പശുക്കളുടെ കുളമ്പ് ചെത്തിയൊരുക്കാൻ, രാകി മിനുക്കാൻ നൗഷാദ് – ദ ഹൂഫ് ട്രിമ്മിങ് സ്പെഷലിസ്റ്റ്
Mail This Article
പശുക്കളുടെ ഉൽപാദനമികവും പ്രത്യുൽപാദനക്ഷമതയുമെല്ലാം ഉറപ്പാക്കുന്നതിൽ കുളമ്പുകളുടെ ആരോഗ്യം ഏറെ പ്രധാനമാണ്. അകിടുവീക്കം, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾ കാരണം ക്ഷീരമേഖലയിലുണ്ടാകുന്ന ഉൽപാദന–സാമ്പത്തിക നഷ്ടങ്ങളോട് കിടപിടിക്കാൻ പോന്നതാണ് കുളമ്പിന്റെ അനാരോഗ്യം മൂലമുണ്ടാവുന്ന നഷ്ടങ്ങളും.
വളരുന്ന സാഹചര്യങ്ങൾ അനുസരിച്ചാണ് പശുക്കളുടെ കുളമ്പുകളുടെ ആരോഗ്യവും നിർണയിക്കപ്പെടുക. ശാസ്ത്രീയ തീറ്റക്രമം പാലിച്ച് സമീകൃതാഹാരം നൽകിയും മതിയാ വിശ്രമവും വ്യായാമവുമെല്ലാം ഉറപ്പുവരുത്തിയും വളർത്തുന്ന പശുക്കളുടെ കുളമ്പുകൾ ആകൃതിയും അഴകുമെല്ലാം ഒത്തിണങ്ങിയതായിരിക്കും. എന്നാൽ, അശാസ്ത്രീയ തീറ്റക്രമം, വൃത്തിഹീനമായ തൊഴുത്ത്, കുഴികൾ നിറഞ്ഞ് നിരപ്പില്ലാത്ത തറ എന്നിവയെല്ലാം കുളമ്പിന്റെ ആരോഗ്യം ക്ഷയിപ്പിക്കും. മതിയായ പോഷകാഹാരമോ സമീകൃത തീറ്റയോ വ്യായാമോ നൽകാതെ വളർത്തിയ പശുക്കളുടെ കുളമ്പുകളിൽ തേയ്മാനം, അധികവളർച്ച, വീക്കം, കുളമ്പിനടിയിൽ പഴുപ്പ്, വ്രണങ്ങൾ, വശങ്ങൾ ദ്രവിക്കൽ, മുടന്ത് തുടങ്ങിയ ന്യൂനതകൾ ഏറെയായിരിക്കും.
ഫാക്ടറി പ്രൊഡക്ഷൻ എന്ന രീതിയിൽ വളർത്തുമ്പോൾ റബർ മാറ്റുകളിൽ നിൽക്കുന്ന പശുക്കളിൽ കുളമ്പിന്റെ വളർച്ച കൂടുതലായിരിക്കും. കുളമ്പിന്റെ വളർച്ച കൂടുന്തോറും അനാരോഗ്യ സാധ്യത ഉയരുകയും ചെയ്യും. അതിനാൽ കുളമ്പിന്റെ കൃത്യമായ ഇടവേളകളിൽ മുറിച്ചുമാറ്റി വളർച്ച നിയന്ത്രിക്കണം. വൻകിട ഫാമുകളിൽ കുളമ്പുപരിപാലനത്തിന് ഇപ്പോൾ വളരെ പ്രാധാന്യം നൽകുന്നുണ്ട്.
പശുക്കളുടെ കുളമ്പുകൾ ചെത്തിയൊരുക്കി അവയെ മിടുക്കികളാക്കാൻ കേരളം മുഴുവൻ സഞ്ചരിക്കുന്ന ക്ഷീരകർഷകനാണ് മലപ്പുറം വേങ്ങര സ്വദേശി നൗഷാദ്. ക്ഷീരകർഷകൻകൂടിയായ അദ്ദേഹം 14 വർഷം മുൻപ് സ്വന്തം പശുക്കളുടെ കുളമ്പു സംരക്ഷത്തിന് ശ്രദ്ധ കൊടുത്തുതുടങ്ങിയതാണ് പിന്നീട് മുഴുവൻ സമയ ഹൂഫ് ട്രിമ്മിങ് സ്പെഷലിസ്റ്റ് എന്ന തലത്തിലേക്ക് അദ്ദേഹത്തെ മാറ്റിയത്. നാലു വർഷമായി കുളമ്പു പരിപാലനത്തിനായി കേരളം മുഴുവൻ സഞ്ചരിച്ച് തന്റെ സേവനം നൽകുന്നു നൗഷാദ്.
ഒരു യാത്ര തുടങ്ങിയാൽ തിരുവനന്തപുരം മുതൽ കാസർകോഡ് വരെ സഞ്ചരിക്കുന്നതാണ് നൗഷാദിന്റെ രീതി. അത്തരത്തിലൊരു യാത്രയിൽ കോട്ടയം മുട്ടുചിറയിലുള്ള പറുദീസ ഫാമിൽവച്ചാണ് കർഷകശ്രീ നൗഷാദിനെ കാണുന്നത്. പറുദീസ ഫാമിലെ പശുക്കളുടെ കുളമ്പുകൾ വൃത്തിയാക്കുന്ന വിഡിയോ ചിത്രീകരിക്കുകയും ചെയ്തു.
ശ്രദ്ധിക്കപ്പെടാതിരുന്ന മേഖല
പശുക്കളുടെ ആരോഗ്യത്തിന് കുളമ്പുകൾക്കും പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞ നൗഷാദ് സ്വന്തം പശുക്കളുടെ കുളമ്പുകൾ വൃത്തിയാക്കി ചെത്തിയൊരുക്കിയാണ് പഠിച്ചത്. കുളമ്പ് പരിപാലനത്തെക്കുറിച്ച് ആദ്യ കാലങ്ങളിൽ പലരോടും പറഞ്ഞിരുന്നെങ്കിലും ആരും തന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്തില്ലെന്ന് നൗഷാദ്. ഏതാനും വർഷങ്ങൾക്കുമുൻപ് മലബാർ ഡെയറി ഫാർമേഴ്സ് അസോസിയേഷൻ (എംഡിഎഫ്എ) നടത്തിയ ഒരു ഹൂഫ് ട്രിമ്മിങ് കാംപെയിൻ ഈ മേഖലയിൽ ഒരു മാറ്റത്തിന് തുടക്കംകുറിച്ചു. അതിനുശേഷമാണ് താൻ കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് ഹൂഫ് ട്രിമ്മിങ് നടത്താൻ തുടങ്ങിയതെന്നും നൗഷാദ്.
പലപ്പോഴും മുടന്തും ആരോഗ്യപ്രശ്നങ്ങളുമായി കശാപ്പുശാലയിലേക്കു പോയ പശുക്കളെ വരെ താൻ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നിട്ടുണ്ടെന്നും നൗഷാദ്. രക്ഷപ്പെടില്ലെന്ന് ഉടമ ഉറപ്പിച്ച ഒരു പശുവിനെ വാങ്ങി കുളമ്പുകൾ വൃത്തിയാക്കി മുറിവുകൾ ക്ക് മരുന്നു നൽകി മികച്ച ഉൽപാദനത്തിലേക്ക് എത്തിക്കാൻ നൗഷാദിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പശുക്കളുടെ ആരോഗ്യസംരക്ഷണത്തിൽ കുളമ്പുകൾക്ക് പ്രഥമ പരിഗണന നൽകണമെന്നും ഈ കർഷകൻ പറയുന്നു.
പോർട്ടബിൾ ക്രേറ്റ്
തന്റെ പിക്കപ് വാനിൽ കേരളം മുഴുവൻ സഞ്ചരിക്കുന്ന നൗഷാദ് ഫൂഫ് ട്രിമ്മിങ് സൗകര്യത്തിനായി പ്രത്യേക ക്രേറ്റ് രൂപകൽപന ചെയ്തിട്ടുണ്ട്. പശുവിന് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിൽ അനായാസം നിയന്ത്രിച്ച് നിർത്താൻ കഴിയുന്ന ക്രേറ്റ് ഒട്ടേറെ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിൽ രൂപപ്പെടുത്തിയതാണ്. ജിഐ പൈപ്പുകളും ബൈക്കിന്റെ ഷോക്ക് അബ്സോർബറുകളും സ്പോക്കറ്റുകളുമൊക്കെയാണ് ഈ സംവിധാനത്തിന്റെ പ്രധാന നിർമാണ വസ്തുക്കൾ. ഊരി മാറ്റാവുന്ന ചക്രങ്ങൾ ഘടിപ്പിക്കുന്നതിനാൽ കൈകാര്യം ചെയ്യാനും എളുപ്പം. പ്രവർത്തനരീതി വിശദമായി വിഡിയോയിലുണ്ട്.
ഉപകരണങ്ങൾ
ഇലക്ട്രിക് കട്ടർ, പ്രത്യേക ആകൃതിയിലുള്ള കത്തികൾ എന്നിവയാണ് പ്രധാന ആയുധങ്ങൾ. പാദത്തിനുള്ളിൽ മുറിവോ പഴുപ്പോ ഉണ്ടെങ്കിൽ വേദന മൂലം നിലത്ത് കാൽ കുത്താൻ പശുക്കൾക്ക് ബുദ്ധിമുട്ടായിരിക്കും. അതിനാൽ തടികൊണ്ടുള്ള പ്രത്യേക ബ്ലോക്ക് മുറിവില്ലാത്ത കുളമ്പിൽ ഒട്ടിച്ചുചേർക്കും. മുറവിൽ മരുന്നു പുരട്ടി കെട്ടിവയ്ക്കുകയും ചെയ്യും. വലിയ പ്രശ്നങ്ങൾ കണ്ടാൽ അടുത്തുള്ള വെറ്ററിനറി ഡോക്ടറുടെ സേവനം തേടും.
ഫീസ്
ഒരു പശുവിന് 2000 രൂപയാണ് നൗഷാദിന്റെ അടിസ്ഥാന ഹൂഫ് ട്രിമ്മിങ് ഫീസ്. തുടർന്നുള്ള ഓരോ പശുവിനും 700–800 രൂപ. ബ്ലോക്ക് ഒട്ടിക്കേണ്ട സാഹചര്യം വന്നാൽ ഒരു ബ്ലോക്കിന് 500 രൂപ. 20 പശുക്കൾക്ക് മുകളിലുണ്ടെങ്കിൽ ഒരു പശുവിന് 600 രൂപ എന്നിങ്ങനെയാണ് ഫീസ്.
പശുക്കളുടെ ആരോഗ്യം പ്രധാനം
സംയോജിത കൃഷിയിടമാണ് മുട്ടുചിറയിലെ പറുദീസ ഫാം. പശുക്കളും ആടുകളും കോഴികളും കാർഷിക വിളകളും എല്ലാമുള്ള മികച്ചൊരു കൃഷിയിടം. ഒന്ന് ഒന്നിനോട് ചേർന്നു നിൽക്കുന്നു എന്നു പറയുന്നതുപോലെ തൊഴുത്തിലെ മലിനജലം ഉപയോഗിച്ച് മികച്ച രീതിയിൽ വാഴയും മറ്റും ഇവിടെ കൃഷി ചെയ്തിരിക്കുന്നു. പശുക്കൾക്കായുള്ള ഏഴേക്കർ പുൽക്കൃഷിക്കുള്ള വളവും തൊഴുത്തിൽനിന്നുതന്നെ.
തമിഴ്നാട്ടിൽനിന്നു കൊണ്ടുവന്നിട്ടുള്ള അത്യുൽപാദനശേഷിയുള്ള 30 പശുക്കളാണ് ഫാമിലുള്ളത്. ഇപ്പോൾ ഉൽപാദനത്തിലുള്ള 20 പശുക്കളിൽനിന്ന് പ്രതിദിനം 300 ലീറ്റർ പാൽ ലഭിക്കുന്നുവെന്ന് ഫാം ഉടമ വിധു രാജീവ് പറഞ്ഞു. പശുക്കളുടെ ആരോഗ്യസംരക്ഷണത്തിനാണ് മുഖ്യ പ്രാധാന്യം നൽയിരിക്കുന്നത്. രണ്ടു വർഷം മുൻപ് വാങ്ങിയ മിക്ക പശുക്കളുടെയും കുളമ്പുകൾ വളർന്നിരുന്നു. അതിനാലാണ് നൗഷാദിന്റെ സേവനം തേടിയതെന്നും വിധു പറഞ്ഞു. കുളമ്പുകൾ വളർന്നു എന്നതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും പശുക്കളുടെ പാദങ്ങൾക്കുണ്ടായിരുന്നില്ല.
ഫോൺ: 9895187848, 9074997697 (നൗഷാദ്)
English summary: Hoof trimming specialist Noushad Vengara