ADVERTISEMENT

കണ്ണൂര്‍ തലശ്ശേരി കീഴാറ്റൂര്‍ വിന്‍സി നിവാസിലെ കെ. റോജയെന്ന വീട്ടമ്മ ഇന്ന് ഉത്തര മലബാറിലെ അറിയപ്പെടുന്ന ആട് സംരംഭകരില്‍  ഒരാളാണ്. കേരളത്തിന്റെ തനത് ജനുസ്സായ മലബാറി ഇനം ആടുകളുടെ മികച്ച മാതൃ-പിതൃ ജനിതക ശേഖരമാണ് കീഴാറ്റൂരിലെ ഈ ഫാമിലുള്ളത്. കുഞ്ഞുങ്ങളുടെ വില്‍പ്പന വഴിയും പാല്‍, ചാണകം എന്നിവയുടെ വിപണനത്തിലൂടെയും മാസം ഇരുപതിനായിരത്തിലധികം രൂപവരെ സമ്പാദിക്കാന്‍ ഈ വീട്ടമ്മയ്ക്ക് ഇന്ന് കഴിയുന്നു. മലബാറി ആടുകളുടെ വംശവർധനയ്ക്കും സംരക്ഷണത്തിനും പ്രചരണത്തിനും നല്‍കിയ  സേവനങ്ങള്‍ക്കുള്ള ആദരവായി 2013ല്‍ ദേശീയതലത്തില്‍ നല്‍കുന്ന ബ്രീഡ് സേവ്യര്‍ പുരസ്കാരവും ഈ വീട്ടമ്മയെ തേടിയെത്തിയിരുന്നു. തലശ്ശേരി കീഴാറ്റൂരിലെ റോജയെന്ന വീട്ടമ്മ ഒരു ഉദാഹരണം മാത്രമാണ്. റോജയെ പോലെ മലബാറി ആടുകളെ മാത്രം വളര്‍ത്തി ആദായം നേടുന്ന അനേകം കര്‍ഷകര്‍  ഇന്ന് മലബാര്‍ മേഖലയിലുണ്ട്. മലബാറി ആടുകളെ അവയുടെ ഉറവിടങ്ങളില്‍ ജനിതകമേന്മ നിലനിർത്തി സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്‍റെ (I.C.A.R) സഹകരണത്തോടെ മലബാര്‍ മേഖലയില്‍ വെറ്ററിനറി സര്‍വകലാശാല നടപ്പിലാക്കുന്ന എഐസിആർപി ഓൺ ഗോട്ട് - മലബാറി ( All India Coordinated Research Project on Goat Improvement - Malabari) അഥവാ മലബാറി ആടുകളുടെ ജനിതക ഉന്നമനത്തിനായുള്ള സംയോജിത ഗവേഷണ പദ്ധതി എന്ന ആട് പരിരക്ഷണ പദ്ധതിയുടെ പങ്കാളികളും ഗുണഭോക്താക്കളുമാണ് ഈ കര്‍ഷകര്‍ എല്ലാവരും തന്നെ.

