ADVERTISEMENT

പശുക്കളുടെ പാലുൽപാദനം പ്രധാനമായും അവയുടെ ജനിതകഘടനയെയും മറ്റു ഭൗതിക സാഹചര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. പശുക്കളിൽ  പ്രകടമാകുന്ന സാമ്പത്തിക പ്രാധാന്യമുള്ള ഗുണങ്ങളിൽ ഹെറിറ്റെബിലിറ്റി (Heritability- മാതാപിതാക്കളിൽ‌നിന്നും സന്തതിപരമ്പരകളിലേക്കുള്ള ജനിതക കൈമാറ്റം) വളരെ കുറഞ്ഞ ഒന്നാണ് പാലുൽപാദനം. പാലുൽപാദനത്തിന്റെ  25 ശതമാനവും നിശ്ചയിക്കുന്നത് പശുക്കളുടെ ജനിതകഘടനയാണ്. എന്നാൽ ബാക്കിയുള്ള 75% അവയുടെ ബാഹ്യപരിസ്ഥിതി, ആരോഗ്യനില, മറ്റ് ഭൗതിക സാഹചര്യങ്ങൾ എന്നിവയനുസരിച്ച്  വ്യത്യാസപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ഉയർന്ന ജനിതകമൂല്യമുള്ള പശുക്കളിലും ഭൗതികസാഹചര്യങ്ങൾ അനുസരിച്ച് പാലുൽപാദനം കുറഞ്ഞോ കൂടിയോ കാണപ്പെടുന്നത്. പശുക്കൾ കഴിക്കുന്ന ആഹാരം, പോഷകഘടകങ്ങളുടെ ആഗികരണം, ശരീരത്തിലെ മറ്റ് ഉപാപചയ പ്രവർത്തനങ്ങൾ, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, അകിട്, കരൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനം, ഹോർമോണുകളുടെ പ്രവർത്തനം  തുടങ്ങിയവയാണ് പാലുൽപാദനത്തെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങൾ. 

പശുക്കളുടെ ജനിതകഘടനയിൽ ഉയർന്ന പാലുൽപാദനത്തിന് സഹായിക്കുന്ന ജീനുകൾ ഉൾപ്പെടുന്നുണ്ടെങ്കിൽ മാത്രമേ അവയ്ക്ക് അത്യുൽപാദനശേഷി ഉണ്ടായിരിക്കുകയുള്ളൂ. എന്നാൽ, ഇത്തരം ജീനുകളുടെ സാന്നിധ്യമുള്ള എല്ലാ പശുക്കളിലും ഉൽപാദനവർധന ഉണ്ടാകണമെന്നില്ല. മറിച്ച് പാലുൽപാദനത്തെ സ്വാധീനിക്കുന്ന അത്തരം  ജീനുകളുടെ സ്വഭാവവിശേഷങ്ങൾ പശുക്കളിൽ പ്രകടമാകുമ്പോൾ മാത്രമാണ് ഉൽപാദനം കൂടുന്നത്. അനുയോജ്യമായ കാലാവസ്ഥയും ഭൗതിക സാഹചര്യങ്ങളുമുണ്ടെങ്കിൽ  മാത്രമേ ഇത്തരം ജീനുകളുടെ സ്വഭാവങ്ങൾ പൂർണ്ണമായും പ്രകടമാകുകയുള്ളൂ എന്നതാണ് വാസ്തവം.  ഉയർന്ന വർഗഗുണമുള്ള ഒരു പശുവിന് ആവശ്യത്തിന് തീറ്റ നൽകാതിരിക്കുകയോ അവ കഠിനമായ താപസമ്മർദ്ദത്തെ അഭിമുഖീകരിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ സ്വഭാവികമായും അതിന്റെ പാലുൽപാദനം കുറഞ്ഞിരിക്കും. എന്നാൽ പ്രസ്തുത പശുവിന്, അനുയോജ്യമായ കാലാവസ്ഥയിൽ, ശാസ്ത്രീയമായ തീറ്റയും പരിചരണവും ലഭിച്ചാൽ  ഉയർന്ന പാലുൽപാദനം ലഭിക്കുമെന്നത് സുനിശ്ചിതമാണ്.  

സങ്കരപ്രജനനനയമാണ് കന്നുകാലികളുടെ പ്രജനനത്തിനായി കേരളത്തിലിന്ന് അനുവർത്തിക്കുന്നത്.  കേരളത്തിൽ മികച്ച ജനിതകമൂല്യമുള്ള കാളകളുടെ ശേഖരവുമുണ്ട്. അത്യുൽപാദനശേഷിയുള്ള പശുക്കളുടെ സന്തതികളായ  കാളകളെയാണ് ഈ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആയതുകൊണ്ടു തന്നെ അവയുടെ വർഗ്ഗഗുണങ്ങൾ സന്തതിപരമ്പരകളിലേക്ക് (നമ്മൾ വളർത്തുന്ന സങ്കരയിനം പശുക്കൾ) കൈമാറ്റം ചെയ്യപ്പെടുന്നുണ്ട് എന്നുള്ളത്

