ഒരു കർഷകനും കണ്ടുനിൽക്കാൻ സാധിക്കാത്ത കാഴ്ചകൾ: തവിഞ്ഞാലിൽ കള്ളിങ് പുരോഗമിക്കുന്നു

african-swine-fever-culling
തവിഞ്ഞാലിലെ ഫാമിൽ പന്നികളെ കൊന്നുനീക്കുന്നതിന്റെ ഭാഗമായി ഭാരം പരിശോധിക്കുന്നു
SHARE

ഒരു കർഷകനും കണ്ടുനിൽക്കാൻ സാധിക്കാത്ത കാഴ്ചകളാണ് വയനാട് തവിഞ്ഞാലിൽ നടക്കുന്നത്. ആഫ്രിക്കൻ സ്വൈൻ ഫീവർ (ആഫ്രിക്കൻ പന്നിപ്പനി) സ്ഥിരീകരിച്ച തവിഞ്ഞാൽ കരിമാനിയിലെ എം.വി.വിൻസെന്റിന്റെ പന്നികളെ കൊന്നു (കള്ളിങ്) തുടങ്ങി. ഇലക്ട്രിക് സ്റ്റണ്ണർ ഉപയോഗിച്ച് മയക്കിയ ശേഷമാണ് കൊന്നു നീക്കുക. വലിയ കുഴിയെടുത്ത് മൂടും. രാവിലെ എട്ടോടെ 200ലധികം പന്നികളെ കൊന്നിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സാംക്രമിക രോഗമായതിനാൽ കൊന്നൊടുക്കുക എന്നതുതന്നെയാണ് അന്താരാഷ്ട്ര തലത്തിലുള്ള പ്രോട്ടോക്കോൾ. ഇങ്ങനെ ചെയ്യുമ്പോൾ കർഷകന്റെ നിലനിൽപ്പിനുവേണ്ടിയുള്ള നഷ്ടപരിഹാരം ഭരണകൂടം ഉറപ്പുവരുത്തണമെന്ന് കർഷകർ പറയുന്നു. നിലവിൽ വലിയ പന്നിക്ക് 15,000 രൂപ, 15–40 കിലോ വലുപ്പമുള്ളതിന് 5800 രൂപ, 15 കിലോയിൽ താഴെയുള്ള കുട്ടികൾക്ക് 2200 രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരമായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, ഇത് ശരിയായ രീതിയിലുള്ള നഷ്ടപരിഹാരമല്ലെന്ന് പന്നിക്കർഷകരുടെ സംഘടനയായ പിഗ് ഫാർമേഴ്സ് അസോസിയേഷൻ (പിഎഫ്എ) പറയുന്നു. 200 കിലോയോളം വലുപ്പമുള്ള പന്നികൾക്കുപോലും 15000 രൂപയേ നൽക‌ാൻ കഴിയൂ എന്നാണ് അധികൃതർ നൽകുന്ന സൂചന. അത് കർഷകന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്ന വിധമുള്ളതാണ്. ഇത്തരം ഫാമുകളിലുള്ള മാതൃ–പിതൃ ശേഖരം വലിയ വില കൊടുത്തു വാങ്ങിയിട്ടുള്ളതായിരിക്കും. ഫാമിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായാൽ അത് കർഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയായിരിക്കും വരുത്തിവയ്ക്കുക. അതുകൊണ്ടുതന്നെ അത്തരം കാര്യങ്ങൾക്കൂടി പരിഗണിച്ച് സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

നിലവിൽ വയനാട്ടിലെ രണ്ടു ഫാമുകളിലാണ് പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതെങ്കിലും അവയുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെയും കള്ളിങ്ങിന് വിധേയരാക്കും. തവിഞ്ഞാലിനെ ഫാമിൽ 360 പന്നികളാണുള്ളത്. അതുപോലെ മാനന്തവാടിയിലെ ഫാമിനു ചുറ്റുമുള്ള മൂന്നോളം ഫാമിലെ പന്നികളെയും കൊല്ലാനാണ് തീരുമാനം. മുന്നൂറിൽപ്പരം പന്നികളാണ് ഇവിടെയുള്ളത്. 

