എന്താ ക്ഷീരകർഷകാ, പാലിൽ സ്വർണം ചാലിച്ചു ചേർക്കുന്നുണ്ടോ വില ഇത്രയും കൂട്ടാൻ?

Mail This Article
സമീപ ആഴ്ചകളിൽ പ്രധാനമായും കേരളത്തിലെ ക്ഷീരമേഖല ചർച്ച ചെയ്തത് പാൽവില–തീറ്റവില വർധനയാണ്. ഉൽപാദനച്ചെലവിന് ആനുപാതികമായുള്ള വില പാലിന് ലഭിക്കുന്നില്ലെന്ന് കർഷകർ ആവർത്തിച്ചു പറയുമ്പോൾ പാൽവില ഉയർത്താം എന്ന വാഗ്ദാനം മാത്രമാണ് സർക്കാർ നൽകിയിരിക്കുന്നത്. എന്നാൽ, ആ വാഗ്ദാനത്തിനു പിന്നാലെ തീറ്റവില ഉയരുകയും ചെയ്തു. കർഷകർ പാൽവില വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ ഒരുകൂട്ടർ ചോദിക്കുന്നത് ‘എന്താ ക്ഷീരകർഷകാ, പാലിൽ സ്വർണം ചാലിച്ചു ചേർക്കുന്നുണ്ടോ വില ഇത്രയും കൂട്ടാൻ?’ എന്നാണ്. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സകലമാന നിത്യോപരയോഗ വസ്തുക്കൾക്ക് വില വർധിച്ചെങ്കിലും പാലിന് മാത്രം വില വർധിപ്പിക്കാൻ ഭരണകൂടം മടിക്കുന്നത് എന്തുകൊണ്ടാണ്? പാൽവില വർധനയുമായി ബന്ധപ്പെട്ട് ക്ഷീരകർഷകനായ രഞ്ജിത് രാജീവൻ കർഷകശ്രീയുമായി പങ്കുവച്ച കുറിപ്പ് വായിക്കാം.
പാലിന്റെ ഉൽപാദനച്ചെലവ് എത്രയെന്ന് ചോദിക്കുന്നതിനു ശരിയായ ഉത്തരം നൽകണമെങ്കിൽ ക്ഷീരമേഖലയെക്കുറിച്ചും പശുക്കളുടെ ഉൽപാദന കാലയളവിനെകുറിച്ചുമൊക്കെ പറയേണ്ടതുണ്ട്.
ഒരു പശുവിന്റെ പ്രത്യുൽപാദന- കറവ കാലത്തെ 6 ആയി തരം തിരിക്കാം.
Stage 1. 'Pre-Calving' പ്രസവത്തിനു തൊട്ടു മുൻപുള്ള 1 മാസം. ഗർഭസ്ഥശിശുവിന്റെ ശരിയായ വളർച്ചയ്ക്കും, ഗുണമേന്മയുള്ള കന്നിപാൽ ഉൽപാദനത്തിനും, പ്രസവശേഷം പാലിന് ആനുപാതികമായുള്ള ഭക്ഷണ ഉപഭോഗത്തിനും പശുക്കളെ തയാറെടുപ്പിക്കുന്ന കാലയളവാണ് ഈ ഒരു മാസം.
Stage 2. Post-Calving അഥവാ പ്രസവ ശേഷമുള്ള ഒരു മാസത്തോളം വരുന്ന പ്രസവശുശ്രൂഷ നൽകേണ്ടുന്ന കാലഘട്ടം. പശുക്കൾ പ്രസവശേഷമുണ്ടാകാറുള്ള ബുദ്ധിമുട്ടുകളിൽ നിന്നും സുഖംപ്രാപിച്ചു പാൽ ഉൽപാദനത്തിലേക്കു തയാറെടുക്കുന്ന കാലഘട്ടം.
Stage 3. 'Early-lactation' അഥവാ 'ഇളം കറവ' - പ്രസവിച്ച് 30 മുതൽ 120 ദിവസം വരെയാണ് പശുവിന്റെ ഏറ്റവും പാലുൽപാദനമുള്ള സമയം. ഇളം കറവയുടെ പാതിയോടുകൂടി അടുത്ത ഗർഭധാരണം സാധ്യമാകുന്നതാണ് ഉചിതം.
Stage 4. Mid-Lactation അഥവാ 'ഇട കറവ'. അടുത്ത 90 ദിവസം.
Stage 5. Late-Lactation അഥവാ 'വറ്റു കറവ' പശുവിന്റെ പ്രസവത്തിന് 60-65 ദിവസം മുൻപ് കറവ നിർത്തുന്നത് വരെയുള്ള കറവക്കാലം...
Stage 6. Dry period അഥവാ 'വറ്റു കാലം'. പ്രസവത്തിന് 60-70 ദിവസം മുന്നേ കറവ അവസാനിപ്പിച്ചു കാമ്പുകളിൽ അണുബാധ തടയുന്നതിനായുള്ള മരുന്നുകൾ കയറ്റി അടുത്ത പ്രസവത്തിനുള്ള തയാറെടുപ്പു തുടങ്ങുന്ന കാലം.
ഇന്നത്തെ നമ്മുടെ സാഹചര്യത്തിൽ ഒരു കർഷകൻ 20 ലീറ്റർ പാൽ വർഷം മുഴുവൻ ഉൽപാദിപ്പിക്കണമെങ്കിൽ 3 പശുക്കളെങ്കിലും തൊഴുത്തിൽ വേണം. ഒരു ഇളംകറവ, ഒരു ഇടക്കറവ, ഒരു വറ്റുകറവ എന്ന രീതിയിൽ നിലനിർത്തിപ്പോന്നാൽ മാത്രമാണ് ഇത് സാധ്യമാകുന്നത്. ഇനി ഇതിൽ ഏതെങ്കിലും പശു ഗർഭധാരണം വൈകിയാൽ പാലുൽപാദനത്തിന്റെ മൊത്തം താളവും തെറ്റും.
