പശു കല്ലും മണ്ണും തിന്നും, മൂത്രം ചുവക്കും, ‌കറവയ്ക്ക് മുന്നേ പാൽ ചുരത്തും: പ്രശ്നങ്ങൾ പലത്, പ്രതിവിധി ഒന്ന്

HIGHLIGHTS
  • ഫോസ്‌ഫറസ് കുറഞ്ഞാൽ പശുക്കൾ തനിയെ തറയിൽ പാൽ ചുരത്തും
cow
SHARE

പാടത്തോ പറമ്പിലോ കെട്ടിയാൽ തന്റെ കറവപ്പശു മണ്ണ് തിന്നുന്നു എന്ന പരിഭവവുമായാണ് ഈയിടെ ഒരു ക്ഷീരകർഷക മൃഗാശുപത്രിയിലെത്തിയത്. പ്രസവം കഴിഞ്ഞ് ഒരു മാസം മാത്രമായ ഈ പശുവിന്റെ പാലുൽപാദനം ദിവസവും കുറഞ്ഞുവരുന്നു എന്ന സങ്കടവും അവർ പങ്കുവച്ചു. കറവപ്പശുക്കളിലെ മണ്ണുതീറ്റ, തൊഴുത്തിന്റെ ഭിത്തിയിലും കെട്ടിയ കയറിലും കുറ്റിയിലും തൂണുകളിലുമെല്ലാം നിരന്തരം ആർത്തിയോടെ നക്കലും കടിക്കലും, കാലിത്തീറ്റയോടുള്ള മടി, പാലുത്പാദനം ക്രമേണ കുറയൽ തുടങ്ങിയ ലക്ഷണങ്ങൾ പൈക്ക (Pica) എന്ന അപര്യാപ്‌തതാരോഗത്തിന്റെ വ്യക്തമായ സൂചനകളാണ്. പശുക്കളുടെ  ശരീരസംരക്ഷണത്തിനും വളർച്ചക്കും ദഹനം അടക്കമുള്ള ഉപാപചയ പ്രവർത്തങ്ങൾക്കും പാലുല്പാദനത്തിനുമെല്ലാം ഏറെ പ്രധാനമായ  ഫോസ്‌ഫറസ്‌ എന്ന മൂലകം ശരീരത്തിൽ കുറയുന്നതാണ് പൈക്ക രോഗത്തിന്റെ മുഖ്യ കാരണം. ഫോസ്ഫറസ് അപര്യാപ്തതയും പൈക്ക രോഗവും ബോട്ടുലിസം എന്ന മാരക ബാക്റ്റീരിയ രോഗം കന്നുകാലികളെ ബാധിക്കുന്നതിനുള്ള ഒരു കാരണം കൂടിയാണ്.

പശുക്കൾക്ക് നൽകുന്ന സമീകൃതമല്ലാത്ത തീറ്റയും ധാതുലവണമിശ്രിതങ്ങൾ ആവശ്യമായ അളവിൽ തീറ്റയിൽ ഉൾപ്പെടുത്താത്തതും പലപ്പോഴും ഫോസ്‌ഫറസ്‌ അപര്യാപ്‌തയ്ക്ക് വഴിയൊരുക്കുന്നു. ഫോസ്‌ഫറസ്‌ ദിവസവും കുറഞ്ഞ അളവിൽ മാത്രമാണ് പശുക്കൾക്ക് ആവശ്യമുള്ളതെങ്കിലും അത് ലഭിക്കാതിരുന്നാൽ പശുക്കളിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ  പലവിധമാണ്. കാത്സ്യം കുറഞ്ഞാൽ പശുക്കൾക്കുണ്ടാവുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് മിക്കവാറും എല്ലാ ക്ഷീരകർഷകരും ബോധവാന്മാരാണെങ്കിലും  ഫോസ്ഫറസിന്റെ കുറവ് കാരണം പശുക്കൾക്കുണ്ടാവുന്ന പ്രശ്‌നങ്ങളെ പറ്റി പലർക്കും വ്യക്തമായ ധാരണയില്ല. അതുകൊണ്ടുതന്നെ പലപ്പോഴും ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും  മതിയായ ചികിത്സയും പരിചരണവും പശുക്കൾക്ക് ലഭിക്കാതെ പോവുന്നു. അതുകാരണം ക്ഷീരകർഷകന് ഉണ്ടാവുന്ന സാമ്പത്തികനഷ്ടവും ഏറെ.

ചുവന്ന മൂത്രമൊഴിക്കുന്ന പശുക്കളും ഫോസ്ഫറസും

പ്രസവം കഴിഞ്ഞ് രണ്ടു മുതല്‍ ആറ് ആഴ്ചകള്‍ക്കുള്ളില്‍ അത്യുൽപാദനശേഷിയുള്ള ചില പശുക്കളുടെ മൂത്രം ചുവപ്പ്, കടുംചുവപ്പ്, കട്ടന്‍ കാപ്പി നിറത്തിൽ വ്യത്യാസപ്പെടുന്നത് ശ്രദ്ധിച്ചിട്ടില്ലേ. ഇതിന്റെ കാരണവും ഫോസ്‌ഫറസ്‌ അപര്യാപ്‌തത തന്നെയാണ്. പ്രസവാനന്തരം പാലിലൂടെ കൂടിയ അളവിൽ ഫോസ്‌ഫറസ്‌ പുറന്തള്ളുന്നതോടെ ശരീരത്തിൽ അകെ ഫോസ്‌ഫറസ്‌ അളവ് കുറയും. രക്തത്തിലെ ചുവന്ന രക്തകോശങ്ങളുടെ ആരോഗ്യത്തോടെയുള്ള നിലനിൽപ്പിന് ഫോസ്‌ഫറസ്‌ ഏറെ പ്രധാനമാണ്. ഫോസ്‌ഫറസിന്റെ അളവിൽ കുറവ് വന്നാൽ ചുവന്നരക്തകോശങ്ങളുടെ സ്തരങ്ങൾ തകരുകയും ഇങ്ങനെ തകർന്ന കോശങ്ങളിലെ വർണവസ്തുവായ ഹീമോഗ്ലോബിൻ മൂത്രത്തിലൂടെ പുറന്തള്ളുകയും  ചെയ്യും. ഇതോടെ  പശുക്കളുടെ മൂത്രം ചുവന്ന ചുവന്ന നിറത്തിൽ വ്യത്യസ്തപ്പെടും. ഒപ്പം പശുവിന് വിളർച്ച ബാധിക്കുകയും ക്ഷീണിക്കുകയും തീറ്റയെടുക്കലും പാലുൽപാദനവും കുറയുകയും ചെയ്യും. പോസ്റ്റ് പാര്‍ചൂറിയന്റ് ഹീമോഗ്ലോബിനൂറിയ അഥവാ പ്രസവാനന്തര ഹീമോഗ്ലോബിനൂറിയ ( Post parturient Haemoglobinuria- PPH) എന്നാണ് ഈ രോഗാവസ്ഥ മൃഗവൈദ്യശാസ്ത്രത്തിൽ അറിയപ്പെടുന്നത്. സാധാരണയായി അത്യുല്‍പാദനശേഷിയുള്ള പശുക്കളുടെ മൂന്നാമത്തെയോ നാലാമത്തെയോ പ്രസവത്തിലാണ് ഈ രോഗം കാണപ്പെടുന്നത്. പശുക്കളേക്കാൾ എരുമകളിൽ ഈ രോഗാവസ്ഥ കൂടുതലായി കണ്ടുവരുന്നു. 