രണ്ട് പതിറ്റാണ്ടിന്റെ നിറവിൽ വെറ്ററിനറി സർവകലാശാലയുടെ മലബാറി ആട് പരിരക്ഷണ പദ്ധതി

കർഷകരുടെ സഹകരണത്തോടെ മലബാറി ജനുസ്സ് ആടുകളെ അവ ഉരുത്തിരിഞ്ഞ മേഖലകളില്‍നിന്നു തന്നെ കണ്ടെത്തി സംരക്ഷിക്കുക, ജനിതകശോഷണം വരാതെ കൂടുതല്‍ തലമുറയെ ഉല്‍പാദിപ്പിക്കുക, ആടുകളെ പരിപാലിക്കുന്ന കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി 2001 ഏപ്രിലിൽ തുടക്കം കുറിച്ച വെറ്ററിനറി സര്‍വകലാശാലയുടെ മലബാറി ആട് പരിരക്ഷണ പദ്ധതി ഇപ്പോള്‍ വിജയകരമായ രണ്ട് പതിറ്റാണ്ട് പിന്നിടുകയാണ്. മലബാറി ആടുകളുടെ ഉറവിട പ്രദേശമായി പരിഗണിക്കുന്ന ( ബ്രീഡിങ് ട്രാക്ക്) മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ താനൂർ, തിരൂർ കോട്ടയ്ക്കൽ, വടകര, പേരാമ്പ്ര, തലശ്ശേരി, തളിപ്പറമ്പ് മേഖലകളെയാണ് പദ്ധതി നടപ്പിലാക്കാനായി തിരഞ്ഞെടുത്തിട്ടുള്ളത്. ഈ മേഖലകളില്‍ മലബാറി ആടുകളെ വളര്‍ത്തുകയും, ആടുവളര്‍ത്താന്‍ താല്‍പര്യവുമുള്ള കര്‍ഷകരെ കണ്ടെത്തി അവരെ പദ്ധതിയുടെ പങ്കാളികളാക്കി, തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് ആടുവളർത്തലിൽ ശാസ്ത്രീയപരിശീലനം ഒപ്പം ആടുകൾക്ക് തീറ്റ, ഇന്‍ഷുറന്‍സ് തുടങ്ങിയ സഹായങ്ങളും ലഭ്യമാക്കി വരുന്നു. പ്രജനനത്തിനായി മേൽത്തരം ആടുകളെ കര്‍ഷകര്‍ക്ക് സർവകലാശാലയുടെ ഫാമിൽ നിന്ന് ലഭ്യമാക്കുകയും ചെയ്തുവരുന്നു.

ആട്, ആട്ടിൻ പാൽ, ആട്ടിൻ മൂത്രം, വളം എന്നിവയുടെ വിൽപനയ്ക്കായി കുടുംബശ്രീ യൂണിറ്റുകൾ, വൈദ്യശാലകൾ എന്നിവയുടെ സഹകരണത്തോടെ വിപണന ശ്യംഖലയ്ക്കും രൂപം നൽകിയിട്ടുണ്ട്. ആടുവളർത്തലിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന പുതിയ കർഷകർക്ക് ഈ പദ്ധതിയിൽ ചേരാൻ അവസരവുമുണ്ട്. കർഷകരുടെ ഫാമുകൾ സന്ദർശിച്ച് മാർഗനിർദേശങ്ങൾ നൽകാനും കൃത്യമായ വിലയിരുത്തൽ നടത്താനും വിവരങ്ങൾ ശേഖരിക്കുന്നതിനുമൊക്കെയായി വിപുലമായ സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. പാലക്കാട് ജില്ലയിലെ 43 കർഷകരെ ഉൾപ്പെടുത്തി നബാർഡ് സഹായത്തോടെയുള്ള മലബാറി ആടുകളുടെ സംരക്ഷണപദ്ധതിയും ഇതോടൊപ്പം സർവകലാശാലയിൽ നടന്നുവരുന്നു.

പദ്ധതിയുടെ ഭാഗമായി മലബാറി ആടുകളുടെ ഏറ്റവും ഗുണമേന്മയുള്ള ജനിതക ശേഖരത്തെ പദ്ധതിയുടെ ആസ്ഥാനമായ മണ്ണുത്തി വെറ്ററിനറി കോളേജിലെ ആട്, ചെമ്മരിയാട് വളര്‍ത്തല്‍ കേന്ദ്രത്തില്‍ സംരക്ഷിക്കുന്നുണ്ട്. ആവശ്യാനുസരണം ഇവിടെ നിന്ന് മാതൃപിതൃശേഖരത്തെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുകയും കര്‍ഷകരില്‍ നിന്ന് മികച്ച മാതൃപിതൃശേഖരം ഇവിടേക്ക് തിരിച്ചെടുക്കുകയും ചെയ്യുന്നു. ഇത് ജനിതകബന്ധമുള്ള ആടുകള്‍ തമ്മില്‍ ഇണ ചേര്‍ന്ന് അന്തര്‍പ്രജനനം നടന്ന് മേന്മ കുറഞ്ഞ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്ന സാഹചര്യം തടയാന്‍ സഹായിക്കുന്നു. മലബാറി ആടുകളുടെ ജനിതക ഉന്നമനത്തിനായുള്ള സംയോജിത ഗവേഷണ പദ്ധതി ഇന്ന് ഇരുപത് വര്‍ഷം പിന്നിടുമ്പോള്‍ ഇതില്‍ പങ്കാളികളായി ആടുവളര്‍ത്തലിലൂടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തിയ കര്‍ഷകര്‍ നിരവധിയാണ്. പലരും ക്രമേണ മികച്ച ആടുവളർത്തൽ സംരംഭകരായി.

malabari-goat-2
മലബാറി ആട്ടിൻകുഞ്ഞുങ്ങൾ

മലബാറി ആടുകളുടെ ജനിതകസമ്പത്തിൽ വളർച്ച 

മലബാറി ആട് പരിരക്ഷണ പദ്ധതിയിലൂടെ മലബാറി ആടുകളുടെ ജനിതകസമ്പത്തിന് ഉണ്ടായ നേട്ടങ്ങൾ ഏറെ. പദ്ധതിയുടെ ഫലമായി സംസ്ഥാനത്ത് മലബാറി ആടുകളുടെ എണ്ണത്തിൽ ആദ്യമുണ്ടായിരുന്നതിനേക്കാൾ 88.3% വരെ വളര്‍ച്ചയുണ്ടായെന്നാണ് കണക്കാക്കുന്നത്. ആടുവളര്‍ത്തലുമായി ബന്ധപ്പെട്ട ശാസ്ത്രീയ അവബോധവും അതിനുള്ള സാഹചര്യങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കിയതോടെ ആടുകളുടെ വളര്‍ച്ചനിരക്ക് വർധിച്ചു. കുഞ്ഞുങ്ങളുടെ മരണനിരക്കില്‍ കുറവുണ്ടായി. പദ്ധതി നടപ്പിലാക്കുന്ന ഫാമുകളില്‍ ആടുകളുടെ മരണനിരക്ക് വെറും 2.24 മാത്രമാണന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആടുവളര്‍ത്തലുമായി ബന്ധപ്പെട്ട നിരവധി സാങ്കേതികവിദ്യകള്‍ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. ആട്ടിന്‍ പാലില്‍ നിന്നുള്ള പനീര്‍, പേഡ, രസഗുള തുടങ്ങിയ മൂല്യവർധിത ഉല്‍പ്പന്നങ്ങള്‍, മലബാറി ആടുകളുടെ വിളര്‍ച്ചാ നിര്‍ണ്ണയ സൂചിക, മില്‍ക്ക് റീപ്ലേസര്‍, റബര്‍മാറ്റ്, ഫൂട്ട് ഡിപ്പ്, ഭാരനിര്‍ണ്ണയസഹായി തുടങ്ങിയവ ഇവയില്‍ ചിലതാണ്. മലബാറി ആടുകളുടെ ജനിതക ഉന്നമനത്തിനായുള്ള ഈ സംയോജിത ഗവേഷണ പദ്ധതിയിൽ പങ്കാളികളായി മലബാറി ജനുസ്സ് ആടുകളുടെ സംരക്ഷണത്തിന് മികച്ച സംഭാവനകൾ നൽകിയ മൂന്ന് കർഷകർക്ക് ദേശീയ തലത്തിൽ നൽകുന്ന പുരസ്കാരമായ ബ്രീഡ് സേവ്യര്‍ അവാര്‍ഡ് വിവിധ വർഷങ്ങളിൽ ലഭിച്ചിരുന്നു. തനത് ജീവിജനുസ്സുകളെ ഉറവിടങ്ങളിൽത്തന്നെ സംരക്ഷിക്കുന്ന പരിശ്രമങ്ങൾക്ക് ദേശീയ ജൈവ വൈവിധ്യബോർഡുമായി സഹകരിച്ച് നാഷണൽ ആനിമൽ ജനറ്റിക് റിസോഴ്സസ് ബ്യൂറോയും 'സേവ' എന്ന പരിസ്ഥിതി സംഘടനയും ചേർന്ന് ദേശീയതലത്തിൽ ഏർപ്പെടുത്തിയതാണ് ബ്രീഡ് സേവ്യര്‍ പുരസ്കാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com