ADVERTISEMENT

കറവപ്പശുക്കളെ ബാധിക്കുന്ന മഴക്കാല രോഗങ്ങളിൽ പ്രധാനമാണ് അകിടുവീക്കം. പാലിൽ പെട്ടെന്നുണ്ടാകുന്ന കുറവ്, പാലിന്റെ സ്വാഭാവിക വെള്ളനിറം മഞ്ഞ, ചുവപ്പ്, വയലറ്റ് തുടങ്ങിയ നിറങ്ങളിൽ വ്യത്യാസപ്പെടൽ, പാലിന് പുളിപ്പ്, പാലിൽ കട്ടയായോ തരിതരികളായോ കാണപ്പെടൽ, പാലിൽ രക്താംശമോ പഴുപ്പോ കാണപ്പെടൽ, പാൽ വെള്ളം പോലെ നേർക്കൽ, കറന്നെടുത്ത് തിളപ്പിക്കുമ്പോൾ വെളുത്ത ശൽക്കങ്ങൾ പോലെ പാത്രത്തിന്റെ ഉൾവശത്ത് പാൽ പറ്റിപിടിക്കൽ, അകിടിൽ നീര്, അകിടിൽ തൊടുമ്പോൾ വേദന, അകിടിന് നിറവ്യത്യാസം, കല്ലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് അകിടുവീക്കത്തിന്റെ തുടക്കമാണെന്ന് മനസ്സിലാക്കാം. അകിടുവീക്കത്തെ അകറ്റി നിർത്താൻ മഴക്കാലത്ത് പ്രത്യേകം ശ്രദ്ധ വേണ്ടതുണ്ട്. അതല്ലെങ്കിൽ അകിടുവീക്കം പശുവിന്റെ പാലും ക്ഷീരകർഷകന്റെ കീശയും ചോർത്തുമെന്നത് തീർച്ചയാണ്. 

പശുക്കളിൽ അകിടുവീക്കം തടയാനുള്ള വഴികൾ 

  • തൊഴുത്തിൽ പൂര്‍ണ്ണശുചിത്വം പാലിക്കുക എന്നതാണ് അകിടുവീക്ക പ്രതിരോധത്തിൽ പ്രധാനം. തറയിലെ കുഴികളിൽ മൂത്രവും മലിനജലവും കെട്ടികിടന്നാൽ അത് രോഗാണുക്കൾക്ക് പെരുകാനും പശുക്കൾ കിടക്കുമ്പോൾ അകിടിലേക്ക് നുഴഞ്ഞുകയറാനും  ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കും. തൊഴുത്തിന്റെ തറയിലെ കുഴികളും വിള്ളലുകളും കോൺക്രീറ്റ് ചെയ്ത് നികത്തണം. കഴിയുമെങ്കിൽ  തറയിൽ റബർ മാറ്റ് വാങ്ങി വിരിക്കണം. ഇത് തറ  വൃത്തിയാക്കൽ  എളുപ്പമാക്കുമെന്ന്  മാത്രമല്ല കോൺക്രീറ്റ് തറയിലുരഞ്ഞ് അകിടിന് പോറലേൽക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ജൈവ മാലിന്യങ്ങള്‍ നീക്കിയ ശേഷം അണുനാശിനികള്‍ ഉപയോഗിച്ച് തൊഴുത്ത് നിത്യവും കഴുകി വൃത്തിയാക്കുകയും ഉണങ്ങാൻ അനുവദിക്കുകയും വേണം. 150 ഗ്രാം ബ്ലീച്ചിങ് പൗഡറും മൂന്ന് ടീസ്പൂണ്‍ അലക്കുകാരവും/ഡിറ്റര്‍ജന്റ് പൗഡര്‍ കുഴമ്പുരൂപത്തിലാക്കി പത്ത് ലീറ്റര്‍ വെള്ളത്തില്‍ വീതം ചേര്‍ത്ത് തറ വൃത്തിയാക്കാം. പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റും (1:10000) തറ വൃത്തിയാക്കാന്‍ ഉപയോഗിക്കാം. അര കിലോഗ്രാം വീതം കുമ്മായം നാല് ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തും തൊഴുത്ത് കഴുകി വൃത്തിയാക്കാം. ഫിനോൾ, കൊര്‍സോലിന്‍, ബയോക്ലിന്‍ തുടങ്ങി വിപണിയിൽ ലഭ്യമായ റെഡിമെയ്ഡ് അണുനാശിനികളും തൊഴുത്ത് വൃത്തിയാക്കാന്‍ ഉപയോഗിക്കാം. ചുറ്റു മതിലിന്റെ ഉയരം കുറച്ചും വശങ്ങളിലെ തടസ്സങ്ങൾ നീക്കിയും മേൽക്കൂരയുടെ ഉയരം കൂട്ടിയും തൊഴുത്തിൽ   മതിയായ വായുസഞ്ചാരം  ഉറപ്പാക്കണം .
  • കറവയ്ക്ക് മുന്‍പായി അകിടുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനി (5 ലീറ്റർ വെള്ളത്തിൽ 0.5 ഗ്രാം പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് പൊടി വീതം) ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കണം. കറവയ്ക്ക് മുൻപ് അകിടുകൾ വൃത്തിയാക്കാൻ   ഉപയോഗിക്കാവുന്ന ബയോഫോം  ( BIOFOAM - DELAVEL) പോലുള്ള റെഡിമെയ്‌ഡ്‌ ലായനികളും ഇന്ന് ലഭ്യമാണ് . കറവക്കാരന്റെ കൈകളും കറവയന്ത്രങ്ങളുടെയും ഇതേ രീതിയിൽ വൃത്തിയാക്കേണ്ടതും പ്രധാനമാണ് . 
  • പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പൂര്‍ണ്ണമായും കറന്നെടുക്കണം. രണ്ട് കറവകൾക്കിടയിൽ പന്ത്രണ്ട് മണിക്കൂർ ഇടവേള നൽകുന്നതാണ് ഏറ്റവും അഭികാമ്യം.
  • സ്ഥിരമായി ഒരു നിശ്ചിത സമയത്ത് തന്നെ കറവ നടത്തുന്നത് ഏറ്റവും നല്ലതാണ്. കൈകൊണ്ടാണ് കറവയെങ്കിൽ അകിടിന് പോറലേൽപ്പിക്കാതെയുള്ള മുഴുകൈ കറവയാണ് അഭികാമ്യം. പശുക്കിടാക്കളെ വിട്ടുകുടിപ്പിക്കുകയാണെങ്കിൽ അകിടിൽ  മിച്ചം വരുന്ന പാൽ  പിന്നീട്  കറന്നെടുക്കണം. 
  • പൂര്‍ണ്ണകറവയ്ക്കു ശേഷം മുലകാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കൻഡ് വീതം മുക്കി ടീറ്റ് ഡിപ്പിങ് നല്‍കണം. മുലക്കണ്ണ് വഴി രോഗാണുക്കൾ അകിടിനുള്ളിലേക്ക് കയറുന്നത് തടയുമെന്നു മാത്രമല്ല മുലദ്വാരം പെട്ടെന്ന് അടയുന്നതിനും അയഡിൻ  സഹായിക്കും.  ടീറ്റ് ഡിപ്പിങ് നൽകാൻ ഉപയോഗിക്കാവുന്ന  മാസ്റ്റിഡിപ്പ് ( ‌MASTIDIP -AYUR VET),  ലാക്ടിഫെൻസ്  ( LACTIFENCE - DELAVEL) പോലുള്ള റെഡിമെയ്‌ഡ്‌ ലായനികളും ഇന്ന് വിപണിയിൽ ഉണ്ട് .   
  • പാൽ ചുരത്തിയതിനു ശേഷം മുലദ്വാരം അടയാൻ ചുരുങ്ങിയത് 25 - 30 മിനിറ്റ് സമയമെടുക്കും. മുലദ്വാരം  അടയുന്നത് വരെ ഏറ്റവും ചുരുങ്ങിയത് 20 മിനിറ്റ് നേരത്തെക്കെങ്കിലും പശു തറയില്‍ കിടക്കുന്നത് ഒഴിവാക്കാനായി കറവ കഴിഞ്ഞ ഉടന്‍ അൽപം തീറ്റ നൽകാം. 
