ADVERTISEMENT

കണ്ണൂരിൽ പന്നിപ്പനി സ്ഥീരീകരിച്ച ഫാമുകളിൽ കള്ളിങ്ങിന് നിയോഗിക്കപ്പെട്ട സംഘത്തിന് കർണാടകത്തിലും ‘പണി’. കർണാടക ബെംഗളൂരു റൂറൽ ജില്ലയിലെ ഒരു ഫാമിൽ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർണാടക മൃഗസംരക്ഷണ വകുപ്പ് കേരള മൃഗസംരക്ഷണ വകുപ്പിന്റെ അടിയന്തിര സഹായം തേടിയത്.

കണ്ണൂരിൽനിന്ന് 350 കിലോമീറ്റർ അകലെയുള്ള ഹോസ്കോട്ടെ താലൂക്കിലെ നവീൻ പിഗ്ഗറിയിലെ പന്നികളെ കൊല്ലുന്നതിനായിരുന്നു സഹായം തേടിയത്. ഒരാഴ്ചയായി ഫാമിലെ പന്നികൾ കൂട്ടത്തോടെ ചത്തുപോകുന്നത് പന്നിപ്പനി കാരണമാണെന്നു കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. കണ്ണൂരിലെ കണിച്ചാർ പഞ്ചായത്തിലെ  ഫാമിൽ പന്നിപ്പനി പൊട്ടിപുറപ്പെട്ട ഉടൻ തന്നെ വരുതിയിലാക്കിയ കണ്ണൂർ ദൗത്യസംഘത്തിലെ നാലു പേരെ ഇതിനായി നിയോഗിച്ചയച്ചു. 

ആഫ്രിക്കൻ സ്വൈൻ ഫീവർ റാപ്പിഡ് റെസ്പോൺസ് ടീം ലീഡർ ഡോ. ആസിഫ് എം. അഷറഫ്, ലൈവ്സ്റ്റോക് ഇൻസ്പെക്ടർമാരായ എ.ബി.ഷിനോയ്, ഇ.എം.നാരായണൻ, കെ.എസ്. രാജീവ് എന്നിവരെയാണ് ഇന്നലെ (ഞായറാഴ്ച) പന്നികളുടെ ഉന്മൂലനദൗത്യം ഏൽപ്പിച്ചു കർണാടകയിലേക്കയച്ചത്.

ഞായറാഴ്ച രാവിലെ ബംഗ്ലൂരുവിൽ എത്തിയ കേരള ദൗത്യസംഘം ഫാമിൽ എത്തിയപ്പോഴേക്കും നൂറ്റിയമ്പതോളം പന്നികൾ ചത്തിരുന്നു. അവശേഷിച്ചിരുന്ന 347 പന്നികളെയും കുഞ്ഞുങ്ങളെയുമാണ് ദൗത്യസംഘം കൊന്നൊടുക്കിയത്. ദൗത്യം പൂർത്തീകരിച്ചു നാലംഗസംഘം ഇന്ന് മടങ്ങിയെത്തി. ഇരുപത്തിനാലു മണിക്കൂർ ക്വാറന്റൈനിൽ പ്രവേശിച്ച ശേഷം ഡ്യൂട്ടിയില്‍ പ്രവേശിക്കും. 

ദൗത്യം ഏറ്റെടുത്ത് കൃത്യതയോടെ നിര്‍വഹിച്ച സംഘത്തെ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി അഭിനന്ദിച്ചു.

English summary: African Swine Fever: Kerala rapid response team at Karnataka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com