ADVERTISEMENT

കൃഷിച്ചെലവിന്റെ നല്ലൊരു ശതമാനവും പണിക്കൂലിയാണ് കേരളത്തിൽ. യന്ത്രവൽക്കരണത്തിലൂടെ കാർഷികമേഖലയെ സ്മാർട്ടാക്കുകയാണ് ഇതിനു പരിഹാരം. സാധാരണക്കാരുടെ തലയിലുദിക്കുന്ന ആശയങ്ങൾക്കും കാർഷിക യന്ത്രവൽക്കരണത്തിൽ വലിയ പങ്ക് വഹിക്കാനാകുമെന്ന് തെളിയിക്കുകയാണ് ട്രാക്ടർ ഡ്രൈവറായ ചേർത്തല തെക്ക്, കല്ലുവീട്ടിൽ പ്രശാന്തും അദ്ദേഹം  രൂപകൽപന ചെയ്ത ‘വാരംകോരി’ യന്ത്രവും.

ഏറെ സമയവും അധ്വാനവും കൂലിച്ചെലവും ലാഭിക്കുന്ന  ഈ ‘യന്തിരൻ’ പത്താളുടെ പണി ഒറ്റയ്ക്കു ചെയ്യുന്ന ‘സൂപ്പർ മെഷീൻ’ ആണ്.  കൃത്യതാക്കൃഷിക്കും താഴ്ന്ന പ്രദേശങ്ങളിലെ പച്ചക്കറിക്കൃഷിക്കും ഏറെ പ്രയോജനപ്പെടുന്ന യന്ത്രമായി ഇത് മാറിക്കഴിഞ്ഞു. കൃത്യതാക്കൃഷിക്കുവേണ്ടി ഒരു ഹെക്ടറിൽ വാരമുണ്ടാക്കുന്നതിനു വേണ്ടത് കേവലം നാലര മണിക്കൂർ! ട്രാക്ടറിന്റെ വാടകയേ നൽകേണ്ടതുള്ളൂ - മണിക്കൂറിന് 1000 രൂപ. 

ട്രാക്ടറിനു പിന്നില്‍ ഘടിപ്പിക്കാവുന്ന വിധമാണ് ‘യന്ത്രക്കൈ’യുടെ രൂപകല്‍പന. ട്രാക്ടറോടു ചേരുന്ന മുൻഭാഗത്തെ വീതി ഒന്നര മീറ്ററും പിൻഭാഗത്ത് 50 സെൻറീമീറ്ററുമാണ്. 160 കിലോയാണ് ഭാരം. കട്ടിയുള്ള ഇരുമ്പുതകിടു കൊണ്ടാണ് നിർമാണം. ട്രാക്ടറിൽ സാധാരണയായി ഉപയോഗിക്കുന്ന ഉഴവുകലപ്പയുടെ കാലുകൾ അഴിച്ചുമാറ്റി, അതേ ഫ്രെയിമിലാണ് യന്ത്രമുറപ്പിച്ചിരിക്കുന്നത്. 65,000 രൂപയാണ് നിർമാണച്ചെലവ്. പ്രശാന്തിന്റെ ‘വാരംകോരി’ എത്തിയതോടെ പച്ചക്കറിക്കൃഷിക്കാരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് ചേർത്തല തെക്ക് കൃഷി ഓഫിസർ റോസ്മി പറയുന്നു.

tractor-driver-1
യന്ത്രമുപയോഗിച്ച് കോരിയ വാരം

വരമ്പും പിടിക്കാം

വാരം കോരാൻ മാത്രമല്ല, പാടശേഖരങ്ങളിൽ ചെറുബണ്ടുകൾ (ഇടവരമ്പ്) നിർമിക്കുന്നതിനും  യോജ്യമാണ് ഈ ഉപകരണം. 50 സെ.മീ. വീതിയും 25 സെ.മീ. പൊക്കവുമുള്ള വരമ്പ് പിടിക്കത്തക്ക രീതിയിലാണ് രൂപകല്‍പന. ഉറച്ച മണ്ണാണെങ്കിൽ ആദ്യം റൊട്ടവേറ്റർകൊണ്ട് ഇളക്കിക്കൊടുക്കണം. 2 റൗണ്ടുകളായാണ് വാര/വരമ്പു നിർമാണം. ആദ്യത്തെ ചാലുകീറുമ്പോൾ ഇരുവശങ്ങളിലുമുള്ള മണ്ണ് ഉയർന്നുപൊങ്ങി, വാരത്തിന്റെ  മധ്യഭാഗം കുഴിഞ്ഞുവരും. ഇവിടെ വളമിട്ടുകൊടുക്കാമെന്ന സൗകര്യവുമുണ്ട്. തുള്ളിനന യ്ക്കുള്ള കുഴലും വച്ചുകൊടുക്കാം. രണ്ടാമത്തെ റൗണ്ടിൽ, കുഴിഞ്ഞ മധ്യഭാഗം മണ്ണുമൂടി തടത്തിന് രൂപം കൈവരുന്നു. ഇതിനു മുകളിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് പുതയിട്ട്, അതിൽ ദ്വാരമുണ്ടാക്കിയാണ് നടീൽ. 

tractor-driver-2
യന്ത്രം ഘടിപ്പിച്ച ട്രാക്ടർ കൃഷിമന്ത്രി പി.പ്രസാദ് ഓടിച്ചുനോക്കുന്നു

ആശയം വന്ന വഴി

ട്രാക്ടർ ഡ്രൈവറുടെ ഓഫ് സീസൺ തൊഴിലില്ലായ്മയാണ് ഇങ്ങനെയൊരു കണ്ടുപിടിത്തത്തിലേക്കു നയിച്ചതെന്ന് പ്രശാന്ത് പറയുന്നു. ‘സീസണിൽ (നടീൽകാലത്ത്) മൂന്നോ നാലോ മാസം മാത്രമേയുള്ളൂ ഉഴവുജോലി . അതുകഴിഞ്ഞാൽ വെറുതെയിരുപ്പാണ്, ഈ പ്രതിസന്ധിക്ക് പരിഹാരം അന്വേഷിക്കുമ്പോഴാണ്, ചേർത്തലയിലെ പച്ചക്കറിക്കൃഷിക്കാരുടെ വാരം കോരുന്നതിനുള്ള ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടത്. ടു ഇൻ വൺ പരിഹാരമാണ് ആലോചിച്ചത്’.

ഓണങ്ങാ പാടശേഖരസമിതിയുടെ ട്രാക്ടറാണ് പ്രശാന്ത് ഓടിക്കുന്നത്. വാരംകോരിയന്ത്രത്തെപ്പറ്റി പാടശേഖര സമിതി സെക്രട്ടറി ശശീന്ദ്രനോട് പറഞ്ഞു. അദ്ദേഹം പിന്തുണച്ചു, നിർമാണച്ചെലവ് വഹിക്കാമെന്നും ഏറ്റു. ഇപ്പോൾ എല്ലാ ദിവസവും പണിയുണ്ട്’. സംതൃപ്തിയോടെ പ്രശാന്ത് പറയുന്നു.

കൃത്യതാക്കൃഷി

വെള്ളവും വളവും അധ്വാനവും കഴിയുന്നത്ര കുറച്ച് പരമാവധി ഉല്‍പാദനം നേടാനുള്ള ഉത്തമ മാര്‍ഗമാണ് പ്രിസിഷന്‍ ഫാമിങ് അഥവാ കൃത്യതാക്കൃഷി. അധികം ചെലവില്ലാത്ത തുള്ളിനനയ്ക്കൊപ്പം, വെള്ളത്തിലൂടെ തന്നെ വളവും നൽകാവുന്ന ഫെർട്ടിഗേഷന്‍ സംവിധാനം ഈ കൃഷിരീതിയുടെ ഭാഗമാണ്. ഓരോ തുള്ളി വെള്ളവും, മുഴുവൻ വളവും ചെടിയുടെ വേരുപടലത്തില്‍ത്തന്നെ ലഭിക്കുമെന്നതാണ് നേട്ടം.

ഫോണ്‍: 9539549808

English summary: To help vegetable farmers, tractor driver develops Row Crop Tractor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com