രോഗലക്ഷണങ്ങൾ

വൈറസ് ബാധയേറ്റ് 3 - 5 ദിവസത്തിനകം പന്നികൾ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങും. ശക്തമായ പനി, ശ്വാസതടസ്സം, തീറ്റ മടുപ്പ്, ശരീര തളർച്ച, തൊലിപ്പുറത്ത് രക്തവാർച്ച, ചെവിയിലും വയറിന്റെ അടിഭാഗത്തും കാലുകളിലും ചുവന്ന പാടുകൾ, വയറിളക്കം, ഛർദ്ദി, ഗർഭിണിപ്പന്നികളിൽ ഗർഭമലസൽ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. അന്തരാവയവങ്ങളിൽ രക്തസ്രാവത്തിന് വൈറസ് കാരണമാവും. അതിവേഗത്തിൽ മറ്റു പന്നികളിലേക്കു പടർന്നു പിടിക്കാൻ വൈറസിന് കഴിയും. തുടർന്ന് രോഗം മൂർച്ഛിച്ച് 1 - 2 ആഴ്ചയ്ക്കുള്ളിൽ പന്നികൾ കൂട്ടമായി ചത്തൊടുങ്ങും. രോഗം കണ്ടെത്തിയ ഫാമുകളിൽ പന്നികളെയെല്ലാം കൊന്ന് കുഴിച്ചുമൂടുകയല്ലാതെ രോഗനിയന്ത്രണത്തിന് മറ്റൊരു മാർഗവുമില്ല.  

african-swine-fever-culling-1
പന്നികളെ കൊന്നിട്ടിരിക്കുന്നു

ആഫ്രിക്കൻ പന്നിപ്പനിയും ക്ലാസിക്കൽ പന്നിപ്പനിയും സ്വൈൻ ഇൻഫ്ലുവൻസയും: വാക്സീൻ മറക്കരുത്

ആഫ്രിക്കൻ പന്നിപ്പനിയെന്ന് കേൾക്കുമ്പോൾ പലരുടെയും മനസിൽ ആദ്യം തെളിയുക ഇൻഫ്ലുവൻസ വൈറസുകൾ കാരണമുണ്ടാവുന്ന സ്വൈൻ ഫ്ലൂ (H1 N1) ആയിരിക്കും. പന്നിപ്പനി എന്ന പേരിലാണ് സ്വൈൻ ഫ്ലൂ മലയാളികൾക്ക് പരിചിതം. പന്നികളിൽ ഗുരുതരമായ ശ്വാസകോശ രോഗബാധയുണ്ടാക്കുന്ന ഇൻഫ്ലുവൻസ വൈറസുകൾ പന്നികളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യരോഗാണു കൂടിയാണ്. എന്നാൽ ആഫ്രിക്കൻ പന്നിപ്പനി ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തവും പന്നികളിൽ മാത്രം ഒതുങ്ങി കാണപ്പെടുന്നവയുമാണ്. 

കേരളത്തിൽ ഉൾപ്പെടെ പന്നികളിൽ വ്യാപകമായി കാണപ്പെടുന്ന മറ്റൊരു രോഗമാണ് ക്ലാസിക്കൽ പന്നിപ്പനി (ക്ലാസിക്കൽ സ്വൈൻ ഫീവർ) അഥവാ ഹോഗ് കോളറ രോഗം. പന്നികളിൽനിന്ന് പന്നികളിലേക്ക് പകരുന്ന, വൈറസുകൾ കാരണമായുണ്ടാവുന്ന ക്ലാസിക്കൽ സ്വൈൻ ഫീവർ രോഗം തടയാനുള്ള ഫലപ്രദമായ വാക്സീനുകളും ഇന്നുണ്ട്. ക്ലാസിക്കൽ സ്വൈൻ ഫീവർ തടയാനുള്ള  ഈ വാക്സീൻ  സംസ്ഥാന മൃഗസംരക്ഷണവകുപ്പ് കർഷകർക്ക് സൗജന്യമായി ലഭ്യമാക്കുന്നുണ്ട്. സ്വകാര്യ കമ്പനികൾ ലഭ്യമാക്കുന്ന വാക്സിനുകളും വിപണിയിൽ ഉണ്ട്. 

ആഫ്രിക്കൻ പന്നിപ്പനി, ക്ലാസിക്കൽ പന്നിപ്പനി എന്നീ രണ്ടു രോഗത്തിന്റെയും ലക്ഷണങ്ങൾ സമാനമായതുകൊണ്ടുതന്നെ രോഗങ്ങൾ പ്രത്യക്ഷത്തിൽ തിരിച്ചറിയാൻ കഴിയില്ല. അതിനാൽ ക്ലാസിക്കൽ പന്നിപ്പനിക്കുള്ള വാക്സീൻ നൽകിയാൽ ആ ഒരു രോഗം ഉറപ്പായും തടയാൻ കഴിയും. ക്ലാസിക്കൽ പന്നിപ്പനിക്കുള്ള വാക്സീൻ എടുത്തിട്ടും രോഗലക്ഷണങ്ങൾ കാണിച്ചാൽ അത് ആഫ്രിക്കൻ പന്നപ്പനിയാണെന്ന് അനുമാനിക്കാൻ കഴിയും.  പന്നിക്കുഞ്ഞുങ്ങൾക്ക് ആറ് - എട്ട് ആഴ്ച / രണ്ടു മാസം പ്രായമെത്തുമ്പോൾ ആദ്യ ക്ലാസിക്കൽ പന്നിപ്പനി പ്രതിരോധ വാക്‌സീൻ (ഒരു മില്ലി വാക്‌സിൻ പേശിയിൽ)  നൽകണം. ഒരു വർഷം വരെ പ്രതിരോധം നൽകാൻ വാക്‌സിന് ശേഷിയുണ്ടെങ്കിലും നമ്മുടെ നാട്ടിൽ  ക്ലാസിക്കൽ പന്നിപ്പനി വളരെ വ്യാപകമായി കാണുന്നതിനാൽ ഓരോ ആറ് - ഒൻപത്  മാസം കൂടുമ്പോഴും വാക്സിനേഷൻ ആവർത്തിക്കുന്നത് അഭികാമ്യമാണ്‌. ബ്രീഡിങിന് ഒന്നോ രണ്ടോ ആഴ്ച മുൻപായി പെൺപന്നികൾക്ക് വാക്‌സീൻ നൽകണം. ഗർഭിണി പന്നികളെ ഈ വാക്‌സിൻ നൽകുന്നതിൽ നിന്ന് ഒഴിവാക്കണം. പ്രതിരോധകുത്തിവയ്പുകൾ ഒന്നും നല്കിയിട്ടില്ലാത്ത പെൺപന്നികൾക്കുണ്ടാവുന്ന കുഞ്ഞുങ്ങൾ ആണെങ്കിൽ രണ്ടാഴ്ച പ്രായമെത്തുമ്പോൾ ക്ലാസിക്കൽ പന്നിപ്പനിക്കെതിരെയുള്ള വാക്‌സീൻ നൽകണം. 

ആഫ്രിക്കൻ പന്നിപ്പനി തടയാൻ ഫലപ്രദമായ വാക്സിനുകൾ ഇന്ന് പ്രചാരത്തിലായിട്ടില്ല . രോഗബാധ കണ്ടെത്തിയ മേഖലയിലെ മുഴുവൻ പന്നികളെയും ദയാവധത്തിന് വിധേയമാക്കി സുരക്ഷിതമായി സംസ്ക്കരിക്കുക എന്നതാണ് ലോക മൃഗാരോഗ്യ സംഘടന നിർദേശിക്കുന്ന നിയന്ത്രണമാർഗ്ഗം. 

വേണം ജാഗ്രത 

പന്നിവളർത്തൽ മേഖലയിൽ പതിനായിരത്തിലധികം കർഷകരുള്ള കേരളത്തിൽ ആഫ്രിക്കൻ പന്നിപ്പനി വ്യാപിക്കാതിരിക്കാനുള്ള ജാഗ്രതയാണ് ആവശ്യം. ഫാമുകളിലെ ജൈവസുരക്ഷ ഉറപ്പാക്കണം. മറ്റൊരു ഫാമിൽനിന്ന് പന്നികളെ സ്വന്തം ഫാമിലേക്ക് കൊണ്ടുവരുന്നത് താൽക്കാലികമായി നിർത്തിവയ്ക്കണം. ഇതര സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ കൊണ്ടുവരുന്ന രീതിയും താൽക്കാലികമായി അവസാനിപ്പിക്കണം. പഞ്ചാബ്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കാണ് പന്നികളെ മാംസാവശ്യത്തിനായി കയറ്റി അയച്ചിരുന്നത്. രോഗവ്യാപനത്തിന്റെ സാഹചര്യത്തിൽ ഇത് നിർത്തിവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പിന്നീട് പ്രധാനമായും കേരളത്തിലേക്കായിരുന്നു പന്നികൾ വന്നുകൊണ്ടിരുന്നത്. വിപണി മാത്രം ലക്ഷ്യംവച്ച് ഇത്തരത്തിൽ ഇവിടേക്ക് പന്നികളെ എത്തിക്കുന്നത് തടയാൻ സർക്കാർ ശ്രദ്ധ ചെലുത്തണം. കാരണം, സകല കൃഷിയും നശിച്ചപ്പോൾ നിലനിൽപ്പിനായി പന്നിവളർത്തൽ മേഖലയിലേക്ക് തിരിഞ്ഞവരാണ് പലരും. ഈ മേഖലയും തകരുന്ന ഒരു സ്ഥിതി എത്തിയാൽ കർഷകർ കൂട്ടത്തോടെ ഇല്ലാതാകുന്ന ഒരു അവസ്ഥയായിരിക്കും ഉണ്ടാകുക. 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. എം.മുഹമ്മദ് ആസിഫ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}