  • അകിടിലുണ്ടാവുന്ന മുറിവുകളും പോറലുകളും എത്ര നിസ്സാരമാണെങ്കിലും കൃത്യമായി ചികിത്സിക്കണം. അകിടിലും മുലക്കാമ്പുകളിലും ഉണ്ടാവുന്ന വിള്ളലുകളിൽ ബോറിക് ആസിഡ് പൊടി ഗ്ലിസറിൻ ദ്രാവകത്തിലോ അയഡിൻ ലായനിയിലോ ചേർത്ത് പ്രയോഗിക്കുന്നത് ഫലപ്രദമാണ്. അകിടിന്റെ ചർമ്മത്തെ  ബാധിക്കാൻ ഇടയുള്ള പോക്സ്, ഫംഗസ് പോലുള്ള സാംക്രമിക രോഗങ്ങൾക്കെതിരെ പ്രത്യേക ജാഗ്രത വേണം. 
  • പാല്‍ തൊഴുത്തിന്റെ തറയില്‍ പരന്നൊഴുകാതെ ശ്രദ്ധിക്കണം. പാൽ തൊഴുത്തിന്റെ തറയിലേക്കു പിഴിഞ്ഞ് കളയുന്നത് ഒഴിവാക്കണം. തറയിൽ കിടക്കുമ്പോൾ പാൽ തനിയെ ചുരത്തുന്ന ചില കറവ പശുക്കളുണ്ടാവാം. ഫോസ്‌ഫറസ്‌ മൂലകത്തിന്റെ അഭാവമാണ് ഈ അവസ്ഥയുടെ പ്രധാന കാരണം. വലുപ്പം കൂടിയ മുലദ്വാരമുള്ള പശുക്കളിലും പാൽ തനിയെ ചുരത്തുന്ന അവസ്ഥ കാണാറുണ്ട്. തനിയെ തറയിൽ പാൽ ചുരത്തുന്ന അകിടുകൾ രോഗാണുക്കളെ മാടിവിളിക്കും. തറയിൽ പരന്നൊഴുകുന്ന പാലിൽ രോഗാണുക്കൾ എളുപ്പത്തിൽ പെരുകും.  തനിയെ പാൽ ചുരത്തുന്ന പശുക്കളിൽ മാത്രമല്ല മറ്റ് പശുക്കളിലും ഇത് അകിടുവീക്ക സാധ്യത കൂട്ടും. മതിയായ ചികിത്സ ഉറപ്പാക്കി ഇത്തരം സാഹചര്യങ്ങൾ തടയാൻ ക്ഷീരകർഷകർ ജാഗ്രത പുലർത്തണം. ഫോസ്‌ഫറസ്‌ മൂലകത്തിന്റെ അപര്യാപ്തത പരിഹരിക്കാൻ ഇനോർഗാനിക് ഫോസ്‌ഫറസ്‌ ഫോസ്‌ഫോ വെറ്റ് (Phosphovet), ഫോസ്‌ഫറസ്‌ വെറ്റ് തുടങ്ങിയ പൊടികളോ ഗുളികകളോ  കുത്തിവെയ്പുകളോ പശുക്കൾക്ക് നൽകാം. വലിയ മുലദ്വാരമുള്ള പശുക്കളെ ദിവസം മൂന്ന് തവണയെങ്കിലും കറവ നടത്താനും തൊഴുത്തിലെ ഏറ്റവും വൃത്തിയുള്ള സ്ഥലത്ത് പ്രത്യേകം പാർപ്പിക്കാനും ശ്രദ്ധിക്കണം. 
  • പാലിന്റെ മണവും രുചിയും നിറവും രൂപവും  വ്യത്യാസപ്പെടുന്നതടക്കമുള്ള അകിടുവീക്കത്തിന്റെ ബാഹ്യ  ലക്ഷണങ്ങൾ ഒന്നും പുറത്ത് പ്രകടമാവാത്ത തരത്തിലുള്ള നിശബ്ദ അകിടുവീക്കത്തിനും  (സബ് ക്ലിനിക്കൽ മാസ്‌റ്റൈറ്റിസ് ) പശുക്കളിൽ സാധ്യതയുണ്ട് . പാൽ ക്രമേണ ക്രമേണ കുറഞ്ഞുവരുന്നതായിരിക്കും ഇത്തരം അകിടുവീക്കത്തിന്റെ പ്രധാന ലക്ഷണം. ഇങ്ങനെ നിശബ്ദ അകിടുവീക്കമുള്ള പശുക്കളിൽ പിന്നീട് ശക്തമായ അകിടുവീക്കം ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്. സബ് ക്ലിനിക്കൽ മാസ്‌റ്റൈറ്റിസ്  മുൻകൂട്ടി തിരിച്ചറിയുന്നതിനായി അകിടുവീക്കനിര്‍ണയ കിറ്റ് (കാലിഫോർണിയ മാസ്‌റ്റൈറ്റിസ് ടെസ്റ്റ് കിറ്റ്/ സിഎംടി) ഉപയോഗിച്ച് വീട്ടിൽ തന്നെ സ്വയം ചെയ്യാവുന്ന  ലളിതമായ പരിശോധന കർഷകർക്ക് പ്രയോജനപ്പെടുത്താം.  ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്ന ഡിലാവെൽ അടക്കമുള്ള കമ്പനികൾ ഉൽപാദിക്കുന്ന ( DeLaval CMT Kit) പരിശോധന കിറ്റുകളും വിപണിയിലുണ്ട്. പാലും  പരിശോധന കിറ്റിലെ ലായനിയും തുല്യ അളവിൽ ചേർത്തിളക്കുമ്പോൾ  മിശ്രിതത്തിന് പശപശപ്പോട് കൂടിയ  ഒരു ജെൽ പോലെ രൂപമാറ്റം സംഭവിക്കുന്നുണ്ടെങ്കിൽ അകിടുവീക്കമാണെന്ന് ഉറപ്പിക്കാം. മിശ്രിതത്തിൽ ചെറിയ തരികൾ ആണ് കാണുന്നതെങ്കിൽ നേരിയ അകിടുവീക്കം സംശയിക്കാം. ഇത് ഉപയോഗിച്ച് രണ്ട് ആഴ്ച  കൂടുമ്പോൾ  ഒരു  തവണയെങ്കിലും അകിടുവീക്ക നിര്‍ണയ പരിശോധന നടത്തുന്നത് ഉചിതമാണ്. അകിടുവീക്കം മുൻകൂട്ടി കണ്ടെത്താൻ മാത്രമല്ല മുൻപ് സ്വീകരിച്ച അകിടുവീക്ക  പ്രതിരോധ നടപടികളുടെ കാര്യക്ഷമത വിലയിരുത്താനും ഈ ടെസ്റ്റ് പ്രയോജനപ്പെടുത്താം.
    നിശബ്ദ അകിടുവീക്കം കണ്ടെത്തിയാൽ ഡോക്ടറുടെ നിർദേശപ്രകാരം  ട്രൈസോഡിയം സിട്രേറ്റ് പൊടി ( ലാബ് ഗ്രേഡ്)  100 കിലോഗ്രാം ശരീരതൂക്കത്തിന് 3 ഗ്രാം എന്ന അളവിൽ കറവപ്പശുക്കൾക്ക് നൽകുന്നത് രോഗം തടയാൻ ഫലപ്രദമാണ്. രോഗകാരിയായ ബാക്ടീരിയകളുടെ വളർച്ച ത്വരിതപ്പെടുത്തുന്ന പാലിന്റെ അമിത ക്ഷാരനില നിർവീര്യമാക്കാനും പാലിന്റെ സാധാരണ അമ്ല-ക്ഷാര നില കൈവരിക്കാനും ട്രൈസോഡിയം സിട്രേറ്റ് പൗഡർ നേരിട്ടോ ഈ ഘടകം അടങ്ങിയ വിപണിയിൽ ലഭ്യമായ റെഡിമെയ്‌ഡ്‌ പൗഡറുകളോ ( മമ്മീഡിയം, പ്രീമാസ്റ്റ്, മാസ്റ്റിഗാർഡ്, മാമ്മിയപ്പ് ) നൽകുന്നത് സഹായിക്കും. ട്രൈസോഡിയം പൗഡർ മിൽമ ക്ഷീരസംഘങ്ങൾ വഴി കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്.  രോഗതീവ്രത അനുസരിച്ച് ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം ആന്റിബയോട്ടിക് അടക്കമുള്ള  അകിടുവീക്ക ചികിത്സകൾ നൽകേണ്ടതും പ്രധാനമാണ് . സിഎംടി പരിശോധനയുടെ അടിസ്ഥാനത്തിൽ ശേഖരിക്കുന്ന പാൽ ബാക്റ്റീരിയൽ കൾച്ചർ ആൻഡ് സെൻസിറ്റിവിറ്റി പരിശോധനകൾക്ക് വിധേയമാക്കി കൃത്യമായ ആന്റിബയോട്ടിക് മരുന്നുകൾ നിർണയിക്കാനുള്ള സേവനവും മൃഗസംരക്ഷണവകുപ്പ് ഇപ്പോൾ കർഷകർക്ക് ലഭ്യമാക്കുന്നുണ്ട്. 
