ബീജാധാനം മുതൽ പ്രസവം വരെ കരുതൽ; സുഖപ്രസവത്തിനായി പശുക്കളെ ഒരുക്കാം

HIGHLIGHTS
 • പശുക്കളിൽ പ്രസവസമയത്തെ ദുർഘടങ്ങൾ പൂർണമായും ഒഴിവാക്കാൻ സാധിക്കില്ല
 • ഫാമിൽ നിന്ന് വളരെ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് ഗർഭിണിപ്പശുക്കളെ കൊണ്ടുപോയി കെട്ടരുത്
cow-7
SHARE

പ്രസവമടുക്കുമ്പോഴുള്ള പശുക്കളുടെ പരിപാലനവും പ്രസവസമയത്തെ അവയുടെ  ശുശ്രൂഷയും സംബന്ധിച്ച്  ആശങ്കപ്പെടുന്നവരാണ്  ഒട്ടുമിക്ക ക്ഷീരകർഷകരും.

10 മുതൽ 15 ശതമാനവും  കന്നുകാലികളിലും ആദ്യത്തെ പ്രസവം ബുദ്ധിമുട്ടേറിയതായിട്ടാണ് കണ്ടുവരുന്നത്.  എന്നാൽ, പിന്നീടുള്ള പ്രസവങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾ 3 മുതൽ 5 ശതമാനമായി കുറഞ്ഞുവരുന്നു. പശുക്കളിൽ പ്രസവസമയത്തെ ദുർഘടങ്ങൾ പൂർണമായും ഒഴിവാക്കാൻ നമുക്ക് സാധിക്കില്ല, എങ്കിലും പ്രജനന കാലത്തും ഗർഭകാലത്തും അവയ്ക്ക് കൃത്യമായ പരിപാലനം ഉറപ്പാക്കുന്നതുവഴി പ്രസവത്തിന്റെ ബുദ്ധിമുട്ട് ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും. 

പശുക്കളുടെ പ്രസവത്തെ സ്വാധീനിക്കുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ടവയാണ് തള്ളപ്പശുവിന്റെ ഇനം,  ജനിതകഗുണങ്ങൾ, ഗർഭകാലദൈർഘ്യം,  ശരീരവലുപ്പം, പ്രായം, ആരോഗ്യം, ഇടുപ്പെല്ലുകളുടെ ഘടന, കിടാവിന്റെ ഇനം, ജനിതകഘടകങ്ങൾ, ലിംഗം, ശരീരവലുപ്പം, പ്രസവസമയത്ത് കിടാവിന്റെ സ്ഥാനം എന്നിവ. 

സുഖപ്രസവത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 

 • പ്രജനനം

പശുക്കളെ കൃത്രിമ ബീജാധാനത്തിന് വിധേയമാക്കുമ്പോൾ അവയുടെ  ശരീരഭാരവും വലുപ്പവുമനുസരിച്ച് വേണം കുത്തിവയ്ക്കേണ്ട ബീജം തിരഞ്ഞെടുക്കേണ്ടത്. സങ്കര പ്രജനന പദ്ധതി നടപ്പിലാക്കുമ്പോൾ ശരീര വലുപ്പം കൂടിയ ഇനം കാളകളുടെ  ബീജം ഉപയോഗിച്ചാൽ  പ്രസവസമയത്ത് ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ വെച്ചൂർ, കാസർഗോഡ് കുള്ളൻ, ഇവയുടെ സങ്കരയിനങ്ങൾ എന്നിവയ്ക്ക്  ഹോൾസ്റ്റീൻ ഫ്രീഷ്യൻ,  സഹിവാൾ തുടങ്ങിയ ശരീര വലുപ്പം കൂടിയ ഇനത്തിൽപ്പെട്ട കാളകളുടെ ബീജം  ഉപയോഗിക്കരുത്. 

 • പോഷകാഹാരം 

ഗർഭവതിയായ പശുക്കൾക്ക് പോഷകസമ്പുഷ്ടമായ  തീറ്റ നൽകിയാൽ മാത്രമേ പ്രസവസമയത്ത്  നല്ല ആരോഗ്യസ്ഥിതിയും  സുഖപ്രസവത്തിനാവശ്യമായ ഊർജ്ജവും

ഉണ്ടായിരിക്കുകയുള്ളൂ. അതുപോലെ ഗർഭകാലത്ത് പശുക്കൾക്ക്  അമിതമായി ആഹാരം കൊടുത്ത് ശരീരത്തിലും  പ്രത്യേകിച്ച് ഇടുപ്പ് ഭാഗത്തും, അകിടിലും കൊഴുപ്പ് അടിഞ്ഞുകൂടാൻ അനുവദിക്കയുമരുത്. അങ്ങനെ വന്നാൽ പ്രസവം  വിഷമകരമാകുകയും പാലുൽപാദനം കുറയുകയും ചെയ്യും.  കൂടാതെ പ്രസവശേഷം മദിലക്ഷണങ്ങൾ  പ്രകടിപ്പിക്കാനും ഗർഭം  ധരിക്കാനും താമസം  നേരിടാനും സാധ്യതയുണ്ട്. 

കറവപ്പശുക്കൾക്ക് ഗർഭത്തിന്റെ ഏഴാം മാസം മുതൽ  60 ദിവസത്തേക്ക് കറവ നിർത്തി വറ്റുകാലം അനുവദിക്കണം.  പ്രസവത്തിനും പ്രസവശേഷമുള്ള ഉയർന്ന പാലുൽപാദനത്തിനും പശുക്കൾക്ക് കൂടുതൽ ഊർജവും കാത്സ്യവും ആവശ്യമായതിനാൽ പ്രസവത്തോടനുബന്ധിച്ച് കാത്സ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ധാതുലവണങ്ങളുടെ  കമ്മി  ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് കീറ്റോസിസ്, ക്ഷീരസന്നി മുതലായ രോഗങ്ങൾക്ക് വഴിയൊരുക്കുന്നു. അതിനാൽ പ്രസവത്തിന് രണ്ടാഴ്ച മുമ്പു തന്നെ കാത്സ്യവും മറ്റ് ധാതുലവണങ്ങളും അടങ്ങിയ ധാതുലവണ മിശ്രിതം തീറ്റയിൽ ഉൾപ്പെടുത്തണം. പ്രസവലക്ഷണങ്ങൾ തുടങ്ങുമ്പോൾ ജെൽ രൂപത്തിലുള്ള  കാത്സ്യം, ഗ്ലൂക്കോസ് എന്നിവ പശുക്കളുടെ വായിൽ ഒഴിച്ചു കൊടുക്കുന്നത് പ്രസവം എളുപ്പമാക്കുകയും പശുക്കളുടെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും.  

ഗർഭധാരണത്തിന്റെ ഏഴാം മാസം മുതൽ  ഒരു കിലോ കാലിത്തീറ്റയും (സാന്ദ്രിതാഹാരം) കൂടുതലായി നൽകണം. അതായത്, പ്രസവത്തിനു മുമ്പുള്ള ആഴ്ചകളിൽ കാലിത്തീറ്റയുടെ അളവ് അൽപ്പാൽപ്പമായി കൂട്ടി നൽകുകയും പ്രസവത്തോടടുക്കുമ്പോൾ ദിവസേന 3 കി.ഗ്രാം തീറ്റ  നൽകുകയും വേണം (steaming up). ഇത് പ്രസവശേഷം പെട്ടെന്ന് കൂടുതൽ കാലിത്തീറ്റ നൽകുമ്പോൾ ഉണ്ടാകുവാൻ സാധ്യതയുള്ള ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. 

20-25   കിലോഗ്രാം പച്ചപ്പുല്ലും നൽകണം. കൂടാതെ, തീറ്റയിൽ തവിട്  ചേർത്ത് നൽകുന്നത് നല്ലൊരു  വിരേചകമായി പ്രവർത്തിക്കും. തൊഴുത്തിൽ  ശുദ്ധമായ കുടിവെള്ളം എല്ലായ്പ്പോഴും ലഭ്യമാക്കണം.

 • ആരോഗ്യ രക്ഷ

തള്ളപ്പശുവിൽ നിന്ന് മറുപിള്ളയിലൂടെ വിരകൾ കിടാവിന്റെ ശരീരത്തിലേക്ക്  കടക്കാതിരിക്കാൻ ഗർഭകാലത്ത് സുരക്ഷിതമായ  വിര മരുന്നുകൾ പ്രസവത്തിന് രണ്ടാഴ്ച മുമ്പ് പശുക്കൾക്ക് നൽകണം. അവസാനത്തെ രണ്ടു മാസം പ്രതിരോധ കുത്തിവയ്പ്പുകൾ ഒഴിവാക്കുന്നത് നന്ന്.

