ADVERTISEMENT

തെങ്ങ് പ്രധാന വിളയായ 36 ഏക്കര്‍ കൃഷിയിടമാണ് പാലക്കാട് മീനാക്ഷിപുരം സ്വദേശി ദീശന്‍ ഫാംസ് ഉടമ ജെ. ജ്ഞാനശരവണനുള്ളത്. തെങ്ങ് കൂടാതെ, വാഴ, കമുക്, പേര, നെല്ല്, ജാതി തുടങ്ങിയ വളകളും ഇവിടെ വളരുന്നു. കുടുംബാംഗങ്ങളുടെയെല്ലാം കൃഷിയിടം നോക്കി നടത്തുന്നത് ജ്ഞാനശരവണനായതുകൊണ്ടാണ് കൃഷിയിടത്തിന്റെ വിസ്തൃതി 36 ഏക്കറായത്.

നാടന്‍ പശുക്കളെ കേന്ദ്രീകരിച്ച് പൂര്‍ണമായും ജൈവവളങ്ങളാണ് ഈ കൃഷിയിടത്തില്‍ ഉപയോഗിക്കുക. നാടന്‍ പശുക്കളുടെ ചാണകം, മൂത്രം, കടലമാവ്, ശര്‍ക്കര, ഒരുപിടി മണ്ണ് എന്നിവ 200 ലീറ്റര്‍ ബാരലില്‍ നിക്ഷേപിച്ച് വെള്ളത്തില്‍ നന്നായി ഇളക്കിച്ചേര്‍ക്കുന്നു. 4 ദിവസംകൊണ്ട് ഈ മിശ്രിതം പുളിച്ച് ഉപയോഗിക്കാന്‍ പാകത്തിനാകും. 200 ലീറ്ററിന്റെ ഒട്ടേറെ ബാരലുകള്‍ പരസ്പരം ബന്ധിച്ചാണ് ഇവിടെ ജീവാമൃത യൂണിറ്റ് തയാറാക്കിയിരിക്കുന്നത്. ദിവസവും 5 ബാരലുകളിലെ ജീവാമൃതം കൃഷിയിടത്തിലെത്തിക്കുന്നതിനൊപ്പം 5 ബാരലുകളില്‍ തയാറാക്കുകയും ചെയ്യുന്നുണ്ട്.

സെമി ഓട്ടോമാറ്റിക് രീതിയില്‍ ആണ് ജീവാമൃത യൂണിറ്റില്‍നിന്ന് വളക്കൂട്ട് കൃഷിയിടത്തിലെത്തിക്കുന്നത്. 200 ലീറ്ററിന്റെ ബാരലുകളില്‍ തയാറാക്കുന്ന ജീവാമൃതം പമ്പ് ചെയ്ത് കൃഷിയിടത്തിലെത്തിക്കുന്നു. ബാരലിന് അടിയിലെ വാല്‍വ് തുറന്നാല്‍ തൊട്ടടുത്ത കുളത്തിലെ വേള്ളത്തോടൊപ്പം കൃഷിയിത്തിലേക്ക് എത്തിക്കുന്ന രീതിയാണിത്. പമ്പിങ്ങിനൊപ്പംതന്നെ ജീവാമൃതം നേര്‍പ്പിക്കുകയും ചെയ്യും. ഏതു പ്രദേശത്തേക്കാണോ വളം നല്‍കേണ്ടത് എന്നു തീരുനിച്ച് ആ ഭാഗത്തേക്കുള്ള ഗേറ്റ് വാല്‍വ് തുറന്നാല്‍ വളം അവിടെ എത്തും. മൊത്തം 36 ഗേറ്റ് വാല്‍വുകളാണ് ഇവിടുള്ളത്. അതുകൊണ്ടുതന്നെ ജോലിഭാരമില്ല. 

പൂര്‍ണമായും ജൈവകൃഷി എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ ജനുസുകളായ സഹിവാള്‍, ഗിര്‍, കാങ്ക്രജ്, കാങ്കയം തുടങ്ങിയ ഇനം പശുക്കളെയാണ് ഇവിടെ സംരക്ഷിച്ചുപോരുന്നത്. ഇന്ത്യന്‍ ഇനങ്ങളായ ഇവയുടെ ചാണകത്തില്‍ സൂക്ഷ്മജീവികളുടെ അളവ് കൂടുതലാണെന്ന് ജ്ഞാനശരവണന്‍ പറയുന്നു. അത് കൃഷിയിടത്തിന്റെ ഫലഭൂയിഷ്ടത വര്‍ധിപ്പിക്കും. തൊഴുത്തിലെ ചാണകവും മൂത്രവും 45000 ലീറ്റര്‍ ശേഖരണശേഷിയുള്ള ടാങ്കിലേക്കാണ് എത്തുന്നത്. അവിടെനിന്ന് പമ്പ് ഉപയോഗിച്ച് കൃഷിയിടത്തിലേക്ക് എത്തിക്കും. പുറത്തേക്കു വരുന്ന സ്ലറി മണ്ണിരക്കമ്പോസ്റ്റ് ആക്കി മാറ്റും. തെങ്ങിനും പേരയ്ക്കും മാസത്തില്‍ രണ്ടു തവണ വീതം ജീവാമൃതം നല്‍കും. പേരയുടെ പൂവിടലിനും വളര്‍ച്ചയ്ക്കും പഞ്ചഗവ്യവും നല്‍കുന്നുണ്ട്.

English summary: How to prepare Jeevamrutham at home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com