  • ഗർഭിണിപ്പശുക്കൾ കറവയിലാണെങ്കിൽ പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ട് മാസങ്ങൾക്ക് മുൻപ് കറവ അവസാനിപ്പിച്ച് വറ്റുകാല വിശ്രമം നൽകണം. രണ്ടുമാസക്കാലത്തെ വറ്റുകാല വിശ്രമം അടുത്ത ഉൽപാദനകാലത്ത്  മികച്ച അളവിൽ  പാൽ  ലഭിക്കാൻ സഹായിക്കും. അകിടിന്റെ പ്രതിരോധശക്തി കുറയാൻ ഇടയുള്ളതിനാൽ വറ്റുകാലത്ത്  അകിടിൽ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. അണുക്കള്‍ കൂടുതല്‍ കാലം അകിടിൽ നിലനിന്നാൽ പ്രസവാനന്തരം  അകിടുവീക്കത്തിനുള്ള സാധ്യത ഉയരുകയും ചെയ്യും. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനായി വറ്റുകാലം ആരംഭിക്കുന്നതിന് മുന്നോടിയായി പശുക്കൾക്ക്  വറ്റുകാല ചികിത്സ (ഡ്രൈ കൗ തെറാപ്പി ) ഉറപ്പാക്കണം. വറ്റുകാലം ആരംഭിക്കുന്നതിന് തൊട്ട് മുൻപ് മുഴുവൻ പാലും കറന്നെടുത്ത് ശേഷം കൂടുതൽ കാലം രോഗാണു പ്രതിരോധ ശേഷിയുള്ള തരം ആന്റിബയോട്ടിക്ക് മരുന്നുകള്‍ നാല് മുലക്കാമ്പിനുള്ളിലേക്കും കൊടുക്കുകയാണ് വറ്റുകാലചികിത്സയില്‍ ചെയ്യുന്നത്. ആവശ്യമെങ്കിൽ മൂന്ന് ആഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഒരു തവണ കൂടി ഇത്തവർത്തിക്കണം. വറ്റുകാലത്തോടൊപ്പം  വറ്റുകാല ചികിത്സയും നൽകുന്നത് നിലനിൽക്കുന്ന രോഗാണുക്കളെ നശിപ്പിക്കാനും പുതിയ രോഗാണുക്കളെ തടയാനും അടുത്ത കറവക്കാലത്ത് അകിടുവീക്കം ഉണ്ടാവുന്ന സാധ്യത കുറയ്ക്കാനും സഹായിക്കും. വറ്റുകാല ചികിത്സ നൽകുന്നത് അടുത്ത കറവക്കാലത്ത് 8 - 10 ശതമാനം വരെ ഉൽപ്പാദനം കൂട്ടുമെന്ന് വിവിധ പഠനങ്ങൾ പറയുന്നു .

അകിടുകളുടെ ആരോഗ്യം ഉറപ്പാക്കാൻ സഹായിക്കുന്ന സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയ ചീലേറ്റഡ് ധാതു ജീവക മിശ്രിതങ്ങൾ സ്ഥിരമായി തീറ്റയിൽ ഉൾപ്പെടുത്തുന്നത് ( ഉദാഹരണം- അഗ്രിമിൻ ഫോർട്ട്, ന്യൂട്രിസെൽ) അകിടുവീക്കത്തെ അകറ്റി നിർത്താൻ സഹായിക്കും. 

ചില ഫാമുകളിൽ ഇടവിട്ടിടവിട്ട് അകിടുവീക്കം ബാധിക്കുന്ന ചില പശുക്കൾ ഉണ്ടാവാം. പശുക്കളിലെ തൈലേറിയ എന്ന രക്താണു ബാധ ഇടവിട്ടുള്ള അകിടുവീക്കത്തിന് ഒരു കാരണമാണ്. ഇത്തരം സാഹചര്യങ്ങളിൽ രക്തപരിശോധന നടത്തി തൈലേറിയ അണുബാധ നിർണയിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com