cow

ഫോസ്‌ഫറസ് കുറഞ്ഞാൽ പശുക്കൾ തനിയെ തറയിൽ പാൽ ചുരത്തും

പശുക്കൾ കറവയ്ക്ക് മുന്നേ പാൽ തനിയെ ചുരത്തുന്നത് പല ക്ഷീരകർഷകരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. ലീക്കി ടീറ്റ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. പശുക്കളുടെ ശരീരത്തിൽ ഫോസ്‌ഫറസ്‌ മൂലകത്തിന്റെ അളവ് കുറയുന്നതാണ് ഇങ്ങനെ പാൽ തനിയെ ചുരന്നുപോവുന്നതിന്റെയും പ്രധാന കാരണം. അകിടിനുള്ളിലെ സംഭരണ അറകൾക്ക് പാൽ ശേഖരിച്ച് നിർത്താനുള്ള ശേഷി നൽകുന്നതിൽ ഫോസ്‌ഫറസ്‌ പ്രധാനമാണ്. പാൽ തനിയെ തറയിൽ ഒഴുകി നഷ്ടമായാൽ ക്ഷീരകർഷകന് ഉണ്ടാവുന്ന സാമ്പത്തികനഷ്ടം ഊഹിക്കാമല്ലോ മാത്രമല്ല. തനിയെ തറയിൽ പാൽ ചുരത്തുന്ന അകിടുകൾ രോഗാണുക്കളെ മാടിവിളിക്കും. തറയിൽ പരന്നൊഴുകുന്ന പാലിൽ രോഗാണുക്കൾ എളുപ്പത്തിൽ പെരുകും. ഇക്കാരണത്താൽ  തനിയെ പാൽ ചുരത്തുന്ന പശുക്കളിൽ മാത്രമല്ല മറ്റ് പശുക്കളിലും ഇത് അകിടുവീക്കം വരാനുള്ള  സാധ്യത കൂട്ടും. 

ഫോസ്ഫറസിന്റെ അപര്യാപ്‌തത കാരണം പശുക്കളിൽ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ  പൈക്കയിലും തനിയെ പാൽ ചുരത്തലിലും പാലുൽപാദനക്കുറവിലും മാത്രം ഒതുങ്ങുന്നതല്ല. കിടാരികളിൽ വളർച്ചാമുരടിപ്പ്, ആദ്യ മദി വൈകൽ, കറവപ്പശുക്കളിൽ പ്രസവാന്തരമദി വൈകൽ, മദിചക്രത്തിലൂടെ കടന്നുപോവുമെങ്കിലും ബാഹ്യലക്ഷണങ്ങൾ ഒന്നും കാണിക്കാത്ത നിശബ്ദമദി, ക്രമരഹിതമായ മദി, പല തവണ കൃത്രിമബീജദാനം നടത്തിയിട്ടും ഗർഭധാരണം നടക്കാതിരിക്കാൽ  വന്ധ്യത, ഗർഭിണിപ്പശുക്കളുടെ ഗർഭമലസൽ ഉൾപ്പടെ ഫോസ്ഫറസിന്റെ അപര്യാപ്‌തത കാരണം പശുക്കൾക്കുണ്ടാവുന്ന പ്രത്യുൽപ്പാദനപ്രശ്‌നങ്ങളും ഏറെ. ഇതെല്ലാം ക്ഷീരസംരഭങ്ങൾക്ക്  വലിയ   സാമ്പത്തികനഷ്ടം വരുത്തിവെക്കും.

cow--milk

പരിഹാരം ഫോസ്ഫറസ് പോഷണം

പശുക്കളുടെ തീറ്റ സമീകൃതവും സന്തുലിതവുമാക്കുക എന്നതാണ് ഫോസ്ഫറസ് പോഷക അപര്യാപ്തതയുണ്ടാക്കുന്ന പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള ഏക പരിഹാരം. പശുക്കളുടെ തീറ്റയിൽ അവയുടെ ശരീരവളര്‍ച്ചയുടെയും ഉൽപാദനത്തിന്റെയും അടിസ്ഥാനത്തിൽ ഫോസ്ഫറസ് അടക്കമുള്ള മൂലകങ്ങൾ അടങ്ങിയ മികച്ച ധാതുലവണമിശ്രിതങ്ങൾ തീർച്ചയായും ഉൾപ്പെടുത്തണം. കാലിത്തീറ്റ സ്വയം തയ്യാറാക്കിയാണ് നൽകുന്നതെങ്കിൽ ആകെ സാന്ദ്രീകൃത തീറ്റയുടെ 2% എന്ന അളവില്‍ ധാതുമിശ്രിതങ്ങളും 1% വീതം ഉപ്പും തീറ്റ തയാറാക്കുമ്പോൾ തന്നെ ഉള്‍പ്പെടുത്താം. പ്രത്യേകമായാണ് നല്‍കുന്നതെങ്കില്‍  20-30 ഗ്രാം വരെ ധാതുലവണങ്ങള്‍ കിടാരികള്‍ക്കും 30-50  ഗ്രാം വീതം പശുക്കള്‍ക്കും  നല്‍കാം. ഇത് ചീലേറ്റഡ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന ധാതുലവണമിശ്രിതങ്ങൾ ആയാൽ ഏറെ നന്ന്.  വളര്‍ച്ചയ്ക്കും ഉൽപാദനത്തിനുമാവശ്യമായ ഇനോര്‍ഗാനിക് രൂപത്തിലുള്ള ധാതുലവണങ്ങളെ പ്രത്യേക സാങ്കേതികവിദ്യ വഴി മാംസ്യതന്മാത്രകളുമായും അമിനോഅമ്ലങ്ങളുമായും സംയോജിപ്പിച്ച് സംയുക്ത രൂപത്തിലാക്കുന്നതിനെയാണ് ചീലേഷന്‍ എന്ന് പറയുന്നത്. ഇങ്ങനെ തയാറാക്കുന്ന ഖനിജ മിശ്രിതങ്ങളെ ചീലേറ്റഡ് മിശ്രിതങ്ങള്‍ എന്ന് വിളിക്കുന്നു. ധാതുലവണങ്ങളുടെ  ദഹനവും ആഗിരണവും കാര്യക്ഷമമാക്കാനും ജൈവലഭ്യത ഉയര്‍ത്താനും ചീലേഷന്‍ വിദ്യ വഴി കഴിയും. ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തയാറാക്കിയ നിരവധി ധാതുലവണ മിശ്രിതങ്ങള്‍ ഇന്ന് വിപണിയില്‍ സുലഭമാണ്. മാംസ്യ സമ്പുഷ്ടമായ സാന്ദ്രീകൃത തീറ്റകള്‍ക്കൊപ്പം വേണം ധാതുമിശ്രിതങ്ങള്‍ നല്‍കേണ്ടത്.

ഫോസ്‌ഫറസ്‌ അപര്യാപ്‌തതയുടെ മുൻപ് സൂചിപ്പിച്ച  ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപെട്ടാൽ  ഉടൻ അടുത്തുള്ള വെറ്ററിനറി ഡോക്ടറുമായി ബന്ധപ്പെട്ട് ചികിത്സകൾ ഉറപ്പാക്കണം. ഇനോർഗാനിക് ഫോസ്‌ഫറസ്‌ അടങ്ങിയ കുത്തിവയ്‌പ്പുകൾ പശുക്കൾക്ക് നൽകുന്നതും ഫോസ്‌ഫോവെറ്റ്,  ഫോസ്‌ഫറസ്‌ വെറ്റ്, സോഡാഫോസ് പൗഡർ തുടങ്ങിയ പൊടികളോ ഗുളികകളോ തീറ്റയിൽ തുടർച്ചയായ ദിവസങ്ങളിൽ നൽകുന്നതും ഏറെ ഫലപ്രദമാണ്‌. ധാന്യങ്ങളുടെ തവിട് ദിവസം ഒരു കിലോ രണ്ടു നേരമായി പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തുന്നത്തിലൂടെയും ആവശ്യമായ ഫോസ്‌ഫറസ്‌ തീറ്റയിൽ ഉറപ്പാക്കാം. ഫോസ്ഫറസ് കുറവുള്ള മണ്ണില്‍ വളരുന്ന പുല്ല് പശുക്കൾക്ക് സ്ഥിരമായി നല്‍കിയാല്‍ അവയുടെ രക്തത്തില്‍ ഫോസ്ഫറസ് കുറയാൻ സാധ്യത ഏറെയാണ്. ഇതൊഴിവാക്കാൻ തീറ്റപ്പുൽക്കൃഷിയിടനങ്ങളിലെ മണ്ണ് പരിശോധന നടത്തുന്നതും ആവശ്യാനുസരണം എൻ.പി.കെ. വളങ്ങൾ ഇട്ടുനൽകുന്നതും കർഷകർക്ക് സ്വീകരിക്കാവുന്ന മാർഗമാണ്.

English summary: Common cattle diseases and their management

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA