ADVERTISEMENT

അതിവൃഷ്ടി, മേഘസ്ഫോടനം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ– കാലാവസ്ഥാമാറ്റത്തിന്റെ  കെടുതികളിൽ ഉഴറുകയാണ് കേരളം. പേമാരി തിമിർക്കുമ്പോൾ സുരക്ഷിതരായി വീടിനുള്ളിലും ഓഫിസിലുമൊക്കെയിരുന്ന് ഇക്കാര്യങ്ങളെക്കുറിച്ച് ഉശിരോടെ ചർച്ച ചെയ്യുകയാണ് പലരും. എന്നാൽ മഴ കനക്കുമ്പോൾ വീട്ടിൽനിന്ന് ഇറങ്ങി യോടണമോയെന്നറിയാതെ, വിളകളെയും വളർത്തുമൃഗങ്ങളെയും എങ്ങനെ സംരക്ഷിക്കണമെന്നറിയാതെ വിഷമിക്കുന്ന ഒരു സമൂഹവും ഇവിടെയുണ്ട്. കാലാവസ്ഥാമാറ്റത്തിന്റെ ദുരിതങ്ങൾ ഏറ്റവും ആദ്യവും ഏറ്റവും രൂക്ഷമായും അനുഭവിക്കുന്നത് അവരാണ്.  പ്രകൃതിദുരന്തങ്ങളുടെ പേരിൽ ക്രൂരമായി വിചാരണ ചെയ്യപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും അവർതന്നെ– കര്‍ഷകര്‍. 

സർവതും ഉപേക്ഷിച്ച് പോകണമെന്ന ഉപദേശത്തിനപ്പുറം പ്രകൃതിക്ഷോഭങ്ങളുടെ ആവര്‍ത്തനകാലത്ത് കൃഷി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം. പ്രകൃതി പിണങ്ങുന്നതു മുന്‍കൂട്ടിയറിഞ്ഞ് ദുരന്തങ്ങള്‍ എങ്ങനെ ഒഴിവാക്കാം. കര്‍ഷകര്‍ക്കും സമൂഹത്തിനാകെയും വഴികാട്ടുന്ന രണ്ടു മാതൃകകള്‍ ഇതാ.  

rubber-maping-2

പ്രകൃതിദുരന്തസാധ്യത തിരിച്ചറിഞ്ഞ് അവയൊഴിവാക്കാന്‍ ഉതകുന്ന കൃഷിരീതികളിലേക്കു കര്‍ഷകരെ നയിക്കാന്‍ കോട്ടയത്തെ ഇന്ത്യൻ റബർ ഗവേഷണകേന്ദ്രത്തെയും മേധാവി ഡോ. എം.ഡി. ജെസിയെയും പ്രേരിപ്പിച്ചതു രണ്ടു വർഷം മുന്‍പുണ്ടായ പെട്ടിമുടി ദുരന്തമാണ്. മലഞ്ചെരുവുകളിലെ പ്രധാന കൃഷി റബര്‍ ആണല്ലോ. അതിനാല്‍ റബർതോട്ടങ്ങളെ മണ്ണിടിച്ചിലിൽനിന്നു സംരക്ഷിക്കാനുള്ള വഴിയാണ് ആദ്യം തേടിയത്. ഇതു സംബന്ധിച്ച വിവരശേഖരത്തിനായി പല ഏജൻസികളിലും അന്വേഷിച്ചു. മണ്ണിടിച്ചിൽ സാധ്യത സംബന്ധിച്ചു വിപുലമായ വിവ രശേഖരം സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിക്കുണ്ടായിരുന്നു. സംസ്ഥാനത്തുടനീളം ഫീൽഡ് സർവേ നടത്തി ശേഖരിച്ച അവരുടെ ഡേറ്റയും  കേരളത്തിന്റെ റബർകൃഷിമേഖലകളുടെ മാപ്പും കൂട്ടിയോജിപ്പിക്കുകയാണ് ആദ്യം ചെയ്തതെന്ന് ഡോ. ജെസി പറഞ്ഞു. 

