പുല്‍നാമ്പുകള്‍ പാല്‍ത്തുള്ളികളായാൽ പശുവിൽനിന്നു പണമുണ്ടാകും: തീറ്റപ്പുല്ലുകളെക്കുറിച്ചറിയാം

HIGHLIGHTS
  • പരുഷാഹാരം ലഭിക്കുന്ന പശുക്കളില്‍ പാലിന് കൊഴുപ്പ് കൂടുതലായിരിക്കും
  • നാരിന്റെ ഗുണമേന്മ പ്രധാനമായതിനാല്‍ തീറ്റപ്പുല്ലായി തന്നെ നല്‍കാന്‍ കഴിയുന്നത് നല്ലത്
dairy-farm-1
SHARE

കാലമേറെയെടുത്ത് പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ഉൽപാദനശേഷി കൂടിയ ശുദ്ധ അല്ലെങ്കില്‍ സങ്കരയിനം ജനുസ്സുകളെ ഉരുത്തിരിച്ചെടുക്കാന്‍ മനുഷ്യന് കഴിഞ്ഞു. എന്നാല്‍ അവയുടെ  ദഹനവ്യവസ്ഥ ഇന്നും പഴയതുതന്നെയെന്ന സത്യം  നാം മറക്കരുത്. നാരുകള്‍ കൂടുതല്‍ അടങ്ങിയ പുല്ല്, വൈക്കോല്‍ തുടങ്ങിയ പരുഷാഹാരങ്ങള്‍ തിന്നുകയും ദിവസേന  ചുരുങ്ങിയത് എട്ടുമണിക്കൂറെങ്കിലും അയവിറക്കുകയും ചെയ്യുന്ന സസ്യഭുക്കാണ് നമ്മുടെ കാമധേനുക്കള്‍. പ്രതിദിനം ആകെ കഴിക്കുന്ന തീറ്റയുടെ നാല്‍പതു ശതമാനമെങ്കിലും പരുഷ തീറ്റയാകണമെന്നതാണ് പ്രധാനം. 

നാലറകളുള്ള  പശുവിന്റെ  ആമാശയത്തിലെ ആദ്യ ഭാഗമായ റൂമനില്‍  താമസിക്കുന്ന അസംഖ്യം ബാക്ടീരിയ, പ്രോട്ടോസോവ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളുടെ  സഹായത്തോടെയാണ് പശുക്കളില്‍  ദഹനം നടക്കുന്നത്. തീറ്റയില്‍ നാരിന്റെ അംശം കുറഞ്ഞാല്‍ ആമാശയത്തിന്റെ അമ്ലത കൂടുന്നു. ഇത് ദഹന സഹായികളായ  സൂക്ഷ്മജീവികളെ നശിപ്പിക്കുന്നു. ദഹനം തടസ്സപ്പെടുന്നതിനാല്‍  പശുവിനാവശ്യമായ പോഷകങ്ങളിലും കുറവുണ്ടാകുന്നു. വായുസ്തംഭനം തീറ്റയോടുള്ള മടുപ്പ്, വയറിളക്കം, ചാണകത്തില്‍ ദഹിക്കാത്ത ധാന്യനാരുകളുടെ അവശിഷ്ടങ്ങള്‍, ചാണകത്തില്‍  നുരയും പതയും തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുന്നു. കാലിത്തീറ്റ തിന്നാതെ വന്നാലും ഇവര്‍ പുല്ല് ഭക്ഷിക്കുകയും ചെയ്യും. 

dairy-farm

കേവലം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കപ്പുറം കരള്‍ സംബന്ധമായ രോഗങ്ങള്‍, രോഗപ്രതിരോധ ശക്തിയുടെ കുറവ് എന്നിവയും അമ്ലതയുടെ ദീര്‍ഘകാല പ്രശ്‌നങ്ങളാണ്. ശരീരത്തിനു മെലിച്ചില്‍, ചെന പിടിക്കാനുള്ള പ്രയാസം, അകിടുവീക്കം എന്നിവയും ഉണ്ടായേക്കാം. അപ്പോള്‍ നാരടങ്ങിയ പരുഷാഹാരം പ്രത്യേകിച്ച് പുല്ലിന്റെ പ്രാധാന്യം കര്‍ഷകര്‍ക്ക് മനസ്സിലാക്കാന്‍ മേല്‍പറഞ്ഞ കാരണങ്ങള്‍ മതിയാകും. കൂടാതെ ധാരാളം പച്ചപ്പുല്ല് പ്രത്യേകിച്ച് തീറ്റപ്പുല്ല് നല്‍കാന്‍ കഴിഞ്ഞാല്‍ തീറ്റച്ചെലവു കുറയുകയും ലാഭം വർധിക്കുകയും ചെയ്യുന്നു.

ഇനി ആവശ്യത്തിന് പരുഷാഹാരം ലഭിക്കുന്ന പശുക്കളില്‍ പാലിന് കൊഴുപ്പ് കൂടുതലായിരിക്കും. പാലിന് നല്ല മഞ്ഞ നിറമുണ്ടായിരിക്കും. ഒപ്പം കൂടുതല്‍ ഒമേഗ 3 അടങ്ങിയതിനാല്‍ മനുഷ്യന്റെ ആരോഗ്യത്തിനും പ്രയോജനകരമാണ്. ആവശ്യത്തിന് ഗുണമേന്മയുള്ള പരുഷാഹാരം ലഭിച്ച പശുക്കളുടെ ഉൽപാദനത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവാതിരിക്കും. ശരീരം  മെലിയുന്നില്ലായെന്നതിനു പുറമേ ചെന പിടിക്കാനുള്ള  ബുദ്ധിമുട്ടും മാറുന്നു. പരുഷാഹാരത്തിലെ നാരിന്റെ ഗുണമേന്മ പ്രധാനമായതിനാല്‍ തീറ്റപ്പുല്ലായി തന്നെ നല്‍കാന്‍ കഴിയുന്നത് നല്ലതാണ്. കാലിത്തീറ്റയോടൊപ്പം ഉത്തമമായ അളവില്‍ ചാഫ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് മിക്‌സ് ചെയ്തു നല്‍കുന്ന കംപ്ലീറ്റ് ഫീഡിങ്ങ് രീതിയും നല്ലതാണ്. 

പശു വളര്‍ത്തലിന്റെ അടിസ്ഥാനപ്രമാണം പുല്ലു കൊടുത്ത് പശുവിനെ വളര്‍ത്താന്‍ കഴിയുക എന്നതാണ്. ജലസേചന സൗകര്യമുള്ള, വെയില്‍ കിട്ടുന്ന അഞ്ചു സെന്റ് സ്ഥലത്തെങ്കിലും തീറ്റപ്പുല്‍ കൃഷി നടത്തിയാല്‍ ഒരു പശുവിനെ എളുപ്പത്തില്‍ വളര്‍ത്താം. സി.ഒ.-3, സി.ഒ.-4 തുടങ്ങിയ ഹൈബ്രിഡ് നേപ്പിയര്‍ ഇനങ്ങള്‍ ഉത്തമം. കമ്പുകളാണ്  നടാന്‍ ഉപയോഗിക്കുന്നത്. മഴ തുടങ്ങുന്ന സമയം തീറ്റപ്പുല്‍കൃഷി തുടങ്ങാന്‍ ഉചിതമായ സമയമാണ്. നടീല്‍ വസ്തുക്കള്‍, നടീല്‍ രീതികള്‍, പദ്ധതികള്‍ എന്നിവയെകുറിച്ചറിയാന്‍ ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം. കൂടാതെ വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിൽ നല്ലയിനം തീറ്റപ്പുല്ലും അവയുടെ നടീൽവസ്തുക്കളും ഇപ്പോള്‍ ലഭ്യമാണ്.

fodder-grass

ഇടവിളയും പരീക്ഷിക്കാം

കേരളം പോലൊരു സംസ്ഥാനത്ത് പുല്‍കൃഷിക്കായി തെങ്ങിന്‍ തോപ്പുകളില്‍  ഇടവിളയായി പുല്‍കൃഷി ചെയ്യുക എന്നതാണ് ഇതിനു പരിഹാരമാര്‍ഗ്ഗങ്ങളിലൊന്ന്. തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍  അനുയോജ്യമാണ് ഗിനിപ്പുല്ലും സങ്കരനേപ്പിയര്‍ പുല്ലും. ഏഴു മുതല്‍ 20 വര്‍ഷം വരെ പ്രായമുള്ള  തെങ്ങുകളുള്ള പറമ്പുകളില്‍ ഇടവിളയായി തീറ്റപ്പുല്‍കൃഷി നടത്താം.  

കൂട്ടംകൂടി വളരുന്ന ഇനമാണ് ഗിനിപ്പുല്ല്. അരമീറ്റര്‍ മുതല്‍ നാലര മീറ്റര്‍ വരെ ഉയരം വയ്ക്കും. നീളവും ബലവുമുള്ള തണ്ടുകള്‍ രോമങ്ങള്‍പോലെ ചെറുനാരുകളുള്ളവയാണ്. തണല്‍ പ്രദേശങ്ങളില്‍ വളരാന്‍ കഴിവുള്ളവയാണിവ. മലമ്പ്രദേശങ്ങളിലും, സമതലപ്രദേശങ്ങളിലും ഒരുപോലെ വളരുമെങ്കിലും തണുപ്പിനെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിവില്ല. സാധാരണ താപനിലയിലാണ് ഉത്തമം. കളിമണ്ണിലൊഴികെ ഏതു മണ്ണിലും വളരും. മാക്കുനി, ഹരിത, ഹരിതശ്രീ, മരതകം തുടങ്ങിയവ  പ്രധാന ഇനങ്ങള്‍. സിഒജിജി-3 എന്ന പുതിയ  ഇനം വരള്‍ച്ച, പ്രതിരോധശേഷി കൂടുതലുള്ളവയായതിനാല്‍ ജലസേചനസൗകര്യമില്ലാത്ത  സ്ഥലങ്ങള്‍ക്ക് യോജിച്ചവയാണ്. 

കേരളത്തില്‍ കാലവര്‍ഷത്തിന്റെയോ, ഇടവപ്പാതിയുടേയോ തുടക്കമാണ് ഗിനിപുല്ല് നടാന്‍ പറ്റിയ സമയം. ജലസേചന സൗകര്യമുണ്ടെങ്കില്‍  വര്‍ഷത്തില്‍ ഏതു സമയത്തും ഗിനിപുല്ല് നടാം. ചിനപ്പുകളും വിത്തുകളും നടീല്‍വസ്തുക്കളാക്കാം. വിത്തു മുളയ്ക്കുന്ന തോത് കുറവായതിനാല്‍ ചിനപ്പുകളും തണ്ടുകളും ഉപയോഗിക്കുന്നതാണ് നല്ലത്. ഒരേക്കറിലേക്ക് ഏകദേശം  50,000 നടീല്‍ വസ്തുക്കള്‍ വേണ്ടിവരും. വിത്തുപയോഗിച്ചുള്ള  കൃഷിരീതിയാകുമ്പോള്‍ നഴ്‌സറിയില്‍ മുളപ്പിച്ച തൈകള്‍ വേണം കൃഷിയിടത്തില്‍ നടാന്‍ എടുക്കേണ്ടത്. 

തണ്ടുകള്‍ നടുമ്പോള്‍ 10 വീതിയും 20 സെന്റീമീറ്റര്‍  ആഴമുള്ള ചാലുകളില്‍ ഒരേക്കറില്‍ നാലു ടണ്‍  ജൈവവളവും, 34 കിലോഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷും, 100 കിലോഗ്രാം രാജ്‌ഫോസും ഇടണം. പിന്നീട് ചാലുകള്‍ മൂടി 15  സെന്റീമീറ്റര്‍ ഉയരമുള്ള  വരമ്പുകള്‍ ഉണ്ടാക്കി തണ്ടുകള്‍ നടുക. വരമ്പുകള്‍ തമ്മിലും തണ്ടുകള്‍ തമ്മിലും  രണ്ടടി അകലമുണ്ടായിരിക്കണം. ഇടവിളകൃഷിയില്‍  വരമ്പുകള്‍ തമ്മില്‍ 40 സെന്റീമീറ്ററും തണ്ടുകള്‍ തമ്മില്‍ 20 സെന്റീമീറ്ററും അകലം മതി. ഒന്നര മീറ്റര്‍ ഉയരം വയ്ക്കുമ്പോള്‍  ആദ്യ വിളവെടുപ്പ്  നടത്താം. തറ നിരപ്പില്‍ നിന്ന് 15-20 സെന്റീമീറ്റര്‍  ഉയരത്തില്‍ മുറിച്ചെടുക്കുക. ഏക്കറിന്  30-40 ടണ്‍ വിളവ്  പ്രതിവര്‍ഷം ലഭിക്കും. 

