ADVERTISEMENT

സംസ്ഥാനത്തെ സകല ശ്വാനന്മാരെയും ശ്വാനികളെയും പ്രതിരോധ കുത്തിവയ്പിന് വിധേയമാക്കി, നല്ലൊരു ശ്വാന സമൂഹത്തിനെ വാർത്തെടുക്കുമെന്നു പ്രഖ്യാപിച്ചത് ഈ കന്നി മാസത്തിൽ. ഇതുകേട്ട് മലയാളക്കരയിലെ സകല മനുഷ്യരും ശ്വാനസമൂഹവും സന്തോഷിച്ചു.

തെരുവിൽ കഴിയുന്ന, കാനേഷുമാരിയിൽ 2.8 ലക്ഷം ശ്വാനസംഖ്യയുള്ള, തെരുവ് നായ്ക്കൂട്ടങ്ങളുടെ പ്രത്യുൽപാദനശേഷി നശിപ്പിച്ച് കളയുന്ന ABC എന്ന പ്രഖ്യാപനം കേട്ട് സകലമാന ശ്വാന, ശ്വാനികളും പേടിച്ചുവിറച്ച്, കണ്ണിൽ കണ്ടതിനെയൊക്കെ കടിച്ചു കലിപ്പു തീർത്തതും ഈ കന്നിമാസത്തിലാണ്.

2244/2022/LSGD തീയതി 15–9–2022 എന്ന ഉത്തരവ് ഇറങ്ങിയത് കന്നിമാസത്തിൽ. ബ്ലോക്ക് തലത്തിൽ ശീതീകരിച്ച വന്ധ്യകരണം കേന്ദ്രം, തെരുവുനായ്ക്കൾക്കെല്ലാം പ്രതിരോധ കുത്തിവയ്പ്, വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് വാക്സീൻ, ലൈസൻസ്, കുറ്റമറ്റ മാലിന്യസംസ്കരണം പട്ടിപിടുത്തക്കാർക്ക് പരിശീലനം, അലഞ്ഞ് തിരിയുന്നവയ്ക്ക് പാർപ്പിടം അങ്ങനെ എല്ലാ വിഷയങ്ങൾക്കും പരിഹാരവുമായാണ് ഈ  കന്നിമാസ ഓർഡർ പുറത്തിറങ്ങിയത്. ഈ ഓർഡർ ഇറങ്ങിയതോടുകൂടി ചാനൽ ചർച്ചകളും ലേഖനങ്ങളും വിമർശനങ്ങളും അവസാനിച്ചു.

അങ്ങനെ ഇക്കൊല്ലത്തെ കന്നിമാസവും കടന്നുപോയി. ഈ ഓർഡർ കണ്ട് ഭയന്നിട്ടോ, കന്നിമാസം കഴിഞ്ഞിട്ടോ എന്തോ പട്ടികടി വാർത്തകളും കുറഞ്ഞു. ഓണക്കാലത്ത് നോൺ വെജിറ്റേറിയൻ ഭക്ഷണം കിട്ടാത്തതിനാലാണ് നായ്ക്കൾ മനുഷ്യരെ കടിക്കുന്നതെന്നുവരെ ചർച്ച ചെയ്ത വിദഗ്ധൻമാരെയും നമ്മൾ ഈ കന്നിയിൽ കണ്ടു.

ഇത്തരം ഓർഡറുകളും പ്രഖ്യാപനങ്ങളും എത്ര കണ്ടതാണ്, ഇതൊന്നും നടക്കാൻ പോകുന്നില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. അവരുടെ അഭിപ്രായം ശരിയാണുതാനും. 

2015 കന്നിമാസത്തിലെ കഥയാണ് മുതിർന്നവർ ഓർമിപ്പിക്കുന്നത്. Go(Rt)No. 2840/2015/LSGD dated 17/9/2015  എന്ന ഓർഡർ ഇറങ്ങിയതും കന്നിമാസത്തിലാണ്. സേഫ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി സകലമാന പട്ടിക്കും വാക്സീൻ നൽകി ലൈസൻസ് നൽകും, താലൂക്ക് തലത്തിൽ 75 വെറ്ററിനറി പോളിക്ലിനിക്കുകളിൽ ABC സംവിധാനം, തികയാതെ വരുന്ന സ്ഥലങ്ങളിൽ വെറ്ററിനറി ഹോസ്പിറ്റലിലും ക്ലിനിക്കുകകളിലും ABC സംവിധാനം, സാങ്കേതിക സഹായം മൃഗസംരക്ഷണ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് മറ്റ് സൗകര്യങ്ങൾ ചെയ്തു കൊടുക്കണം എന്നായിരുന്നു ആ ‘കന്നി മാസ ഓർഡർ.’

ഒന്നും നടന്നില്ലെന്ന് പ്രത്യേകം പറയേണ്ടല്ലോ?

തൊട്ട് പിറ്റേ വർഷം 2016 ൽ 45151/RC3/2014/LSGD dated 27/8/2016 നമ്പർ പ്രകാരം കന്നിമാസത്തിൽ വീണ്ടും ഓർഡർ ഇറങ്ങി. ഇതിൽ മേൽപ്പറഞ്ഞ കാര്യങ്ങൾ കൂടാതെ അവസാന വർഷ വെറ്ററിനറി ബിരുദ വിദ്യാർഥികളെയും ABCക്ക് നിയോഗിക്കാമെന്നു പറഞ്ഞു. കൂടാതെ എല്ലാ ജില്ലകളിലും ജില്ലാ അഗ്രികൾച്ചർ ഫാമിൽ മൂന്ന് ഏക്കർ സ്ഥലം വേലികെട്ടിത്തിരിച്ച ‘ഡോഗ് സൂ’ (Dog Zoo) തുടങ്ങാനും അലഞ്ഞുതിരിയുന്നവയെ അവിടെ പാർപ്പിക്കാനും തീരുമാനിച്ചു.  ആഴ്ചയിൽ രണ്ടു ദിവസം ബ്ലോക്ക് തലത്തിൽ  തെരുവുനായ വാക്സീനേഷൻ തുടങ്ങി, ഒട്ടനവധി നടക്കാത്ത കാര്യങ്ങളും മേൽ ഓർഡറിൽ ഉണ്ടായിരുന്നു. അതും ‘കന്നിമാസ ഓർഡർ’ ആയിമാറി. 2017ലും ഇത്തരം ചർച്ചകൾ മുഖ്യമന്ത്രിതലത്തിൽ നടന്നിരുന്നു.

2018ൽ പ്രളയം വന്നതിനാൽ ചാനൽ, പത്രം തുടങ്ങി എല്ലാവിധ വാർത്താവിതരണ സംവിധാനങ്ങളും അതിന്റെ പിറകെ പോയി 2020ലും 2021ലും വിശ്വവിഖ്യാത കൊറോണ മൂലം ശ്വാനസമൂഹം രക്ഷപ്പെട്ടു.

വാക്സീൻ ദൗർലഭ്യം ഇനി ഒരിക്കലുമുണ്ടാകരുത് എന്നു മുന്നിൽ കണ്ട് ആരോഗ്യവകുപ്പ് എല്ലാ വർഷവും വാങ്ങുന്നതിന്റെ ഇരട്ടി വാക്സീൻ വാങ്ങാൻ തീരുമാനിച്ചു. മൃഗസംരക്ഷണവകുപ്പും ആവശ്യത്തിന് വാക്സീൻ വാങ്ങാൻ തീരുമാനിച്ചു. തെരുവിൽ കിടക്കുന്ന ഒറ്റ പട്ടികളെയും തൊട്ടു പോകരുതെന്ന് മൃഗസ്നേഹികളും.

വാക്സീൻ വാങ്ങാനായി എത്ര കോടികളാണ് ചെലവഴിക്കുന്നത്! 

കന്നി മാസത്തിൽ മാത്രം ഈ പട്ടികൾ ഇത്രത്തോളം കടിക്കുന്നത് എന്തിനാണ്?

പട്ടികൾക്ക്  വേറെ വല്ല ആവശ്യവുമുണ്ടെങ്കിൽ അതങ്ങ് നിറവേറ്റിയാൽ പോരെ. മനുഷ്യരെ കടിക്കണോ?

നടക്കാത്ത തീരുമാനങ്ങൾ കന്നിമാസത്തിൽ എടുക്കുന്നതിന് പകരം, കോടിക്കണക്കിന് രൂപ വാക്സീനും മറ്റുമായി ചെലവാക്കാതെ, കന്നിമാസത്തിൽ എല്ലാ ജനങ്ങളും പ്രത്യേകം രൂപകൽപന ചെയ്ത (PPE KIT പോലെ) വസ്ത്രം ധരിക്കണമെന്ന് ഒരു ‘കന്നിമാസ ഓർഡർ’ ഇറക്കാൻ അധികാരികളോട് അപേക്ഷിക്കാവുന്നതാണ്.

അപ്പോ അടുത്ത കന്നി വരെ പുതിയ ഓർഡറുകൾക്കായി കാത്തിരിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com