ഇനി ഉൽപാദനച്ചെലവിലേക്ക് കടക്കാം
പുല്ല്, വൈക്കോൽ, സൈലേജ് പോലുള്ള പരുഷാഹാരവും കാലിത്തീറ്റ പോലെയുള്ള സാന്ദ്രീകൃത തീറ്റയും അടങ്ങിയതാണ് പശുക്കളുടെ ആഹാരക്രമം.
ഒരു പശുവിനു ശരാശരി 25-35 കിലോ പുല്ല് ഒരു ദിവസം നൽകണം. ഇന്നത്തെ ചെലവ് വച്ചു നോക്കിയാൽ പുൽകൃഷി ചെയ്‌താൽ പോലും കിലോയ്ക്ക് 3-4 രൂപ ഉൽപാദനച്ചെലവ് വരും. നടുന്നതും, വളപ്രയോഗവും, വിളവെടുപ്പും, വിളവെടുത്ത പുല്ല് തൊഴുത്തിൽ എത്തിക്കുന്നതു വരെയുള്ള ചെലവ് ഇതിൽ പെടുന്നു. അപ്പോൾ ഏകദേശം 140 രൂപയോളം ഒരു പശുവിനു പുല്ലിന് മാത്രം ചെലവ്. അപ്പോൾ 3 പശുവിനു 420 രൂപ.
ഇനി ഇളം കറവ പശുവിന് 9 കിലോ കാലിത്തീറ്റ നൽകുന്നു എന്ന് കരുതുക. ഇടക്കറവ പശുവിന് 4 കിലോ കാലിത്തീറ്റയും വറ്റുകറവ പശുവിന് 3 കിലോ കാലിത്തീറ്റയും നൽകുന്നു എന്ന് കരുതുക. ഇപ്പോഴത്തെ വിപണിവില അനുസരിച്ച് സപ്ലിമെന്റ്സ് അടക്കം 1 കിലോ കാലിത്തീറ്റയ്ക്ക് ശരാശരി 30 രൂപയ്ക്കു മുകളിൽ വരുന്നുണ്ട്. അതായത് ഏകദേശം 480 രൂപയ്ക്കു മുകളിൽ കർഷകന് ഒരു ദിവസം കാലിത്തീറ്റയ്ക്ക് ചെലവാകും എന്ന് ചുരുക്കം. അപ്പോൾ പശുക്കളുടെ ആഹാരത്തിനു വേണ്ടി മാത്രം 620 രൂപയ്ക്കു മുകളിൽ ചെലവ്.
ഇനി വെള്ളം, കരണ്ട്, കറവക്കാരന്റെ പണിക്കൂലി, ഉപഭോക്താകൾക്ക് പാൽ എത്തിച്ചു നൽകുന്ന ചെലവെല്ലാം കണക്കു കൂട്ടിയാൽ ഒരു 175-200 രൂപ കൂടി ഉൽപാദനച്ചെലവിൽ കൂട്ടണം. അപ്പോൾ ഒരു കർഷകന് 20 ലീറ്റർ പാൽ ഉൽപാദിപ്പിക്കാൻ ഏകദേശം 800-850 രൂപ ചെലവുവരും. ഓരോ പ്രദേശങ്ങൾക്കനുസരിച്ച് ഒരു ലീറ്റർ പാലിന് 42-48 രൂപ ചെലവ് കണക്കാക്കാം. ഇനി പശുക്കൾക്ക് അസുഖങ്ങൾ വന്നാൽ കർഷകന്റെ കാര്യം പറയേണ്ടതുണ്ടോ! മാസത്തിൽ ചുരുങ്ങിയത് 1000 രൂപയെങ്കിലും ശരാശരി ഒരു പശുവിന് മരുന്ന് ഇനത്തിൽ മാത്രം മാറ്റിവയ്ക്കുകയും വേണം. ക്ഷീരസംഘങ്ങൾ ആട്ടെ പാൽ എടുക്കുന്നത് 35-40 രൂപ എന്ന ശരാശരിയിലും. ഇതിനൊടൊപ്പം ഗർഭം ധരിക്കാത്ത പശുവിനെ മാറ്റേണ്ടി വരുന്ന സാഹചര്യംകൂടി ഉണ്ടായാൽ കർഷകന്റെ കാര്യം പൂർത്തിയായി. അതായത്, രാവിലെ 3 മുതൽ രാത്രി വരെ തൊഴുത്തിലും പറമ്പിലും കഷ്ടപ്പെട്ടിട്ട് ഒരു ചെറുകിട ക്ഷീരകർഷകന് മാസം 2000 രൂപ പോലും സമ്പാദിക്കാനുള്ള സാഹചര്യം ഇന്ന് കേരളത്തിൽ ഇല്ല എന്നതാണ് സത്യം. ഇതുകൊണ്ടൊക്കെയാണ് ചെറുകിട ക്ഷീരകർഷകർ ഈ മേഖല വിടുന്നത്. അതുകൊണ്ടു തന്നെ കേരളത്തിലെ ക്ഷീരകർഷകർ പാലിൽ സ്വന്തം അധ്വാനം എന്ന സ്വർണം ചാലിച്ചു തന്നെയാണ് പാൽ നിങ്ങളുടെ കൈകളിൽ എത്തിക്കുന്നത്.
English summary: Economic Analysis of Cost and Returns of Milk Production