തീർച്ചയാണ്. എങ്കിലും നാം ഉദ്ദേശിക്കുന്ന തരത്തിൽ ഉയർന്ന പാലുൽപാദനം ലഭിക്കുന്നില്ലെങ്കിൽ അതിന്റെ പ്രധാന കാരണം ഈ ജീനുകളുടെ സ്വഭാവ സവിശേഷതകൾ പശുക്കളിൽ പ്രകടമാകുന്നില്ല എന്നതാണ്. അതായത് ഉയർന്ന പാലുൽപാദനത്തെ സ്വാധീനിക്കുന്ന  ജീനുകളുടെ സ്വഭാവഗുണം പൂർണമായി പ്രയോജനപ്പെടുത്തുന്ന രീതിയിൽ  അനുകൂല സാഹചര്യങ്ങൾ ഒരുക്കുന്നതിലുള്ള വീഴ്ചയാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.  ഉയർന്ന ജനിതക മൂല്യമുള്ള കേരളത്തിലെ പശുക്കൾക്ക് പാലുൽപാദനം കുറയുന്നതിന് അശാസ്ത്രീയ പരിചരണവും പ്രജനനവും, രോഗങ്ങൾ, അബദ്ധധാരണകൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ തുടങ്ങിയ വിവിധ കാരണങ്ങളുണ്ട്. എങ്കിലും  ഇവയെല്ലാം, പ്രാദേശീക പ്രത്യേകത,  ശാസ്ത്രീയ പരിചരണം സംബന്ധിച്ച് ക്ഷീരകർഷകരുടെ പരിജ്ഞാനം, അവരുടെ സാമൂഹിക- സാമ്പത്തിക നിലവാരം തുടങ്ങിയവയനുസരിച്ച് കേരളത്തിലെ ഓരോ പ്രദേശങ്ങളിലും വ്യത്യസ്തമാണ്. 

നെഗറ്റീവ് ഊർജനില ( Negative- Energy Balance) 

ഇന്ന് കേരളത്തിലെ പശുക്കളിൽ പാലുൽപാദനം കുറയുന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഒന്നാണ് നെഗറ്റീവ് എനർജി ബാലൻസ്.  

പശുക്കളുടെ പ്രസവപ്രക്രിയയ്ക്ക് മറ്റു ശാരീരികപ്രവർത്തനങ്ങളെക്കാൾ കൂടുതൽ ഊർജം ആവശ്യമാണ്. പ്രസവവും അതേത്തുടർന്നുള്ള പാലുൽപാദനത്തിനും വർധിച്ച തോതിലുള്ള ഊർജം വേണ്ടിവരുന്നു. സാധാരണയായി കഴിക്കുന്ന ആഹാരത്തിൽനിന്നാണ് പശുക്കൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നതെന്ന് നമുക്കറിയാം. എന്നാൽ പ്രസവിച്ചു കഴിഞ്ഞയുടനെ പശുക്കൾ കഴിക്കുന്ന ആഹാരത്തിന്റെ അളവ് വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ പെട്ടെന്നുണ്ടാകുന്ന ഈ വർധിച്ച ഊർജാവശ്യം നികത്താൻ പശുക്കൾക്ക് സാധിക്കാതെ വരികയും അവയുടെ ശരീരത്തിൽ ഒരു താഴ്ന്ന ഊർജനില (നെഗറ്റീവ് എനർജി ബാലൻസ്) രൂപപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ പശുക്കളുടെ ശരീരത്തിലുള്ള അഡിപ്പോസ് (Adipose) കോശങ്ങളിൽ സംഭരിക്കപ്പെട്ടിട്ടുള്ള കൊഴുപ്പിൽനിന്നും ഊർജം ലഭ്യമാക്കുകയാണ് പതിവ്. ഇപ്രകാരം, കൊഴുപ്പിൽനിന്നും ആവശ്യത്തിനുള്ള ഊർജം ലഭിക്കാത്ത സാഹചര്യം വരികയാണെങ്കിൽ  പശുക്കൾ ഊർജകമ്മി നേരിടുകയും അതിന്റെ ഫലമായി പാലുൽപാദനത്തിൽ കുറവ് അനുഭവപ്പെടുകയും ചെയ്യും. 

അതായത് പ്രസവത്തിന് മുമ്പ് വറ്റുകാലത്തുതന്നെ പശുക്കളുടെ ശരീരത്തിൽ ആവശ്യമായ ഊർജശേഖരണം നടന്നില്ലെങ്കിൽ അത് കലാശിക്കുന്നത്  പാലുൽപാദനക്കുറവിലായിരിക്കും. 

milk-dairy-farm-1

വറ്റുകാല പരിചരണത്തിലെ അപാകത 

പ്രസവത്തിന് മുമ്പുള്ള രണ്ടുമാസക്കാലം പശുക്കളുടെ കറവ നിർത്തി പരിരക്ഷണവും വിശ്രമവും നൽകുന്നതിനാണ് വറ്റുകാലം എന്ന് പറയുന്നത്. ഉൽപാദനക്ഷമതയേറിയ  മറ്റൊരു  കറവ കാലത്തിനായി പശുക്കളെ ഒരുക്കുകയാണ് ഈ ഘട്ടത്തിൽ.  കറവയില്ലാത്ത ഈ കാലഘട്ടത്തിൽ   സാന്ദ്രീകൃതാഹാരം (ഖരാഹാരം)  പൂർണമായും ഒഴിവാക്കുകയോ ആവശ്യമായ അളവിൽ കുറവ് വരുത്തുകയോ ചെയ്യുന്ന ഒരു പ്രവണത ചില കർഷകരുടെയിടയിലുണ്ട്. പശുക്കൾക്ക് ഗർഭകാല അലവൻസായി ഒരു കിലോഗ്രാം ഖരാഹാരം ഉൾപ്പെടെ ആകെ മൂന്നു മുതൽ മൂന്നര കിലോഗ്രാം വരെ ഖരാഹാരം വറ്റുകാലത്ത് നൽകേണ്ടതാണ്. ഇപ്രകാരം തീറ്റ ലഭിക്കാത്തപക്ഷം പശുക്കൾക്ക് പ്രസവത്തിനും, ശേഷമുള്ള കറവയ്ക്കും ആവശ്യമായ ഊർജം ശരീരത്തിൽ സംഭരിക്കപ്പെടാതെ പോകുകയും ഊർജക്കമ്മി ഉണ്ടാവുകയും ചെയ്യുന്നു.  

ഇപ്രകാരമുള്ള  ഊർജക്കുറവ് നേരിടുന്ന പശുക്കൾ പാലുൽപാദനം തുടങ്ങുന്നതോടുകൂടി ഊർജത്തിന് ആവശ്യകത നികത്താൻ പറ്റാതെ ബദ്ധപ്പെടുന്നതായി കാണാം. പ്രസവത്തിന്റെ ആരംഭത്തിൽ തീറ്റ കഴിക്കുന്നത് കുറവായതിനാൽ ഊർജാവശ്യം വർധിക്കുകയും അതിന്റെ ഫലമായി പാലുൽപാദനം കുറയ്ക്കാൻ അവയുടെ ശരീരം നിർബന്ധിതമാകുകയും ചെയ്യുന്നു. 

വറ്റുകാലത്ത്  അമിതമായ അളവിൽ തീറ്റ നൽകി പശുക്കളെ തടിപ്പിക്കുന്നതും നന്നല്ല. അമിതമായി തടിച്ച പശുക്കളിൽ നിന്നും ഉയർന്ന പാലുൽപാദനം പ്രതീക്ഷിക്കാനാവില്ല. 

ഗുണമേന്മ കുറഞ്ഞ തീറ്റവസ്തുക്കൾ 

കർഷകർക്ക്‌ ലഭിക്കുന്ന തിരി രൂപത്തിലുള്ള സാന്ദ്രീകൃതാഹാരം, വൈക്കോൽ, ധാന്യങ്ങൾ തുടങ്ങിയവയുടെ ഗുണമേന്മ നിശ്ചയിക്കാനുള്ള സംവിധാനങ്ങൾ തീരെ അപര്യാപ്തമാണ് കേരളത്തിൽ.  ലഭ്യമായ മാർഗങ്ങൾ ഉപയോഗപ്പെടുത്തുന്നത് കർഷകർക്ക് എളുപ്പവുമല്ല. ആയതുകൊണ്ടുതന്നെ പലപ്പോഴും ഗുണമേന്മ കുറഞ്ഞ തീറ്റയാണ് കർഷകർ പശുക്കൾക്ക് നൽകുന്നത്. ഇത് ഉൽപാദനക്കുറവിനു വഴിയൊരുക്കും.

പൂപ്പൽ കലർന്നതോ പൂപ്പലുകളുണ്ടാക്കുന്ന വിഷവസ്തുക്കൾ (Mycotoxins) കലർന്നതോ ആയിട്ടുള്ള തീറ്റ നൽകുന്നത് പാലുൽപാദനം കുറയ്ക്കുമെന്നു മാത്രമല്ല വിവിധങ്ങളായ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകാം. വൈക്കോൽ, തിരി രൂപത്തിലുള്ള  സാന്ദ്രീകൃതാഹാരം, ധാന്യങ്ങൾ  എന്നിവയിൽ അടങ്ങിയിരിക്കുന്ന അമിത അളവിലുള്ള യൂറിയ കഴിക്കുന്നതിലൂടെയും പാലുൽപാദനം കുറയുന്നുണ്ട്.

milk-dairy-farm-3

തീറ്റ വസ്തുക്കളുടെ ദൗർലഭ്യവും ഉയർന്ന വിലയും 

കറവപ്പശുക്കൾക്ക് നൽകുന്ന  ആഹാരത്തിൽ സാന്ദ്രീകൃതാഹാരവും പരുഷാഹാരവും 60: 40 എന്ന അനുപാതത്തിലായിരിക്കണം.  പോഷകഗുണമേറിയ സാന്ദ്രീകൃതാഹാര(ഖരാഹാരം)ത്തിന്റെയും പച്ചപ്പുല്ല്, വൈക്കോൽ തുടങ്ങിയ പരുഷാഹാരത്തിന്റെയും ദൗർലഭ്യവും കുത്തനെ ഉയർന്നുകൊണ്ടിരിക്കുന്ന വിലയും  കന്നുകാലികൾക്ക് നൽകുന്ന തീറ്റയിൽ കുറവുവരുത്താൻ കർഷകരെ നിർബന്ധിതരാക്കുന്നു.  സംതുലിത ആഹാരത്തിന്റെ കുറവുമൂലം പശുക്കളുടെ ആരോഗ്യം ക്ഷയിക്കുകയും അത് പാലുൽപാദനത്തിൽ പ്രകടമാകുകയും ചെയ്യുന്നു. 

കൃഷിസ്ഥലങ്ങളുടെ അപര്യാപ്തത മൂലം തീറ്റപ്പുൽക്കൃഷിയിലുണ്ടായിരിക്കുന്ന കുറവാണ് മറ്റൊരു പ്രധാന വെല്ലുവിളി.  ഉയർന്ന ഗുണനിലവാരമുള്ള  പച്ചപ്പുല്ല് ആവശ്യത്തിന് നൽകാതിരിക്കുകയോ വളരെ കുറഞ്ഞ അളവിൽ നൽകുകയോ ചെയ്യുന്നതാണ് കേരളത്തിലെ ഒട്ടുമിക്ക പശുക്കളുടെയും പാലുൽപാദനം കുറയുന്നതിന് കാരണമാകുന്നത്.  കാരണം, ധാരാളം നാരുകളടങ്ങിയ പുരുഷാഹാരം പശുക്കളുടെ പാലുൽപാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. പച്ചപ്പുല്ല്,  വൈക്കോൽ തുടങ്ങിയവയുടെ ദൗർലഭ്യം പാലുൽപാദനം വൻതോതിൽ കുറയ്ക്കുമെന്ന് വിലയിരുത്തപ്പെടുന്നു. പുല്ലിന്റെ ഗുണനിലവാരമാകട്ടെ, ഓരോ വിളവെടുപ്പ് ഘട്ടം, ഇനം, സീസൺ, മണ്ണിന്റെ ഫലഭൂയിഷ്ഠത എന്നിവയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.  

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും 

താപസമ്മർദവും ഉയർന്ന അന്തരീക്ഷ ആർദ്രതയും കറവപ്പശുക്കളുടെ ഉൽപാദനം കുറയ്ക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. കേരളത്തിലെ ജില്ലകളിൽ  ഏറ്റവും കൂടുതൽ പാൽ ഉൽപാദിപ്പിക്കുന്നത് വയനാട്ടിലാണ്. അവിടുത്തെ  കാലാവസ്ഥയുടെ പ്രത്യേകതയും ഉയർന്ന പാലുൽപാദനത്തിന് സഹായകരമാണെന്നതാണ് വാസ്തവം.

കാലാവസ്ഥാ വ്യതിയാനത്തിൽനിന്ന് സംരക്ഷണം നല്‍കുന്ന വിധത്തില്‍ പശുത്തൊഴുത്തിലെ ക്രമീകരണങ്ങളും താപലഘൂകരണത്തിനുള്ള മാർഗങ്ങളും ഏർപ്പെടുത്തുന്നില്ല എന്നുള്ളതാണ് ഉൽപാദനക്കുറവിന്റെ മറ്റൊരു കാരണം. പെട്ടെന്നുള്ള  കാലാവസ്ഥാമാറ്റങ്ങള്‍ തീറ്റയുടെ ഗുണനിലവാരത്തെയും സ്വാധീനിക്കുന്നതിനാൽ പാല്‍ അളവ് കുറയാന്‍ ഇടയാകുന്നു.

വേനൽക്കാലത്ത് ലഭിക്കുന്ന പുല്ലിൽ ജലാംശം തുച്ഛമായിരിക്കുമെന്നു മാത്രമല്ല  ഗുണനിലവാരവും കുറവായിരിക്കും. പകലിന്റെ ദൈർഘ്യം, കാറ്റിന്റെ വേഗം, തണുപ്പ്  തുടങ്ങിയവയെല്ലാം പാലുൽപാദനത്തെ സ്വാധീനിക്കുന്ന  കാലാവസ്ഥാ ഘടകങ്ങളാണ്. പകൽ കുറഞ്ഞ ദിവസങ്ങളിൽ പാലുൽപാദനം കൂടുതലായിരിക്കും എന്ന് ചില പഠനങ്ങൾ രേഖപ്പെടുത്തുന്നുമുണ്ട്. 

milk-dairy-farm-2

അശാസ്ത്രീയ  കറവ 

നൈപുണ്യമുള്ള കറവക്കാരുടെ ദൗർലഭ്യം മൂലം പശുവളർത്തൽ തന്നെ ഉപേക്ഷിച്ചു പോകുന്ന കർഷകർ നിരവധിയാണ് ഇന്ന് കേരളത്തിൽ. 

കറവയിൽ  പ്രാവീണ്യമില്ലാത്തവർ പശുക്കളെ കറക്കുന്നതിലൂടെയും മുഴുവൻ കൈകൾ  ഉപയോഗിച്ച് (Full hand milking) കറക്കാതിരിക്കുന്നതുമെല്ലാം കാമ്പിന് ക്ഷതമേൽക്കുന്നതിന് ഇടയാക്കുന്നു. വിവിധ അകിടുരോഗങ്ങൾക്കും ഇത് കാരണമാകുന്നു. വേഗം കുറഞ്ഞ കറവയായതിനാൽ പാൽ പൂർണമായി കറന്നെടുക്കാൻ സാധിക്കാതെ വരികയും അകിടിൽ പാൽ കെട്ടിക്കിടക്കാനിടയാകുകയും ചെയ്യുന്നു. 

പാലുൽപാദനക്കുറവ് തന്നെയാണ് ഇതിന്റെ പരിണിതഫലം.  

പ്രതിദിന പരമാവധി പാലുൽപാദനം (Peak yield) - കുറഞ്ഞ കാലയളവിനുള്ളിൽ 

ഒരു കറവക്കാലത്ത്, പരമാവധി പാലുൽപാദിപ്പിക്കുന്ന ദിവസത്തെ അളവാണ് പീക്ക് ഉൽപാദനം ( Peak yield) എന്നു പറയുന്നത്. സാധാരണയായി കറവ തുടങ്ങി 6-8 ആഴ്ചകൾക്കുള്ളിലാണ്  പ്രസ്തുത കറവക്കാലത്തെ പരമാവധി പാലുൽപാദനത്തിലെത്തുന്നത്. അതായത്,  ഇളംകറവയിൽ പ്രതിദിനം 10 കിലോഗ്രാം പാൽ ഉൽപാദിപ്പിക്കുന്ന പശു  6 -7 ആഴ്ചകൾ കഴിയുമ്പോൾ പരമാവധി ഉൽപാദനം 20 കിലോഗ്രാം ആയി ഉയരുകയും സാവധാനം 5 കിലോഗ്രാമായി കുറയുകയും ചെയ്യുന്നു. പരമാവധി പാലുൽപാദനം കഴിഞ്ഞുള്ള ഒരോ മാസവും പാലിന്റെ അളവ് 8 മുതൽ 10 ശതമാനമായി കുറയുന്നു.

എന്നാലിപ്പോൾ കറവ തുടങ്ങി  ഒരു മാസത്തിനുള്ളിൽ തന്നെ പശുക്കൾ പരമാവധി പാൽ ഉൽപാദിപ്പിക്കുകയും അതിനെത്തുടർന്നു പാലുൽപാദനം വളരെ വേഗത്തിൽ കുറയുന്നതുമാണ് കണ്ടുവരുന്നത് ( Low persistency). ഇപ്രകാരം നിശ്ചിത കാലയളവിനു മുൻപ് പശുക്കൾ പീക്ക് ഉൽപാദനത്തിൽ

എത്തുന്നതിലൂടെ ആ കറവക്കാലത്തെ പാലുൽപാദനം ഗണ്യമായ തോതിൽ കുറയുന്നു. 

അശ്രദ്ധമായ സങ്കരപ്രജനനം

കേരളത്തിൽ 80 ശതമാനത്തിലധികവും ഹോൾസ്റ്റീൻ ഫ്രീഷ്യൻ, ജഴ്സി, ബ്രൗൺസ്വിസ്  തുടങ്ങിയ പശുക്കളുടെ സങ്കരയിനങ്ങളാണ് (സുനന്ദിനി) . ഒരു കറവക്കാലത്ത്  ഇവയുടെ ശരാശരി ഉൽപാദനം 3100  ലീറ്ററാണ് (പ്രതിദിന പാലുൽപാദനം 9-10 ലീറ്റർ). ഇത്തരം പശുക്കളിൽ ഇതേയിനത്തിൽപ്പെട്ട കാളകളുടെ ബീജമാണ് കൃത്രിമ ബീജാധാനത്തിനായി ഉപയോഗിക്കേണ്ടത്. എന്നാൽ ഇവയിൽ നാടൻ ഇനത്തിൽപ്പെട്ട കാളകളുടെ ബീജം ഉപയോഗിച്ച് കൃത്രിമ ബീജാധാനം നടത്തിയാൽ ജനിക്കുന്ന  കിടാവിന്റെ പാലുൽപാദനം സ്വാഭാവികമായും കുറയുന്നു. അതായത്, നമ്മൾ വളർത്തുന്ന സങ്കരയിനം കന്നുകാലികളുടെ മുൻതലമുറയിൽ പാലുൽപാദനം കുറഞ്ഞ ജനുസുകൾ  ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അവയുടെ സന്തതികളുടെ ഉൽപാദനവും കുറവായിരിക്കും. 

വിദേശജനുസിന്റെ 75 ശതമാനമെങ്കിലും ഗുണമുള്ള സങ്കരയിനം കന്നുകാലികളിലാണ് പാലുൽപാദനം കൂടുതലുള്ളത്. 50 ശതമാനമെങ്കിലും വിദേശരക്തമുള്ള  ( Exotic inheritance) പശുക്കളെയാണ് നമുക്കാവശ്യം. കാരണം അവയ്ക്കാണ് മികച്ച ഉൽപാദനത്തോടൊപ്പം, ഉയർന്ന രോഗപ്രതിരോധശേഷിയും കാലാവസ്ഥയോട് ഇണങ്ങിച്ചേരാൻ കഴിവുമുള്ളത്. ഇത്തരത്തിൽ സങ്കരപ്രജനനത്തിൽ വളരെ ശ്രദ്ധ ചെലുത്തേണ്ടതാണ്. 

milk-dairy-farm-4

ജൈവപാലുൽപാദനം 

പൂർണമായും ജൈവരീതിയിൽ കന്നുകാലികളെ വളർത്തിയാലും പാലുൽപാദനം  ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. കേരളത്തിൽ   ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഫലമായി ജനിതകഗുണം ഏറെയുള്ള പശുക്കളിൽനിന്നു പോലും വളരെ കുറച്ച് പാൽ ലഭിക്കുന്ന അവസ്ഥയുണ്ട്. 

മൃഗസംരക്ഷണ മേഖലയിൽ നിലനിൽക്കുന്ന അബദ്ധധാരണകൾ 

സാധാരണയായി പ്രസവശേഷം  45 ദിവസങ്ങൾക്കുള്ളിൽ പശുക്കൾ മദി ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുകയും രണ്ടു മുതൽ മൂന്ന് മാസങ്ങൾക്കുള്ളിൽ അവയെ  കൃത്രിമ ബീജാദാനത്തിന് വിധേയമാക്കുകയുമാണ് ശാസ്ത്രീയരീതി. എന്നാൽ ഇപ്രകാരം കറവയുടെ  ആദ്യഘട്ടത്തിൽ പശുവിനെ ഗർഭവതിയാക്കാൻ ക്ഷീരകർഷകർ വിസമ്മതിക്കുന്നതായാണ് കാണുന്നത്. കറവയുടെ ആദ്യഘട്ടത്തിൽ തന്നെ ഗർഭം ധരിച്ചാൽ അവയുടെ പാലുൽപാദനം കുറയുമെന്നാണ് ഇക്കൂട്ടരുടെ ധാരണ. യഥാർത്ഥത്തിൽ വർഷത്തിൽ ഒരു കിടാവ് എന്ന രീതിയിൽ പ്രസവങ്ങൾ ക്രമീകരിക്കുന്നതാണ്  ലാഭകരവും ശാസ്ത്രീയവുമായ പശുപരിപാലന രീതി.  പ്രസവശേഷം അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷം ബീജാധാനം നടത്തുകയും തുടർന്ന്  ഗർഭം ധരിക്കുകയും ചെയ്താൽ അടുത്തടുത്ത രണ്ട് പ്രസവങ്ങൾ തമ്മിലുള്ള കാലാവധി  12 -13 മാസത്തിൽനിന്ന് 16-17 മാസങ്ങളായി ഉയരുകയാണ് ചെയ്യുന്നത്.  ആത്യന്തികമായി പശുക്കളിൽനിന്ന് ലഭിക്കാമായിരുന്ന ഒന്നോ രണ്ടോ കറവക്കാലമാണ് നമുക്ക് നഷ്ടപ്പെടുന്നത്. 

വറ്റുകാലത്ത് സാന്ദ്രീകൃതാഹാരം നൽകാതിരിക്കുക 

പശുക്കൾ  ഗർഭം ധരിച്ച ഏഴാം മാസം മുതൽ  തീറ്റയുടെ അളവ് ക്രമമായി കുറയ്ക്കുകയും ക്രമേണ പാൽ വറ്റിക്കുകയുമാണ് ചെയ്യുന്നത്. എന്നാൽ  പാലുൽപാദനം പൂർണമായി നിലച്ചതിനുശേഷം വീണ്ടും അവയുടെ നിലനിൽപ്പിന് ആവശ്യമായിട്ടുള്ള തീറ്റയും ഗർഭകാല അലവൻസും  നൽകേണ്ടതുണ്ട്.  എന്നാൽ  ഈ കാലഘട്ടത്തിൽ കാലിത്തീറ്റ നൽകാതിരിക്കുകയോ അല്ലെങ്കിൽ അളവ് വളരെയധികം കുറയ്ക്കുകയോ ചെയ്യുന്നതായി കാണാറുണ്ട്.   ഈ ഘട്ടത്തിൽ സാന്ദ്രീകൃതാഹാരം നൽകിയാൽ ഗർഭത്തിലുള്ള കിടാവ് ക്രമാതീതമായി വളർന്നു പോകുമെന്നും പ്രസവം ബുദ്ധിമുട്ടാകും എന്നതുമാണ്  ഇക്കൂട്ടർ പറയുന്ന ന്യായം.  കൂടാതെ പ്രസവത്തോടനുബന്ധിച്ച് അകിടിലും മറ്റു ശരീരഭാഗങ്ങളിലും നീര് വർധിക്കാൻ സാധ്യതയുണ്ടെന്നും ധരിക്കുന്നു.  ഇത് തീർത്തും അശാസ്ത്രീയമാണ്. 

മുൻപ്  സൂചിപ്പിച്ചതുപോലെ വറ്റുകാലത്ത് ആവശ്യത്തിനുള്ള  ആഹാരം നൽകുന്നത് പശുവിന്റെയും കിടാവിന്റെയും ആരോഗ്യം നിലനിർത്തുമെന്നു മാത്രമല്ല ഭാവികറവയിൽ മുന്തിയ ഉൽപാദനം ഉറപ്പാക്കുകയും ചെയ്യും. 

കറവമെഷീൻ ഉപയോഗം 

കറവ മെഷീൻ ഉപയോഗിക്കുമ്പോൾ പശുക്കളുടെ ആരോഗ്യത്തെ, പ്രത്യേകിച്ച് അകിടിനെ പ്രതികൂലമായി ബാധിക്കുമെന്നും അകിടുവീക്കം പോലുള്ള അസുഖങ്ങൾക്കു കാരണമാകുമെന്നും പാലുൽപാദനം കുറയുമെന്നും വിശ്വസിക്കുന്ന ചിലരുണ്ട്. മറ്റു ചിലരാകട്ടെ,  കറവ മെഷീൻ  ഉപയോഗിക്കുന്നതിന്   ഉയർന്ന പ്രായോഗിക പരിജ്ഞാനം വേണമെന്നും സാധാരണക്കാരെക്കൊണ്ട് സാധിക്കുകയില്ലെന്നും കരുതി മെഷീൻ ഉണ്ടായിട്ടുപോലും ഉപയോഗിക്കാതിരിക്കുന്നവരാണ്. യഥാർഥത്തിൽ മെഷീൻ കറവയാണ് കൈകറവയെക്കാൾ പശുക്കളുടെ ആരോഗ്യ സംരക്ഷണത്തിന്  കൂടുതൽ  ഫലപ്രദമായത്.  കാരണം  അകിടിന്റെ എല്ലാ ഭാഗത്തും നിശ്ചിത ക്രമത്തിൽ മാത്രം മർദ്ദം പ്രയോഗിക്കപ്പെടുന്നതിനാൽ അകിടിന് ക്ഷതമേൽക്കാനുള്ള  സാധ്യത വളരെ കുറവാണ്. മെഷീൻ കറവ ഉപേക്ഷിച്ച് കൈകറവയിലേക്ക് മാറുമ്പോൾ പാലുൽപാദനം കുറയാനാണ് സാധ്യത. 

ആന്റിബയോട്ടികകളുടെ ഉപയോഗം 

പശുക്കളിൽ പാലുൽപാദനത്തെ പ്രതികൂലമായി ബാധിക്കുന്ന സാമ്പത്തിക പ്രാധാന്യമുള്ള  രോഗമാണ്  അകിടുവീക്കം.  ഈ രോഗം വരാതിരിക്കാനുള്ള  മുൻകരുതലുകളെടുക്കുകയും അഥവാ വന്നാൽ തന്നെ ആരംഭത്തിൽതന്നെ തിരിച്ചറിയുകയും ശാസ്ത്രീയമായ ചികിത്സ നൽകുകയുമാണ് ഫലപ്രദമെന്നിരിക്കേ, ആന്റിബയോട്ടിക് ഉൾപ്പെടെയുള്ള  മരുന്നുകൾ നൽകിയാൽ പശുക്കളുടെ ആരോഗ്യം ക്ഷയിക്കുമെന്നും  പാലുൽപാദനം തീരെ കുറഞ്ഞുപോകുമെന്നും കരുതി ഇത്തരം മരുന്നുകൾ നൽകുന്നതിന്  വിസമ്മതിക്കുന്ന പ്രവണതയും  കർഷകരുടെയിടയിൽ നിലനിൽക്കുന്നുണ്ട്. പിന്നീട് രോഗം മൂർച്ഛിക്കുമ്പോൾ ചികിത്സിക്കുന്നതിലൂടെ  രോഗസൗഖ്യത്തിന് താമസം നേരിടുകയും പാലുൽപാദനം പൂർണമായോ ഭാഗികമായോ  നഷ്ടപ്പെടുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. 

പശുക്കളുടെ ആരോഗ്യപ്രശ്നങ്ങൾ 

പശുക്കളിൽ ശരീരികവും മാനസികവും വൈകാരികവുമായുണ്ടാകുന്ന ഏതുതരത്തിലുള്ള  ആരോഗ്യപ്രശ്നങ്ങളും പാലുൽപാദനക്കുറവിന്  കാരണമാകാം.  

പാൽ ചുരത്തുന്നതിന്  സഹായിക്കുന്ന ഓക്സിറ്റോസിൻ (Oxytocin) പാലുൽപാദനത്തെയും  അകിട്, പാൽ ഗ്രന്ഥികൾ  എന്നിവയുടെ വളർച്ചയ്ക്കും  വികസനത്തിനും സഹായിക്കുന്ന  പ്രൊലാക്ടിൻ (Prolactin), വളർച്ചാ ഹോർമോൺ (Growth hormone) തുടങ്ങിയ ഹോർമോണുകളുടെ അപര്യാപ്തത മൂലം പശുക്കളിലെ പാലുൽപാദനം കുറയാം. 

സബ്ക്ലിനിക്കൽ  രൂപത്തിലുള്ള അകിടുവീക്കം, കീറ്റോസിസ്, ക്ഷീരസന്നി തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത രോഗങ്ങൾ പശുക്കളിലെ പാലുൽപാദനം കുറയ്ക്കുന്നതിന് കാരണമാകുന്നു.  ആമാശയത്തിൽ അമ്ലാംശം കൂടുക,  ഉപാപചയപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ,  മാംസ്യം കാത്സ്യം, മെഗ്നീഷ്യം, ഫോസ്ഫറസ്,  സെലിനിയം, സിങ്ക്,  ഉപ്പ്,  വിറ്റാമിൻ എ, ഡി3, ഇ തുടങ്ങിയവയുടെ അപര്യാപ്തതയും പാലുൽപാദനക്കുറവിലേക്ക് നയിക്കുന്നു.  അകിടുവീക്കം പോലുള്ള  രോഗങ്ങൾ  യഥാസമയം കണ്ടെത്തി ചികിത്സിച്ചില്ലെങ്കിലും പാൽ കുറയാം. ചിലപ്പോൾ ഒന്നോ രണ്ടോ കാമ്പുകൾ തന്നെ നഷ്ടപ്പെട്ടേക്കാം.

കേരളത്തിലെ പശുക്കളിൽ ഉൽപാദനക്കുറവിന്  മറ്റൊരു പ്രധാന കാരണമായി കരുതുന്ന ഒന്നാണ് വിളർച്ച അഥവാ അനീമിയ.  രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് വിളർച്ചയുണ്ടാകുന്നത്.  ഇത് ഇരുമ്പ്, കോപ്പർ, കൊബാൾട്ട്, സെലിനിയം, ഫോളിക്ക് ആസിഡ്   തുടങ്ങിയവയുടെ അപര്യാപ്തത മൂലവുമുണ്ടാകാം. ആന്തരികവും ബാഹ്യവുമായ വിരബാധ, രക്തപരാദങ്ങൾ  എന്നിവ കാരണവുമാകാം. 

തൈലേറിയ, ബബീസിയ, അനാപ്ലാസ്മ തുടങ്ങിയ പരാദരോഗങ്ങൾ  മൂലം കേരളത്തിലെ കന്നുകാലികളിൽ ഗണ്യമായ തോതിൽ ഉൽപാദനക്കുറവ് രേഖപെടുത്തുന്നുണ്ട്. അനിയന്ത്രിതമായി പരാദനാശിനികൾ,  മരുന്നുകൾ എന്നിവ  ഉപയോഗിക്കുന്നതുമൂലം മേൽപ്പറഞ്ഞ രോഗങ്ങളുടെ വാഹകരായ പട്ടുണ്ണി,  ചെള്ള്,  പ്രാണികൾ  തുടങ്ങിയവയുടെ നിയന്ത്രണം അസാധ്യമായി തീർന്നിരിക്കുകയാണ്. 

അമിത അളവിൽ ധാന്യങ്ങൾ അടങ്ങിയ തീറ്റ (സാന്ദ്രീകൃതാഹാരം) നൽകുകയും അതോടൊപ്പം ആവശ്യത്തിനുള്ള  നാരുകൾ അടങ്ങിയ പരുഷാഹാരം  നൽകാതിരിക്കുകയും ചെയ്യുമ്പോൾ പശുക്കളുടെ ദഹനഅറയായ  റൂമനിലെ പിഎച്ച് മൂല്യം 5.6 ആയി കുറയുന്നു. ഇതിനെയാണ്  സബ് അക്യൂട്ട് റൂമിനറൽ ആസിഡോസിസ് ( Sub acute ruminal acidosis) എന്നു പറയുന്നത്. പശുക്കൾക്ക് നിരന്തരമായ ദഹനപ്രശ്നങ്ങളും കുളമ്പു സംബന്ധിച്ച രോഗങ്ങളും അനുഭവപ്പെടാം.  ഉൽപാദനക്കുറവിന്റെ ഒരു കാരണമിതാണ്. 