ബജ്‌റയുടെയും നേപ്പിയറിന്റെയും സങ്കരയിനമാണ് സങ്കരനേപ്പിയര്‍ പുല്ല്. നേപ്പിയര്‍ പുല്ലിനെ അപേക്ഷിച്ച് വളര്‍ച്ചയും  ഇലയളവും കൂടുതലുണ്ടാകും. കേരളം പോലെയുള്ള  ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ഇവ വര്‍ഷം മുഴുവന്‍ വളരുന്നു. കന്നുകാലികളുടെ സ്വീകാര്യത, വരള്‍ച്ചാ പ്രതിരോധശേഷി എന്നിവ മികച്ചതാണ്. ഇടയ്ക്കിടെ മഴ കിട്ടിയാല്‍ നല്ല വളര്‍ച്ച ലഭിക്കും.

fodder-grass-1

സുഗുണ, സുപ്രിയ, സി.ഒ.-3,, സി.ഒ.-4, സി.ഒ.-5, കിളികുളം തുടങ്ങിയ ഇനങ്ങളുണ്ട്. രണ്ടുമുട്ടുള്ള തണ്ടുകളോ വേരുള്ള  ചിനപ്പുകളോ, നടീല്‍ വസ്തുവാക്കാം. ഒരേക്കറിന് നാല് ടണ്‍ ജൈവവളം, 34 കിലോഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷ്. 100 കിലോഗ്രാം രാജ്‌ഫോസ് എന്നിവ ചേര്‍ക്കാം. ഏക്കറിന് 176 കിലോഗ്രാം യൂറിയ രണ്ടു തവണകളായി നല്‍കുന്നത് വളര്‍ച്ച കൂട്ടും. പുല്ലിന് ഒന്നരമീറ്റര്‍ ഉയരമെത്തുമ്പോള്‍ ആദ്യ വിളവെടുപ്പ്. 80-100 ടണ്‍ പ്രതി ഏക്കര്‍ ആണ് വാര്‍ഷിക വിളവ്.  നട്ട് 75-ാം ദിവസത്തിൽ ആദ്യ വിളവെടുപ്പ്. പിന്നീട് ഓരോ ഒന്നരമാസത്തിലും  വിളവെടുപ്പ് നടത്താം. വര്‍ഷത്തില്‍ 6-8 തവണ വിളവെടുക്കാം. ഓരോ പ്രാവശ്യവും വിളവെടുപ്പിന് ശേഷം ചാണക-ഗോമൂത്ര സ്ലറി തളിക്കുന്നത് നല്ലതാണ്. 

തീറ്റപ്പുല്ലും സമ്മിശ്രമാക്കാം

കേരളത്തിലെ ക്ഷീരകര്‍ഷകനെ സംബന്ധിച്ച്  തീറ്റപ്പുല്ലെന്നാല്‍ പ്രധാനമായും ഹൈബ്രിഡ് നേപ്പിയറിന്റെ സി.ഒ.-3, സി.ഒ.-4 ഇനത്തില്‍പ്പെട്ട പുല്ലുകളാണ്.  ഉൽപാദനശേഷി കൂടിയ, കൂടുതല്‍ അളവില്‍  വിളയുന്ന, നട്ടു വളര്‍ത്താന്‍ എളുപ്പമായ ഇവയ്ക്ക് പ്രാധാന്യം കിട്ടുന്നതില്‍  അത്ഭുതമില്ല. എന്നാല്‍ ഇത്തരം  ഇനങ്ങള്‍ക്കൊപ്പം  സാഹചര്യത്തിനനുസരിച്ച്  മറ്റ് തീറ്റപ്പുല്ലുകള്‍ കാലിത്തീറ്റയായി നല്‍കാന്‍  കഴിയുന്ന പയര്‍വര്‍ഗ്ഗച്ചെടികള്‍, ധാന്യവിളകള്‍, കാലിത്തീറ്റ, വൃക്ഷങ്ങള്‍ എന്നിവ കൂടി കൃഷി ചെയ്ത് സമ്മിശ്രമായി നല്‍കിയാല്‍ ഉൽപാദനം  വര്‍ധിപ്പിക്കാവുന്നതാണ്. സ്ഥലവും സൗകര്യമുള്ളവര്‍ക്ക്  തീറ്റപ്പുല്‍ക്കൃഷിയിലും  സമ്മിശ്ര രീതികള്‍ പരീക്ഷിക്കാം.  

dairy-farm-3

സങ്കരനേപ്പിയര്‍ തീറ്റപ്പുല്ലിന്റെ  കമ്പുകളാണ്  നടാനുപയോഗിക്കുന്നത്.  സി.ഒ.-3,    സി.ഒ.-4, സി.ഒ.-5, കിളികുളം, തുമ്പൂര്‍മുഴി തുടങ്ങിയ നിരവധി  പേരുകളില്‍ സങ്കര നേപ്പിയര്‍  ഇനങ്ങള്‍ ലഭ്യമാണ്. വൈകി പൂക്കുന്ന, ആന്റി ഓക്‌സലേറ്റ് കുറവുള്ള സി.ഒ.-5 വൈകി വിളവെടുപ്പിന്റെ  പ്രശ്‌നങ്ങള്‍ ഇല്ലാത്തവയാണ്.  മികച്ച അന്തരീക്ഷത്തില്‍ മെച്ചപ്പെട്ട പരിപാലനത്തില്‍ ഒരു ഹെക്ടറില്‍ നിന്ന് വര്‍ഷം 350-400 ടണ്‍ വിളവുണ്ടാകും.  

ഗിനിപ്പുല്ല്, കോംഗോസിഗ്നല്‍, ഹ്യുമിഡിക്കോള, സ്റ്റൈലോ തുടങ്ങിയവയും കൃഷി ചെയ്യാന്‍  അനുയോജ്യമാണ്.  ആട്, മുയല്‍ കര്‍ഷകര്‍ക്കും ഇത്തരം പുല്ലിനങ്ങള്‍ പ്രയോജനപ്പെടും. മേച്ചില്‍ സ്ഥലങ്ങള്‍ക്ക് അനുയോജ്യമാണ് സിഗ്നല്‍, കോംഗോസിഗ്നല്‍ പുല്ലുകള്‍. ഉയരം കുറഞ്ഞ ഇവ മണ്ണൊലിപ്പ് തടയാനും സഹായിക്കുന്നു. പശു തിന്നുന്നതനുസരിച്ച്  വളര്‍ന്നുകൊള്ളും. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ക്ക് അനുയോജ്യമാണ് ഹ്യുമിഡിക്കോള. പയര്‍ വര്‍ഗ്ഗത്തില്‍പ്പെട്ട സ്റ്റൈലോസാന്തസ്സ്  പുല്ല് പാലിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.  മറ്റു പുല്ലുകളുമായി  ചേര്‍ത്ത് പ്രതിദിനം ശരാശരി ഒരു  കിലോഗ്രാമെങ്കിലും നല്‍കിയാല്‍ പ്രയോജനം ലഭിക്കും.  കൂടുതലായാല്‍  ദഹന പ്രശ്‌നങ്ങളുണ്ടാകും. ധാന്യ ഇനത്തില്‍പ്പെട്ട ചോളത്തിന്റെ തീറ്റപ്പുല്‍ കൃഷിക്കായുള്ള ഇനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്.  അന്നജ സമ്പന്നമായ ഇവ  പാലുൽപാദനം കൂട്ടുന്നു.  അന്നജം കൂടുതലുള്ളതിനാല്‍ നിശ്ചിത അളവില്‍ മറ്റു പുല്ലുകളുമായി ചേര്‍ത്ത് നല്‍കുന്നത് നല്ലത്.   

English summary: Fodder Production

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA