ആടുകളുടെ വാക്സിനേഷൻ: എന്തൊക്കെ ശ്രദ്ധിക്കണം? ഏതൊക്കെ വാക്സീനുകൾ ഉപയോഗിക്കാം?

HIGHLIGHTS
 • അന്തരീക്ഷ താപനില കുറഞ്ഞ സമയമാണ് വാക്സീൻ നൽകാൻ ഏറ്റവും ഉത്തമം
 • വാക്സീൻ നൽകേണ്ട രീതിയും മാത്രയും കൃത്യമായി പാലിക്കുക
goat-farming
SHARE

മൃഗസംരക്ഷണസംരംഭകരംഗത്തേക്ക് കടന്നുവരുന്നവരുടെ ഇഷ്ടമേഖലകളിലൊന്നാണ് ആട് വളര്‍ത്തല്‍. താരതമ്യേനെ കുറഞ്ഞ മുതല്‍മുടക്കും ആവർത്തനച്ചെലവുകളും ആർക്കും ഏറെ എളുപ്പമായ പരിപാലനരീതികളുമെല്ലാം ആടുകൃഷിയെ ആകർഷകമാക്കുന്നു. പരിപാലനത്തിൽ ശാസ്ത്രീയതയും വിപണന മിടുക്കുമുണ്ടെങ്കിൽ ആടുകൾ ആദായം കൊണ്ടുവരും എന്നകാര്യം ഉറപ്പാണ്. ഇക്കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാതെ അലസതയോടെയാണ് ആടുവളർത്താൻ ഇറങ്ങിയതെങ്കിൽ കീശചോരും എന്ന കാര്യവും ഉറപ്പ്. 

സംരംഭകർക്ക് കനത്ത സാമ്പത്തിക നഷ്ടം വരുത്തിവെക്കുന്ന രോഗങ്ങളെ അകറ്റിനിർത്താൻ ആടുവളർത്തൽ സംരംഭങ്ങളിൽ സ്വീകരിക്കേണ്ട ജൈവസുരക്ഷാനടപടികളിൽ ഒന്നാമതാണ് ആടുകളുടെ കൃത്യസമയത്തുള്ള വാക്സിനേഷൻ അഥവാ പ്രതിരോധകുത്തിവയ്പുകൾ. ആടുവസന്ത അഥവാ പിപിആർ, ആടുവസൂരി അഥവാ ഗോട്ട് പോക്സ്, എന്ററോടോക്സിസിമിയ, കുരലടപ്പൻ, ടെറ്റനസ് തുടങ്ങിയ രോഗങ്ങൾ തടയാനുള്ള വാക്സിനുകളാണ് ആടുകൾക്ക് നൽകേണ്ടത്. 

ആട് വസന്ത / പിപിആർ പ്രതിരോധ കുത്തിവയ്‌പ്

ആടുകളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ  എന്ന വൈറസ് കുടുംബത്തിലെ മോര്‍ബില്ലി എന്നയിനം വൈറസുകള്‍ കാരണമായുണ്ടാവുന്ന ഈ രോഗം പിപിആര്‍ അഥവാ പെസ്റ്റ് ഡെ പെറ്റിറ്റ്സ് റുമിനന്‍റ്സ് എന്നാണ് ശാസ്ത്രീയമായി  വിളിക്കപ്പെടുന്നത്. ചെമ്മരിയാടുകളേക്കാള്‍ ആടുകള്‍ക്കാണ്  രോഗസാധ്യത. ഏത് ഇനത്തിലും പ്രായത്തിലും പെട്ട ആടുകളെയും രോഗം ബാധിക്കാമെങ്കിലും നാലു മാസത്തിനും രണ്ടു വയസിനും ഇടയിലുള്ളവയിലാണ്‌  രോഗസാധ്യതയും മരണനിരക്കും കൂടുതല്‍. വൈറസ് ബാധയേറ്റാല്‍ രോഗലക്ഷണങ്ങള്‍ അതിതീവ്രമായി പ്രകടിപ്പിക്കുമെന്ന് മാത്രമല്ല മരണസാധ്യത 85 മുതല്‍ 90 ശതമാനം വരെ  ഉയര്‍ന്നതുമാണ്.

ആടുകൾക്ക് നാലു മാസം പ്രായമെത്തുമ്പോൾ പിപിആർ തടയാനുള്ള വാക്‌സിൻ നൽകാം. വാക്‌സിൻ ലായകവുമായി ലയിപ്പിച്ച ശേഷം 1 മില്ലി വീതം വാക്‌സിൻ കഴുത്തിന് മധ്യഭാഗത്തതായി ത്വക്കിനടിയിൽ കുത്തിവയ്ക്കുന്നതാണ് വാക്‌സിൻ നൽകുന്ന രീതി. നാലാഴ്ചകൾക്ക് ശേഷം സാധാരണ നൽകാറുള്ള ബൂസ്റ്റർ ഡോസ് പിപിആർ വാക്‌സിന് ആവശ്യമില്ല. ഏകദേശം മൂന്ന് വർഷം വരെ പിപിആർ വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി ആടുകൾക്ക് നൽകാൻ ഒറ്റ ഡോസ് വാക്സിന് കഴിയും. നമ്മുടെ നാട്ടിൽ ഈ രോഗം ഏറ്റവും വ്യാപകമായ രീതിയിൽ കണ്ടുവരുന്ന സാഹചര്യത്തിൽ ഫാമിലെ പ്രജനനത്തിന് ഉപയോഗിക്കുന്ന മാതൃ-പിതൃശേഖരത്തിൽ ഉൾപ്പെട്ട (പേരന്റ് സ്റ്റോക്ക് ) ആടുകൾക്ക് വാക്‌സിന്റെ പരമാവധി പ്രതിരോധ കാലാവധി പൂർത്തിയാവുന്നതിന് മുൻപ് തന്നെ വാക്‌സിൻ ആവർത്തിക്കാൻ സംരംഭകർ പ്രത്യേകം ശ്രദ്ധിക്കണം. വാക്സിനുകളും അത് ലഭ്യമാവുന്ന സ്ഥാപനങ്ങളും ചുവടെ ചേർക്കുന്നു. 

 • പിപിആർവാക്‌സിൻ - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം‌, 50 മില്ലിലീറ്റർ (50 ഡോസ്) , ഒരാടിന് 1 മില്ലിലീറ്റർ  വീതം, 50 ആടുകൾക്ക്.
 • പിപിആർ വാക്‌സിൻ -  ഹെസ്റ്റർ ബയോസയൻസസ്  ലിമിറ്റഡ്  ( Hester Bio sciences Limited), 25,50 & 100 മില്ലിലീറ്റർ (25,50 & 100 ഡോസ് ). ഒരാടിന് 1 മില്ലിലീറ്റർ  വീതം.
 • രക്ഷാ പിപിആർ (RAKSHA PPR), ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ്  (Indian Immunologicals Ltd). 25, 50 & 100 മില്ലിലിറ്റർ ( 25 ,50 & 100 ഡോസ്) , ഒരാടിന് 1 മില്ലിലീറ്റർ  വീതം.

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന  പാലോട് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കല്‍സ് എന്ന സ്ഥാപനം ഉൽപാദിപ്പിക്കുന്ന വാക്‌സിനുകൾ സംസ്ഥാനത്തെ മൃഗാശുപത്രികൾ വഴി ആവശ്യാനുസരണം കർഷകർക്ക്‌ ലഭ്യമാവും. മറ്റ് വാക്‌സിനുകൾക്കായി അതത് സ്ഥാപനങ്ങളുടെ കേരളത്തിലെ  അംഗീകൃത വിതരണക്കാരുമായി ബന്ധപ്പെടണം.

എന്ററോടോക്‌സീമിയ പ്രതിരോധ കുത്തിവയ്‌പ്

ആടുകളിൽ രോഗാണുബാധയേറ്റാൽ  വളരെ പെട്ടന്ന് മരണത്തിനു വഴിയൊരുക്കുന്ന ബാക്ടീരിയൽ  രോഗമാണ് എന്ററോടോക്‌സീമിയ. ക്ലോസ്ട്രീഡിയം പെർഫ്രിഞ്ചൻസ് ടൈപ്പ് ഡി. എന്ന ബാക്ടീരിയകളാണ് രോഗഹേതു. ആടുകളുടെ കുടലിൽ കടന്നുകയറുന്ന ഈ രോഗാണുക്കൾ പുറന്തള്ളുന്ന എപ്സിലോൺ എന്ന മാരക വിഷമാണ് രോഗത്തിന് കാരണം. നല്ല ആരോഗ്യമുള്ള ആടുകളിൽ വളരെ പെട്ടന്നാണ് രോഗം പ്രത്യക്ഷപ്പെടുക. നടക്കുമ്പോൾ വേച്ചിലും  വിറയലും  വെള്ളം പോലെ ശക്തമായി വയറിളകുന്നതും അതിൽ രക്താംശം കാണുന്നതും  രോഗ ലക്ഷണങ്ങളാണ്. പലപ്പോഴും ലക്ഷണങ്ങൾ പൂർണമായും പ്രത്യക്ഷപ്പെടുന്നതിനും ചികിൽസിക്കാൻ സാവകാശം കിട്ടുന്നതിന് മുൻപും ആടുകൾ  മരണപ്പെടും.

ആട്ടിൻകുഞ്ഞുങ്ങൾക്ക് 4 മാസം പ്രായമെത്തുമ്പോൾ എന്ററോടോക്‌സീമിയ തടയാനുള്ള ആദ്യ വാക്സീൻ നൽകാം. എന്ററോടോക്‌സീമിയ വാക്സീൻ എടുക്കാത്ത തള്ളയാടുകൾക്കുണ്ടാവുന്ന കുഞ്ഞുങ്ങളാണെങ്കിൽ ജനിച്ച് ഒരാഴ്ച കഴിയുമ്പോൾ ഈ വാക്സീൻ നൽകണം. ആദ്യകുത്തിവയ്‌പ് നൽകിയതിനു ശേഷം രണ്ടാഴ്ച കഴിഞ്ഞ് ഒരു ബൂസ്റ്റർ കുത്തിവയ്‌പ് കൂടി നൽകുന്നത് അഭികാമ്യമാണ്‌. തുടർന്ന് വർഷം  തോറും ഓരോ ബൂസ്റ്റർ  വാക്സീൻ നൽകണം. ഇത് മഴക്കാലത്തിന് മുൻപ് ആവുന്നതാണ് ഉത്തമം. ഗർഭവസ്ഥയിലുള്ള ആടുകൾക്ക് ഉൾപ്പെടെ ഈ വാക്സീൻ സുരക്ഷിതമായി നൽകാവുന്നതാണ് . 

 • എന്ററോടോക്‌സീമിയ വാക്‌സീൻ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം.  100  മില്ലിലീറ്റർ (40 ഡോസ്), ഒരാടിന് 2.5  മില്ലി വീതം 40 ആടുകൾക്ക്.
 • രക്ഷാ ഇടി വാക്സീൻ ( Raksha E.T.), ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ്.   100 മില്ലിലറ്റർ ( 50 ഡോസ്), ഒരാടിന് 2 മില്ലി വീതം 50  ആടുകൾക്ക് .

ആട് വസൂരി / ഗോട്ട് പോക്സ് പ്രതിരോധകുത്തിവയ്പ്

ഇന്ന് വളരെ വ്യാപകമായി നമ്മുടെ നാട്ടിൽ ആടുകളിൽ കാണപ്പെടുന്ന അസുഖങ്ങളിൽ ഒന്നാണ് ആടുവസൂരി അഥവാ ഗോട്ട് പോക്സ്. ആട്ടിൻകുഞ്ഞുങ്ങൾക്ക് 4 മാസം പ്രായമെത്തുമ്പോൾ ആട് വസൂരി തടയാനുള്ള ആദ്യ വാക്സീൻ നൽകാം. ഇതുവഴി ഒരു വർഷം വരെ ആടുകൾക്ക് പ്രതിരോധ ശേഷി ലഭിക്കും .

 • ഗോട്ട് പോക്സ്  വാക്‌സീൻ -  ഹെസ്റ്റർ ബയോസയൻസസ്  ലിമിറ്റഡ്  ( Hester Bio sciences Limited), 50 & 100 മില്ലിലീറ്റർ (  50 & 100 ഡോസ് ), ഒരാടിന് 1 മില്ലിലീറ്റർ വീതം തൊലിക്കടിയിൽ.

കുരലടപ്പൻ/ ഹെമറേജിക് സെപ്റ്റിസീമിയ പ്രതിരോധ കുത്തിവയ്‌പ്

പാസ്ചുറെല്ല ബാക്ടീരിയ കാരണമുണ്ടാവുന്ന  കുരലടപ്പന്‍ രോഗത്തിനെതിരായ കുത്തിവെയ്പ് 4-6  മാസത്തിനുമിടയിൽ പ്രായമെത്തുമ്പോള്‍ നല്‍കാം. തുടര്‍ന്ന് വര്‍ഷംതോറും മഴക്കാലത്തിന് മുൻപായി  ഓരോ ഡോസ് ബൂസ്റ്റർ വാക്സിന്‍ നല്‍കിയാല്‍ മതി.

 • ഹെമറേജിക് സെപ്റ്റിസീമിയ വാക്‌സീൻ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആൻഡ് വെറ്ററിനറി ബയോളജിക്കല്‍സ്, പാലോട് , തിരുവനന്തപുരം.  50 ഡോസ്‌  (100 മില്ലിലീറ്റർ ). ഒരാടിന് 2 മില്ലി വീതം 50 ആടുകൾക്ക്.
 • രക്ഷാ എച്ച്എസ് (Raksha HS), ഇന്ത്യൻ ഇമ്മ്യൂണോളജിക്കൽ ലിമിറ്റഡ്, 50 ഡോസ്‌  (100 മില്ലിലീറ്റർ ), ഒരാടിന് 2   മില്ലി വീതം 50   ആടുകൾക്ക്.

ടെറ്റനസ് പ്രതിരോധ കുത്തിവയ്‌പ്

ആഴമുള്ള  മുറിവുകൾ വഴി ശരീരത്തിൽ കടന്നുകയറുന്ന ക്ലോസ്ട്രീഡിയം ടെറ്റനി എന്ന ബാക്ടീരിയകളാണ് ടെറ്റനസ് അഥവാ വില്ലുവാതത്തിന് കാരണം. നാഡീവ്യൂഹത്തെയാണ് ടെറ്റനസ് ബാക്ടീരിയകൾ പുറന്തള്ളുന്ന വിഷം ബാധിക്കുക. വായ് തുറക്കാനുള്ള പ്രയാസം , മാംസപേശികളുടെ ദൃഢത, കൈകാലുകൾ ദൃഢമായി വടി പോലെയിരിക്കുക, ചെവിയും വാലും ബലമായി കുത്തനെയിരിക്കുക  തുടങ്ങിയവയാണ് ലക്ഷണങ്ങൾ. രോഗം ബാധിച്ചാൽ രക്ഷപെടാനുള്ള സാധ്യത കുറവാണ് .

ആട്ടിൻ കുഞ്ഞുങ്ങളിൽ ടെറ്റനസ് വരുന്നത് തടയാൻ ഗർഭിണികളായ ആടുകൾക്ക് അവയുടെ 5 മാസം നീളുന്ന ഗർഭകാലത്തിന്റെ  3, 4 മാസങ്ങളില്‍ ഓരോ ഡോസ് വീതം ടെറ്റ്നസ് ടോക്സോയിഡ് / ടിടി വാക്സീൻ കുത്തിവയ്പ് നല്‍കണം. ഓരോ തവണയും പേശിയിൽ 0.5 മില്ലി വാക്സീൻ നൽകാം. രണ്ട് കുത്തിവയ്പ് നൽകാൻ കഴിഞ്ഞില്ലങ്കിലും പ്രസവം പ്രതീക്ഷിക്കുന്നതിന് ചുരുങ്ങിയത് നാലാഴ്ച മുൻപ് അതായത്  നാലാം മാസത്തിലുള്ള കുത്തിവയ്പ് നിർബന്ധമായും നൽകണം. തള്ളയാടുകൾക്ക് വാക്‌സീൻ നൽകുന്നതിലൂടെ  കന്നിപ്പാൽ വഴി പ്രതിരോധ ശേഷി ആട്ടിൻകുഞ്ഞുങ്ങൾക്കും ലഭിക്കുമെന്നത് ഉറപ്പാക്കാൻ സാധിക്കും. എങ്കിൽ മാത്രമേ പിറന്ന് വീണയുടൻ പൊക്കിൾക്കൊടി വഴി ആട്ടിൻ കുഞ്ഞുങ്ങളുടെ ശരീരത്തിൽ കയറാനിടയുള്ള ടെറ്റനസ് ബാക്ടീരിയകളെ ഫലപ്രദമായി തടയാൻ സാധിക്കുകയുള്ളൂ. ജനിച്ചുവീണ ആട്ടിന്കുട്ടികളുടെ പൊക്കിൾ കൊടി അയഡിൻ ലായനിയിൽ മുക്കി അണുവിമുക്തമാക്കി പരിപാലിക്കേണ്ടതും ടെറ്റനസ് തടയാൻ ഏറെ പ്രധാനമാണ് . കൃത്യമായി വാക്സീൻ നൽകിയ തള്ളയാടിൽ നിന്നും കുഞ്ഞുങ്ങളിലേക്ക് പകരുന്ന ടെറ്റനസ് പ്രതിരോധശേഷി മൂന്ന് മാസം വരെ കുഞ്ഞുങ്ങളെ രോഗാണുവിൽ നിന്ന് സംരക്ഷിക്കും. തുടർന്ന് മൂന്ന്-നാല് മാസം പ്രായമെത്തുമ്പോൾ ആട്ടിൻകുഞ്ഞിന്  ടെറ്റനസ് ടോക്സോയിഡ് കുത്തിവെയ്പ് നല്‍കണം. ആദ്യ കുത്തിവെയ്പ്പെടുത്തതിന് രണ്ടാഴ്ച കഴിഞ്ഞ് ബൂസ്റ്റർ വാക്സീൻ നൽകണം. തുടർന്ന് ആറ് മാസത്തിന് ശേഷം ഒരു ബുസ്റ്റർ വാക്സീൻ കൂടെ നൽകാവുന്നതാണ്. മുതിർന്ന ആടുകൾക്ക് വർഷത്തിൽ ഒരിക്കൽ ബുസ്റ്റർ കുത്തിവെയ്പ് നൽകിയാൽ മതി. ടെറ്റനസ് രോഗം ആടുകളിൽ വ്യാപകമായി കാണുന്നതിനാലും രോഗം ബാധിച്ചാൽ രക്ഷപ്പെടാൻ സാധ്യത തീരെ കുറവായതിനാലുമാണ് ഇത്രയും മുൻകരുതൽ.

 • ടെറ്റനസ് ടോക്സോയിഡ് ( Tetanus Toxoid 0.5 ml, 5 ml), സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ( Serum Institute of India Ltd ). ഒരാടിന് 0.5  മില്ലിലീറ്റർ  വീതം. 
 • ‌ടെറ്റനസ് ടോക്സോയിഡ്, ( Tetanus Toxoid 0.5 ml, 5 ml) ഹാഫ്‌ക്കിൻ ബയോഫാർമസ്യൂട്ടിക്കൽസ്  ( Haffkine Bio-Pharmaceuticals Corporation) Ltd. ഒരാടിന് 0.5  മില്ലിലീറ്റർ  വീതം .

വാക്‌സീൻ നൽകുമ്പോൾ

ആടുകൾക്ക് വാക്സീൻ നൽകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വാക്സീൻ നൽകേണ്ട രീതിയും മാത്രയും കൃത്യമായി പാലിക്കുക എന്നത് പ്രധാനമാണ്. 2-8 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് വാക്സിന്‍ സൂക്ഷിക്കാന്‍ ഉചിതമായ താപനില. ഒപ്പമുള്ള ലായകം സാധാരണ താപനിലയിൽ സൂക്ഷിക്കാം. വാക്സിനുകള്‍ വാങ്ങി ഫാമിലെത്തിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും നൽകുമ്പോഴും വാക്സീന്റെ ഈ ശീതശൃംഖല ( കോൾഡ് ചെയിൻ ) മുറിയാതെ കരുതേണ്ടത് ഫലപ്രാപ്തിക്ക് പ്രധാനമാണ്. വാക്സീൻ ഫാമിലേക്ക് കൊണ്ടുവരുമ്പോൾ ഐസ്, ജെൽപാക്ക് എന്നിവ ഉപയോഗിക്കണം. വാക്സീൻ റെഫ്രിജറേറ്ററിൽ മാത്രം സൂക്ഷിക്കണം. കുത്തിവയ്പ് നൽകാൻ ആരംഭിക്കുന്നതിന്റെ തൊട്ടു മുൻപ് മാത്രമേ വാക്സീൻ റഫ്രിജറേറ്ററിൽ നിന്നെടുത്ത് ഒപ്പമുള്ള ലായകവുമായി ചേർത്ത് നേർപ്പിക്കാൻ പാടുള്ളൂ. മാത്രമല്ല നേർപ്പിക്കുന്നതിന് മുൻപായി അതിന് ഉപയോഗിക്കുന്ന ലായകത്തിന്റെ താപനിലയും  8-10 ഡിഗ്രി സെൽഷ്യസിൽ താഴെയാണെന്ന് ഉറപ്പാക്കണം. നേർപ്പിച്ച വാക്സീൻ ഉപയോഗിക്കുന്ന സമയത്ത് ശീതശ്യംഖല മുറിയാതിരിക്കാൻ ഒരു പാത്രത്തിൽ ഐസ് ഇട്ട് വാക്സീൻ ബോട്ടിൽ അതിൽ സൂക്ഷിക്കണം. നേർപ്പിച്ച വാക്സീൻ കുത്തിവയ്ക്കുന്നതിനായി ആരംഭിച്ചാൽ പരമാവധി രണ്ട് മണിക്കൂറിനുള്ളിൽ കുത്തിവെയ്പ് നടപടികള്‍ പൂര്‍ത്തിയാക്കണം. ഒരു തവണ തുറന്ന വാക്സീൻ ബോട്ടിലുകൾ പിന്നീട് നൽകുന്നതിനായി സൂക്ഷിച്ച് വയ്ക്കരുത്.

രാവിലെയോ വൈകിട്ടോ അന്തരീക്ഷ താപനില കുറഞ്ഞ സമയമാണ്  വാക്സീൻ നൽകാൻ ഏറ്റവും ഉത്തമായ സമയം.  പൂർണ ആരോഗ്യമുള്ള ആടുകൾക്ക്  മാത്രമേ വാക്സീന്‍ നല്‍കാന്‍ പാടുള്ളൂ. ഫാമിലെ 80 ശതമാനം ആടുകൾക്കും ഒരേ  ദിവസം തന്നെ വാക്സീൻ നൽകി വാക്സിനേഷൻ പൂർത്തിയാക്കണം . പ്രസവം വളരെ അടുത്ത ഗർഭിണി ആടുകൾ , ഏതെങ്കിലും രോഗങ്ങൾ ബാധിച്ച ആടുകൾ, പോഷകാഹാര കുറവുള്ളതോ വിരബാധയുള്ളതോ വിളർച്ചയുള്ളതോ  ആയ ആടുകൾ തുടങ്ങിയവയെ പ്രതിരോധ കുത്തിവെയ്‌പ്  നൽകുന്നതിൽ നിന്നും താൽകാലികമായി ഒഴിവാക്കാം. എങ്കിലും  രോഗം ബാധിച്ച ആടുകൾ ആരോഗ്യം വീണ്ടെടുക്കുമ്പോഴും ഗർഭിണി ആടുകൾ പ്രസവിച്ച ശേഷവും നിർബന്ധമായും വാക്സീൻ നൽകണം. വാക്സീൻ നൽകുന്നതിന് മുൻപായി ആടുകളെ വിരയിളക്കുന്നത് ഉചിതമാണ്. ഒന്നിൽ അധികം അസുഖങ്ങൾക്കുള്ള വാക്സിനേഷനുകൾ ഒരു ദിവസം തന്നെ നൽകാതിരിക്കാൻ ശ്രദ്ധിക്കണം. കുത്തിവയ്പിന് ശേഷം മിച്ചം വരുന്ന വാക്സീൻ കത്തിച്ച് നശിപ്പിക്കണം. കുത്തിവയ്പ്പിന് ഉപയോഗിച്ച സൂചികളും സിറിഞ്ചുകളും സുരക്ഷിതമായി കുഴിച്ചുമൂടണം. ഫാമിലെ ആടുകളിൽ  ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ ഫാമിലെ മറ്റ് ആടുകൾക്ക്  തല്‍ക്കാലം വാക്സീന്‍ നല്‍കരുത്. രോഗാണുസംക്രമണ സമയത്ത് വാക്സീന്‍ നല്‍കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും.

English summary: Common Vaccinations for Goats

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA