീറ്റയെടുത്തിട്ടുണ്ടെന്നു തീറ്റ ചാർട്ട് നോക്കി ഉറപ്പു വരുത്തണം.

poultry-feed-chart
തീറ്റ ചാർട്ട്

അസുഖവും അണുബാധയും വരാതിരിക്കാൻ കൃത്യമായ വാക്‌സിനേഷനും ജൈവ സുരക്ഷാ മാർഗങ്ങളും കൈക്കൊള്ളണം. പത്തു ദിവസത്തിലൊരിക്കൽ ഫാമിനുള്ളിൽ അണുനാശിനി സ്പ്രേ ചെയ്യുക, ഫാമിനുള്ളിൽ പ്രത്യേക  വസ്ത്രവും പാദരക്ഷയും ഉപയോഗിക്കുക, സന്ദർശകരെ പരമാവധി ഒഴിവാക്കുക തുടങ്ങിയവ കൃത്യമായി പാലിക്കേണ്ടതാണ്.

പുതിയ ബാച്ച് തുടങ്ങുന്നതിനു മുമ്പ് പൊട്ടാസ്യം പെർമാംഗനേറ്റും ഫോർമാലിനും ഉപയോഗിച്ചു ഫ്യുമിഗേഷൻ നടത്തുന്നത് ഷെഡിനുള്ളിലെ സൂക്ഷ്മാണുക്കളെ മുഴുവനായി നശിപ്പിക്കാൻ സഹായിക്കും. വെള്ളത്തിന്റെ പൈപ്പ്‌ലൈൻ, ഹൈഡ്രജൻ പേറോക്‌സൈഡ് ഉപയോഗിച്ചു വൃത്തിയാക്കുന്നത് പൈപ്പിനുള്ളിൽ ഉണ്ടായിട്ടുള്ള ബാക്റ്റീരിയയുടെ ആവരണം കളയാനും ചെളി ഇളക്കിക്കളയാനും സഹായിക്കും. ഇത്തരം ജൈവസുരക്ഷാ മാനദണ്ഡങ്ങൾ  പാലിക്കുക വഴി മരണനിരക്ക് 5 ശതമാനത്തിനു താഴെ നിർത്താനും സഹായിക്കുന്നു. അതുവഴി FCR ഗണ്യമായി കുറയുന്നത് കാണാം.

കോഴിയുടെ അന്നനാളത്തിലാണ് തീറ്റയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടക്കുന്നത് അതിനാൽ കോഴിയുടെ അന്നനാളം എല്ലാ സമയത്തും കർഷകന് അനുകൂലമായിരിക്കണം. അന്നനാളത്തിൽ ദഹന പ്രക്രിയയും ആഗിരണവും സുഗമമായി നടക്കാൻ അസിഡിഫയർ ഉപയോഗിച്ചു അന്നനാളത്തിന്റെ അമ്ലത അഥവാ pH 7നു താഴെയായി നിലനിർത്തണം. കൂടാതെ പ്രോബയോട്ടികുകൾ നൽകി ഉപകാരപ്രദമായ ദഹനത്തിന് സഹായിക്കുന്ന ബാക്റ്റീരിയകളുടെ അളവ് വർധിപ്പിക്കണം.

കോഴികളുടെ അന്നനാളത്തിൽ അണുബാധയുണ്ടാക്കുന്ന മറ്റൊരു കാര്യമാണ് വിരിപ്പിലെ (ലിറ്റർ) അമിതമായ ഈർപ്പം. വിരിപ്പിൽ 25%  ഈർപ്പം മാത്രമേ പാടുള്ളൂ. ഈർപ്പം കൂടാതിരിക്കാനും കാഷ്ഠത്തിലെ ഈർപ്പം വിരിപ്പ് വലിച്ചെടുക്കാനും വേണ്ടി എല്ലാ ദിവസവും വിരിപ്പ് നന്നായി ഇളക്കിക്കൊടുക്കണം. കൂടാതെ നനവുള്ള വിരിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ അവ മാറ്റി പുതിയ ഉണങ്ങിയ അറക്കപ്പൊടി വിരിക്കുക.

മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളും സംയോജിപ്പിച്ച് പ്രാവർത്തികമാക്കിയാൽ FCR 1.7നും  താഴെ നിലനിർത്താൻ സാധിക്കും. എങ്കിൽ മാത്രമേ നമ്മുടെ ഫാമിങ് പരിചരണം വിജയകരമാണെന്നും നമുക്ക് ലഭിച്ച കോഴിക്കുഞ്ഞും തീറ്റയും ഗുണമേന്മയുള്ളതാണെന്നും ഉറപ്പിക്കാൻ സാധിക്കൂ.

English summary: Feed Conversion Ratio (FCR) – What Are Some Factors That Effect FCR?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA