പരമ്പരാഗത കൃഷിസങ്കൽപങ്ങൾക്ക് കടകവിരുദ്ധമായ കൃഷിയിടം; വ്യത്യസ്തനായി ഷംജിത്

HIGHLIGHTS
  • ജീവാമൃതമാണ് ഈ കൃഷിയിടത്തിലെ മുഖ്യ പോഷകവസ്തു
  • ഒരു ലീറ്റർ ഗോമൂത്രത്തിന് 50 രൂപയാണ് വില
shimjith
കാസർകോട് കുള്ളൻ പശുവിനൊപ്പം ഷിംജിത്
SHARE

ഷിംജിത്തിന്റെ അഞ്ചേക്കർ പുരയിടം പരമ്പരാഗത കൃഷിസങ്കൽപങ്ങൾക്ക്  കടകവിരുദ്ധമാണ്. കളയും വിളയും  വേർതിരിവില്ലാതെ പരസ്പരം ആശ്ലേഷിച്ചു വളരുകയാണിവിടെ.  വിളയെ ചുറ്റി ഞെരുക്കി കൊല്ലാൻ ഒരുമ്പെടുന്ന വള്ളിച്ചെടികളെ മുറിച്ചു മാറ്റുമെന്നല്ലാതെ ഒരു കളനശീകരണ പ്രവർത്തനത്തിനും ഷിംജിത് തുനിയാറില്ല. വിള തനിയെ വളരുമ്പോൾ കൃഷിയിടത്തിലെ മുഴുവൻ കീടങ്ങളുടെയും ആക്രമ ണം നേരിടേണ്ടി വരുമെന്നും എന്നാൽ കളയോടപ്പം  വളരുന്ന വിളകൾക്ക് കീടശല്യം തീരെ കുറവാണെ ന്നുമാണ് അദ്ദേഹം പറയുന്നത്. കളയെന്നു വിളിക്കുന്നവ വിളകൾക്കു തുണയായി മാറുമെങ്കിൽ പിന്നെ നശിപ്പിക്കേണ്ടതില്ലല്ലോ? മണ്ണിനെ ഫലഭൂയിഷ്ഠമായി സംരക്ഷിച്ചാൽ കളയ്ക്കും വിളയ്ക്കും വേണ്ടതെല്ലാം ലഭ്യമാക്കാനാകുമെന്നും പരസ്പര മത്സരം ഉണ്ടാകില്ലെന്നുമാണ് ഈ യുവകർഷകന്റെ പക്ഷം.

രണ്ടേക്കറോളം സ്ഥലത്തെ മഞ്ഞൾക്കൃഷിതന്നെ ഷിംജിത്തിന്റെ  വേറിട്ട രീതികൾക്ക് ഉദാഹരണം. മഞ്ഞൾക്കണ്ടങ്ങൾക്കിടയിലൂടെ പച്ചക്കറികളും നട്ടിട്ടുണ്ട്. പുല്ലുകൾക്കിടയിലാണ് രണ്ടും വളരുന്നതെങ്കിലും വിളവ് നഷ്ടമാകില്ലെന്നാണ് ഷിംജിത്ത് പറയുന്നത്. ജൈവവൈവിധ്യം മാത്രമല്ല, വിളവൈവിധ്യവും ഇവിടെ ഭംഗിയായി പരിപാലിക്കപ്പെടുന്നു. നൂറോളം മഞ്ഞളിനങ്ങൾ ഷിംജിത്തിനു സ്വന്തമായുണ്ട്. ഇവയിൽ 25 എണ്ണം  കരിമഞ്ഞളിന്റെ ഇനഭേദങ്ങളാണ്. ഒരു ചുവടിനു 10,000 രൂപ വില വരുന്ന വാടാർമഞ്ഞൾവരെ തന്റെ പക്കലുണ്ടെന്നു ഷിംജിത്. പച്ചമഞ്ഞളും മഞ്ഞൾപ്പൊടിയും വിൽക്കാറുണ്ട്. ഒരു കിലോ ജൈവ മഞ്ഞൾപ്പൊടിക്ക് 400 രൂപയാണ് വിലയിടുക. എള്ളാണ് മറ്റൊരു വരുമാനം. ജൈവരീതിയിൽ ഉൽപാദിപ്പിച്ച എളള് ചക്കിലാട്ടി എണ്ണയാക്കി കൊടുക്കും. 20 കിലോ എള്ളിൽനിന്ന് 9 ലീറ്റർ  എണ്ണ കിട്ടുമെന്നാണ് ഷിംജിത്തിന്റെ കണക്ക്. വിപണിയിൽ സാധാരണ നല്ലെണ്ണയ്ക്ക് 250 രൂപ വിലയുള്ളപ്പോൾ ജൈവ എള്ളെണ്ണയ്ക്ക് 800 രൂപയാണ് വില.

കൃഷിയിടത്തിലെ വിളവൈവിധ്യം തന്നെ വലിയ വരുമാനസാധ്യതയാണെന്ന് ഷിംജിത് തെളിയിക്കുന്നു. 201 നെല്ലിനങ്ങളുള്ള  മ്യൂസിയംതന്നെ ഈ വീട്ടിലുണ്ട്. ഇവയിൽ കിളിര്‍പ്പുശേഷിയുള്ള 60 ഇനങ്ങൾ കൃഷിചെയ്തു സംരക്ഷിക്കുന്നു. അപൂർവ ഇനങ്ങളുടെ വിത്ത് വിൽക്കുമ്പോൾ മുന്തിയ വിലയാണ് ലഭിക്കുക. കിലോയ്ക്ക് 200 രൂപ വില കിട്ടുന്ന മല്ലിക്കുറുവ എന്ന നെല്ലിനം തന്നെ ഉദാഹരണം. കൂടാതെ രക്തശാലി, ജീരകശാല, ബസുമതി ഇനങ്ങൾ എന്നിവയുടെയും വിത്ത് വിൽക്കാറുണ്ട്. ചുവന്ന ഓലയോടുകൂടിയ നസർബാത്ത് എന്ന നെല്ലിന്റെ വിത്ത് കിലോയ്ക്ക് 300 രൂപ നിരക്കിലാണത്രെ ഷിംജിത്ത് വിൽക്കുന്നത്. ഒരു വർഷത്തോളം സൂക്ഷിച്ചശേഷം ബാക്കിവരുന്ന നെൽവിത്ത് കുത്തി അരിയാക്കുകയും മൂല്യവർധിത ഉൽപന്നങ്ങളുണ്ടാക്കുകയുമാണ് പതിവ്. അരി ഉൽപന്നങ്ങൾക്കൊപ്പം ഉമിക്കരി, തവിട് എന്നിവയും വിൽക്കാറുണ്ട്. ആയിരത്തോളം ഔഷധസസ്യങ്ങൾ  തന്റെ പറമ്പിലുണ്ടെന്ന് ഷിംജിത് പറയുന്നു.  രാമച്ചം, പതിമുഖം എന്നിവയൊക്കെ വിൽക്കാറുണ്ട്. കേന്ദ്രസർക്കാർ ‘ആര്യ’ പദ്ധതിയിൽ ഉൾപ്പെടുത്തിയ ഈ കൃഷിയിട ത്തിലെ ജൈവവൈവിധ്യസംരക്ഷണത്തിനും ഔഷധസസ്യശേഖരത്തിനുമായി  പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ട്. കണ്ണൂർ കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

shimjith-1
മഞ്ഞൾ വർഗത്തിലെ മരമഞ്ഞളുമായി ഷിംജിത്തിന്റെ മകൾ ആദിസൂര്യ (ഇടത്ത്), നാടൻ ഇനമായ നസർബാത്ത് നെല്ലിന്റെ കൃഷി (വലത്ത്)

സീറോ ബജറ്റ് കൃഷിയിലെയും വൃക്ഷായുർവേദത്തിലെയും നല്ല ഘടകങ്ങളെല്ലാം ഷിംജിത് തന്റെ കൃഷിയിടത്തിൽ നടപ്പാക്കാറുണ്ട്. ജീവാമൃതമാണ് ഈ കൃഷിയിടത്തിലെ മുഖ്യ പോഷകവസ്തു. എന്നാൽ ആദ്യകാലത്ത് ഏറെ ഉപയോഗിച്ചിരുന്ന വെർമിക്കമ്പോസ്റ്റിന്റെ ഉപയോഗം ഇപ്പോൾ തീരെയില്ല. ജീവാമൃതം സമൃദ്ധമായി ഉപയോഗിക്കുകയും മണ്ണ് മോശമാകാതെ സംരക്ഷിക്കുകയും ചെയ്താൽ ധാരാളം മണ്ണിരകൾ ഉയർന്നുവരുമെന്ന് ഷിംജിത് ചൂണ്ടിക്കാട്ടുന്നു. വെർമിക്കമ്പോസ്റ്റ്  സ്വാഭാവികമായി  മണ്ണിലുണ്ടാകുന്നതല്ലേ  മെച്ചമെന്ന് അദ്ദേഹം ചോദിക്കുന്നു. സ്വന്തം ആവശ്യത്തിനു ശേഷമുള്ള ജീവാമൃതം വിൽക്കാറുണ്ട്. നാടൻപശുവിന്റെ ഗോമൂത്രം വിറ്റും വരുമാനം നേടുന്നു. 4 കാസർകോടൻ പശുക്കളാണ് ഷിംജിത്തിനുള്ളത്. ഒരു ലീറ്റർ ഗോമൂത്രത്തിന് 50 രൂപയാണ് വില. ശീമക്കൊന്നയുടെ ഇലയിട്ടു സൂക്ഷിച്ച ഗോമൂത്രം മികച്ച കീടനാശിനിയാണെന്നു ഷിംജിത് സാക്ഷ്യപ്പെടുത്തുന്നു. പത്തിരട്ടിയോളം വെള്ളം ചേർത്തു നേർ പ്പിച്ചുമാത്രമേ ഇത് ചെടികളിൽ തളിക്കാവൂ.

