ADVERTISEMENT

കുത്തിവയ്പിനു ശേഷം പശുവിനു ചെന പിടിച്ചോ എന്ന് പരമാവധി നേരത്തേ അറിയാനായാൽ എന്താണു മെച്ചം? ഒരുപാടു മെച്ചങ്ങളുണ്ടെന്നു പറയും ക്ഷീരകർഷകർ. ഏറ്റവും പ്രധാനം സാമ്പത്തിക നേട്ടം തന്നെ. വർഷത്തിൽ ഒരു പ്രസവം എന്ന ക്രമത്തിൽ നീങ്ങിയാൽ മാത്രമെ പശുവളർത്തൽ ലാഭകരമാകൂ എന്നു കർഷകർക്കെല്ലാമറിയാം. എന്നാൽ പല പശുക്കള്‍ക്കും അതു സംഭവിക്കാറില്ല. മാത്രമല്ല, പലവട്ടം കുത്തിവച്ചിട്ടും ചെന പിടിക്കാത്ത ഒന്നിലേറെ പശുക്കളുണ്ടാവും മിക്ക ഫാമിലും. ഫലമോ, അത്രയും പരിപാലനച്ചെലവ് പാഴാകുന്നു.

ബീജം കുത്തി വച്ച ശേഷം ചെന പിടിച്ചോ എന്ന് ഉറപ്പിക്കാൻ 2 മുതൽ 3 മാസം വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. കൈ കടത്തിയുള്ള ഗർഭപരിശോധനയാണ് ഇന്നു പ്രചാരത്തിലുള്ളത്. വിദഗ്ധ ഡോക്ടർക്ക് 2 മാസം പിന്നിടുമ്പോൾതന്നെ ഈ രീതിയിൽ ഗർഭനിർണയം സാധിക്കും.  ഡെയറി ഫാമുകളിൽ, പശുക്കളുമായി നിരന്തരം സമ്പർക്കമുള്ള പരിചയസമ്പന്നരായ ഡോക്ടർമാർക്കു മാത്രമേ അതു കഴിയൂ. അല്ലാത്ത സാഹചര്യത്തില്‍ 75 മുതൽ 90 ദിവസം വരെ എത്തിയ ശേഷമാണ് ചെന ഉറപ്പാകുന്നത്. 3 മാസം കഴിഞ്ഞ് ചെനയില്ലെന്ന് അറിയുമ്പോൾ വീണ്ടും കുത്തിവയ്പ്, വീണ്ടും കാത്തിരിപ്പ്. അതും പ്രയോജനപ്പെട്ടില്ലെന്നുവരാം. പശുവിന്റെ മദിചക്രവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാവാം, പ്രത്യുൽപാദനപരമായ സങ്കീർണതകളാവാം, എന്തായാലും കർഷകന്റെ സമയവും പണവും വരുമാനവും പാഴാകുന്നു. 

ഈ സാഹചര്യത്തിൽ ഗർഭനിർണയത്തിനുള്ള കാത്തിരിപ്പിന്റെ കാലയളവ് 3 മാസമെന്നത് 30 ദിവസം പിന്നിടുമ്പോൾ എന്നതിലേക്കു ചുരുങ്ങുന്നത് ചില്ലറക്കാര്യമല്ലല്ലോ. എറണാകുളം കാക്കനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന i VET Labs എന്ന വെറ്ററിനറി സംരംഭം ക്ഷീരകർഷകർക്കു നൽകുന്ന സേവനം അതാണ്. i VETനു നേതൃത്വം നൽകുന്ന ഡോ. വൈശാഖിന്റെ വാക്കുകളിൽ പറഞ്ഞാൽ, ‘കർഷകന് വരുമാനവും മനസമാധാനവും നൽകുന്ന സംരംഭം. ചെനയുണ്ട് എന്നു കരുതി കാത്തിരുന്ന് സമയവും പണവും നഷ്ടമാകുന്ന സ്ഥിതി ഇനിയുണ്ടാവില്ല.’

ivet-lab-1

‌വിദേശ സാങ്കേതികവിദ്യ

ഒരു മാസമെത്തുമ്പോൾതന്നെ സാധിക്കുന്ന ഗർഭനിർണയത്തിന് 99 ശതമാനം കൃത്യതയുള്ള വിദേശ സാങ്കേതികവിദ്യയാണ് i VET പ്രയോജനപ്പെടുത്തുന്നത്. പരമ്പരാഗത രീതിയിലുള്ള ഗർഭപരിശോധനയ്ക്കു പകരം രക്തപരിശോധനയിലൂടെയാണ് പശുവിന്റെ ‘വിശേഷം’ സ്ഥിരീകരിക്കുന്നത്. ചെനയുള്ള പശുക്കളുടെ രക്തത്തിലുള്ള പ്ലാസെന്റൽ പ്രോട്ടീനുകൾ കണ്ടുപിടിച്ചാണ് ഗർഭനിർണയം. 

ഈ രീതിയിലുള്ള പരിശോധനയിൽ ഗർഭനിർണയം ഒരു ശതമാനം  തെറ്റാനിടയുള്ള സാഹചര്യത്തെക്കുറിച്ചും ഡോ. വൈശാഖ് വിശദമാക്കുന്നുണ്ട്. ‘2020ൽ കേരള വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി ഫാമിൽ 362 പശുക്കളിൽ നടത്തിയ പഠനം നോക്കാം. പശുക്കളിൽ അൾട്രാ സൗണ്ട് സ്കാനിങ് ഉപയോഗിച്ച് 28–ാം ദിവസം ഗർഭനിർണയം നടത്തിയ ശേഷം 45–ാം ദിവസം വീണ്ടും സ്കാനിങ് നടത്തി. ഈ ഘട്ടത്തിൽ 4.12 ശതമാനം പശുക്കളിൽ ഭ്രൂണം നശിച്ചതായി കാണപ്പെട്ടു. അതായത്, ഒരു മാസത്തിനുള്ളിൽ ഗർഭനിർണയം നടത്തിയ പശുക്കളെ 45–ാം ദിവസം വീണ്ടും സ്കാനിങ്ങിന് വിധേയമാക്കിയപ്പോൾ അവയിൽ 4.12 ശതമാനം മാത്രം ഗർഭിണികളല്ലെന്നു കണ്ടു. ഇങ്ങനെ ഭ്രൂണനാശമുണ്ടായ പശുക്കളുടെ രക്തത്തിലും തുടർന്നുള്ള രണ്ടു മാസം വരെ പ്ലാസെന്റൽ പ്രോട്ടീനുകളുടെ സാന്നിധ്യമുണ്ടാവും. അതായത്, ഈ ഘട്ടത്തിൽ രക്തപരിശോധന നടത്തുമ്പോൾ ഫലം പോസിറ്റീവ് എന്നു കാണിക്കാം. അത്തരം സാഹചര്യം പക്ഷേ അത്യപൂർവം. 

ഒരു  പാർശ്വഫലങ്ങളുമില്ലാത്തതാണ് ഈ രക്ത പരിശോധനാരീതിയെന്നും വൈശാഖ്. പശുവിന് 300 രൂപ, ആട്, എരുമ എന്നിവയ്ക്ക് 400 രൂപ എന്നിങ്ങനെയാണ് ഗർഭപരിശോധന നിരക്ക്. കർഷകന്റെ തൊഴുത്തിൽ നേരിട്ടെത്തി രക്തസാമ്പിൾ ശേഖരിച്ച് 72 മണിക്കൂറിനുള്ളിൽ ഫലം നൽകുന്ന ഗർഭനിർണയ രീതിക്ക് ക്ഷീരകർഷകർക്കിടയിൽനിന്നു മികച്ച പ്രതികരണമാണുള്ളതെന്നു വൈശാഖ് പറയുന്നു. എല്ലാ ജില്ലകളിലും ലാബ് സൗകര്യങ്ങളും സാമ്പിൾ ശേഖരണത്തിൽ പരിശീലനം നേടിയ ജീവനക്കാരെയും സജ്ജമാക്കിയാണ് i VETന്റെ പ്രവർത്തനം. 

i-vet-lab-dr-vysakh
ഡോ. വൈശാഖ് മോഹൻ

സമഗ്രം, ശാസ്ത്രീയം 

മനുഷ്യർക്കായി രോഗനിർണയ ലാബുകൾ നമ്മുടെ ഉൾനാടൻ ഗ്രാമങ്ങളിൽപോലുമുണ്ട്. എന്നാൽ വളർത്തുമൃഗങ്ങളുടെ, വിശേഷിച്ച് പശു, ആട്, പോത്ത്, എരുമ എന്നിവയുടെ  കാര്യത്തിൽ, ഊഹങ്ങള്‍ അടിസ്ഥാനമാക്കിയുള്ള രോഗനിർണയവും പരിശോധനയുമാണ് മിക്കപ്പോഴും നടക്കുന്നത്. പെറ്റ്സിന്റെ കാര്യത്തിൽ മാത്രമാണ് അൽപമെങ്കിലും ഭേദപ്പെട്ട സ്ഥിതി. ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചു  രോഗനിർണയവും അതിന്റെ അടിസ്ഥാനത്തില്‍ ചികിത്സയും നൽകുന്ന പെറ്റ് ഹോസ്പിറ്റലുകൾ സമീപകാലത്ത് വന്നിട്ടുണ്ട്. പക്ഷേ, നഗരാതിർത്തിക്കുള്ളിൽ ഒതുങ്ങിനിൽക്കുന്നു അവയുടെ സേവനം. ഡെയറി ഫാമുകളുടെ എണ്ണമേറുന്ന സാഹചര്യത്തിൽ കൂടുതലും ഇവ ആവശ്യമുള്ളത് പശുക്കളുടെ രോഗനിർണയത്തിനും ചികിത്സയ്ക്കുമെന്ന് ഡോ. വൈശാഖ്. 

i VET Labs നൽകുന്ന വിവിധ സേവനങ്ങളിൽ ഒന്നു മാത്രമാണ് നേരത്തേയുള്ള ഗർഭനിർണയം. അതിനൊപ്പമോ അതിനെക്കാളേറെയോ പ്രധാനമാണ് നേരത്തേയുള്ള രോഗനിർണയം എന്ന് ഡോക്ടർ. തൈലേറിയപോലുള്ള രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ വിശേഷിച്ചും. ഉയർന്ന ഉൽപാദനമുള്ള പശുക്കളിൽ നല്ല പങ്കും നമ്മുടെ കാലാവസ്ഥയിൽ കടുത്ത ശാരീരിക സമ്മർദവും രോഗഭീഷണിയും നേരിടുന്നുണ്ട്. യഥാസമയം രോഗനിർണയം നടത്തി ഏറ്റവും വേഗത്തിൽ ചികിത്സ ലഭ്യമാക്കുക എന്നത് വരുമാന നഷ്ടം ഒഴിവാക്കാൻ അത്യാവശ്യവുമാണ്. പശുക്കൾ കൂടാതെ എരുമ, ആട് എന്നിങ്ങനെ എല്ലാ വളർത്തുമൃഗങ്ങളുടെയും പക്ഷികളുടെയും അരുമകളുടെയും രോഗനിർണയ സൗകര്യം സംസ്ഥാനം മുഴുവൻ i VETലഭ്യമാക്കുന്നുണ്ട്. 

ഫോൺ:  6282018520

വെബ്സൈറ്റ്: http://ivetlab.com/

ഇ–മെയിൽ: vysakh@ivetlab.com

English summary: Early Pregnancy Detection in Dairy Animals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com