കറവപ്പശുക്കൾക്ക് 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം  ലഭ്യമാക്കേണ്ടതാണ്.  മേയാൻ വിടുന്ന പശുക്കൾക്ക്  ആവശ്യത്തിന് കുടിവെള്ളം  ലഭ്യമാകാതെ വരുമ്പോൾ  പാലുൽപാദനം കുറയുന്നു. 

ചലഞ്ച് ഫീഡിങ് നടപ്പിലാക്കാത്തതിനാൽ പാലുൽപാദനം കുറയാം

കറവയുടെ ആദ്യഘട്ടത്തിൽ  തീറ്റ യെടുക്കുന്നത് കുറവായതിനാൽ പശുക്കൾക്ക് കൂടുതൽ പോഷകസമ്പുഷ്ടമായ തീറ്റയാണ്  നൽകേണ്ടത്. കൂടാതെ ഒരോ നാല് ദിവസം കൂടുമ്പോഴും അര കിലോഗ്രാം എന്ന രീതിയിൽ  സാന്ദ്രീകൃതാഹാരം കൂട്ടി നൽകുകയും ഉൽപാദനം കൂടുന്നുണ്ടോ എന്ന് പരിശോധിക്കുകയും വേണം.  ഇപ്രകാരം ചലഞ്ച് ഫീഡിങ് ചെയ്യുന്നതിലൂടെ പരമാവധി പാലുൽപാദനം നേടാൻ സാധിക്കും.  തീറ്റ കൂട്ടിയിട്ടും പാലുൽപാദനം വർധിക്കാതെ വരുമ്പോൾ  തീറ്റയുടെ അളവ് പര്യാപ്തമാണെന്ന് കണക്കാക്കി ആ രീതിയിൽ തന്നെ തുടരുകയും ചെയ്യാം. 

സ്ഥലസൗകര്യമില്ലാത്ത തൊഴുത്തില്‍ പശുക്കള്‍ക്ക് കിടക്കാന്‍ കഴിയാതെ വരുന്നതും ദീര്‍ഘസമയം നില്‍ക്കേണ്ടിവരുന്നതും, വ്യായാമം ഇല്ലാത്തതും അവയെ സമ്മര്‍ദ്ദത്തിലാക്കുകയും പാല്‍ ചുരത്താന്‍ മടിക്കുന്ന അവസ്ഥയെത്തിക്കുകയും ചെയ്യുന്നു.   പശുക്കളെ മേയാൻ വിടുകയോ പുറത്ത് അഴിച്ചു കെട്ടുകയോ ചെയ്യാതെ തുടർച്ചയായി തൊഴുത്തിൽ തന്നെ കെട്ടുന്നത്  ഉപാപചയ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കുകയും  കുളമ്പ് സംബന്ധമായ രോഗങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. ആയതിനാൽ ചുരുങ്ങിയത് എട്ടു മണിക്കൂറെങ്കിലും കിടന്നു കൊണ്ട് അയവെട്ടാൻ സാധിക്കുന്ന വിധത്തിൽ സ്ഥലസൗകര്യമൊരുക്കുകയും തീറ്റ നൽകൽ, കുളിപ്പിക്കൽ,  തൊഴുത്ത് വൃത്തിയാക്കൽ തുടങ്ങിയവ ക്രമീകരിക്കുകയും വ്യായാമം ചെയ്യിക്കുകയും വേണം.   

അകിടിനെയും കാമ്പിനെയും ബാധിക്കുന്ന രോഗങ്ങൾ പാലുൽപാദനം കുറയ്ക്കാം. അകിടിന്റെയും കാമ്പുകളുടെയും ആകൃതി, വലുപ്പം, കാമ്പുകളുടെ നീളം തുടങ്ങിയവ പാലുൽപാദനത്തെ സ്വാധീനിക്കുന്നുണ്ട്.  കാമ്പിൽ മുറിവ്, പരുക്കൾ, വിണ്ടുകീറൽ,  തടസങ്ങൾ,  ഫിസ്റ്റുല, വളരെ ചെറിയ കാമ്പുകൾ തുടങ്ങിയവ പാൽ പൂർണമായി കറന്നെടുക്കുന്നത് തടസപ്പെടുത്തുന്നു. അതിന്റെ ഫലമായി പാലുൽപാദനവും കുറയുന്നു. 

പാലുൽപാദനത്തിന്റെ കാര്യത്തിൽ കേരളം സ്വയം പര്യാപ്തതയിലേക്ക് എത്തുന്നുവെങ്കിലും നമ്മുടെ പശുക്കളുടെ  ശരാശരി പ്രതിശീർഷ ഉൽപാദനം കുറവാണ്. ശാസ്ത്രീയ പരിപാലനത്തിലും  പ്രജനനത്തിലും , രോഗങ്ങളുടേയും രോഗവാഹകരുടെയും  നിയന്ത്രണത്തിനും, പുൽകൃഷി പ്രോൽസാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാൽ മാത്രമേ  നമ്മുടെ നാട്ടിലെ കന്നുകാലികളുടെ എണ്ണത്തിന് അനുസൃതമായിട്ടുള്ള പാലുൽപാദനം ലഭ്യമാകൂ.

English summary: Factors Affecting Milk Yield

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com