 • പരിചരണം

ഗർഭധാരണത്തിന് ഏഴാം മാസം  പശുക്കളെ മറ്റുള്ള പശുക്കളിൽ നിന്നു  വേർതിരിച്ച് കെട്ടണം. കൂടാതെ,  പ്രസവത്തിനു രണ്ടാഴ്ച മുമ്പ് തന്നെ  അവയെ പ്രസവമുറിയിലേക്ക് മാറ്റണം. പ്രസവമുറി  ഉണങ്ങിയതും വൃത്തിയുള്ളതും അണുവിമുക്തവുമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.  വൈക്കോലും,  ഉണങ്ങിയ പുല്ല്, ഇലകൾ എന്നിവയും ഉപയോഗിച്ച് മൃദുവായ കിടക്ക ഒരുക്കണം. പശുക്കൾക്ക് അനായാസേന കിടക്കാനും നിൽക്കാനുമുുള്ള  സ്ഥലം തൊഴുത്തിൽ  അനുവദിക്കണം.

പ്രസവമുറി കാലാവസ്ഥാവ്യതിയാനത്തിൽ നിന്ന് സംരക്ഷണം നൽകുന്ന രീതിയിൽ നിർമ്മിച്ചതായിരിക്കണം.  പ്രസവം വിഷമകരമാവുകയാണെങ്കിൽ അത് കൈകാര്യം ചെയ്യാനുള്ള സാഹചര്യവും അവിടെ ഉണ്ടായിരിക്കണം. പശുക്കൾക്ക്  പ്രത്യേക പ്രസവ മുറി ഒരുക്കുന്നതിലൂടെ ജനിച്ചയുടനെ കിടാക്കൾക്കുണ്ടാകുന്ന വയറിളക്കം പോലുള്ള  രോഗങ്ങൾ  തടയാൻ സാധിക്കും.

cow-6

പ്രസവത്തിന്റെ വിവിധ ഘട്ടങ്ങൾ

പശുക്കളിലെ പ്രസവം സാധാരണയായി മൂന്നു ഘട്ടങ്ങളിലായാണ് നടക്കുന്നത്.  പ്രാരംഭ ഘട്ടം ഏകദേശം 2-6 മണിക്കൂർ വരെ നീളുന്നു.  അസ്വസ്ഥത പ്രകടിപ്പിക്കുക, ഇടയ്ക്കിടെ മൂത്രമൊഴിക്കുക, ചാണകമിടുക, തുടരെത്തുടരെ  എഴുന്നേൽക്കുകയും കിടക്കുകയും ചെയ്യുക, വാൽ ഉയർത്തിപ്പിടിക്കുക തുടങ്ങുകയാണ് പ്രാരംഭ ലക്ഷണങ്ങൾ. പ്രസവത്തിന് 96 മണിക്കൂർ മുമ്പ്  തന്നെ അകിടിൽ കന്നിപ്പാൽ നിറയാൻ തുടങ്ങും. പ്രസവമടുക്കുന്നതോടെ  അകിടുകളും കാമ്പുകളും നീര് വച്ച് വികസിക്കുകയും, പശുക്കൾ വാൽ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. യോനി ഭാഗം വികസിക്കുകയും  താഴേക്ക് ഇടിഞ്ഞു കാണപ്പെടുകയും ചെയ്യുന്നു. യോനിയിലൂടെ കൊഴുത്ത ശ്ലേഷ്മം പുറത്തേക്ക് ഒഴുകുന്നതും കാണാം. ഏകദേശം 30 മിനിറ്റ് മുതൽ  രണ്ടു മണിക്കൂർ വരെ  ദൈർഘ്യമുള്ള രണ്ടാമത്തെ ഘട്ടത്തിൽ പശുക്കൾ ശക്തിയായി മുക്കുകയും കിടാവ് പുറത്തുവരികയും ചെയ്യുന്നു.

മൂന്നാമത്തെ ഘട്ടം എട്ടു മുതൽ 12 മണിക്കൂർ വരെ നീളാം. മറുപിള്ള പുറത്തുവരുന്ന ഘട്ടമാണിത്.  12 മണിക്കൂർ കഴിഞ്ഞിട്ടും മറുപിള്ള  പുറത്തു വന്നില്ലെങ്കിൽ ‌വെറ്ററിനറി ഡോക്ടറുടെ സഹായം തേടേണ്ടതാണ്. 

cow-5

പ്രസവ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പ്രസവത്തിന്റെ തുടക്കം മുതൽ പശുക്കളെ സൂക്ഷ്മമായി നിരീക്ഷിക്കണം. അവയെ ശല്യപ്പെടുത്തുന്ന ശബ്ദങ്ങൾ ഒഴിവാക്കണം. തണ്ണീർക്കുടം  പുറത്തുവന്നു പൊട്ടി  ഒന്ന് -ഒന്നര മണിക്കൂറിനുള്ളിൽ പ്രസവം നടന്നില്ലെങ്കിൽ വിദഗ്ധ സഹായം തേടേണ്ടി വരും. വൈകിയാൽ കിടാവിന്റേയും മാതാവിന്റേയും ജീവനുതന്നെ അപകടമുണ്ടാകാൻ  സാധ്യതയുണ്ട്. കിടാവിന്റെ രണ്ട് മുൻകാലുകളും തലയും ഒരുമിച്ച് പുറത്തേക്ക് വരികയാണെങ്കിൽ കർഷകനു തന്നെ  കിടാവിനെ പുറത്തേക്കു  വലിച്ചെടുക്കാൻ സാധിക്കും. അല്ലാത്തപക്ഷം വെറ്ററിനറി സഹായം തേടണം.

ഗർഭകാലത്ത് ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

 • ഗർഭത്തിന്റെ അവസാന മാസങ്ങളിൽ ഫാമിൽ നിന്ന് വളരെ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് ഗർഭിണിപ്പശുക്കളെ കൊണ്ടുപോയി കെട്ടരുത്.  നിരപ്പില്ലാത്ത സ്ഥലങ്ങളിലും, ജലാശയങ്ങളുടെ സമീപത്തും, കീഴ്ക്കാംതൂക്കായ  സ്ഥലങ്ങളിലും പശുക്കളെ കെട്ടരുത്. 
 • ഗർഭിണികളായ കിടാരികളുടെ ശരീരവും ശരീരത്തിന്റെ പുറകു ഭാഗവും അകിടും മസ്സാജ് ചെയ്തു കൊടുക്കുന്നത് നല്ലതാണ്.
 • പ്രസവത്തിനു മുമ്പ് പാൽ കറക്കുന്നത് പൂർണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. എന്നാൽ അകിടിൽ അമിതമായി നീര് കാണപ്പെടുകയോ, അകിടുവീക്കം വന്നാലോ കറന്നു കളയേണ്ടിവരും. 
 • പ്രസവത്തോടടുക്കുമ്പോൾ പശുക്കളുടെ അകിടിൽ  നീരുണ്ടാകുന്നത് സാധാരണമാണ്. ഇത് കുറയ്ക്കുന്നതിന് വറ്റു കാലത്ത് പശുക്കൾക്ക് ആവശ്യമായ വ്യായാമം ചെയ്യുന്നതിന് സൗകര്യമൊരുക്കണം. ദിവസേന അരമണിക്കൂർ വീതം രണ്ടുനേരം പുറത്തഴിച്ചു കെട്ടുകയോ നടത്തുകയോ ചെയ്യുന്നത് ഉത്തമമാണ്.  
 • ധാരാളം മൂത്രം പോകാൻ സഹായിക്കുന്ന മരുന്നുകൾ കൊടുക്കുന്നത് നല്ലതാണ്. ദിവസേന അകിട് മസ്സാജ് ചെയ്തു കൊടുക്കുന്നതും ഗുണകരമാണ്.
 • കാമ്പുകൾ  പോവിഡോൺ അയഡിൻ ലായനിയിൽ ദിവസേന മുക്കുന്നത് പ്രസവിച്ചയുടനെ അകിടുവീക്കമുണ്ടാകുന്നത് തടയാൻ സഹായിക്കും.  
 • പ്രസവത്തിന് ഒന്നോ രണ്ടോ ആഴ്ചകൾക്കു മുമ്പ് ഗർഭപാത്രമോ യോനിയോ പുറത്തേക്ക് തള്ളി വരുന്നതായി ചില പശുക്കളിൽ കാണാറുണ്ട്. ചാണകം പോകാനുള്ള ബുദ്ധിമുട്ട് (constipation), ക്ഷീണം, വ്യായാമക്കുറവ്,  ധാതുലവണങ്ങളുടെ അപര്യാപ്തത തുടങ്ങിയവയാണ് പ്രധാന കാരണങ്ങൾ.
 • സന്തുലിതാഹാരത്തോടൊപ്പം തവിട് നൽകുന്നത് ഫലപ്രദമാണ്. തീറ്റ കൊടുക്കുമ്പോൾ മൂന്നോ നാലോ പ്രാവശ്യമായി നൽകുന്നതും ഗുണം ചെയ്യും. പശുക്കളുടെ പിൻവശം ഉയർന്ന പ്രതലത്തിൽ നിർത്തുകയും വേണം.

English summary: How to Take Care of Cow After Delivery

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA