ADVERTISEMENT

കർഷകന് മോഡേൺ ആകാൻ കഴിയില്ലേ? കഴിയുമെന്ന് ഇന്നത്തെ യുവാക്കൾ പറയും. എന്നാൽ, മോഡേൺ വേഷത്തിൽ കൃഷി ചെയ്യുന്ന യുവാക്കളെ കർഷകരായി അംഗീകരിക്കാൻ എന്തുകൊണ്ടോ സമൂഹത്തിനു കഴിയുന്നില്ല. കൃഷി ഇപ്പോഴും മോശം മേഖലയാണെന്നും നേട്ടമില്ലെന്നും പലരും ധരിച്ചുവച്ചിരിക്കുന്നു. എന്നാൽ, മുന്നിട്ടിറങ്ങിയാൽ കൃഷിയിൽനിന്ന് നേട്ടമുണ്ടാക്കാൻ കഴിയുമെന്ന് കാണിച്ചു തരുന്ന ഒട്ടേറെ യുവാക്കൾ കേരളത്തിൽത്തന്നെയുണ്ട്. ബൂട്ടും തൊപ്പിയും ധരിച്ച പാലായിലെ മാത്തുക്കുട്ടിയും കൂളിങ് ഗ്ലാസ് ധരിച്ച് പച്ചക്കറിക്കൃഷിയിടത്തിലിറങ്ങുന്ന പാലക്കാട്ടെ ഫിലിപ്പ് ചാക്കോയും ചില ഉദാഹരണങ്ങൾ മാത്രം. വൈറ്റ് കോളർ ജോലിയിൽനിന്ന് മണ്ണിലേക്ക് ഇറങ്ങിയ ഇവരേപ്പോലുള്ളവരെ പലപ്പോഴും കർഷകരായി കാണാൻ സമൂഹത്തിനു കഴിയുന്നില്ല. അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഫിലിപ്പ് ചാക്കോ...

പകലന്തിയോളം പറമ്പിൽ പണി എടുക്കുന്ന, മുഷിഞ്ഞ മുണ്ടുടുത്ത, തലയിൽ തോർത്തുമുണ്ട് കെട്ടി, ഒരു മുറി ബീഡി ചുണ്ടിൽ തിരുകിയ ആൾ... ഇത്രയും ആയാൽ കേരളീയ കർഷക സങ്കൽപ്പത്തിലെ ചേരുവകൾ എല്ലാമാകും.

ഈ പറഞ്ഞ സങ്കൽപ്പത്തിൽ തന്നെ എവിടെയോ ഒളിഞ്ഞു കിടപ്പില്ലേ നമ്മളിൽ കർഷകരുടെ എണ്ണം കുറയാനുള്ള കാരണം?

എന്നാൽ ഞങ്ങൾ ന്യൂ ജനറേഷൻ കർഷകർ അൽപം വ്യത്യസ്തരാണ്. അതുകൊണ്ടുതന്നെ പലപ്പോഴും കേരളത്തിൽ ഞങ്ങളെപ്പോലുള്ളവരെ കർഷകർ എന്ന രീതിൽ തിരിച്ചറിയാൻ പലരും പാടുപെടാറുണ്ട്. 

പാലക്കാട്‌ തോട്ടം ഒക്കെ തുടങ്ങി ഒരു 4 മാസം കഴിഞ്ഞ് ഞാൻ മാർക്കറ്റിങ് ആവശ്യത്തിനായി എറണാകുളത്തുള്ള പച്ചക്കറി കടകൾ കയറിയിറങ്ങി. പോയ എല്ലാ കടകളിലും ഞാൻ കേരളത്തിൽ പലയിടതായി കൃഷി ചെയ്യുന്ന ആളാണെന്നൊക്കെ പറഞ്ഞു പരിചയപ്പെടുത്തി. ചിലർ എന്നെ സോഷ്യൽ മീഡിയയിൽ ഒക്കെ കണ്ടിട്ടുണ്ട്. മറ്റു ചിലർക്ക് എന്നെ അത്ര പിടിച്ചില്ല എന്നെനിക്ക് തോന്നി. പക്ഷേ ഞാൻ പെണ്ണു കാണാൻ പോയതല്ലല്ലോ പച്ചക്കറി വിൽക്കാൻ പോയതല്ലേ, അതുകൊണ്ട് വില ഒക്കെ പറഞ്ഞു ഞാൻ തിരിച്ചുപോന്നു.

പക്ഷേ പലരും എന്നെ പിന്നീട് വിളിച്ചില്ല. കുറെ ദിവസം കഴിഞ്ഞപ്പോൾ ഞാൻ അവരെയൊക്കെ ഒന്നൂടി വാട്സാപ്പിൽ കൂടി ബന്ധപ്പെട്ടു. എന്റെ സോഷ്യൽ മീഡിയ ലിങ്ക് ഒക്കെ ഷെയർ ചെയ്തു.

പിറ്റേന്ന് കൂട്ടത്തിൽ ഒരാൾ എന്നെ വിളിച്ചു, എന്നിട്ട് പറഞ്ഞു...

'മോനെ നിന്റെ ഇന്നലത്തെ വേഷോം, കൂളിങ് ഗ്ലാസും ഒക്കെ കണ്ടപ്പോ കർഷകനാണെന്നു വിശ്വസിച്ചില്ല. പക്ഷേ മോന്റെ വീഡിയോകൾ കണ്ടപ്പോ വിശ്വാസോം അയി. ഒത്തിരി സന്തോഷോം ആയി'

അദ്ദേഹം പറഞ്ഞത് ശരിയാണ്. എന്റെ ഭാഗത്തും തെറ്റുണ്ട്. മലയാളിയുടെ കർഷക സങ്കൽപം ഞാൻ മറന്നു.

പക്ഷേ ആ സങ്കൽപം എനിക്ക് ചേരില്ല, ഇനി വരുന്നവർക്കും ചേരില്ല.

കൂളിങ് ഗ്ലാസ് ഒരു കർഷകന് അധികപ്പറ്റാണെന്ന് വിശ്വസിക്കുന്ന പലരും ഉണ്ടെന്നറിയാം. എന്നെ കളിയാക്കുന്നവരും ഉണ്ടെന്ന് അറിയാം.... പക്ഷേ ഞാൻ ഇനിയും കൂളിങ് ഗ്ലാസ് വയ്ക്കും. അത് ജാഡയ്ക്ക് വേണ്ടിയല്ല, എന്റെ കണ്ണിന്റെ സുരക്ഷയ്ക്കു വേണ്ടിയാണ്.

എന്റെ തൊഴിലാളികളും വ്യത്യസ്തരാണ്. നിക്കറും ബനിയനും, ഗംബൂട്ടും, ഹെഡ്ഫോണും ഒക്കെ വെച്ചാണ് അവർ പണിയെടുക്കുന്നത്. കൂടെ ഒരു ജെബിഎൽ പോർട്ടബിൾ സ്പീക്കറും.

ആ വെയിലത്ത്‌ ഞങ്ങൾ നടത്തുന്ന ഫാഷൻപരേഡാണ് ഞങ്ങളുടെ റിസൾട്ട്‌. പിന്നെ ചിലർക്കെങ്കിലും പ്രചോദനവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com