ADVERTISEMENT

സസ്യങ്ങളുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് 17 പോഷകമൂലകങ്ങളുടെ ആവശ്യമുണ്ടെന്നു നമുക്ക് അറിയാം. മഴയും വെയിലും കൂടുതലുള്ള നമ്മുടെ നാട്ടില്‍ മണ്ണില്‍നിന്നു മൂലകങ്ങള്‍ പെട്ടെന്നു നഷ്ടപ്പെടും. അതുകൊണ്ടുതന്നെ മണ്ണിന്റെ ഫലഭൂയിഷ്ഠതയും ഉല്‍പാദനക്ഷമതയും നിലനിര്‍ത്താനുള്ള മാര്‍ഗങ്ങൾ തീര്‍ച്ചയായും അവലംബിക്കണം. കളനിയന്ത്രണം, ഉഴവ് കുറയ്ക്കല്‍, പുതയിടല്‍, ജൈവ–രാസവളപ്രയോഗം, ജീവാണുവളങ്ങള്‍, വിളപരിക്രമം, പയര്‍കൃഷി, മണ്ണുസംരക്ഷണം എന്നിങ്ങനെ പലവിധത്തിലാണ് ഇത് സാധിക്കുന്നത്. 

ഉൽപാദനശേഷി കൂടിയ വിളകൾ മണ്ണിൽനിന്നു കൂടിയ തോതിൽ പോഷകമൂലകങ്ങൾ വലിച്ചെടുക്കുന്നു. ഏറ്റവുമധികം വലിച്ചെടുക്കുന്ന പോഷകമൂലകങ്ങൾ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയാണെന്നും അതുകൊണ്ടാണ് അവ വളമായി കൊടുക്കുന്നതെന്നും നമുക്കറിയാം. പ്രധാന വിളകള്‍ക്കെല്ലാം ശാസ്ത്രീയമായ ജൈവവള, രാസവള ശുപാര്‍ശകളുണ്ട്. പക്ഷേ, ഇതൊന്നും മിക്ക  കര്‍ഷകരും കൃത്യമായി പാലിക്കാറില്ല. മണ്ണു പരിശോധിച്ച്  വളപ്രയോഗം നടത്തുന്ന എത്ര പേരുണ്ടാകും? കുറഞ്ഞപക്ഷം എന്‍പികെ വളങ്ങളെങ്കിലും നിര്‍ദിഷ്ട  അനുപാതത്തില്‍ നല്‍കാന്‍ ശ്രദ്ധിക്കണം.  

വടക്കേ ഇന്ത്യയിലെ മണ്ണിൽ പൊട്ടാസ്യം ധാരാളമുണ്ട്. അതുകൊണ്ട് പൊതുവെ ഗോതമ്പ്, നെല്ല് തുടങ്ങിയവയ്ക്ക് 4:2:1 എന്ന എന്‍പികെ അനുപാതത്തിലാണ് അവിടെ വളപ്രയോഗം വേണ്ടത്. ചില വിളകൾക്കു പൊട്ടാഷ് വളങ്ങളേ അവിടെ ആവശ്യമില്ല! അതുകൊണ്ടാവും ദേശീയ മാധ്യമങ്ങള്‍ക്കു പൊട്ടാഷ് വിലക്കയറ്റം വാര്‍ത്തയല്ലാത്തത്. എന്നാൽ കേരളത്തിലെ മണ്ണിൽ പൊട്ടാസ്യം കുറവാണ്. കേരളത്തിലെ വെട്ടുകൽമണ്ണും ഉയർന്ന അമ്ലതയും മണ്ണില്‍ പൊട്ടാസ്യം പിടിച്ചുവയ്ക്കാനുള്ള സാഹചര്യമൊരുക്കുന്നുമില്ല. അതിനാല്‍ നെല്ലുപോലുള്ള വിളകൾക്ക് 2:1:1 എന്ന എന്‍പികെ അനുപാത ത്തിൽ വളപ്രയോഗം വേണ്ടതുണ്ട്. മറ്റു വിളകളിൽ പൊട്ടാഷിന്റെ ആവശ്യം ഇതിലും കൂടും. തെങ്ങിന് 2:1:4 എന്ന എന്‍പികെ അനുപാതത്തിലും മരച്ചീനിപോലുള്ള കിഴങ്ങുവിളകൾക്ക് 1:1:1 എന്ന അനുപാതത്തിലുമായിരിക്കണം വളപ്രയോഗം. 

പണ്ടുകാലത്തെ ചാണകം അഥവാ തോല്, എല്ലുപൊടി, ചാരം  കൂട്ടുകെട്ട് സമീകൃതപോഷണമായിരുന്നു. അതുകൊണ്ടുതന്നെയാണ് രാസവളങ്ങൾ ഉപയോഗിച്ചു തുടങ്ങിയ കാലത്ത് ചാണകത്തിനു പകരം യൂറിയ, എല്ലുപൊടിക്കു പകരം സൂപ്പർ ഫോസ്ഫേറ്റ്, ചാരത്തിനു പകരം പൊട്ടാഷ് എന്ന ക്രമം കർഷകർ സ്വീകരിച്ചത്. ആദ്യകാലങ്ങളിൽ പൊട്ടാഷ് വളങ്ങൾക്കു വില കുറവായിരുന്നു (യൂറിയയേക്കാൾ കുറവ്!). അതിനാല്‍  പൊട്ടാഷ് ചേർക്കല്‍  കർഷകർ കൃത്യമായി പാലിച്ചുപോന്നു. പക്ഷേ, ഈയിടെയായി പലരും ശാസ്ത്രീയ അനുപാതമൊന്നും നോക്കാതെ വില കൂടിയ വളങ്ങൾ ഒഴിവാക്കുന്നു. ഇത് കൃഷിയെ സാരമായി ബാധിക്കും. എന്‍പികെ ഉപയോഗത്തിലെ അസന്തുലിതാവസ്ഥ വലിയ പ്രശ്നങ്ങളുണ്ടാക്കും. 

സസ്യകോശങ്ങളിൽ ഏതെങ്കിലും സംയുക്തത്തിന്റെ ഭാഗമായാണ് നൈട്രജൻ, ഫോസ്ഫറസ് എന്നിവയുള്ളത്. എന്നാല്‍ പൊട്ടാസ്യത്തിന്റെ പ്രവർത്തനം അങ്ങനെയല്ല. സസ്യശരീരത്തിലെ വിവിധ എൻസൈമുകളെ പ്രവർത്തനക്ഷമമാക്കുകയാണ് അതിന്റെ പ്രധാന ധർമം. സസ്യങ്ങളിൽ ഇത്തരത്തില്‍ 60ൽപ്പരം എൻസൈമുകൾക്കു പൊട്ടാസ്യം ആവശ്യമുണ്ട്. അതിന്റെ ന്യൂനതയുടെ  ലക്ഷണങ്ങൾ ചെടിയില്‍ ഏറ്റവും താഴെയുള്ള ഇലകളിലാണ് ആദ്യം കാണുക. ഇലത്തുമ്പിൽ കാണുന്ന മഞ്ഞളിപ്പ് അരികുവഴി ഇലഞെട്ടിലേക്കു വ്യാപിക്കുന്നു. പൊട്ടാസ്യത്തിന്റെ അഭാവത്തിൽ എൻസൈമുകൾക്കു വേണ്ടവിധം പ്രവർത്തിക്കാൻ പറ്റാതാകുകയും പഞ്ചസാരകളും അമിനോ ആസിഡുകളും വിളയില്‍ വർധിക്കുകയും ചെയ്യും. ഇതോടെ കീടങ്ങൾ പെരുകാൻ എളുപ്പമാവും. ചെടികള്‍ക്കു തുടക്കം മുതൽ അവസാനം വരെ ലഭിക്കേണ്ട  പോഷകമൂലകമാണ് പൊട്ടാസ്യം. 

ഇന്ത്യയിൽ രാസവളങ്ങൾക്കു നല്ല തോതിൽ സർക്കാർ  സബ്സിഡിയുണ്ട്.  എന്നാല്‍ 2010ല്‍ സർക്കാർ പോഷക മൂലകാധിഷ്ഠിത സബ്സിഡി (nutrient based subsidy) എന്ന പരിഷ്കാരം കൊണ്ടുവന്നു.  ഫോസ്ഫറസ്, പൊട്ടാഷ് വളങ്ങളുടെ വില കുതിച്ചുയര്‍ന്നതും ഈ വളങ്ങളുടെ ഉപയോഗം പൊടുന്നനെ കുറഞ്ഞതും അനന്തരഫലം. അതായത്, എന്‍പികെ ഉപയോഗത്തിലെ സന്തുലിതാവസ്ഥ നഷ്ടമായി. പൊട്ടാഷ് വളങ്ങളുടെ വില  ഇപ്പോള്‍ കുതിച്ചുയരുകയാണ്.  ഇത് കേരളത്തിലെ കൃഷിയിലും വളപ്രയോഗ രീതിയിലും വലിയ പ്രശ്നം സൃഷ്ടിക്കും, സംശയമില്ല. 

വിലാസം: ചെയര്‍മാന്‍, സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്. ഫോണ്‍: 9349759355

English summary: Potash price hike problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com