ADVERTISEMENT

തിരിച്ചറിയാൻ നമ്പർ പതിപ്പിച്ച കമ്മലോ മാലയോ... ഓരോന്നിനെക്കുറിച്ചും വ്യക്തമായി എഴുതി സൂക്ഷിച്ച രേഖകൾ... ഓരോ മൃഗത്തെയും അടുത്തറിയാൻ കഴിയുമെന്നത് പ്രധാന പ്രത്യേകത... വലിയ കൂട്ടത്തിൽ ഓരോ മൃഗത്തെയും എങ്ങനെ വ്യക്തമായി തിരിച്ചറിയും? നമ്പരോ പേരോ നൽകുകയാണ് ഏറ്റവും എളുപ്പവഴി. ഈ നമ്പർ അടിസ്ഥാനത്തിൽ അവയെ തിരിച്ചറിയാൻ സഹായിക്കുന്ന സംവിധാനങ്ങൾ ഇന്ന് പ്രചാരത്തിലുണ്ട്. അതാണ് കമ്മലും (Ear Tag) മാലയും (Collar). 

ഡെയറി ഫാം, പിഗ് ഫാം, ഗോട്ട് ഫാം പോലുള്ള വാണിജ്യപ്രാധാന്യത്തോടെ മൃഗങ്ങളെ വളർത്തുന്നവർക്ക് ഓരോ മൃഗത്തിന്റെയും റോക്കോർഡ് സൂക്ഷിക്കാൻ ഇത്തരത്തിലുള്ള നമ്പറിങ് സഹായിക്കും. പശുക്കളിൽ ബീജാധാനം നടത്തിയ തീയതി, മരുന്നു നൽകൽ, രോഗം, വംശാവലി എന്നിവയെല്ലാം കൃത്യമായി സൂക്ഷിക്കാൻ ഇത്തരം നമ്പറിങ്ങിലൂടെ സാധിക്കും. ഓരോന്നിന്റെയലും തലമുറകളെക്കുറിച്ചും റോക്കോർ‍ഡ് ചെയ്യാനായാൽ രക്തമബന്ധമുള്ളവ തമ്മിലുള്ള ഇണചേരൽ ഒഴിവാക്കാനും കഴിയും. കന്നുകാലികളിൽ ബീജസ്ട്രോകൾ ഇത്തരത്തിൽ രേഖപ്പെടുത്തി സൂക്ഷിച്ചാൽ ഇൻ ബ്രീഡിങ് ഒഴവാക്കാനാകും. മികച്ച പാലുൽപാദനത്തിന് വംശാവലി നോക്കുന്ന കർഷകർ ഏറുന്ന സാഹചര്യത്തിൽ തിരിച്ചറിയൽ അടയാളത്തിനും റെക്കോർഡ് സൂക്ഷിക്കലിനും വലിയ പ്രാധാന്യമുണ്ട്. വലിയ ഫാമുകൾ നടത്തുന്ന മിക്ക കർഷകരും ഇത്തരത്തിലുള്ള കമ്മലും മാലയുമൊക്കെ ഉപയോഗിക്കുന്നുണ്ട്.

ear-tag
ഇയർ ടാഗുകൾ

ഇയർ ടാഗ്

ജനിക്കുന്നതു മുതൽ കിടാവിന്റെ ചെവിയിൽ ഘടിപ്പിക്കാൻ കഴിയുന്ന ഒരു ലഘു ടാഗ്. നമ്പർ രേഖപ്പെടുത്തിയ ഇത്തരം ടാഗുകൾ ആമസോൺ പോലുള്ള ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ലഭിക്കും. ഒന്നു മുതൽ നമ്പരുകൾ രേഖപ്പെടുത്തിയ 100 ടാഗുകൾ അടങ്ങിയ സെറ്റിന് ശരാശരി 800 രൂപയാണ് വില. പല നിറങ്ങളിലും രൂപത്തിലും ഉള്ള ടാഗുകളിൽനിന്ന് ഇഷ്ടമുള്ളത് ഉപയോഗിക്കാം. ടാഗ് ആപ്ലിക്കേറ്റർ പ്ലയർ ഉപയോഗിച്ചാണ് ഇത് ചെവിയിൽ ഘടിപ്പിക്കുക. ചെവിയിൽ ഞരമ്പുകളില്ലാത്ത ഭാഗത്തുവേണം ഇത് പതിപ്പിക്കാൻ. ഓരോ നമ്പറും ഓരോ പശുവാണ് അല്ലെങ്കിൽ ഓരോ ജീവിയാണ്. അതുകൊണ്ടുതന്നെ കംപ്യൂട്ടർ സഹായത്തോടെയോ മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെയോ റെക്കോർഡ് ആയി സൂക്ഷിക്കാം. ലളിതമായി ബുക്കിൽ എഴുതിയും സൂക്ഷിക്കാം. ഓരോ പശുവിന്റെയും വിവരങ്ങൾ കംപ്യൂട്ടർ സഹായത്തോടെ രേഖപ്പെടുത്തുന്ന അങ്കമാലിയിലെ നവ്യാ ഫാംമിനെക്കുറിച്ച് കർഷകശ്രീ മുൻപ് പങ്കുവച്ചിരുന്നു.

cow-collar
കൗ കോളർ ധരിച്ച പശുക്കൾ (മാട്ടുപ്പെട്ടിയിലെ ബുൾ മദർ ഫാമിൽനിന്ന്)

കൗ കോളർ

ചെവിയിൽ ഘടിപ്പിക്കുന്ന മാലയേക്കാൾ പശുക്കൾക്ക് ഒരുപക്ഷേ കൂടുതൽ സൗകര്യം നമ്പറുകൾ രേഖപ്പെടുത്തിയ മാലകളായിരിക്കും. ഇതും ഓൺലൈൻ മാർക്കറ്റിൽനിന്ന് കർഷകർക്ക് വാങ്ങാം. ഇയർ ടാഗിനെ അപേക്ഷിച്ച് വില കൂടുതലാണ്.

English summary: Little yellow ear tag is 'Aadhaar card' for cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com