ADVERTISEMENT

മനുഷ്യരിലും മൃഗങ്ങളിലുമായി ഇന്നുവരെ നടന്നിട്ടുള്ള രോഗപ്രതിരോധ പരിപാടികളിൽ ലോകം  കണ്ട എക്കാലത്തെയും വലിയ പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞമാണ് ദേശീയ മൃഗരോഗനിയന്ത്രണ പദ്ധതിയുടെ (NADCP) ഭാഗമായി കേന്ദ്ര ഗവൺമെന്റ് നടത്തി വരുന്നത്. കുളമ്പുരോഗം, ബ്രൂസല്ലോസിസ് എന്നീ രണ്ടു രോഗങ്ങളെ നിയന്ത്രിച്ച് 2030 വർഷത്തോടെ അവയെ രാജ്യത്തുനിന്ന് നിർമ്മാർജനം ചെയ്യുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2020 ജനുവരി 31ന് തുടക്കം കുറിക്കപ്പെട്ട ഈ പദ്ധതി കോവിഡ് ലോക്ഡൗൺ മൂലം തടസപ്പെട്ടിരുന്നെങ്കിലും മേയ് 2020ൽ പുനരാരംഭിച്ച് 11 സംസ്ഥാനങ്ങളിൽ കുളമ്പുരോഗ കുത്തിവയ്പ്പ് പൂർത്തിയാക്കി. രണ്ടാം ഘട്ട കുത്തിവയ്പ്പ് യജ്ഞം 2021 ജൂലൈയിൽ തുടങ്ങുകയും, 2021 ഡിസംബറിലെ കണക്കനുസരിച്ച് 5 കോടി മൃഗങ്ങൾക്ക് കുളമ്പുരോഗത്തിനെതിരെയും 27.8 ലക്ഷം എണ്ണത്തിന് ബ്രൂസല്ലയ്ക്കെതിരെയും പ്രതിരോധ വാക്സീൻ നൽകുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചർമ്മമുഴ രോഗവ്യാപനമുണ്ടായതോടെ അതിനെതിരെയും വാക്സീനേഷൻ നടക്കുന്നുണ്ട്. രോഗപ്രതിരോധ കുത്തിവയ്പ് അല്ലെങ്കിൽ വാക്സീനേഷൻ വഴി മൃഗങ്ങളിലെ സാംക്രമിക രോഗങ്ങളെ തടയുകയെന്നത് മൃഗപരിപാലനത്തിലെ മുഖ്യഘടകമാണ്. എന്നാൽ രോഗ പ്രതിരോധ കുത്തിവയ്പുകളേക്കുറിച്ച് ഒട്ടേറെ സംശയങ്ങളും ആശങ്കകളും കർഷകർക്കുണ്ട്. അതുകൊണ്ടുതന്നെ  'വാക്സീൻ വിമുഖത ' (Vaccine hesitancy) എന്ന പ്രശ്നം മനുഷ്യരുടെ വാക്സീൻ എടുക്കുന്നതിൽ മാത്രമല്ല മൃഗങ്ങൾക്ക് നൽകുന്നതിലുമുണ്ടാകാറുമുണ്ട്.

മുൻപേ നടന്ന് കേരളം

രോഗപ്രതിരോധ ശേഷിയില്‍ ഏറെ മുന്‍പിലായ നാടന്‍ കന്നുകാലി ജനുസ്സുകള്‍ ഏറെക്കുറെ പടിയിറങ്ങി, ഉൽപാദനക്ഷമതയുള്ള വിദേശ സങ്കര ജനുസ്സുകള്‍ നാട്ടില്‍ വാഴാന്‍ തുടങ്ങിയതോടെ  രോഗപ്രതിരോധശേഷിയില്‍  പിന്നിലായ  കന്നുകാലി സമ്പത്തിന്റെ ഉടമകളായി നാം മാറിയിരിക്കുന്നു. രോഗബാധമൂലമുള്ള മരണം, ഉല്‍പാദന പ്രത്യുല്‍പാദനക്ഷമതയിലെ കുറവ്, ഉയര്‍ന്ന ചികിത്സാച്ചെലവ് എന്നിവ രാജ്യത്തിന്റെയും  കര്‍ഷകരുടെയും  സമ്പദ്സ്ഥിതിയെ ബാധിക്കുന്നു. സാംക്രമിക രോഗങ്ങളായ കുളമ്പുരോഗം, കാലിവസന്ത, അടപ്പന്‍, കുരലടപ്പന്‍, കരിങ്കാല്‍ രോഗം, ആടുവസന്ത തുടങ്ങി അകിടുവീക്കംവരെ മൃഗസംരക്ഷണ മേഖലയില്‍  വലിയ സാമ്പത്തിക നഷ്ടം വരുത്തിവയ്ക്കുന്നു. കുളമ്പുരോഗംമൂലം  മാത്രമുള്ള വാര്‍ഷിക സാമ്പത്തിക നഷ്ടം ദേശീയതലത്തില്‍ ഇരുപതിനായിരം കോടി രൂപയില്‍ അധികമാണത്രേ.

മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങളുടെ തീവ്രത മനസ്സിലാക്കിയാണ് മൃഗാരോഗ്യ-രോഗനിയന്ത്രണ പദ്ധതിക്കു  വര്‍ഷങ്ങള്‍ക്കു മുമ്പേ കേന്ദ്ര സര്‍ക്കാര്‍  രൂപം നല്‍കിയത്.  കാലിവസന്തയെന്ന മഹാവിപത്തിനെ ചിട്ടയായ സമഗ്ര സമ്പൂര്‍ണ്ണ  പ്രതിരോധ കുത്തിവയ്പിലൂടെ രാജ്യത്തു നിന്ന് നിര്‍മ്മാര്‍ജനം  ചെയ്യാന്‍ നമുക്ക് സാധിച്ചു.  കുളമ്പുരോഗ നിയന്ത്രണം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ 2004ല്‍ ദേശീയ ക്ഷീരവികസന ബോര്‍ഡുമായി  സഹകരിച്ച് ഗോരക്ഷ പദ്ധതിക്കു തുടക്കമിട്ടു.  കുളമ്പുരോഗ പ്രതിരോധ തീവ്രയജ്ഞമെന്ന  നിലയിലാണ് ഈ പദ്ധതി തുടങ്ങിവച്ചത്.  കുളമ്പുരോഗം മാരകമാണെന്നും രോഗം വരുന്നതു തടയാന്‍ പ്രതിരോധമാണ് ഏക പോംവഴിയെന്നും കര്‍ഷകര്‍ക്ക്  ബോധവല്‍ക്കരണം നടത്തിയുമാണ്  പദ്ധതി മുന്നോട്ടു പോകുന്നത്.  കൂടാതെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്  നിയമാനുസൃതം നിര്‍ബന്ധവുമാക്കിയിരിക്കുന്നു. കുത്തിവയ്പെടുത്ത പശുക്കളുടെ ചെവിയില്‍  ടാഗ് പതിപ്പിക്കുകയും കുത്തിവയ്പില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് കുറ്റകരമാക്കുകയും ചെയ്യുന്നു.

കേന്ദ്രസര്‍ക്കാരിന്റെ  സഹായത്തോടെ  സംസ്ഥാന ഗവണ്‍മെന്റ് നടത്തി വരുന്ന  ഈ പദ്ധതിയില്‍  മൃഗസംരക്ഷണ വകുപ്പ്  ഉദ്യോഗസ്ഥര്‍ കര്‍ഷകരുടെ വീട്ടിലെത്തി കന്നുകാലികളെ കുത്തിവയ്ക്കുന്നു.  മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകള്‍ക്കൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവ ഈ  ഊര്‍ജ്ജിത പ്രതിരോധ കുത്തിവയ്പ് പരിപാടിയില്‍  ഏകോപിപ്പിക്കപ്പെടുന്നു. പ്രതിരോധ കുത്തിവയ്പിന് നല്‍കുന്ന വാക്‌സീന്റെ  ഉല്‍പാദനം മുതല്‍  കുത്തിവയ്പിന് ശേഷം മൃഗങ്ങളില്‍  പ്രതിരോധശഷിയുടെ അളവു നിര്‍ണ്ണയംവരെ  പരിശോധിക്കപ്പെടുന്നു.   കൂടാതെ അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളില്‍ സംസ്ഥാനത്തേക്കു കൊണ്ടുവരുന്ന കന്നുകാലികളുടെ  ആരോഗ്യ പരിശോധനയും, അറവുശാലകളിലെ പരിശോധനകൾക്കുമൊപ്പം രോഗം പൊട്ടിപ്പുറപ്പെടുന്ന സമയങ്ങളിലെ  നിയന്ത്രണ പ്രവര്‍ത്തനങ്ങളുമൊക്കെ ചേര്‍ന്ന  സമഗ്ര പദ്ധതിയാണ്  ഗോരക്ഷ. 2004ലെ  തുടക്കത്തിനു ശേഷം തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ രോഗബാധയുടെ  നിരക്കില്‍ സംസ്ഥാനത്ത്  കുറവുണ്ടായതായി  കണക്കുകള്‍ സൂചിപ്പിക്കുന്നു.  

കർഷകർ അറിയേണ്ടത്

മനുഷ്യരിലാണെങ്കിലും മൃഗങ്ങളിലാണെങ്കിലും  വാക്‌സീനേഷന്‍  അഥവാ രോഗപ്രതിരോധ കുത്തിവയ്പുകളുടെ കാര്യത്തില്‍  മിഥ്യാധാരണകള്‍  നമ്മുടെ ഇടയില്‍ ധാരാളമുണ്ട്. അതിനാല്‍ എന്താണ് രോഗപ്രതിരോധ വാക്‌സീനെന്നും അവയുടെ ശരീരത്തിലെ പ്രവര്‍ത്തന രീതി എങ്ങനെയെന്നും  മനസ്സിലാക്കുന്നത് ഉചിതമാണ്.   രോഗമുണ്ടാക്കുന്ന അണുക്കളുടെ  രോഗമുണ്ടാക്കുന്ന ശേഷി നശിപ്പിച്ച് അവയുടെ രൂപവും, സ്വഭാവവും  മാറ്റി ആരോഗ്യമുള്ള മൃഗങ്ങളില്‍ പ്രവേശിപ്പിച്ച്  അവയ്ക്ക് രോഗപ്രതിരോധശേഷി നല്‍കുകയാണ് കുത്തിവയ്പ്  വഴി ചെയ്യുന്നത്. 

ദീര്‍ഘമായ ഗുണനിലവാര  സുരക്ഷ പരിശോധനകള്‍  നടത്തിയാണ് വാക്‌സിനുകളുടെ  സുരക്ഷ ഉറപ്പാക്കുന്നത്. വാക്‌സീനുകൾ ഉല്‍പാദനം മുതല്‍ ഉപയോഗംവരെ ശീതസ്ഥിതിയില്‍  (കോള്‍ഡ് ചെയിന്‍) നിര്‍ദ്ദിഷ്ട താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ട്. പൂര്‍ണ്ണ ആരോഗ്യമുള്ള  മൃഗങ്ങളിലേ പ്രതിരോധ കുത്തിവയ്പ് പൂര്‍ണ്ണ വിജയം  കൈവരിക്കുകയുള്ളൂ. വിരബാധയും മറ്റും വിജയത്തിന്  തടസ്സമാണ്. അതിനാലാണ് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിന് ഒരാഴ്ച മുമ്പ് വിരമരുന്ന്  നല്‍കുന്നത്. കൂടാതെ എഴു മാസത്തിലേറെ ഗര്‍ഭിണിയായ പശുക്കളെ പ്രതിരോധ കുത്തിവയ്പില്‍ നിന്ന് ഒഴിവാക്കണം. രോഗപ്രതിരോധ കുത്തിവയ്പുകളുടെ  വിജയത്തിന് ഏറെ പ്രധാനമാണ് സാമൂഹിക പ്രതിരോധം (herd immunity). ഒരു  പ്രദേശത്തെ 80 ശതമാനമെങ്കിലും  മൃഗങ്ങളില്‍  ആവശ്യമായ രോഗപ്രതിരോധശേഷി  ഉറപ്പാക്കുന്നതാണ് വിജയകരമായ  സാമൂഹിക പ്രതിരോധം. ഈ സാഹചര്യം രോഗാണുക്കള്‍ക്ക് അവിടെ നിലനിന്നുപോകാനുള്ള സാഹചര്യം തടയുന്നു.  

പൂർണ്ണവിജയത്തിനുള്ള പ്രതിബന്ധങ്ങൾ

വിപുലവും  തീവ്രവുമായ രീതിയില്‍ ഇത്തരം പദ്ധതികൾ നടപ്പിലാക്കുമ്പോഴും പൂര്‍ണ്ണമായ വിജയം കൈവരിക്കാന്‍ സാധിക്കാതെ  വരുന്നത് പല ഘടകങ്ങളാലാണ്. അയല്‍ സംസ്ഥാനങ്ങളിൽനിന്ന് അനിയന്ത്രിതമായി ചെക്ക് പോസ്റ്റുകളിലൂടെ  കന്നുകാലികളെ  കൊണ്ടുവരുന്നതും കുളമ്പുദീനം ബാധിച്ച കന്നുകാലികളെ അറവു ശാലകളിലേക്ക് കൊണ്ടുവരുന്നതുമാണ് (10 ലക്ഷത്തിലധികം  പശുക്കളെയാണ് ഒരു വര്‍ഷം മാംസാവശ്യത്തിനായി കേരളത്തിലേക്കു കൊണ്ടുവരുന്നതത്രേ!) രോഗനിയന്ത്രണത്തിലെ പ്രധാന പ്രതിബന്ധങ്ങൾ.  കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പിന്റെ  സമയക്രമം കൃത്യമായി പാലിക്കാതിരിക്കുന്നതും (ആറ് മാസം ഇടവിട്ട് കുത്തിവയ്പ് നടത്തേണ്ടതാണ്), സ്ഥലത്തെ 80 ശതമാനം കന്നുകാലികളെയും  കുത്തിവയ്ക്കാതിരുന്നതും പരാജയ കാരണങ്ങളിൽ ഉൾപ്പെടുന്നു.  അനാപ്ലാസ്മ, തൈലേറിയ രോഗങ്ങള്‍, വിവിധ വിരബാധകള്‍ എന്നിവ  സാമൂഹിക പ്രതിരോധശേഷിയെ സാരമായി ബാധിക്കുന്നതും,  പാലുൽപാദനം കുറയുമെന്ന ഭയത്താല്‍  കുത്തിവയ്പ് എടുക്കാന്‍ ക്ഷീരകര്‍ഷകര്‍ വിസമ്മതിക്കുന്നതും, സീല്‍ തുറന്ന വാക്‌സീന്‍ തുടര്‍ ദിവസങ്ങളില്‍ ഉപയോഗിക്കുന്നതും, വാക്‌സീന്‍ നിര്‍ദ്ദിഷ്ട താപനിലയില്‍ സൂക്ഷിക്കാത്ത സാഹചര്യമുണ്ടാകുന്നതുമൊക്കെ   പ്രശ്‌നങ്ങളാണ്. 

കർഷകരും സർക്കാരും ചെയ്യേണ്ടത്

കൃത്യമായ  അളവില്‍  സമയങ്ങളിൽ വിരമരുന്ന്  നല്‍കുകയും ചെള്ള്, പേന്‍ തുടങ്ങിയവയ്ക്ക് മരുന്ന് പ്രയോഗിക്കുകയും ചെയ്യണം. അയല്‍ സംസ്ഥാനത്തു നിന്ന് കൊണ്ടുവരുന്ന കന്നുകാലികളെ  ചെക്ക് പോസ്റ്റില്‍ മൂന്നാഴ്ച  നിരീക്ഷണത്തില്‍ നിര്‍ത്താനുള്ള സൗകര്യമുണ്ടാകണം. രോഗപ്രതിരോധ കുത്തിവയ്പിനു ശേഷം മാത്രമേ കന്നുകാലികളെ  കടത്തിവിടാവൂ. കേരളത്തിലെ മുഴുവൻ ചെക്ക്പോസ്റ്റുകളിലും കന്നുകാലികള്‍ക്ക് നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം. വാക്‌സീന്റെ ഗുണനിലവാരം നിലനിര്‍ത്താന്‍ മികച്ച ശീതീകരണ  സംഭരണികള്‍ അനിവാര്യം. കുളമ്പുരോഗ  പ്രതിരോധ കുത്തിവയ്പ് പദ്ധതിയില്‍ പങ്കു ചേരുന്നതു വഴി  നാം ഉറപ്പാക്കുന്നത് നമ്മുടെ ഉരുക്കളുടെ ആരോഗ്യവും  നാടിന്റെ സാമ്പത്തിക സംരക്ഷണവുമാണ്.

English summary: Livestock vaccination programme in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com