പാലിലെ കൊഴുപ്പ് കൂട്ടാന്‍ തീറ്റക്രമത്തിൽ മാറ്റം: ചുരത്തൽ എളുപ്പമാക്കാൻ നാട്ടുവിദ്യ

HIGHLIGHTS
  • കറവപ്പശു ചുരത്തി 8 മിനിറ്റിനുള്ളിൽ അവസാന തുള്ളി പാലും കറന്നെടുക്കുക
milk
SHARE

? എന്റെ പശുവിന്റെ പാലിനു കൊഴുപ്പ് കുറവാണ്. റീഡിങ് കുറവായതിനാൽ ക്ഷീരസംഘത്തിൽനിന്നു ലഭിക്കുന്ന വിലയും കുറവാണ്. എന്താണ് പോംവഴി. 

ജോസ് കെ. മാത്യു, പുളിയന്മല

പശുവിന്റെ ഇനമനുസരിച്ച് പാലില്‍  കൊഴുപ്പളവ് വ്യത്യാസപ്പെടും. എച്ച്എഫ് ഇനത്തിനു കൂടുതല്‍ പാലു കിട്ടുമെങ്കിലും കൊഴുപ്പളവ് കുറയും. ജേഴ്സിക്കു പാല്‍ കുറയും. എന്നാല്‍ കൊഴുപ്പംശം കൂടും.   

കറവയില്‍ ആദ്യം ലഭിക്കുന്ന പാലിൽ കൊഴുപ്പു കുറവും അവസാനം ലഭിക്കുന്നതിൽ കൊഴുപ്പു കൂടുതലുമാണ്.  കറവസമയത്ത് ശരീരത്തിൽ ഉല്‍പാദിപ്പിക്കുന്ന ഓക്സിടോസിൻ എന്ന ചുരത്തൽ ഹോർമോണിന്റെ  പ്രവർത്തനം പരമാവധി 8 മിനിറ്റ് ആണ്.  പശുവിന് ഉണ്ടാകുന്ന വേദന, അസ്വസ്ഥത, പേടി എന്നിവ ഹോർമോണ്‍ പ്രവർത്തനം തടസ്സപ്പെടുത്തും. ഇത്തരം സാഹചര്യത്തിൽ പാലിലെ കൊഴുപ്പ് കുറയും. 

തൊഴുത്തിൽ പശുക്കൾക്ക് സുഖകരമായ അവസ്ഥ (തറയിൽ റബർമാറ്റ്, തൊഴുത്തിൽ സംഗീതം ) ഒരുക്കുക. കറവപ്പശു ചുരത്തി 8 മിനിറ്റിനുള്ളിൽ അവസാന തുള്ളി പാലും കറന്നെടുക്കുക.   

പാലിലെ കൊഴുപ്പു വന്നെത്തുന്നത് നാരംശം കൂടിയ പുല്ല്, വൈക്കോൽ എന്നിവയുടെ ദഹനത്തിലൂടെ ഉണ്ടാകുന്ന അസറ്റിക് അമ്ലത്തിൽനിന്നാണ്. അതിനാല്‍  തീറ്റയിൽ ആവശ്യത്തിന് വൈക്കോലും പുല്ലും ഉറപ്പാക്കണം. അയവെട്ടല്‍ സുഗമമാക്കാൻ പച്ചപ്പുല്ല് അരിഞ്ഞു നൽകണം.  ഇത് കൂടുതൽ ഉമിനീർ ഉല്‍പാദനത്തിന് ഇടയാക്കുന്നു.  ഉമിനീരിലെ ബൈ കാർബണേറ്റ് ഘടകം പശുക്കളുടെ ആമാശയത്തിലെ ആദ്യ അറയായ റൂമനിലെ അമ്ല–ക്ഷാര നില(പിഎച്ച്) ക്രമീകരിച്ച് ദഹനം സുഗമമാക്കുന്നു. കാലിത്തീറ്റയിൽ പരുത്തിക്കുരു/ പരുത്തിപ്പിണ്ണാക്ക് / ചക്കാലാട്ടിയ തേങ്ങയുടെ പിണ്ണാക്ക് എന്നിവ ഉൾപ്പെടുത്തുക. 

സാന്ദ്രിതത്തീറ്റയും (പിണ്ണാക്ക്, കാലിത്തീറ്റ),  പരുഷാഹാരവും (വൈക്കോൽ, പുല്ല്, സൈലേജ് ) നിശ്ചിത അനുപാതത്തിൽ ചേര്‍ത്തു ടിഎംആര്‍ നൽകി പാലിലെ കൊഴുപ്പളവു കൂട്ടാം.  ചോളപ്പൊടി തീറ്റയിൽ ഉൾപ്പെടുത്തിയും കൊഴുപ്പും  പാലിലെ റീഡിങ്ങും കൂട്ടാം. ദിവസേന ഒരു കിലോ അസോള നൽകുന്നതും കൊഴുപ്പും റീഡിങ്ങും കൂട്ടും. ദഹനം സുഗമമാക്കുന്ന യീസ്റ്റ് തീറ്റയിലൂടെ നൽകുക. തീറ്റയിൽ ബൈപാസ് കൊഴുപ്പ് 50–100 ഗ്രാം ദിവസേന നൽകുക. ദിവസേന കാത്സ്യം അടങ്ങിയ ടോണിക്കും ധാതുലവണമിശ്രിതവും വൈറ്റമിന്‍ എയും നൽകുക. വിരമരുന്നും യഥാകാലം നൽകണം.

  • നാട്ടുമരുന്ന്: 30 ഗ്രാം അപ്പക്കാരം (Sodabicarb) ചുക്കുപൊടിയുമായി ചേർത്ത് തീറ്റയിൽ നൽകുക. 50 മില്ലി വിനാഗരി ദിവസേന വൈക്കോലിൽ തളിച്ചു നൽകാം. 10 ഗ്രാം വള്ളിയുഴിഞ്ഞ അരച്ച് തീറ്റയിൽ ചേർത്തു നൽകാം. കാത്സ്യം ലഭ്യമാക്കാന്‍ ചുണ്ണാമ്പിന്റെ തെളി തീറ്റയ്ക്കൊപ്പം ചിലർ നൽകാറുണ്ട്. എള്ളെണ്ണ ഏതാനും തുള്ളി നിറുകയിൽ ഇറ്റിച്ച് പശുക്കള്‍ക്കു തണുപ്പു നല്‍കി ചുരത്തലിനു പ്രേരിപ്പിക്കുന്ന രീതിയുമുണ്ട്.  LEPTADEN എന്ന ആയുർവേദ ഔഷധം 10 ഗുളിക 2 നേരം ഏതാനും ദിവസം  നൽകുന്നതും പാൽ ചുരത്തൽ എളുപ്പമാക്കാനും പാൽലഭ്യത കൂട്ടാനും സഹായിക്കും.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}