അടുക്കളമുറ്റത്ത് കോഴിക്കൃഷി സമ്യദ്ധമെങ്കിൽ പുരയിടമൊരു പ്രോട്ടീൻ ബാങ്ക്

HIGHLIGHTS
  • പുരയിടത്തിൽ കോഴിമാംസസമൃദ്ധി
  • തറനിരപ്പിൽ നിന്ന് രണ്ടടി എങ്കിലും ഉയരത്തിൽ വേണം കൂട് ക്രമീകരിക്കേണ്ടത്
triveni-poultry
ത്രിവേണി കോഴി
SHARE

ആരംഭിക്കാം പുരയിടത്തിൽ ഒരു സമ്മിശ്ര മൃഗപരിപാലന സംരംഭം: ഭാഗം 2

അടുക്കളമുറ്റത്ത് കോഴിക്കൃഷി സമ്യദ്ധമെങ്കിൽ പുരയിടമൊരു പ്രോട്ടീൻ ബാങ്ക് എന്ന് വെറുതെ പറയുന്നതല്ല. പോഷകസമൃദ്ധിയിൽ നാടൻ മുട്ടയെ വെല്ലാൻ മറ്റൊരുൽപ്പന്നം വേറെയില്ല. നാടൻ കോഴിമുട്ടയ്ക്ക് നാട്ടിൽ നല്ല ഡിമാൻഡുള്ള കാലമാണിത്. അടുക്കളമുറ്റത്ത് കുറച്ചു മുട്ടക്കോഴികളുണ്ടെങ്കിൽ വീട്ടാവശ്യങ്ങൾക്ക് വേണ്ടത്ര മുട്ടകിട്ടുമെന്ന് മാത്രമല്ല ബാക്കി വരുന്ന മുട്ട പ്രാദേശികവിപണനം നടത്തി വരുമാനവുമുണ്ടാക്കാം. 

അഞ്ച് മുതല്‍ പത്ത് വരെ കോഴികളെ വളര്‍ത്തുന്ന ചെറുകിട യൂണിറ്റുകളാണ് വീട്ടുമുറ്റത്തെ കോഴിവളര്‍ത്തലിന് അനുയോജ്യം. നാടന്‍ കോഴികളെ വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് തലശ്ശേരിക്കോഴി, നേക്കഡ് നെക്ക്, അസീല്‍, കരിങ്കോഴി തുടങ്ങിയ പ്രാദേശികമായി ലഭ്യമായ കോഴിയിനങ്ങളെ വളര്‍ത്താനായി തിരഞ്ഞെടുക്കാം. വര്‍ഷത്തില്‍ 80 മുതല്‍ 100 മുട്ടകള്‍ ഇവയില്‍ നിന്നും ലഭിക്കും. അടയിരിക്കുന്നതിനും രോഗപ്രതിരോധ ശേഷിക്കുമെല്ലാം പേരുകേട്ടവരാണ് നമ്മുടെ നാടന്‍ കോഴികള്‍. മാത്രമല്ല നാടന്‍ കോഴിയുടെ ഇറച്ചിക്കും തവിടൻ മുട്ടക്കും മികച്ച വിപണിയും ഇന്നുണ്ട്. 

