ADVERTISEMENT

എച്ച് 5 എൻ 1 ഇൻഫ്ലൂവൻസ ഇനത്തിൽപ്പെട്ട വൈറസാണ് പക്ഷിപ്പനി‌ക്കു കാരണം. ദേശാടനപ്പക്ഷികളുടെ കാഷ്ഠത്തിലൂം സ്രവങ്ങളിലും കാണപ്പെടുന്ന ഇൻഫ്ലൂവൻസ രോഗാണുക്കൾ ജലാശയങ്ങളിലും മറ്റും രോഗവാഹകരായി നിലകൊള്ളും. അവിടെ നിന്നും രോഗം താറാവുകളിലേക്കും കോഴികളിലേക്കും മറ്റു പക്ഷികളിലേക്കും പടരുന്നു. പക്ഷികളിൽനിന്നും പക്ഷികളിലേക്ക് വളരെ വേഗം വ്യാപിക്കുന്ന അതീവമാരക വൈറസാണിത്. എന്നാൽ മനുഷ്യരിലേക്ക് ഇത് പടരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.

രോഗാണു അതിവേഗത്തിൽ പടർന്നുപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് രോഗം പൊട്ടിപ്പുറപ്പെട്ട ഉടൻ തന്നെ പക്ഷിസമ്പത്ത് സംരക്ഷിക്കുന്നതിനും രോഗത്തിന് ജനിതക മാറ്റം വരാതിരിക്കാനും പ്രദേശത്തിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളേയും കൊന്നൊടുക്കുന്നത്. കൂടാതെ  പ്രദേശത്തിന്റെ പത്ത് കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ച് അവിടെ മുട്ട, മാംസം തുടങ്ങിയവയുടെ ഉൽപ്പാദനവും വിപണനവും കർശന നിരീക്ഷണത്തിലാക്കും. മൂന്ന് മാസത്തോളം നിരീക്ഷണം തുടർന്നതിനു ശേഷം പുതുതായി രോഗം റിപ്പോർട്ട് ചെയ്തില്ലെങ്കിൽ മാത്രമേ പക്ഷികളെ വീണ്ടും വളർത്താൻ കഴിയൂ എന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

കർഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. പക്ഷികളിൽ അസാധാരണ മരണനിരക്ക് കണ്ടാൽ അടുത്തുള്ള മൃഗാശുപത്രിയിൽ അറിയിക്കണം.
  2. പക്ഷിപ്പനിയുടെ വൈറസുകൾ അറുപത് ഡിഗ്രി സെൽഷ്യസിൽ ചൂടാക്കുമ്പോൾ തന്നെ നശിക്കും. അതിനാൽ ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ചു കഴിഞ്ഞാൽ അപകടമില്ല.
  3. ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്തു കഴിഞ്ഞാൽ കൈകൾ വൃത്തിയായി കഴുകണം.
  4. രോഗാണുബാധയുള്ള പ്രദേശങ്ങളിലെ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ വ്യക്തി സുരക്ഷാ ഉപാധികളായ മാസ്കും കയ്യുറയും ധരിക്കണം.
  5. ശുചീകരണത്തിനായി രണ്ടു ശതമാനം സോഡിയം ഹൈ‍ഡ്രോക്സൈഡ് ലായനി, പോട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാം.
  6. പക്ഷികളുടെ ശവശരീരങ്ങൾ കിടന്നയിടങ്ങളിൽ കുമ്മായം വിതറണം.

കർഷകർ പരിഭ്രാന്തി ഒഴിവാക്കി ജാഗ്രതയോടെ പ്രവർത്തിക്കുകയാണ് വേണ്ടത്.

‌ഹരിപ്പാട് നഗരസഭയിൽ ഒക്ടോബർ 30 വരെ നിരോധനം

ആലപ്പുഴ ഹരിപ്പാട് നഗരസഭ പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒക്ടോബർ 30 വരെ താറാവ്, കോഴി, കാട, മറ്റു വളർത്തുപക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും നിരോധിച്ച് ജില്ല കലക്ടർ ഉത്തരവായി. ഹരിപ്പാട് നഗരസഭയിലും, എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലുമാണ് നിരോധനം നിലനിൽക്കുക.

English summary: Fresh cases of bird flu detected in Kerala's Alappuzha district

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT