ADVERTISEMENT

ആദായത്തിൽ മുന്നിൽ പന്നിവളര്‍ത്തലെങ്കിലും പരാതികൾ പേടിച്ച് കൂടുതൽ കർഷകരും തിരഞ്ഞെടുക്കുന്നത് ഇറച്ചിക്കോഴിവളർത്തലാണ്. കോട്ടയം കൊടുത്തുരുത്തിലെ സമ്മിശ്രക്കർഷകനായ മാർട്ടിന്റെ ലാഭയിനവും ബ്രോയിലർ ചിക്കൻ തന്നെ. കിലോയ്ക്ക് 7 രൂപ വളർത്തുകൂലി നിരക്കിൽ ഒരു ബാച്ചിൽ 4500 കോഴികളെയാണ് മാർട്ടിൻ വളര്‍ത്തുന്നത്. 40 ദിവസംകൊണ്ട് പണം കയ്യിൽ. വർഷം 6 ബാച്ചുകൾ. കൂട്, കൂട്ടിൽ നിരത്താനുള്ള ചകിരിച്ചോറ്, വെള്ളം, വെളിച്ചം, തീറ്റ പ്പാത്രങ്ങൾ എന്നിവയൊരുക്കാൻ  തുടക്കത്തിൽ വലിയ ചെലവു വരുമെങ്കിലും പിന്നീടങ്ങോട്ട് റിസ്ക്  കുറവും നേട്ടം കൂടുതലുമെന്ന് മാർട്ടിൻ. അതേസമയം  വളർത്തുകൂലി വാങ്ങിയുള്ള കൃഷിക്കു പകരം സ്വന്തം നിലയ്ക്കു വളർത്തി വില്‍ക്കുന്ന സംരംഭം നഷ്ടക്കച്ചവടമാകുമെന്നു മാർട്ടിൻ ഓർമിപ്പിക്കുന്നു. അല്ലെങ്കിൽ വിൽപനയ്ക്ക് സ്വന്തം ഔട്‌ലെറ്റ് ഉണ്ടായിരിക്കണം.

വളർത്തുകൂലി മാത്രമല്ല നേട്ടം. 4500 കോഴികൾ വളരുന്ന ഷെഡ്ഡിൽ ഒരു ബാച്ചിനായി 70 ചാക്ക് ചകിരിച്ചോറാണ് വിതറുക. ഒരു ചാക്കിന് 190 രൂപ വില. 15 പായ്ക്കറ്റ് കക്കയും രണ്ടു കിലോ തുരിശും  അതിൽ ചേർക്കും. ഒരു ബാച്ച് പിന്നിടുമ്പോൾ ഈ മിശ്രിതം ഏതാണ്ട് 80 ചാക്ക് ജൈവവളമായി രൂപപ്പെടും. ചാക്ക് ഒന്നിന് 250 രൂപയ്ക്ക് ഇതു വിൽക്കാം.

poultry-farming-martin-1
മത്സ്യക്കൃഷിയും വരുമാനമാർഗം

നേട്ടം സമ്മിശ്രക്കൃഷി

മത്സ്യം, കോഴി, താറാവ് സംരംഭങ്ങള്‍ ഒറ്റയൊറ്റയായി ചെയ്യുന്നതിനെക്കാൾ പലമടങ്ങു നേട്ടം ലഭിക്കും പശുവും പച്ചക്കറികളും കൂടി ചേരുന്ന സമ്മിശ്രക്കൃഷിയിലെന്നു മാർട്ടിൻ. ഒറ്റയായി ചെയ്യുന്നവർക്ക് ഓരോന്നിനും പ്രത്യേകം തീറ്റ അന്വേഷിക്കേണ്ടി വരും, നേട്ടം കുറയും. എന്നാല്‍ സമ്മിശ്രക്കൃഷിയില്‍ അവശിഷ്ടങ്ങള്‍ പരസ്പരം തീറ്റയും വളവുമാകും. അരയേക്കർ കുളത്തിൽ നട്ടർ, വാള, തിലാപ്പിയ, ജയന്റ് ഗൗരാമി മത്സ്യങ്ങൾ വളർത്തുന്നതു തുച്ഛമായ ചെലവിലെന്നു മാർട്ടിൻ. മേയ് മാസത്തിൽ കുളം വറ്റിച്ചു വൃത്തിയാക്കി ജൂണിൽ കുഞ്ഞുങ്ങളെ ഇടും. ചാണകം, തവിട്, ചോറ് എന്നിവ ഒരുമിച്ചാക്കി ഏതാനും കുട്ടകൾ ആഴ്ചയിൽ പലപ്പോഴായി കുളത്തിൽ വിതറും. പറമ്പിലെ പുല്ലും വെട്ടിയിടും. ഫെബ്രുവരിയിൽ ഒരാഴ്ച നീളുന്ന വിളവെടുപ്പ്. വലുപ്പം കൂടിയ കുഞ്ഞുങ്ങളെ ഇടുന്നതിനാൽ തുടർന്നുള്ള 9 മാസംകൊണ്ട് ഗൗരാമി 700 ഗ്രാം  തൂക്കമെത്തും. വാളയും നട്ടറും ശരാശരി 2 കിലോയും. ഗൗരാമി കിലോയ്ക്ക്  400 രൂപയ്ക്കു വിൽക്കുമ്പോൾ ബാക്കിയുള്ളവയ്ക്കു വില കിലോയ്ക്ക് 200 രൂപ. മുഖ്യ വിളവെടുപ്പ് ഫെബ്രുവരിയിലാണെങ്കിലും കുഞ്ഞുങ്ങളെ കുളത്തിലിറക്കി 4–5 മാസം കഴിയുമ്പോൾ വലുതിനെ വീശുവല ഉപയോഗിച്ചു പിടിച്ച് ആവശ്യക്കാർക്കു വിൽക്കും. 

നാടൻ മുട്ടക്കോഴി, കുട്ടനാടൻ താറാവ്, വിഗോവ ഇനം ഇറച്ചിത്താറാവ് എന്നിവയും ‌സമ്മിശ്രക്കൃഷിയിൽ ലാഭകരമായ അനുബന്ധ ഇനങ്ങൾ. ജൈവാവശിഷ്ടങ്ങളാണ്  നാടൻകോഴിക്കും തീറ്റ. വിഗോവയ്ക്ക് ആദ്യത്തെ ഒന്നരയാഴ്ച കൃത്രിമത്തീറ്റ നൽകിയ ശേഷം ഇറച്ചിക്കോഴി അവശിഷ്ട ങ്ങൾ നുറുക്കി ചെറുതായി വേവിച്ചു നൽകും. 85 ദിവസംകൊണ്ട് രണ്ടര–മൂന്നു കിലോ തൂക്കമെത്തും. ജീവനോടെ കിലോയ്ക്ക്  300–350 രൂപയ്ക്കും ഇറച്ചിയാക്കി കിലോയ്ക്ക്  600 രൂപയ്ക്കും വിൽപന. നാടൻ താറാവ് 5 മാസംകൊണ്ട് മുട്ടയിട്ടു തുടങ്ങും. ഒന്നിന് 10 രൂപയ്ക്കു വിൽപന. ഇറച്ചിക്കു വിൽക്കുമ്പോൾ 5 മാസം പ്രായമെത്തിയ ഒന്നിന് 300 രൂപ ലഭിക്കും.  

ഏതു കൃഷിയും ലാഭകരമാകുന്നത് വിപണിതാല്‍പര്യം നോക്കി ഇനങ്ങൾ തിരഞ്ഞെടുക്കുകയും ഇടനിലക്കാരെ ഒഴിവാക്കി വിൽക്കുകയും ചെയ്യുമ്പോഴാണ്. ഇറച്ചി, മുട്ട, മത്സ്യം എന്നിവയുടെ കാര്യത്തിൽ ഫാം ഫ്രഷ് ഉൽപന്നങ്ങൾക്കു ഡിമാൻഡ് കൂടുതലുണ്ട്. ഈ സാധ്യത മുതലാക്കാൻ കഴിയണമെന്നും മാർട്ടിൻ.

ഫോൺ: 9447507762

English summary: How to make Poultry Farming a Profitable Business?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com