കുറച്ചു കൂടി ഫലപ്രദമായ മറ്റൊരു കീട വികർഷിണിയും ഷിംജിത് തയാറാക്കാറുണ്ട്. ഗോമൂത്രവും വേപ്പിലയും  ഒരു ചെമ്പുപാത്രത്തിൽ കൂട്ടിക്കലർത്തിയശേഷം 15 ദിവസത്തോളം വായ്മൂടിക്കെട്ടി സൂക്ഷിച്ചാണ് ഇതുണ്ടാക്കുക. 15 ദിവസത്തിനുശേഷം ഈ മിശ്രിതം  പിഴിഞ്ഞെടുത്ത്  പകുതിയായി വറ്റിച്ചു കുറുക്കുന്നു. വെള്ളീച്ചയ്ക്കെതിരെയും മറ്റും ഏറെ ഫലപ്രദമായ ഈ ലായനി 100 മില്ലിലീറ്ററിന് 50 രൂപ നിരക്കിൽ വിൽക്കാറുണ്ട്. ഒരു ലീറ്റർ വെള്ളത്തിൽ 10 മില്ലി വീതം ചേർത്താണ് ഇത് തളിക്കേണ്ടത്. ആട്ടിൻമൂത്രം, ചാണകപ്പൊടി, ചണകഭസ്മം എന്നിവയും ഷിംജിത്തിന്റെ വരുമാനവഴികൾതന്നെ. 2 കിലോ ചാണകപ്പൊടിയുടെ പായ്ക്കറ്റിനു 30 രൂപയും 10 ഗ്രാം ചാണകഭസ്മത്തിനു 10 രൂപയുമാണ് വില.

നേന്ത്രവാഴക്കൃഷിയാണ് ഷിംജിത്തിന്റെ മറ്റൊരു വരുമാന സ്രോതസ്. കഴിഞ്ഞ വർഷം 5000 വാഴ കൃഷി ചെയ്തപ്പോൾ വിപണനം തലവേദനയായി മാറിയതിനാൽ ഇത്തവണ 2000 നേന്ത്രനേ നട്ടിട്ടുള്ളൂ. ജൈ വരീതിയിലൂടെ 10–12 കിലോ തൂക്കമുള്ള കുലകൾ കിട്ടാറുണ്ടെന്നു ഷിംജിത്ത് പറഞ്ഞു. മാത്രമല്ല, കിലോയ്ക്ക് 4–5 രൂപയോളം കൂടുതൽ വിലയും കിട്ടും. കോഴിവളമാണ് നേന്ത്രനു മുഖ്യവളം. തണ്ടുതുരപ്പനാണ് നേന്ത്രവാഴക്കൃഷിയിൽ‌ വെല്ലുവിളി ഉയർന്നത്തുന്ന പ്രധാന കീടം. ഇതിനെതിരേ വാഴക്കവിളിൽ ബാർസോപ്പ് കഷണം വച്ചുകൊടുക്കുകയാണ് പതിവ്. കുല മാത്രമല്ല, ജൈവരീതിയിൽ കൃഷി ചെയ്ത വാഴയുടെ കാമ്പും കൂമ്പുമെല്ലാം തനിക്കു വരുമാനമാണെന്നു ഷിംജിത്ത് ചൂണ്ടിക്കാട്ടി. വാഴക്കൂമ്പിന് 20 രൂപയും ഒരു കഷണം വാഴപ്പിണ്ടിക്ക് 10 രൂപയും വില കിട്ടും. ഒരു വാഴയിൽനിന്ന് 20 കഷണം പിണ്ടി കിട്ടുമെന്നതിനാൽ ആയിനത്തിൽ മാത്രം 200 രൂപ കിട്ടാറുണ്ട്. കാട്ടുപന്നിയെ തുരത്താനുള്ള യന്ത്ര സംവിധാനവും ചെറുതേനീച്ചകളെ വളർത്തുന്ന കൂടും രൂപകൽപന ചെയ്തിട്ടുള്ള ഷിംജിത് മികച്ച തേനീച്ചക്കർഷകനുമാണ്. വിത്തായും വിളവായും വളമായും വരുമാനമെത്തുമ്പോൾ  പ്രകൃതിക്കൃഷി തനിക്ക് നേട്ടം മാത്രമാണെന്ന് ഷിംജിത് ഉറപ്പിക്കുന്നു.

ഫോൺ: 9447361535

English summary: Natural Farming Practices, Principles, Advantages

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA