കൈകൊണ്ടു തൊട്ടാൽ പാളികളായി രോമം കൊഴിയുന്ന കിടാവ്: കാരണമിതാണ്, പരിഹാരവും

HIGHLIGHTS
  • പശുക്കളുടെ കന്നിപ്പാൽ വൈറ്റമിൻ എ-യുടെയും സി-യുടെയും മികച്ച സ്രോതസ്സാണ്
  • ആരോഗ്യജീവിതത്തിന് കിടാക്കൾക്ക് നൽകാം ജീവകങ്ങൾ
hair-loss-in-dairy-calves
കിടാക്കളിലെ അധിക രോമം കൊഴിച്ചിൽ
SHARE

20 ദിവസം മാത്രമായ പശുക്കിടാവിന്റെ രോമം വല്ലാതെ കൊഴിഞ്ഞു പോകുന്നെന്ന പരിഭവവുമായാണ് ഒരു ക്ഷീരകർഷകസുഹൃത്ത് ഈയിടെ മൃഗാശുപത്രിയിൽ വന്നത്. കൈകൊണ്ടു തൊട്ടാൽ തന്നെ പാളികളായി കിടാവിന്റെ മേനിയിൽ നിന്നും രോമം കൊഴിഞ്ഞുപോവുന്നെന്ന് മാത്രമല്ല കിടാവിന്റെ കണ്ണിൽനിന്ന് കൂടുതലായി കണ്ണുനീരൊലിച്ച് പീളക്കെട്ടുന്നുണ്ടെന്ന പ്രശ്നവും അദ്ദേഹത്തിന് പറയാനുണ്ടായിരുന്നു. കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന് പിറന്നുവീണ കന്നിക്കിടാവിനുണ്ടായ ഈ പ്രശ്നങ്ങൾക്കെല്ലാം പ്രതിവിധിയായിരുന്നു അദ്ദേഹത്തിനറിയേണ്ടിയിരുന്നത്. കന്നിക്കിടാക്കളുടെ രോമം അമിതമായി കൊഴിഞ്ഞ് ത്വക്ക് പുറത്തുകാണുന്ന സമാനപ്രശ്നം നേരിട്ട ക്ഷീരകർഷകർ വേറെയുമുണ്ടാവാം.

മൂന്നു മാസം വരെ പ്രായമുള്ള പശുക്കിടാക്കളിലെ അധിക രോമം കൊഴിച്ചിലിനു കാരണമായി ചൂണ്ടിക്കാണിക്കാൻ ജനിതകപ്രശ്നങ്ങൾ, ത്വക്കിനെ ബാധിക്കുന്ന പരാദരോഗങ്ങൾ എന്നിവയടക്കം പലതുണ്ടെങ്കിലും പ്രധാനകാരണങ്ങൾ ചാണകവും മൂത്രവും വെള്ളവും കെട്ടിക്കിടന്ന് എപ്പോഴും നനഞ്ഞ് കിടക്കുന്ന തൊഴുത്തിന്റെ തറയും പോഷകാപര്യാപ്തതയും തന്നെയാണ്, പ്രത്യേകിച്ച് വൈറ്റമിൻ എ-യും വൈറ്റമിൻ സി-യും. പശുക്കളുടെ ത്വക്കിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ ജീവകങ്ങളാണ് ഇവ രണ്ടും. വൈറ്റമിൻ എ-യുടെ നിറസ്രോതസ്സായ തീറ്റപ്പുല്ലിൽനിന്ന് വേണ്ടുവോളം പോഷണം വലിയ പശുക്കൾക്ക് ലഭിക്കും. എന്നാൽ മുതിർന്ന പശുക്കളെ പോലെ തീറ്റപുല്ലും മറ്റു പരുഷാഹാരങ്ങളും പൂർണമായി തിന്ന് തുടങ്ങിയിട്ടില്ലാത്തതിനാൽ വൈറ്റമിൻ എ ജീവകത്തിന്റെ അപര്യാപ്തയ്ക്ക് കിടാക്കളിൽ ഉയർന്ന സാധ്യതയുണ്ട്. വലിയ പശുക്കളിൽ കാണുന്നതു പോലെ ആവശ്യാനുസരണം ലഭ്യമാക്കാൻ കരളിൽ ജീവകം എയുടെ  സംഭരണവും കിടാക്കളിൽ ഉണ്ടാവില്ല. 

പശുക്കളുടെ കന്നിപ്പാൽ വൈറ്റമിൻ എ-യുടെയും സി-യുടെയും മികച്ച സ്രോതസ്സാണ്. എന്നാൽ ജനിച്ചതിന് മൂന്നു ദിവസം കിടാവ് മതിയായി കന്നിപ്പാൽ കുടിച്ചു എന്നുറപ്പാക്കാത്തതും അപര്യാപ്തത പ്രശ്നങ്ങളുടെ സാധ്യത ഉയർത്തും. വൈറ്റമിൻ എ-യുടെയും സി-യുടെയും ഈ രീതിയിലുള്ള പോഷകക്കുറവാണ് കിടാക്കളിൽ ത്വക്ക് സംബന്ധമായ പ്രശ്നങ്ങൾക്കും രോമക്കൊഴിച്ചിലിനും പ്രധാനമായും കാരണമാവുന്നത്. മാത്രമല്ല, കണ്ണുകളുടെ ആരോഗ്യം ഉറപ്പാക്കുന്നതിലും എ- വൈറ്റമിനു വലിയ പങ്കുണ്ട്. കിടാക്കളുടെ ശരീരത്തിൽ വൈറ്റമിൻ എ കുറയുന്നതോടെ കാഴ്ചക്കുറവ്, അമിതമായി കണ്ണുനീരൊലിപ്പ്, പീളക്കെട്ടൽ, കണ്ണിന് ചുറ്റും രോമം കൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ കിടാക്കൾ കാണിച്ചുതുടങ്ങും. വൈറ്റമിൻ എ-യുടെയും വൈറ്റമിൻ സി-യുടെയും കുറവ് ക്രമേണ പലരീതിയിലുള്ള മറ്റ് ശാരീരികപ്രശ്നങ്ങൾക്കും ശരീരതളർച്ചയ്ക്കും വളർച്ചമുരടിപ്പിനും തൂക്കക്കുറവിനും മാറാത്ത വയറിളക്കത്തിനും കിടാക്കളിൽ കാരണമാവും. രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും ചെയ്യും.

hair-loss-in-dairy-calves-3
കൂടുതലായി കണ്ണുനീരൊലിച്ച് പീളകെട്ടൽ

ആരോഗ്യജീവിതത്തിന് കിടാക്കൾക്ക് നൽകാം ജീവകങ്ങൾ

കിടാക്കളിൽ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ലക്ഷണങ്ങൾക്കനുയോജ്യമായ ജീവകമിശ്രിതങ്ങൾ കുത്തിവയ്പായി നൽകാൻ ഡോക്ടറുടെ സേവനം തേടണം. ജീവകമിശ്രിതങ്ങളും ഗുളികകളും തുടർന്നുള്ള ദിവസങ്ങളിൽ പാലിനൊപ്പം കിടാക്കൾക്ക് നൽകുകയും ചെയ്യാം. ജീവകം എ, സി ഉൾപ്പെടെ പോഷകങ്ങളുടെ കുറവു കാരണം ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങൾ മുന്നേ തടയാൻ ജനിച്ച് ആദ്യ രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ ശരീരതൂക്കത്തിന്റെ 10 % എന്ന അളവിൽ കന്നിപ്പാല്‍ കിടാവിന് ഉറപ്പാക്കാന്‍ ശ്രമിക്കണം.  ഉദാഹരണത്തിന് മുപ്പത് കിലോ ശരീരതൂക്കവുമായി ജനിക്കുന്ന കിടാവിന് ഏറ്റവും ചുരുങ്ങിയത് മൂന്നു ലീറ്റർ കന്നിപ്പാൽ ആദ്യ രണ്ട്  മണിക്കൂറിനുള്ളിൽ നൽകണം. ഈ അളവ് കന്നിപ്പാലിന്റെ ആദ്യഘഡു (ശരീര തൂക്കത്തിന്റെ 5 % ) പ്രസവിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ ഉറപ്പാക്കണം. തുടർന്നുള്ള മൂന്ന് ദിവസങ്ങളിലും പത്ത് ശതമാനം കന്നിപ്പാൽ നൽകണം. വൈറ്റമിൻ എ യുടെയും സി യുടെയും മികച്ച സ്രോതസ്സാണ് കന്നിപ്പാൽ.

ജനിച്ച്  ഒരാഴ്ച പ്രായമായത് മുതൽ വിറ്റാമിൻ എ, സി, ഡി, ഇ , ബയോട്ടിൻ തുടങ്ങിയ ജീവകങ്ങളും സെലീനീയം, സിങ്ക്, കോപ്പർ, ഫോസ്ഫറസ് തുടങ്ങിയ ധാതുലവണങ്ങളും അടങ്ങിയ മിശ്രിതങ്ങൾ കിടാക്കൾക്ക് നൽകുന്നത് ഗുണകരമാണ്. അമിനോവെറ്റ്, ഇന്റാവിറ്റ എൻഎച്ച്, ലാവിറ്റോൺ എച്ച്, വിമറാൽ, ഫിൽ -ഒ -വിറ്റ്, ഷാർക്കോഫെറോൾ വെറ്റ് തുടങ്ങിയ ബ്രാൻഡ് നാമങ്ങളിൽ കിടാക്കൾക്കുള്ള പോഷകമിശ്രിതങ്ങൾ സുലഭമായി വിപണിയിലുണ്ട്. ഇതല്ലെങ്കിൽ മീനെണ്ണയും ( ഒരു ഔൺസ് വീതം ഇടവിട്ട ദിവസങ്ങളിൽ) കിടാക്കൾക്ക് നൽകാവുന്ന മികച്ച ഒരു പോഷക മിശ്രിതമാണ്. ചെറുതായി അരിഞ്ഞ തീറ്റപ്പുല്ല് കുറഞ്ഞ അളവിൽ രണ്ടാഴ്ച പ്രായമായത് മുതൽ കിടാക്കൾക്ക് നൽകണം. കോംഗോ സിഗ്‌നൽ,  ഗിനി പുല്ല് തുടങ്ങിയ മൃദുവായ തീറ്റപ്പുല്ലുകളാണ് കിടാക്കൾക്ക് ഏറ്റവും അനിയോജ്യം. കിടാവിന് നൽകുന്ന പാലിന്റെ അളവ് ക്രമേണ കുറയ്ക്കുന്നതിനൊപ്പം പുല്ലിന്റെ അളവ് കൂട്ടി നൽകണം. പുല്ല് നന്നായി തിന്ന് തുടങ്ങിയാൽ ജീവക മിശ്രിതങ്ങൾ നൽകുന്നത് നിർത്താം. തീറ്റപ്പുല്ല് നൽകുന്നത് ഘട്ടംഘട്ടമായി വർധിപ്പിച്ച് ആറു മാസമെത്തുമ്പോൾ 5 - 6 കിലോഗ്രാം വരെ നൽകാം. ഇങ്ങനെ തീറ്റപ്പുല്ല് നൽകുന്നതിലൂടെ കിടാക്കളിൽ പോഷകാപര്യാപ്തത പരിഹരിക്കാം എന്നുമാത്രമല്ല ആമാശയ പ്രധാന അറയായ റൂമന്റെ ( പണ്ടം) വളർച്ച വേഗത്തിലാവുകയും ചെയ്യും. കിടാക്കളെ പാർപ്പിക്കുന്ന തൊഴുത്തിന്റെ തറ ചാണകവും മൂത്രവും കൃത്യമായ ഇടവേളകളിൽ നീക്കി ഉണക്കമുള്ളതായി സൂക്ഷിക്കാൻ ക്ഷീരകർഷകർ പ്രത്യേകം ശ്രദ്ധിക്കണം.

hair-loss-in-dairy-calves-2
പൊക്കിൾ പഴുപ്പും അതേത്തുടർന്ന് മുട്ടുകളിലുണ്ടാകുന്ന അണുബാധയും

പൊക്കിൾക്കൊടി പരിപാലനത്തിൽ വരുന്ന വീഴ്ചയ്ക്ക് വലിയവില നൽകേണ്ടിവരും

പിറന്നുവീണ പശുക്കിടാങ്ങളുടെ ശരീരത്തിനുള്ളിലേക്കു രോഗാണുക്കൾക്ക് കടന്നുകയറാനുള്ള ഏറ്റവും എളുപ്പമുള്ള വഴിയാണ് അവയുടെ പൊക്കിൾക്കൊടി. തുറന്നു കിടക്കുന്ന പൊക്കിൾക്കൊടി വഴി ശരീരത്തിനകത്തേക്കു കയറുന്ന രോഗകാരികളായ ബാക്റ്റീരിയ അണുക്കൾ പൊക്കിൾ രോഗം, പൊക്കിൾ പഴുപ്പ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമായി തീരും. ഉടനെ ആന്റിബയോട്ടിക് കുത്തിവയ്പ് ഉൾപ്പെടെ വിദഗ്‌ധ ചികിത്സ ലഭ്യമാക്കാത്ത പക്ഷം പൊക്കിളിൽ നിന്നും രോഗം കൈ കാൽ മുട്ടുകളിലേക്കു വ്യാപിക്കും. പൊക്കിളിനൊപ്പം കൈകാൽ സന്ധികളിലും വീക്കം വന്നുതുടങ്ങും. ഒടുവിൽ സന്ധികൾ പഴുത്ത് പൊട്ടും. രോഗാണുക്കൾ ശരീരത്തിലെ മറ്റവയവങ്ങളിലേക്ക് വ്യപിക്കുന്നതോടെ രോഗം ഗുരുതരമാകുകയും ഒടുവിൽ ഒന്ന് രണ്ട് ആഴ്ചയ്ക്കുള്ളിൽ മരണം സംഭവിക്കുകയും ചെയ്യും.

കിടാവ് പിറന്നുവീണയുടൻ ചെയ്യുന്ന ശാസ്ത്രീയമായ പൊക്കിൾക്കൊടി പരിപാലനത്തിലൂടെ  മുൻകരുതലിലൂടെ പൊക്കിൾക്കൊടി പഴുപ്പിനെയും തുടർന്നുണ്ടാവുന്ന സന്ധിവീക്കത്തെയും മുടന്ത്, അകാലമരണം തുടങ്ങിയ പ്രശ്നങ്ങളെയും പൂർണ്ണമായും തടയാൻ കഴിയും. രോഗം തടയുന്നതിനായി ജനിച്ചയുടന്‍ കിടാക്കളുടെ പൊക്കിള്‍ക്കൊടിയുടെ ഭാഗം നേർപ്പിച്ച പൊട്ടാസ്യം പെർമാൻഗനേറ്റ് ലായനിയിട്ട് കഴുകി എഴ് ശതമാനം ടിഞ്ചര്‍ അയഡിന്‍ ലായനിയിലോ നാലു ശതമാനം ക്ലോർ ഹെക്സിഡിൻ ലായനിയിലോ മുക്കി അണുവിമുക്തമാക്കണം. കറവയ്ക്കു ശേഷം പശുവിന്റെ മുലക്കാമ്പുകൾ മുക്കുന്ന ഒരു ശതമാനം അയഡിൻ അടങ്ങിയ ടീറ്റ് ഡിപ്പിങ് ലായനി കിടാവിന്റെ പൊക്കിൾ മുക്കി അണുവിമുക്തമാക്കാൻ യോജിച്ചതല്ല. പൊക്കിള്‍കൊടി പൂര്‍ണ്ണമായി വേര്‍പ്പെട്ടിട്ടില്ലെങ്കില്‍ പൊക്കിളിന് ഒരിഞ്ച് താഴെ ടിഞ്ചർ അയഡിൻ ലായനിയിൽ മുക്കിയ ഒരു ചരട് ഉപയോഗിച്ച് കെട്ടണം. ശേഷം ബാക്കി ഭാഗം കെട്ടിനു ചുവടെ അരയിഞ്ച് മാറി അണുവിമുക്തമാക്കിയ കത്രികയോ ബ്ലേഡോ ഉപയോഗിച്ച്  മുറിച്ച് മാറ്റണം. പൊക്കിൾ കൊടിയിലെ മുറിവ് ഉണങ്ങുന്നത് വരെ ദിവസവും രണ്ടോ മൂന്നോ  തവണ അയഡിന്‍ ലായനിയില്‍ ലായനിയില്‍ മുക്കി അണുവിമുക്തമാക്കണം. പൊക്കിൾക്കൊടി പരിപാലനത്തിൽ വരുന്ന വീഴ്ചയ്ക്കു നൽകേണ്ടി വരുന്ന വില വലുതായിരിക്കും എന്നതറിയുക.

hair-loss-in-dairy-calves-1
കിടാക്കളെ പരിപാലിക്കാൻ വെള്ളം കെട്ടികിടക്കുന്ന തൊഴുത്തുകൾ വേണ്ട

വിളർച്ച കിടാക്കളിൽ വില്ലനാണ്

കിടാക്കളുടെ ആരോഗ്യത്തെയും വളർച്ചയെയും ബാധിക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് അനീമിയ അഥവാ വിളർച്ച. മതിയായ അളവിൽ പാലും പോഷകാഹാരവും കിട്ടാതിരിക്കൽ, ഉരുളൻ വിരബാധ, കോക്സീഡിയ അണുബാധ തുടങ്ങിയവയാണ് കിടാക്കളിൽ വിളർച്ചയുടെ പ്രധാന കാരണങ്ങൾ. കറവപ്പശുക്കളിലുള്ളതു പോലെ ബബീസിയോസിസ്, തൈലേറിയാസിസ്, അനാപ്ലാസ്മ തുടങ്ങിയ രക്താണുരോഗങ്ങളും കിടാക്കളിൽ വ്യാപകമാണിന്ന്. രക്താണുരോഗമുള്ള തള്ളപ്പശുക്കളിൽ നിന്ന് എളുപ്പം രോഗാണുക്കൾ കിടാക്കളിലേക്കു പകരും. കിടാക്കളിൽ എപ്പോഴും തളർന്നുള്ള കിടപ്പ്, ക്ഷീണം, എഴുന്നേൽക്കാനും പാൽ കുടിക്കാനുമുള്ള മടി, താടിയെല്ലിന് താഴെയും താടയിലും നീർവീക്കം, വയറിളക്കം, പനി, കണ്ണിന്റെ കീഴ്പ്പോളയ്ക്ക് ഉള്ളിലുള്ള ശ്ലേഷ്‌മസ്തരത്തിന് വെള്ളനിറം ( ആരോഗ്യമുള്ള കിടാക്കളിൽ ശ്ലേഷ്മസ്തരം ഇളംചുവപ്പ് നിറത്തിലായിരിക്കും) തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കാത്തിരിക്കാതെ വേഗം ഡോക്ടറുമായി ബന്ധപ്പെടണം.

നാളെ: പശുക്കിടാവിനെ പാൽത്തൂകും പശുവായി പാകപ്പെടുത്തിയെടുക്കാൻ പത്തു ടിപ്സുകൾ

English summary: Reasons for hair loss in calves

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM MANAGEMENT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഐഫോണ്‍ 15ൽ അദ്ഭുതങ്ങൾ, സക്കര്‍ബര്‍ഗിന്റെ രാജി: പോയവാരത്തിലെ ടെക് വാര്‍ത്തകൾ

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA