ADVERTISEMENT

മൂന്നു മാസം പ്രായമെത്തുന്നതു വരെ പാൽ തന്നെയാണ് പശുക്കിടാക്കളുടെ പ്രധാന ആഹാരം. കിടാവിനെ തള്ളപ്പശുവിൽ നിന്നും മാറ്റി (വീനിങ്  രീതി ) കിടാവിന് പാല്‍ പ്രത്യേകം കറന്നുകൊടുത്ത് വളര്‍ത്തുകയാണെങ്കില്‍ ആദ്യത്തെ ഒരു മാസം പ്രായത്തിൽ കിടാവിന്റെ ശരീരതൂക്കത്തിന്റെ 1/10 എന്ന അളവിൽ പാൽ ദിവസവും നൽകണം. ഒറ്റയടിക്ക് നൽകാതെ രണ്ടോ മൂന്നോ തവണകളായി വേണം പാൽ നൽകേണ്ടത്. അതായത്‌, ഏകദേശം 30 കിലോഗ്രാം തൂക്കമുള്ള ഒരു കിടാവിന് ദിവസം ആകെ 3 കിലോഗ്രാം പാല്‍ തവണകളായി നൽകണം. 

ശരീരതൂക്കത്തിന്റെ 1/15 എന്ന അളവിൽ പാൽ കിടാവിന് രണ്ട് മാസം പ്രായമെത്തുമ്പോഴും 1/20 എന്ന അളവിൽ പാൽ മൂന്നാം മാസം പ്രായമെത്തുമ്പോഴും നൽകണം. ഒരു ദിവസം നൽകേണ്ട ആകെ പാൽ രണ്ടു തവണകളായി കൊടുത്ത് വളര്‍ത്തുന്ന കിടാക്കളെക്കാള്‍ വളർച്ചയുള്ളവയായിരിക്കും അതേ അളവ് പാല്‍ മൂന്നോ നാലോ  തവണകളായി കൊടുത്ത് വളര്‍ത്തുന്ന കിടാക്കള്‍. കറന്നെടുത്ത പാൽ കിടാക്കൾക്ക് കൃത്യമായ അളവിൽ നൽകുന്നതിനായി കാഫ് ഫീഡിംഗ് ബക്കറ്റുകളോ ബോട്ടിലുകളോ ഉപയോഗിക്കാം. തണുത്ത പാലാണെങ്കിൽ ഇളം ചൂടിൽ വേണം കിടാക്കൾക്ക് നൽകേണ്ടത്.

മിൽക്ക് ഫീഡിങ് ബക്കറ്റിൽ കിടാവിന് പാൽ നൽകുമ്പോൾ അകിടിൽനിന്ന് പാൽ നുണയുന്ന അതേ രീതിയിൽ ചെറുതായി ചവച്ചു വലിച്ച‌ു കുടിക്കാവുന്ന രീതിയിൽ നിപ്പിളുകളുള്ള പാത്രങ്ങളിൽ വേണം പാൽ നൽകേണ്ടത്. അതോടൊപ്പം കിടാവിന്‌ കഴുത്ത് പൊക്കിപ്പിടിച്ച് അൽപം ചെരിച്ചു  വലിച്ചു കുടിക്കാവുന്ന വിധത്തിൽ ഏകദേശം അകിടിന്റെ അതെ ഉയരത്തിൽ വേണം മിൽക്ക് ഫീഡിങ്  ബക്കറ്റുകൾ  തൊഴുത്തിൽ ക്രമീകരിക്കേണ്ടത്. എങ്കിൽ  മാത്രമേ കിടാവ് കുടിക്കുന്ന പാൽ അന്നനാളത്തിന്റെ ചലനങ്ങൾ കൃത്യമായി നടന്ന് ദഹനവും ആഗിരണവും നടക്കുന്ന അബോമാസം എന്ന ആമാശയ അറയിൽ നേരിട്ട്  എത്തിച്ചേരുകയുള്ളൂ‌. അതല്ലെങ്കിൽ കിടാക്കളിൽ പൂർണമായും വികസിക്കാത്ത റൂമെൻ എന്ന ആമാശയ അറയിലേക്ക് പാൽ വഴിമാറി  ഒഴുകിയെത്തുകയും കെട്ടികിടന്ന് പിന്നീട് വയറിളക്കത്തിന് കാരണമായി തീരുകയും ചെയ്യും. ഇക്കാരണംകൊണ്ടുതന്നെ പരന്ന പാത്രങ്ങളിൽ പാൽ നിറച്ച് തറയിൽ വച്ച് കിടാക്കൾക്ക് നൽകുന്നത് ഒഴിവാക്കണം. എന്നാൽ കുടിവെള്ളം തറയിൽ വെച്ച പാത്രങ്ങളിൽ തന്നെ നിറച്ചുനൽകാം. ഓരോ തവണ പാൽ നൽകുന്നതിനും മുൻപായി മിൽക്ക് ഫീഡിങ് ബക്കറ്റുകളും നിപ്പിളുകളും അണുനാശിനി ഉപയോഗിച്ചോ ചൂടുവെള്ളത്തിലോ  കഴുകി വൃത്തിയാക്കാൻ മറക്കരുത്.

നൽകുന്ന  പാലിന്റെ അളവ് ക്രമേണ കുറയ്ക്കുന്നതിനൊപ്പം സാന്ദ്രീകൃതാഹാരത്തിന്റെയും പുല്ലിന്റെയും അളവ് കൂട്ടി നൽകണം. നാരിന്റെ അളവ് കുറഞ്ഞതും  മാംസൃത്തിന്റെ അളവുയർന്നതുമായ  സാന്ദീകൃതാഹാരമായ കാഫ് സ്റ്റാർട്ടർ തീറ്റയും, ചെറുതായി അരിഞ്ഞ തീറ്റപുല്ലും കുറഞ്ഞ അളവിൽ രണ്ടാഴ്ച പ്രായമായത് മുതൽ കിടാക്കൾക്ക് നൽകണം. കോംഗോ സിഗ്‌നൽ,  ഗിനിപ്പുല്ല് തുടങ്ങിയ മൃദുവായ തീറ്റപ്പുല്ലുകളാണ് കിടാക്കൾക്ക് ഏറ്റവും അനിയോജ്യം. നാലാം ആഴ്ച മുതൽ 50 - 100 ഗ്രാം അളവിൽ കാഫ് സ്റ്റാർട്ടർ നൽകാം. ഓരോ രണ്ടാഴ്ച കൂടും തോറും സാന്ദ്രീകൃതാഹാരത്തിന്റെ അളവ് നൂറ് മുതൽ നൂറ്റിയൻപത് ഗ്രാം വരെ വർധിപ്പിച്ച് ആറാം മാസത്തോട് കൂടി ഒന്നരക്കിലോഗ്രാം വരെ കാഫ് സ്റ്റാർട്ടർ നൽകാം. തീറ്റപ്പുല്ല് നൽകുന്നത് ഘട്ടംഘട്ടമായി വർധിപ്പിച്ച് ആറ് മാസമെത്തുമ്പോൾ 5 - 6 കിലോഗ്രാം വരെ നൽകാം. കറവപശുക്കളുടെ തീറ്റ കിടാക്കൾക്ക് നൽകുന്നത് തീർച്ചയായും ഒഴിവാക്കണം.

മുതിർന്ന പശുക്കളെ പോലെ തീറ്റപുല്ലും മറ്റ് പരുഷാഹാരങ്ങളും പൂർണമായി തിന്നുതുടങ്ങിയിട്ടില്ലാത്തതിനാൽ ധാതുലവണങ്ങൾ, വിറ്റാമിൻ എ, ഡി, ഇ തുടങ്ങിയ ജീവകങ്ങൾ എന്നിവയുടെ അപര്യാപ്തയ്ക്ക് കിടാക്കളിൽ ഉയർന്ന സാധ്യതയുണ്ട്. ധാതുജീവകങ്ങളുടെ അപര്യാപ്ത പലരീതിയിലുള്ള ശാരീരിക പ്രശ്നങ്ങൾക്കും ശരീരതളർച്ചക്കും വളർച്ച മുരടിപ്പിനും കിടാക്കളിൽ കാരണമാവാറുണ്ട്. ഇതൊഴിവാക്കാൻ  ഒരാഴ്ച പ്രായമായത് മുതൽ ജീവകങ്ങളും ധാതുലവണങ്ങളും അടങ്ങിയ മിശ്രിതങ്ങൾ കിടാക്കൾക്ക് നൽകുന്നത് അഭികാമ്യമാണ്‌. പത്തു ദിവസം പ്രായമെത്തുമ്പോൾ ടോക്സോകാര എന്നയിനം ഉരുളൻ വിരകളെ തടയാനുള്ള മരുന്ന് കിടാക്കൾക്ക് നൽകണം. തുടർന്ന് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും വിരമരുന്ന് നൽകണം. കിടാക്കളിലെ വിളര്‍ച്ചയും വയറുന്തലും രോമം കൊഴിച്ചിലും മണ്ണുതീറ്റയും, വയറിളക്കവും പല്ലരയ്ക്കലും വിരബാധയുടെ ലക്ഷണമാവാം. വിരബാധ തടയുന്നതിനായി മൂന്ന് മാസം പ്രായം എത്തുന്നത് വരെ എല്ലാ മാസവും വിരമരുന്ന് മുടക്കമില്ലാതെ നൽകണം.

മികച്ച കിടാക്കളെ തിരഞ്ഞെടുക്കാം 

ഫാമിൽ ഉണ്ടാവുന്ന പശുകിടാക്കളിൽ നിന്നും ഏറ്റവും മികച്ചവയെ തിരഞ്ഞെടുത്ത് ശാസ്ത്രീയ പരിപാലനം നൽകി വളർത്തിയാൽ രണ്ടര വർഷത്തിനുള്ളിൽ അവയെ തിരിമുറിയാതെ നറുംപാല്‍ ചുരത്തുന്ന കാമധേനുക്കളാക്കി മാറ്റാം. വലിയ വില നൽകി പുതിയ പശുക്കളെ വാങ്ങി ഫാമിലെത്തിക്കുന്നതിനേക്കാൾ എപ്പോഴും ആദായകരം ഫാമിൽ ജനിച്ചുണ്ടാവുന്ന കിടാക്കളിൽ നിന്നും മികച്ചവയെ കണ്ടെത്തി നല്ല പരിചരണം നൽകി പശുക്കളാക്കി മാറ്റുന്നതായിരിക്കും.

മൂന്നാം മാസം പ്രായമെത്തുമ്പോൾ നല്ല കിടാക്കളെ പ്രത്യേകം തിരഞ്ഞെടുത്ത് വളർത്തണം. കിടാവിന്റെ വളർച്ചയുടെയും ശരീരതൂക്കത്തിന്റെയും തള്ളപ്പശുവിന്റെ പാലുൽപാദനശേഷിയുടെയും അടിസ്ഥാനത്തിലാണ് നല്ല കിടാക്കളുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. നല്ല വളർച്ചാ ശേഷിയുള്ള കിടാക്കളുടെ ശരീരതൂക്കം മൂന്ന് മാസത്തിനുള്ളിൽ ജനിക്കുമ്പോഴുള്ള ശരീരതൂക്കത്തിന്റെ ഇരട്ടിയാവും. ആറു മാസം പ്രായമെത്തുമ്പോൾ വീണ്ടും ഇരട്ടിക്കും. ഈ ഘടകങ്ങൾ പരിഗണിച്ച് കിടാക്കളെ തിരഞ്ഞെടുത്ത് സമീകൃതാഹാരം നൽകി വളർത്തിയാൽ 14 - 16 മാസത്തിനുള്ളിൽ കിടാരികൾ പ്രായപൂർത്തിയും പ്രത്യുൽപ്പാദനശേഷിയും കൈവരിക്കും. നല്ല മദിക്കോളിൽ കൃത്രിമ ബീജാധാനം നടത്തിയാൽ രണ്ടര വയസ് പ്രായമെത്തുമ്പോൾ ആദ്യ പ്രസവം നടക്കും. മാത്രമല്ല മികച്ച കിടാരികൾക്ക് വിപണിയിൽ നല്ല മൂല്യവും അവയെ വളർത്താനായി നല്ല വില നൽകി വാങ്ങാൻ ആവശ്യക്കാരുമുണ്ട്. അതുകൊണ്ട് ഫാമിലെ ഇത്തരം കിടാരി യൂണിറ്റുകൾ കർഷകന് ആദായം നേടി നൽകും.

English summary: Basic care practices for healthy calves

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com