ADVERTISEMENT

പാലിന്റെ ഗുണനിലവാരം മാനദണ്ഡമാക്കി ക്ഷീരകർഷകർക്കും സംഘങ്ങൾക്കും ഗ്രേഡിങ് വരുന്നു. ഉൽപാദിപ്പിക്കുന്ന പാലിന്റെ ഗുണമേന്മയുടെ ഏറ്റക്കുറവനുസരിച്ച് 3 വിഭാഗങ്ങളായാണ് തിരിക്കുക. ഇതിനായി മലപ്പുറം ജില്ലയിലെ വിവരശേഖരണം അവസാന ഘട്ടത്തിലാണെന്ന് ക്ഷീരവികസന വകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ ഓഫിസർ ഒ. സജിനി മനോരമയോട് പറഞ്ഞു. പാലിൽ എത്ര ശതമാനം കൊഴുപ്പും കൊഴുപ്പിതര ഖരപദാർഥങ്ങളും (എസ്എൻഎഫ്) ഉണ്ടെന്ന് കണക്കാക്കിയും സൂക്ഷ്മജീവികളുടെ സാന്നിധ്യം അടിസ്ഥാനമാക്കിയുള്ള അണുഗുണനിലവാരവും പരിഗണിച്ചാണ് ഗുണമേന്മ നിശ്ചയിക്കുക. 

ഇതിന്റെ അടിസ്ഥാനത്തിൽ കർഷകരെ പച്ച, മഞ്ഞ, ചുവപ്പ് വിഭാഗങ്ങളിലാക്കി വേർതിരിക്കും. മുഴുവൻ കർഷകരുടെയും പാലിന്റെ ഗുണനിലവാരത്തിന്റെ ശരാശരിയുടെ അടിസ്ഥാനത്തിലാണ് ക്ഷീരസംഘങ്ങളുടെ ഗ്രേഡിങ് നിശ്ചയിക്കുക. ചുവപ്പ്, മഞ്ഞ വിഭാഗത്തിൽപ്പെടുന്നവരുടെ വീടുകളിൽ ഉദ്യോഗസ്ഥർ സന്ദർശിക്കും. സാഹചര്യങ്ങൾ മനസ്സിലാക്കി ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള മാർഗനിർദേശങ്ങൾ നൽകും. ആവശ്യമെങ്കിൽ സാമ്പത്തിക സഹായത്തിനും വഴിയൊരുക്കും. മലപ്പുറം ജില്ലയിലെ മുഴുവൻ കർഷകരെയും അടുത്ത വർഷം ജൂൺ ഒന്നിനകം പച്ച വിഭാഗത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ക്വാളിറ്റി കൺട്രോൾ ഓഫിസർ പറഞ്ഞു.

പരിശോധന

ക്ഷീരസംഘങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. കർഷകർ കൊണ്ടുവരുന്ന പാൽ  ദിവസം 2 നേരവും ഇവിടെ പരിശോധിച്ച് ഗുണനിലവാരം രേഖപ്പെടുത്തും. ഓരോ കർഷകനും എത്തിക്കുന്ന പാലിന്റെ ഒരുമാസത്തെ ശരാശരി ഗുണനിലവാരം കണക്കാക്കിയാണ് ഗ്രേഡിങ് നടത്തുക. ഏതു വിഭാഗത്തിലാണ് വരുന്നതെന്ന് കർഷകനെ അറിയിക്കും. ഓരോ മാസത്തെയും ശരാശരി ഗ്രേഡിങ് നോക്കി പുരോഗതി വിലയിരുത്തി ക്ഷീരവികസന വകുപ്പ് തുടർപ്രവർത്തനങ്ങളും നടത്തും. കർഷകർക്ക് ആവശ്യമെങ്കിൽ പരിശീലനവും നൽകും.

ഗ്രേഡിങ് ഇങ്ങനെ

  • പച്ച

കൊഴുപ്പ്: 3.9 ശതമാനവും അതിനു മുകളിലും. 

കൊഴുപ്പിതര ഖരപദാർഥങ്ങൾ: 8.4 ശതമാനവും അതിനു മുകളിലും.

അണുഗുണനിലവാരം: 215 മിനിറ്റിനു മുകളിൽ (പാലിൽ മെഥിലിൻ ബ്ലൂ എന്ന രാസപദാർഥം ചേർത്ത് പരിശോധിക്കുമ്പോൾ എത്ര സമയം നീലനിറം നിലനിൽക്കുന്നുണ്ടെന്ന് നോക്കിയാണ് അണുഗുണനിലവാരം നിശ്ചയിക്കുക)

  • മഞ്ഞ

കൊഴുപ്പ്: 3.5–3.8%. കൊഴുപ്പിതര ഖരപദാർഥങ്ങൾ:  8–8.3%. അണുഗുണനിലവാരം: 90–215 മിനിറ്റ്

  • ചുവപ്പ്

കൊഴുപ്പ്: 3.5 ശതമാനത്തിനു താഴെ. കൊഴുപ്പിതര ഖരപദാർഥങ്ങൾ:  എട്ടിൽ താഴെ. അണുഗുണനിലവാരം: 90 മിനിറ്റിനു താഴെ

English summary:  Milk Quality Analysis and Grading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com