ADVERTISEMENT

അൽപം വൈകിയാണെങ്കിലും വേനൽമഴ കരുത്തോടെ പെയ്തുതുടങ്ങി. ഇതിനു പിന്നാലെ അധികം വൈകാതെതന്നെ കാലവർഷവും എത്തും. കഴിഞ്ഞ ഏതാനും വർഷങ്ങളായി സംസ്ഥാനത്ത് മഴയുടെ അളവ് കൂടുതലാണ്. അതുകൊണ്ടുതന്നെ കാർഷികമേഖലയിൽ പലപ്പോഴും പ്രതിസന്ധി ഉണ്ടാകാറുമുണ്ട്. കർഷികോൽപന്നങ്ങൾ ഉണക്കിയെടുക്കുക എന്നതാണ് മഴക്കാലത്ത് കർഷകർ ഏറെ അഭിമുഖീകരിക്കുന്ന വെല്ലുവിളി. മഴ തോർന്ന് വെയിൽ ലഭിച്ചാൽ പോലും ഉൽപന്നങ്ങൾ ഉണങ്ങുന്നതിനായി പുറത്തിറക്കാൻ കഴിയാത്ത സ്ഥിതിയാണ്.

കൊക്കോയാണ് മഴക്കാലത്ത് ഏറെ ബുദ്ധിമുട്ടിലാക്കുന്ന വിള. പല കർഷകരും കൊക്കോ പുളിപ്പിച്ച് ഉണക്കി പരിപ്പായിട്ടാണ് വിൽക്കുക. നല്ല വെയിലിൽ ഉണങ്ങുന്ന കൊക്കോപ്പരിപ്പിന് ഗുണവും നിലവാരവും ഉയരും. എന്നാൽ, കഴിഞ്ഞ വർഷങ്ങളിൽ കൊക്കോ കർഷകർ നേരിട്ട പ്രധാന പ്രശ്നം മഴക്കാലങ്ങളിൽ കൊക്കോ സംഭരണ ഏജൻസികൾ വിപണിയിൽനിന്ന് വിട്ടുനിന്നതാണ്. കൊക്കോ പരിപ്പിൽ പുകയുടെ സാന്നിധ്യം കൂടുതൽ ആയതാണ് സംഭരണഏജൻസികളെ വിട്ടുനിൽക്കാൻ പ്രേരിപ്പിച്ചത്. ചോക്കലേറ്റ് നിർമാണത്തിനായി പോകുന്ന കൊക്കോ പരിപ്പുകളിൽ പുകരുചി കയറിയാൽ വിപണിയിൽ ഇറക്കാൻ കഴിയില്ല. ഇത്തരത്തിൽ പുകയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർക്ക് ഒരു പ്രമുഖ ഏജൻസിയുടെ 2 ലോഡ് കൊക്കോ ചോക്കലേറ്റ് നിർമാതാക്കൾ തിരിച്ചയച്ചിരുന്നു. ഇതാണ് കൊക്കോ സംഭരണത്തിൽ മഴക്കാലത്ത് പ്രതിസന്ധിയുണ്ടാകാൻ കാരണം.

dryer-4-
ഏതു കാലാവസ്ഥയിലും അനായാസം ഉണങ്ങാം. കൊക്കോ, വാഴപ്പഴം എന്നിവ ഉണങ്ങാൻ വച്ചിരിക്കുന്നു.

ഭക്ഷ്യയോഗ്യമായ വിധത്തിൽ സംസ്കരിക്കുക എന്നതാണ് ഓരോ കർഷകനും ചെയ്യേണ്ട പ്രാഥമിക കടമ. മഴക്കാലങ്ങളിൽ കൊക്കോ പോലുള്ള ഉൽപന്നങ്ങൾ ഉണങ്ങിയെടുക്കാൻ ബുദ്ധിമുട്ടായതുകൊണ്ടുതന്നെ ഡ്രയറുകളെ ആശ്രയിക്കുന്നതാണ് ഉത്തമം. വൈദ്യുതി, സോളർ എന്നിവയിൽ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ ഡ്രയറുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, ഇത്തരം വിലകൂടിയ ഡ്രയറുകളിൽനിന്നു വിഭിന്നമായി സീറോ എനർജി ഡ്രയറുകളും ഇന്ന് കർഷകർ ഉപയോഗിക്കുന്നുണ്ട്. കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന ഇത്തരം ഡ്രയറുകൾ നന്നായി വെളിച്ചം ലഭിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചാൽ മാത്രം മതി.

dryer-1-
ജോയിമോന്റെ ഡ്രയറിന്റെ ഉൾവശം

കോട്ടയം ജില്ലയിലെ കൂരോപ്പട സ്വദേശിയായ ജോയിമോൻ ജെ. വാക്കയിൽ സ്വന്തം കൃഷിയിടത്തിൽ സ്ഥാപിച്ചിരിക്കുന്ന ചെറു കൂടാരം ചെലവ് കുറഞ്ഞ സോളർ ഡ്രയറിന് ഉദാഹരണമാണ്. മരങ്ങളുടെ ശല്യമില്ലാത്ത സ്ഥലത്ത് തറ കെട്ടി ഇരുമ്പു പൈപ്പുകൾ ഉപയോഗിച്ച് കൂടാരം നിർമിച്ച് യുവി ഷീറ്റ് പതിപ്പിച്ചാണ് ജോയിമോൻ സീറോ എനർജി ഡ്രയർ നിർമിച്ചിരിക്കുന്നത്. 50 ചതുരശ്ര അടിയിൽ താഴെ മാത്രമാണ് ഈ ഡ്രയറിന്റെ തറയുടെ വലുപ്പം. ഉള്ളിൽ രണ്ടു വശങ്ങളിലായി തട്ടുകൾ നിർമിച്ചാണ് ഉൽപന്നങ്ങൾ ഉണങ്ങാൻ വയ്ക്കുക. കൊക്കോ, വാഴയ്ക്ക, വാഴപ്പഴം തുടങ്ങിയവയെല്ലാം ഡ്രയറിൽ ജോയിമോൻ ഉണങ്ങുന്നു.

dryer-3-
സെബാസ്റ്റ്യന്റെ ഡ്രയറിന്റെ ഉൾവശം

ജോയിമോന്റെ ഡ്രയറിന്റെ വലിയ പതിപ്പാണ് കാസർകോട് ഭീമനടി സ്വദേശി സെബാസ്റ്റൻ പി. അഗസ്റ്റിനുള്ളത്. കമാനാകൃതിയിൽ 50 അടിയോളം നീളത്തിലാണ് സെബാസ്റ്റ്യന്റെ സീറോ എനർജി ഡ്രയർ നിർമിച്ചിരിക്കുന്നത്. പ്രതികൂല കാലാവസ്ഥയിലും അടയ്ക്ക ഉൾപ്പെടെയുള്ള വിളകൾ ഉണങ്ങാൻ ഈ രീതി പ്രയോജനപ്പെടുത്തുന്നു. നിർമാണച്ചെലവല്ലാതെ തുടർച്ചെലവുകളില്ലാത്ത സംവിധാനമാണിത്. 

കൂടുതൽ വിവരങ്ങൾക്ക്: 9744681731 (ജോയിമോൻ)

English summary: Low Cost Zero Energy Dryer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com