ഇതിന്റെ അടിസ്ഥാനത്തിൽ റബർതോട്ടമേഖലയെ ഏറ്റവും അപകടകരം, മിതമായ അപകടസാധ്യതയുള്ളത്, അപകടസാധ്യത കുറഞ്ഞത്, അപകടരഹിതം എന്നിങ്ങനെ 4 മേഖലകളായി തിരിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള മൂന്നു മേഖലകളുടെയും സ്വഭാവമനുസരിച്ച് കൃഷിരീതിമാറ്റങ്ങൾ നിശ്ചയിക്കുകയായിരുന്നു അടുത്ത പടി. ഇപ്രകാരം കേരളത്തിലെ എല്ലാ ജില്ലകളിലെയും റബർ മേഖലയുടെ മാപ്പ് തയാറാക്കി ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപകടസാധ്യതയുടെ അടിസ്ഥാനത്തിൽ ചുവപ്പ്, മഞ്ഞ, കടും പച്ച, ഇളം പച്ച നിറങ്ങൾ നൽകി വേർതിരിച്ചിട്ടുള്ളതിനാൽ കൃഷിക്കാർക്ക് സ്വന്തം കൃഷിയിടം ഏതു മേഖലയിലാണെന്ന് അനായാസം തിരിച്ചറിയാം. ഓരോ മേഖലയിലും ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കൃഷിരീതികൾ  അറിയുന്നതിന് അതതു സ്ഥലങ്ങളുടെ നേരെ മൗസ് ക്ലിക് ചെയ്യുകയേ വേണ്ടൂ.

ഇക്കഴിഞ്ഞ ജൂലൈയിൽ ഈ മാപ്പ് പ്രസിദ്ധീകരിച്ചതിനു തൊട്ടുപിന്നാലെയുണ്ടായ അതിവൃഷ്ടിയിൽ കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും  മണ്ണിടിച്ചിലും ഉരുൾപൊട്ടലുമുണ്ടായി. റബർ ഗവേഷണകേന്ദ്രം പ്രസിദ്ധീകരിച്ച മാപ്പിൽ ഏറ്റവും അപകടസാധ്യതയുള്ള മേഖലകളായി ചൂണ്ടിക്കാണിച്ച  സ്ഥലങ്ങളിലാണ് ഈ ദുരന്തങ്ങളുണ്ടായ തെന്ന് ഡോ. ജെസി ചൂണ്ടിക്കാട്ടി. മുണ്ടക്കയം, പൂഞ്ഞാർ തെക്കേക്കര, കൂട്ടിക്കൽ എന്നിങ്ങനെ ദുരന്തമുണ്ടായ സ്ഥലങ്ങളെല്ലാംതന്നെ അപകടമേഖലകളായാണ് മാപ്പിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. മാപ്പിന്റെ ആധികാരികതയ്ക്കും പ്രയോജനക്ഷമതയ്ക്കുമുള്ള തെളിവ് കൂടിയാണിത്. മണ്ണിടിച്ചിൽ സാധ്യതയുടെ അടിസ്ഥാനത്തിൽ കൃഷി ക്രമീകരിക്കാൻ ഈ മാപ്പിൽ സ്വന്തം തോട്ടത്തിന്റെ സ്ഥാനം കണ്ടെത്തുകയേ വേണ്ടൂ.  

വാസ്തവത്തിൽ കൃഷിരീതികൾകൊണ്ടു മാത്രം  ഒരു സ്ഥലത്തും മണ്ണിടിച്ചിലുണ്ടാകുന്നില്ല. എന്നാൽ മറ്റു കാരണങ്ങളാലുണ്ടാകുന്ന മണ്ണിടിച്ചില്‍ രൂക്ഷമാക്കാൻ ചില കൃഷിരീതികൾ ഇടയാക്കും. അപകടസാധ്യതയുള്ളിടത്ത് ആവർത്തനക്കൃഷിക്കു യന്ത്രസഹായത്തോടെ കുഴിയെടുക്കുന്നതും നിലമൊരുക്കുന്നതും   ഒഴിവാക്കുകതന്നെ വേണം. എന്നാൽ ചെറുകുഴികളെടുത്ത് റബർ നടുന്നതിൽ തെറ്റില്ല. മണ്ണിനു വേണ്ടത്ര ആഴമുള്ള സ്ഥലങ്ങളിൽ റബർതൈകളുടെ കൂട അഥവാ കപ്പ് ഇറങ്ങാനുള്ള വലുപ്പമേ കുഴികൾക്ക് ആവശ്യമുള്ളൂ. വിവിധ സ്ഥലങ്ങളിലെ മണ്ണിന്റെ ആഴം വ്യക്തമാക്കുന്ന മാപ്പും റബർബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യവർഷങ്ങളിൽ ഇടവിളക്കൃഷിക്കായി മണ്ണിളക്കുന്നതും  അപകടമേഖലകളിൽ നന്നല്ല. അടിക്കാട് നിലനിര്‍ത്തുന്നത് വെള്ളത്തിന്റെ കുത്തിയൊഴുക്ക് തടയും. അപക്വകാലം പിന്നിട്ട റബർതോട്ടങ്ങളിൽ മണ്ണിളക്കേണ്ടതില്ലെന്ന് ഡോ. ജെസി ചൂണ്ടിക്കാട്ടി. എല്ലാ കർഷകരും ഈ മാപ്പ്  പ്രയോജനപ്പെടുത്തിയാൽ വരുംവർഷങ്ങളിൽ  റബർതോട്ടങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന് അവർ പ്രത്യാശിച്ചു.

പല ഘടകങ്ങളെ ആശ്രയിച്ചാണ് ഓരോ പ്രദേശത്തെയും മണ്ണിടിച്ചിൽ സാധ്യത. സ്ഥലത്തിന്റെ ചെരിവ് മാത്രമല്ല, മണ്ണിന്റെ  ഉറപ്പ്, നീരൊഴുക്ക്, അതിവൃഷ്ടിസാധ്യത എന്നിവയൊക്കെ പരിഗണിച്ചേ ഒരു പ്രദേശം അപകടസാധ്യതയുള്ളതാണോയെന്നു പറയാനാകൂ. ഏതെങ്കിലും ഒരു ഘടകത്തിന്റെ അടിസ്ഥാനത്തിൽ കൃഷിയിൽ നിയന്ത്രണം ആവശ്യമില്ല. അപകടം ഒഴിവാക്കുന്നതിനൊപ്പം  കർഷകരുടെ വരുമാനം നിലനിര്‍ത്താനാവുന്ന വിധത്തിൽ അറിവുകള്‍ ക്രമീകരിക്കുകയാണ് മാപ്പിങ്ങിലൂടെ ചെയ്തത്.  എന്നാല്‍ അറിവുകൾകൊണ്ടു മാത്രമായില്ല, അതിനനുസരിച്ച് കൃഷിയും ജീവിതവും ക്രമീകരിച്ചാലേ ജീവനും സ്വത്തും സംരക്ഷിക്കാനാകൂ. 

റബർതോട്ടങ്ങളുടെ മാത്രം  മണ്ണിടിച്ചിൽ സാധ്യതയാണ് ബോർഡ് മാപ്പ് ചെയ്തിട്ടുള്ളത്. ഇതേ രീതിയിൽ കേരള ത്തിലെ മുഴുവൻ മലയോര കൃഷിയിടങ്ങളും അപകടസാധ്യതയനുസരിച്ച് തരംതിരിക്കുകയും കൃഷിരീതികളിൽ  വരുത്തേണ്ട മാറ്റങ്ങളും ബദൽ നിർദേശങ്ങളും കർഷകരിലെത്തിക്കുകയും ചെയ്യാൻ കർഷകക്ഷേമവകുപ്പിനു സാധിക്കണം. ദുരന്തങ്ങൾ പൂർണമായി ഒഴിവാക്കിയില്ലെങ്കിലും അവയുടെ രൂക്ഷത ലഘൂകരിച്ച് അതിജീവനത്തിനു സാഹചര്യമൊരുക്കാൻ ഇതുവഴി സാധിക്കും.

rubber-maping-3

കേരളത്തിലെ റബർക്കൃഷി മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ രേഖപ്പെടുത്തിയ മാപ് കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English summary: Farmers' landslide risk perceptions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com