താരതമ്യേന ഉല്‍പാദനക്ഷമത കുറഞ്ഞ നാടന്‍ കോഴികള്‍ക്ക് പകരം അടുക്കള മുറ്റങ്ങൾക്ക് അനുയോജ്യമായ ഉല്‍പ്പാദനശേഷി കൂടിയ കോഴിയിനങ്ങളും ഇന്ന് ലഭ്യമാണ്. തവിട്ടും, കറുപ്പും, വെളുപ്പും കലര്‍ന്ന ഗ്രാമശ്രീ, വെളുപ്പില്‍ കറുത്തപുള്ളികളുള്ള ഗ്രാമലക്ഷ്മി ( ആസ്ട്രോവൈറ്റ്), വൈറ്റ് ലെഗോൺ മുട്ടക്കോഴിയുടെയും കേരളത്തിലെ തനതായ തലശേരിക്കോഴിയുടെയും റോഡ് ഐലന്റ് റെഡ് എന്ന വിദേശ ജനുസിന്റെയും സങ്കരയിനമായ ത്രിവേണി കോഴി,  ഗ്രാമപ്രിയ, കൈരളി, കാവേരി, കലിംഗ ബ്രൗണ്‍, ഗിരിരാജ, വനരാജ തുടങ്ങിയ കോഴി ഇനങ്ങള്‍ അടുക്കളമുറ്റങ്ങള്‍ക്കു വേണ്ടി വികസിപ്പിച്ചവയാണ്. 

കേരള വെറ്ററിനറി സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഉയർന്ന തീറ്റപരിവര്‍ത്തനശേഷി, വളര്‍ച്ചാ നിരക്ക്, നാടന്‍ കോഴികളുമായുള്ള കൂടിയ സാമ്യത തുടങ്ങിയ ഗുണങ്ങളുള്ള ഗ്രാമശ്രീ കോഴികള്‍ വീട്ടുവളപ്പിലെ കോഴി വളർത്തലിന് ഏറ്റവും അനിയോജ്യമാണ്. കാഴ്ചയില്‍ നാടന്‍ കോഴികളുടെ വര്‍ണ്ണവൈവിധ്യത്തോട് സാമ്യമുള്ളവയാണ് ഗ്രാമശ്രീ കോഴികൾ. നാടന്‍ കോഴിയുടെ മുട്ടയോട് സാദൃശ്യമുള്ളതും, തവിട്ട് നിറത്തോട് കൂടിയതും, മഞ്ഞക്കരുവിന് കടും മഞ്ഞ നിറമുള്ളയുമായ ഗ്രാമശ്രീ മുട്ടകള്‍ക്ക് മികച്ച വിപണിയാണുള്ളത്. മാത്രമല്ല ഇറച്ചിയ്ക്കും ഉത്തമമായ ഇനമാണ് ഗ്രാമശ്രീ കോഴികള്‍. സ്വദേശിയും വിദേശിയുമായ വിവിധ കോഴിയിനങ്ങള്‍ തമ്മില്‍ ജനിതകമിശ്രണം ചെയ്ത് ഉരിത്തിരിച്ചെടുത്ത ഈ സങ്കരയിനം കോഴിയിനങ്ങള്‍ എല്ലാം തന്നെ അഞ്ച്-അഞ്ചര മാസം പ്രായമെത്തുമ്പോള്‍ മുട്ടയിടല്‍ ആരംഭിക്കും. ഒരു വര്‍ഷം 190-220 മുട്ടകള്‍ വരെ ഇവയിൽനിന്നും കിട്ടും. 72-74 ആഴ്ചകള്‍ (ഒന്നര വര്‍ഷം പ്രായം) നീണ്ടുനില്‍ക്കുന്ന ലാഭകരമായ മുടയുല്‍പ്പാദനകാലം കഴിഞ്ഞാല്‍ ഇവയെ ഇറച്ചിക്കായി വിപണിയില്‍ എത്തിക്കാം. അപ്പോള്‍ ഏകദേശം രണ്ട് കിലോയോളം ശരീരഭാരം കോഴികള്‍ക്കുണ്ടാവും. പരിപാലിച്ച് വളർത്തിയതായതിനാൽ ഇറച്ചി ഏറെ സ്വാദിഷ്ടവും പോഷക മൂല്യമേറിയതുമായിരിക്കും.

