ADVERTISEMENT

നെൽപ്പാടങ്ങളിൽ കാട്ടുപന്നികൾ കയറി നാശമുണ്ടാക്കുന്നതു തടയാൻ ഡ്രോൺ വഴി ജൈവലായനി തളിച്ച് പരീക്ഷണവുമായി കണ്ണൂർ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയും കൃഷി വകുപ്പും. തമിഴ്നാട് കാർഷിക സർവകലാശാലയുടെ സഹകരണത്തോടെ കർഷകർ രൂപപ്പെടുത്തിയ ഹെർബോലിവ് എന്ന ജൈവലായനിയാണ് പാടത്ത് തളിച്ചത്. മയ്യിൽ പഞ്ചായത്തിലെ നെല്ലിക്കപ്പാലം പാടശേഖരത്തിലാണ് മരുന്നു തളിച്ചത്. വിത്ത് ഗ്രാമം പദ്ധതിയുടെ ഭാഗമായി അത്യുൽപാദന ശേഷിയുള്ള ഉമ നെൽവിത്തുകൾ കൃഷിയിറക്കിയ പാടമാണ് ഇത്. 20 മിനിറ്റുകൊണ്ട് ഒരേക്കറോളം സ്ഥലത്ത് പൂർണമായും ലായനി സ്പ്രേ ചെയ്യാൻ സാധിച്ചു. 

ഒരിക്കൽ മരുന്ന് തളിച്ചാൽ 25–30 ദിവസമാണ് ജൈവപ്രതിരോധം നിലനിൽക്കുക. അതിനു ശേഷം വീണ്ടും തളിക്കേണ്ടിവരും. ലായനി വളർച്ചാത്വരകമായിക്കൂടി പ്രവർത്തിക്കും എന്നതിനാൽ മികച്ച വിളവ് ലഭിക്കാനും ഇതു സഹായിക്കും. കാട്ടുപന്നികളെ മാത്രമല്ല, ആന, മയിൽ, ചിലയിനം കീടങ്ങൾ എന്നിവയിൽ നിന്നെല്ലാം കൃഷിവിളകളെ രക്ഷിക്കാൻ ‘ഹെർബോലിവിനു’ കഴിയുമെന്നു തമിഴ്നാട്ടിൽ ഈ വളപ്രയോഗം നടത്തിയ കർഷകർ പറയുന്നു. ഒന്നര മാസം മുൻപ് സാംപിൾ മയ്യിലെ ചില പാടങ്ങളിൽ ഹാൻഡ് പമ്പ് ഉപയോഗിച്ച് സ്പ്രേ ചെയ്തിരുന്നു. ഇത് വിജയകരമായ സാഹചര്യത്തിലാണ് ഡ്രോൺ ഉപയോഗിച്ച് വിപുലമായ രീതിയിൽ മരുന്നുതളി ആരംഭിച്ചത്.

ചെടികളുടെ സത്തും പുളിപ്പിച്ച പഴങ്ങളുടെ സത്തും പഞ്ചഗവ്യവും അടങ്ങുന്ന ലായനിയാണ് ഹെർബോലീവ് എന്ന് നിർമാതാക്കളായ മിവിപ്രോ പ്രൈവറ്റ് ലിമിറ്റഡിന്റെ ക്ലസ്റ്റർ ഡവലപ്മെന്റ് മാനേജർ സി.ജഗദീശൻ പറഞ്ഞു. രാസവസ്തുക്കളൊന്നും അടങ്ങിയിട്ടില്ലാത്ത ഉൽപന്നമാണിതെന്നും അദ്ദേഹം പറയുന്നു. ഡ്രോൺ ഉപയോഗിച്ച് സസ്യങ്ങളുടെ ഇലകളിൽ നേരിട്ട് മരുന്ന് തളിക്കുമ്പോൾ കൂടുതൽ ഗുണം ലഭിക്കുമെന്നു‌ മയ്യിൽ കൃഷി ഓഫിസർ എസ്.പ്രമോദ് പറഞ്ഞു. ഒരു മണിക്കൂർ സമയം ഡ്രോൺ ഉപയോഗിക്കാൻ ഏകദേശം 800 രൂപയാണ് വാടക. 

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്, മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.റിഷ്ന, പഞ്ചായത്ത് അംഗങ്ങളായ രവി മാണിക്കോത്ത്, എം.ഭരതൻ, കൃഷി ഡപ്യൂട്ടി ഡയറക്ടർ ജോസഫ് ജോഷി വർഗീസ്, ഇരിക്കൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ.ആദർശ്, മണ്ണ് പരിശോധന കേന്ദ്രം കണ്ണൂർ കൃഷി ഓഫിസർ ഇ.പ്രമോദ്, കൃഷി അസിസ്റ്റന്റ് പി.വി.മോഹനൻ, മയ്യിൽ റൈസ് പ്രൊഡ്യൂസേഴ്സ് കമ്പനി മാനേജിങ് ഡയറക്ടർ ടി.കെ.ബാലകൃഷ്ണൻ, ചെയർമാൻ കെ.കെ.രാമചന്ദ്രൻ എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.

പരീക്ഷണത്തിനു പിന്നിൽ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി

കൃഷി നഷ്ടമാണെന്നു പറയുവരോട് പാടത്തുപോയി പണിനോക്കാൻ ചങ്കൂറ്റത്തോടെ പറയാൻ കഴിയുന്ന ഒരൊറ്റ കൂട്ടായ്മയേ കേരളത്തിലുണ്ടാകൂ.. അതാണ് മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി. ഏതെങ്കിലും പാടത്തുപോയി പണി നോക്കിനിന്നിട്ടു കാര്യമില്ല, മയ്യിലും കുറ്റ്യാട്ടൂരിലും സമീപ പഞ്ചായത്തുകളിലുമെല്ലാം ഏക്കറുകണക്കിനു പാടത്ത് ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെയ്യുന്ന കാര്യങ്ങൾ കണ്ടുപഠിക്കണം. നിലമൊരുക്കലും വിത്തിടലും ജലസേചനവും വളപ്രയോഗവും കൊയ്ത്തും മെതിയും അവസാനം നെല്ലായും മൂല്യവർധിത ഉൽപ്പന്നങ്ങളായും വിപണിയിൽ എത്തിക്കുന്നതുവരെ മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി ചെയ്തതെല്ലാം പഠിക്കേണ്ട പാഠങ്ങളാണ്. ലാഭകരമായി ആർക്കും മണ്ണിലിറങ്ങാൻ ആവേശംപകരുന്ന അനുഭവ പാഠങ്ങൾ. മയ്യിലിൽ തുടങ്ങി സമീപ പഞ്ചായത്തുകളിലേക്കും ജില്ലയ്ക്കു പുറത്തേക്കുമെല്ലാം മയ്യിൽ മാതൃക വ്യാപിപ്പിക്കുന്നതും അനുഭവങ്ങളിൽ നിന്നു പഠിച്ച ഈ ‘കൃഷിപാഠ’ശേഖരങ്ങളുടെ മികവിലാണ്.

2017 ജൂൺ 8നു നിലവിൽ വന്ന മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനി മയ്യിലിനു മാത്രമല്ല, സംസ്ഥാനത്തിനാകെ മാതൃകയാണ്. കാർഷിക കലണ്ടർ തയാറാക്കിയും യന്ത്രങ്ങൾ എത്തിച്ചും ശാസ്ത്രീയ രീതികൾ അവലംബിച്ചും കൃഷിയിറക്കാൻ തയാറായതാണ് ചെലവു കുറയ്ക്കാനും വിളവു കൂട്ടാനും സഹായിച്ചത്. നടീൽ, നട്ടുപൊലി, വിളവെടുപ്പ് തുടങ്ങി കൃഷിയുടെ ഓരോഘട്ടവും ഇവർ നാടിന്റെ ഉത്സവമാക്കി. ആദ്യവർഷം മടിച്ചുനിന്നവരിൽ ആയിരത്തിലേറെപ്പേർ രണ്ടാം വർഷം കൃഷിയിറക്കാൻ തയാറായി. 100 ഏക്കറിലേറെ ഭൂമിയിൽ അധികമായി വിത്തിട്ടു. 40 വർഷത്തിലേറെ തരിശിട്ട നിലംപോലുമുണ്ട് ഇക്കൂട്ടത്തിൽ.

കൃഷി വകുപ്പിന്റെയും കൃഷി വിജ്ഞാനകേന്ദ്രത്തിന്റെയുമെല്ലാം സാങ്കേതിക സഹായവും ഇവർക്കുണ്ട്. മണ്ണിന്റെ ഘടന മനസ്സിലാക്കാൻ ഐടി മിഷനുമായി ചേർന്നു പാടത്ത് സെൻസറുകൾ സ്ഥാപിച്ചതും നെല്ലിനുവേണ്ടതെല്ലാം നാനോടെക്നോളജിയുടെ സഹായത്തോടെ സൂക്ഷ്മമായി മണ്ണിലെത്തിച്ചുമെല്ലാം അതിനൂതനമായ വഴികളിലൂടെയാണ് മയ്യിലെ കൃഷി.

1.82 കോടിരൂപയായിരുന്നു ആദ്യവർഷം കമ്പനിയുടെ വിറ്റുവരവ്. ലാഭം 14.8 ലക്ഷം. നാലേകാൽ ലക്ഷം രൂപ നികുതി അടച്ചതും ഫാർമർ പ്രൊഡ്യൂസർ കമ്പനികളുടെ ചരിത്രത്തിൽ ആദ്യം. പ്രളയം ബാധിച്ചിട്ടും വിറ്റുവരവ് കോടികൾ കടന്നു. മിനി റൈസ് മിൽ, ഫ്ലോർ മിൽ തുടങ്ങിയവ നൽകി വീട്ടിൽ നിന്നുതന്നെ നെല്ലു കുത്താനും മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റാനും കർഷകരെ പ്രാപ്തരാക്കുന്നുമുണ്ട് ഈ കൂട്ടായ്മ. കൃഷി നഷ്ടക്കച്ചവടമല്ലെന്നു ബോധ്യപ്പെടുത്തി ഓരോ കർഷകനെയും കൃഷി സംരംഭകനായി മാറ്റുകയാണു കമ്പനി ചെയ്യുന്നത്.

സ്വന്തമായി ഡ്രോൺ വാങ്ങാൻ ശ്രമം

കൃഷിക്ക് ഡ്രോൺ ഉപയോഗിക്കുന്നതു പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ പദ്ധതികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർഷകർക്ക് ഡ്രോൺ ഉപയോഗിച്ചുള്ള വളപ്രയോഗം സംബന്ധിച്ച് മനസ്സിലാക്കാൻ അവസരമൊരുക്കുകയായിരുന്നു നെല്ലിക്കപ്പാലം പാടശേഖരത്തിലെ പരീക്ഷണത്തിന്റെ ലക്ഷ്യം. റൈസ് പ്രൊഡ്യൂസർ കമ്പനിക്ക് 7.5 ലക്ഷം രൂപ സബ്സിഡിയോടെ 10 ലക്ഷം രൂപ ചെലവുവരുന്ന ഡ്രോൺ വാങ്ങാൻ സർക്കാർ സഹായം ലഭ്യമാക്കുമെന്ന് കൃഷി ഡപ്യൂട്ടി ഡയറക്ടർ സി.വി.ജിദേഷ് പറഞ്ഞു.

സെൻസറുകൾ ഉപയോഗിച്ച് മോണിറ്റർ ചെയ്യുന്നതിനാൽ കൃഷിയിടത്തിൽ എല്ലാ സ്ഥലങ്ങളിലും സ്പ്രേ കൃത്യമായി എത്തുന്നു.  പാടത്തിന്റെ കിടപ്പ് അനുസരിച്ച് 5 മുതൽ 8 ഏക്കർ വരെ പാടത്ത് ഒരു മണിക്കൂർ കൊണ്ട് വളപ്രയോഗം നടത്താൻ സാധിക്കും. പാടശേഖരങ്ങളിലും പച്ചക്കറി ക്ലസ്റ്ററുകളിലും ജൈവകീടനാശിനികളും ജൈവ വളർച്ചാ ത്വരകങ്ങളും എളുപ്പത്തിൽ തളിക്കാൻ സാധിക്കുമെന്നതിനാൽ കർഷകർക്ക് ഇതു വലിയ നേട്ടമാകുമെന്നും കൃഷി ഉദ്യോഗസ്ഥർ പറഞ്ഞു.

English summary: Drones To Spray Bio Pesticide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com