poultry-gramasree
ഗ്രാമശ്രീ കോഴികൾ

ഒരു ദിവസം പ്രായത്തിലാണ് മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വാങ്ങുന്നതെങ്കിൽ മൂന്നാഴ്ച പ്രായമെത്തുന്നത് വരെ കൃതിമ ചൂട് നൽകുന്നതിനായി ബ്രൂഡിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. മുട്ടക്കോഴി കുഞ്ഞുങ്ങൾക്ക് പ്രത്യകം സ്റ്റാർട്ടർ തീറ്റയും പ്രതിരോധ കുത്തിവെയ്പുകളും നൽകണം. കുറഞ്ഞ എണ്ണം കോഴികൾക്ക് മാത്രമായി ഈ ക്രമീകരണങ്ങൾ ഒരുക്കുന്നത് ലാഭകരമല്ല. രണ്ട് മാസം പ്രായമെത്തിയ ആവശ്യമായ രോഗപ്രതിരോധ കുത്തിവയ്പുകള്‍ നല്‍കിയ മുട്ടക്കോഴി കുഞ്ഞുങ്ങളെ വളര്‍ത്താനായി വാങ്ങുന്നതാണ് അഭികാമ്യം. സർക്കാര്‍ അംഗീകൃത നഴ്സറികളില്‍ നിന്നോ, സര്‍ക്കാര്‍, സര്‍വകലാശാല ഫാമുകളില്‍ നിന്നോ കോഴിക്കുഞ്ഞുങ്ങളെ വാങ്ങാം.

വീട്ടുമുറ്റത്തും പറമ്പിലും അഴിച്ചുവിട്ടാണ് കോഴികളെ വളർത്തുന്നതെങ്കിൽ വലിയ രീതിയിലുള്ള പാര്‍പ്പിടസൗകര്യങ്ങള്‍ ഒന്നും തന്നെ വേണ്ടതില്ല. രാത്രി പാര്‍പ്പിക്കുന്നതിനായി തടിയും കമ്പിവലയും ഉപയോഗിച്ച് ലളിതമായ പാര്‍പ്പിടം പണിയാം. യഥേഷ്ടം കാറ്റും വെളിച്ചവും കടക്കുന്നതും ഇരപിടിയന്മാരിൽനിന്ന് സുരക്ഷിതവുമായ കൂടുകൾ വേണം നിർമിക്കേണ്ടത്. ഒരു കോഴിക്ക് നിൽക്കാൻ കൂട്ടിൽ ഒരു ചതുരശ്രയടി സ്ഥല സൗകര്യം നല്‍കണം. 4 അടി നീളം 3 അടി വീതിയും 2 അടി ഉയരവും ഉള്ള ഒരു കൂട് പണിതാല്‍ 10-12 കോഴികളെ പാര്‍പ്പിക്കാം. തറനിരപ്പിൽ നിന്ന് രണ്ടടി എങ്കിലും ഉയരത്തിൽ വേണം കൂട് ക്രമീകരിക്കേണ്ടത്. ഓട്, ഓല, ഷീറ്റ് എന്നിവയിലേതെങ്കിലും കൊണ്ട് കൂടിന് മേൽക്കൂര ഒരുക്കാം. പുരയിടത്തില്‍ പൂർണമായും തുറന്ന് വിട്ട് വളര്‍ത്താന്‍ സൗകര്യമില്ലെങ്കില്‍ കൂടിന് ചുറ്റും നൈലോണ്‍/കമ്പിവല കൊണ്ടോ, മുള കൊണ്ടോ വേലികെട്ടി തിരിച്ച് അതിനുള്ളിൽ പകൽ തുറന്ന് വിട്ട് വളര്‍ത്താം. ഒരു കോഴിക്ക് പത്ത് ചതുരശ്രയടി സ്ഥലം എന്ന കണക്കില്‍ പത്ത് കോഴികൾക്ക് 100 ചതുരശ്ര അടി സ്ഥലം വേലികെട്ടിനുള്ളില്‍ നല്‍കണം. തീറ്റപാത്രങ്ങളും വെള്ളപാത്രങ്ങളും കൂട്ടിൽ തന്നെ ക്രമീകരിക്കാം. കോഴികൾക്ക് മുട്ടയിടുന്നതിനായി ഒരടി വീതം നീളത്തിലും വീതിയിലും അരയടി ഉയരത്തിലും കാർഡ് ബോർഡു കൊണ്ടോ മരം കൊണ്ടോ ഉള്ള നെസ്റ്റ് ബോക്സ് / മുട്ടപ്പെട്ടികൾ കൂട്ടിലോ വേലി കെട്ടിനുള്ളിലോ നിർമിക്കണം. നെസ്റ്റ് ബോക്സിനുള്ളിൽ വൈക്കോലോ ഉണക്കപ്പുല്ലോ ചകിരിയോ വിരിച്ച് വിരിപ്പൊരുക്കാം. അഞ്ച് കോഴികൾക്ക് ഒന്ന് എന്ന അനുപാതത്തിൽ വേണം നെസ്റ്റ് ബോക്സുകൾ ക്രമീകരിക്കേണ്ടത്. മുട്ട പൊട്ടാതെയും അഴുക്ക് പുരളാതെയും ശേഖരിക്കാൻ മുട്ടപ്പെട്ടികൾ സഹായിക്കും. സങ്കരയിനം കോഴികൾ സാധാരണ അടയിരിക്കാറില്ല. എന്നാൽ ഇവയുടെ കൊത്തുമുട്ടകൾ നാടൻ കോഴിക്ക്‌ അടവച്ചോ ഇൻകുബേറ്റർ ഉപയോഗിച്ചോ വിരിയിക്കാവുന്നതാണ്‌. ഇതിനായി 10 പിടയ്ക്ക്‌ ഒരു പൂവൻ എന്ന കണക്കിൽ വളർത്തണം.

തീരെ സ്ഥല പരിമിതിയുള്ളവര്‍ക്ക് കോഴികളെ മുറ്റത്തോ, മട്ടുപ്പാവിലെ വളര്‍ത്തുന്നതിനായി ജിഐ കമ്പിയില്‍ നിര്‍മ്മിച്ച തുരുമ്പെടുക്കാത്ത മോഡേണ്‍ കൂടുകളും ഇന്നുണ്ട്. കുടിവെള്ള സൗകര്യമൊരുക്കാൻ കൂടിന് മുകളില്‍ വാട്ടര്‍ ടാങ്ക്, ഓട്ടോമാറ്റിക്ക് നിപ്പിള്‍ ഡ്രിങ്കര്‍ സംവിധാനം, ഫീഡര്‍, എഗ്ഗര്‍ ചാനല്‍, കാഷ്ടം ശേഖരിക്കാൻ ട്രേ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ ഉള്‍ക്കൊള്ളുന്നവയാണ് ഈ ഹൈടെക് കൂടുകള്‍. വിലയൽപ്പം കൂടുമെങ്കിലും ഏറ്റവും ചുരുങ്ങിയ സ്ഥലത്ത് കോഴികളെ വളര്‍ത്താം എന്നതും ദീര്‍ഘകാലം ഈട് നില്‍ക്കുമെന്നതും ഈ കൂടുകളുടെ പ്രത്യേകതയാണ്. അത്യുല്‍പ്പാദനശേഷിയുള്ള BV 380 പോലുള്ള കോഴിയിനങ്ങളാണ് ഹൈടെക് കൂടുകള്‍ക്ക് അനിയോജ്യം. പൂനയിലെ വെങ്കിടേശ്വര ഹാച്ചറി വികസിപ്പിച്ചെടുത്ത BV 380 കോഴികള്‍ വര്‍ഷത്തില്‍ 280-300 മുട്ടകൾ വരെയിടാൻ കഴിവുള്ളവയാണ്. സര്‍ക്കാര്‍ ഫാമുകളില്‍ നിന്നും, സ്വകാര്യ നഴ്സറികളില്‍ നിന്നും BV 380 കോഴികളെയും ലഭിക്കും. 

poultry-farming-1
ബിവി 380 കോഴിക്കുഞ്ഞുങ്ങൾ

മുട്ടയിടാൻ ആരംഭിച്ച ഒരു കോഴിക്ക് ഒരു ദിവസം വേണ്ടത് 100-120 ഗ്രാം വരെ തീറ്റയാണ് . വീട്ടിലെ മിച്ചാഹാരം, അടുക്കളയില്‍ നിന്നുള്ള ഭക്ഷ്യ അവശിഷ്ടങ്ങള്‍, വില കുറഞ്ഞ ധാന്യങ്ങള്‍, ധാന്യതവിട്, പിണ്ണാക്ക്, പച്ചക്കറി അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം വീട്ടുവളപ്പിലെ കോഴികള്‍ക്ക് ആഹാരമായി നല്‍കാം. ഒപ്പം മുറ്റത്തും, പറമ്പിലും, ചിക്കിചികഞ്ഞ് അവര്‍ സ്വയം ആഹാരം കണ്ടെത്തുകയും ചെയ്യും. അസോള, വാഴത്തട, അഗത്തിച്ചീര, ചീര,ചെമ്പരത്തിയില , പപ്പായയില, തുടങ്ങിയ പച്ചിലകളും, തീറ്റപ്പുല്ലും അരിഞ്ഞ് കോഴികള്‍ക്ക് നല്‍കാം. സങ്കരയിനം കോഴികള്‍ക്ക് മുട്ടയുല്‍പ്പാദനം മെച്ചപ്പെടുത്താന്‍ മുട്ടക്കോഴികൾക്ക് പ്രത്യേകമായുള്ള സമീകൃതാഹരമായ ലയര്‍ തീറ്റ 30-40 ഗ്രാം വരെ ദിവസവും നല്‍കാവുന്നതാണ്. ശരീരത്തിൽ കൊഴുപ്പ് അടിയാനും മുട്ടയുൽപ്പാദനം തടസ്സപ്പെടാനും ഇടയാക്കുമെന്നതിനാൽ പച്ചയും വേവിച്ചതുമായ ധാന്യങ്ങൾ അധിക അളവിൽ കോഴികൾക്ക് നൽകുന്നത് ഒഴിവാക്കണം.

മുട്ടയുൽപ്പാദനത്തിന് കാത്സ്യം പ്രധാനമായതിനാൽ ഒരു കോഴിക്ക് ദിവസേന അഞ്ച് ഗ്രാം എന്ന കണക്കിൽ കക്കത്തോട് പൊടിച്ച് തീറ്റയിൽ ഉൾപ്പെടുത്തുന്നത് ഉൽപാദനം കൂട്ടാൻ ഉപകരിക്കും. ഹൈടെക്ക് കൂടുകളില്‍ പൂർണസമയം അടച്ചിട്ട് വളര്‍ത്തുന്ന BV 380 പോലുള്ള കോഴികളുടെ അത്യുല്‍പ്പാദനക്ഷമത പൂർണമായും കൈവരിക്കണമെങ്കില്‍ ദിവസം 100-120 ഗ്രാം ലയര്‍ തീറ്റ തന്നെ നല്‍കേണ്ടിവരും. അതുകൊണ്ട് തന്നെ അഴിച്ച് വിട്ട് വളർത്തുന്ന കോഴികളെ അപേക്ഷിച്ച് കൂട്ടിനുള്ളിലിട്ട് പരിപാലിക്കുന്ന കോഴികളെ വളർത്താൻ അൽപം ചെലവേറും.

രാതി കാലങ്ങളിൽ കൂട്ടിൽ നാലു മണിക്കൂർ ബൾബിട്ട് പ്രകാശം നൽകുന്നത് മുട്ടയുൽപാദനം കൂട്ടാൻ സഹായിക്കും. വീട്ടുമുറ്റത്ത് അഴിച്ചുവിട്ട് വളർത്തുന്ന കോഴികൾക്ക് ഓരോ ഇടവിട്ട മാസങ്ങളിലും വാക്സീൻ നൽകുന്നതിന് ഒരാഴ്ച മുൻപും വിരയിളക്കുന്നതിനായുള്ള മരുന്നുകൾ നൽകണം. കോഴിപ്പേൻ ഉൾപ്പെടെയുള്ള ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കാനുള്ള മരുന്നുകൾ രണ്ടു മാസത്തിൽ ഒരിക്കൽ കൂട്ടിലും പരിസരങ്ങളിലും കോഴികളുടെ ശരീരത്തിലും തളിക്കണം.മരുന്നുചേർത്ത വെള്ളത്തിൽ കോഴികളെ തലമുങ്ങാതെ മുക്കിയെടുക്കുന്നതും ബാഹ്യ പരാദ നിയന്ത്രണത്തിന് സഹായിക്കും. മുട്ടയിടാന്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് (15-16 ആഴ്ച പ്രായം) കോഴിവസന്തയ്ക്കെതിരായ വാക്സീന്‍ കുത്തിവയ്പ്പായി നല്‍കുകയും വേണം. തുടർന്ന് ഓരോ ആറു മാസം കൂടുമ്പോഴും കോഴിവസന്ത തടയാനുള്ള പ്രതിരോധ കുത്തിവയ്പ് ആവർത്തിക്കണം.

poultry-farming-2

പുരയിടത്തിൽ കോഴി മാംസസമൃദ്ധി

വീട്ടിലേക്കുള്ള മുട്ട വീട്ടിൽത്തന്നെ ഉൽപാദിപ്പിക്കുന്ന മാതൃകയിൽ ഇറച്ചിയും വീട്ടുമുറ്റത്ത് തന്നെ ഉൽപ്പാദിപ്പിക്കാം. നമ്മുടെ ഹാച്ചറികളിൽ ഓരോ ബാച്ചുകളിലും വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞുങ്ങളിൽ 45-50 ശതമാനവും പൂവൻ കോഴിക്കുഞ്ഞുങ്ങളാണ്. ഹാച്ചറികളിൽ നിന്നുള്ള ഈ പൂവൻ കോഴിക്കുഞ്ഞുങ്ങളെയാണ് വീട്ടുമുറ്റത്ത് തന്നെ മാംസം ഉൽപ്പാദിപ്പിക്കുന്നതിനായുള്ള സംരംഭത്തിന്റെ മുതൽക്കൂട്ട്. ഗ്രാമശ്രീ, ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി, കൈരളി, ഗിരിരാജ, വൈറ്റ് ലെഗോൺ തുടങ്ങിയ വിവിധ സങ്കരയിനം പൂവൻ കോഴിക്കുഞ്ഞുങ്ങൾക്കൊപ്പം നാടൻ പൂവൻ കോഴിക്കുഞ്ഞുങ്ങളെയും സർക്കാർ, സ്വകാര്യ ഹാച്ചറികളിൽ നിന്നും ലഭിക്കും. അയൽ സംസ്ഥാനങ്ങളിൽനിന്നും രണ്ടോ മൂന്നോ ദിവസം പ്രായമെത്തിയ പൂവൻ കോഴിക്കുഞ്ഞുങ്ങളെ എത്തിച്ച് നൽകുന്ന ഏജൻസികളും ഇന്ന് സംസ്ഥാനത്തുണ്ട് മുട്ടയ്ക്കും ഇറച്ചിക്കും വേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത ഇനമായതിനാൽ ഗ്രാമശ്രീ പൂവന്മാർ മുറ്റത്തെ മാംസോൽപാദനത്തിന് ഏറ്റവും അനിയോജ്യമാണ്.

ഒരു ദിവസം മാത്രം പ്രായമെത്തിയ പൂവൻ കോഴിക്കുഞ്ഞുങ്ങളെ കേവലം എട്ട് - പത്ത് രൂപ നിരക്കിലാണ് സർക്കാർ ഹാച്ചറികളിൽ നിന്നും വെറ്ററിനറി സർവകലാശാല ഫാമുകളിൽ നിന്നും വിതരണം ചെയ്യുന്നത്.

പൂവൻ കോഴിക്കുഞ്ഞുങ്ങളെ 14 ദിവസം പ്രായമെത്തുന്നതു വരെ കൃത്രിമ ചൂട് നൽകി വേണം വളർത്താൻ. ഇതിനായി ഒരു കാർഡ് ബോർഡ് ബോക്സോ ഷീറ്റോ വളച്ച് കെട്ടി അതിനുള്ളിൽ തറയിൽ നിന്ന് ഒന്നരയടി ഉയരത്തിൽ ഇൻകാന്റസെന്റ് ബൾബ് തൂക്കി ബ്രൂഡിങ് സൗകര്യങ്ങൾ ഒരുക്കണം. തറയിൽ പേപ്പർ വിരിച്ച് ധാന്യതീറ്റ വിതറി നൽകുകയും ആഴം കുറഞ്ഞ ചെറിയ പാത്രങ്ങളിൽ കുടിവെള്ളം സജ്ജീകരിക്കുകയും വേണം. കോഴിക്കുഞ്ഞുങ്ങളുടെ എണ്ണം കുറവാണങ്കിൽ അതിനനുസരിച്ച് പരിമിതമായ രീതിയിൽ മാത്രം ബ്രൂഡിങ് സൗകര്യങ്ങൾ ഒരുക്കിയാൽ മതി.

മുട്ടക്കോഴികൾക്കായി തയാറാക്കിയ അതേ അളവിലും മാതൃകയിലുമുള്ള കൂടുകൾ തന്നെ മതി പൂവന്മാർക്കും. മുട്ടക്കോഴികളെ പോലെ തന്നെ അഴിച്ചുവിട്ട് വളർത്തുന്നതിനൊപ്പം വീട്ടിലെ മിച്ചാഹാരവും വില കുറഞ്ഞ ധാന്യങ്ങളും തവിടും പിണ്ണാക്കും ചേർത്ത മിശ്രിതവും പച്ചിലകളും പച്ചക്കറിയവശിഷ്ടങ്ങളും എല്ലാം മുറ്റത്തെ പൂവന്മാർക്ക് തീറ്റയായി നൽകാം. ഇറച്ചിക്കോഴികൾക്കു വേണ്ടി പ്രത്യേകം നൽകുന്ന തീറ്റകളൊന്നും ഇവയ്ക്ക് വേണ്ടതില്ല. എന്നാൽ 5-7 ദിവസം പ്രായമെത്തുമ്പോൾ കോഴിവസന്ത തടയാനുള്ള ആർഡിഎഫ് വാക്സീനും, മൂന്നാഴ്ച പ്രായമെത്തുമ്പോൾ ലസോട്ട വാക്സിനും നൽകണം. മൂന്നര- നാല് മാസം പ്രായമെത്തുമ്പോൾ സങ്കരയിനത്തിൽപ്പെട്ട പൂവൻ കോഴികൾ ശരാശരി രണ്ട് കിലോയോളം ഭാരം കൈവരിക്കും. ഈ ഘട്ടത്തിൽ ഇവയെ വീട്ടാവശ്യത്തിന് ഉപയോഗിക്കുകയോ വിൽപന നടത്തുകയോ ചെയ്യാം. വീട്ടുമുറ്റത്ത് അഴിച്ചുവിട്ട് വളർത്തി വലുതാക്കിയ ഈ ജൈവ ഇറച്ചി കോഴികൾക്ക് നല്ല വിപണിയുണ്ടാവും എന്ന കാര്യത്തിൽ സംശയം വേണ്ട. 

നാളെ: കാട, ഇത്തിരിപക്ഷികളെങ്കിലും സംരംഭകസാധ്യതകളേറെ

English summary: Poultry Farming Business

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}