ADVERTISEMENT

കാലിത്തീറ്റവിലവർധനയും പാൽവില വർധനയും ഏറെ നാളുകളായി കേരളത്തിലെ ക്ഷീരമേഖലയിൽ ചർച്ചാവിഷയമാണ്. കാലിത്തീറ്റവിലയിൽ ശരാശരി 500 രൂപയുടെ വർധനയുണ്ടായിട്ടും പാൽവിലയിൽ മാറ്റമില്ല. ക്ഷീരകർഷകർ നഷ്ടത്തിലാണെന്ന് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ, ലീറ്ററിന് 6 രൂപ മാത്രം വർധിപ്പിക്കുമെന്നതാണ് ഏറ്റവും പുതിയ തീരുമാനം. എന്നാൽ, വർധിപ്പിക്കുന്ന  രൂപ കർഷകനു ലഭിക്കാനും പോകുന്നില്ല. അതുകൊണ്ടുതന്നെ പല കർഷകരും സ്വന്തം നിലയ്ക്ക് വിൽപന ആരംഭിച്ച് പിടിച്ചുനിൽക്കാൻ ശ്രമിക്കുന്നുണ്ട്. അതുപൊലെ ഉൽപാദനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിനായി തമിഴ്നാട്ടിൽനിന്ന് തീറ്റ നേരിട്ട് വാങ്ങുന്ന രീതിയും കർഷകർക്കിടയിൽ പ്രചാരത്തിലായിട്ടുണ്ട്.

കേരളത്തിലെ ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം ചെറുകിട കർഷകരാണ് കൂടുതൽ. മിക്കവർക്കും അഞ്ചിൽ താഴെ മാത്രമേ പശുക്കൾ കാണൂ. അങ്ങനെയുള്ളവർക്ക് നേരിട്ട് തമിഴ്നാട്ടിൽ പോയി തീറ്റ സാമഗ്രികൾ നേരിട്ട് വാങ്ങാൻ കഴിയില്ല. അവിടെയാണ് ക്ലസ്റ്ററുകളുടെ പ്രധാന്യമെന്ന് ക്ഷീരകർഷകനായ രതീഷ് രാജൻ. ക്ഷീരകർഷക സംഘടനയായ സമഗ്രയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഇന്ന് ഒട്ടേറെ ക്ലസ്റ്ററുകൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിലൂടെ കർഷകർ നേരിട്ട് കാലിത്തീറ്റയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ തമിഴ്നാട്ടിൽനിന്ന് വാങ്ങുന്നു. നിലവിൽ സമഗ്രയുടെ നേതൃത്വത്തിൽ 35 കർഷകർ വീതമുള്ള 9 ക്ലസ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ട്. 

ഇടനിലക്കാരില്ലാതെ കർഷകർ നേരിട്ടുതന്നെ വാങ്ങുന്നു എന്നതാണ് ഇതിന്റെ നേട്ടം. ഇടനിലക്കാരുടെ ലാഭമെടുപ്പ് ഇല്ല എന്നതുകൊണ്ടുതന്നെ കർഷകർക്ക് നേട്ടമാകുന്നു. ഒരുകൂട്ടം ആളുകൾക്ക് ആവശ്യമായത് നേരിട്ട് എത്തിക്കാനും കഴിയുന്നു. ചോളം, തവിടുകൾ, പിണ്ണാക്കുകൾ എന്നിവയെല്ലാം വിശ്വാസയോഗ്യമായ കച്ചവടക്കാരിൽനിന്ന് നേരിട്ട് വാങ്ങുകയാണ് ചെയ്യുന്നത്. ചോളം വാങ്ങി തരിയായി പൊടിച്ചശേഷമാണ് കൊണ്ടുവരുന്നത്. തരി രൂപത്തിൽ പൊടിക്കുന്നതിനാൽ മായം ചേർക്കാനും കഴിയില്ലെന്ന് രതീഷ് പറയുന്നു.

cattle-feed-preparation
അസംസ്കത വസ്തുക്കൾ സംയോജിപ്പിച്ച് കാലിത്തീറ്റ തയാറാക്കുന്നു

ഒരു വർഷത്തോളമായി ഇത്തരത്തിൽ സ്വയം നിർമിത തീറ്റ നൽകുന്ന കർഷകനാണ് താനെന്ന് എറണാകുളം ചൊവ്വര സ്വദേശി ഹിദായത്ത്. കിടാക്കളുൾപ്പെടെ 40 ഉരുക്കളുള്ള തനിക്ക് ഈ രീതിയിൽ ഭക്ഷണം നൽകാൻ തുടങ്ങിയതോടെ നേട്ടം ലഭിച്ചുവെന്നും അദ്ദേഹം പറയുന്നു. ടിഎംആർ രീതിയിലാണ് തീറ്റ നൽകുന്നത്. പശുക്കളുടെ ആരോഗ്യം മെച്ചപ്പെട്ടു, രോഗങ്ങൾ ഗണ്യമായി കുറഞ്ഞു, കൊഴുപ്പു കൂടിയ പാൽ ലഭിക്കുന്നു എന്നിവയാണ് പ്രധാന നേട്ടം. അസംസ്കൃതവസ്തുക്കളുടെ വിലയിലെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ച് ചെലവ് ക്രമീകരിക്കാനും കഴിയുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

പശുക്കളുടെ ആരോഗ്യം മെച്ചപ്പെടുകയും രോഗസാധ്യത 90 ശതമാനം കുറയുകയും ചെയ്തുവെന്നത് എറണാകുളം കൊമ്പനാട് സ്വദേശിയായ എൻ.വി.എൽദോയുടെ അനുഭവം. പത്തു പശുക്കളാണ് എൽദോയ്ക്കുള്ളത്. ഒരു വർഷമായി സ്വയം നിർമിത സ്വയം നിർമിത തീറ്റ നൽകുന്നു. പാലിന് നല്ല വില ലഭിക്കുന്നു, കാലിത്തീറ്റയുടെ വില വരുമെങ്കിലും അളവ് കുറവ് മതി എന്നതും നേട്ടമാണ്. ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ 15 ദിവസം കൂടുമ്പോൾ 10–15 ടൺ ലോഡ് അസംസ്കൃത വസ്തുക്കൾ എത്തിക്കുന്നു. ക്ലസ്റ്ററിൽ ഇല്ലാത്ത കർഷകർക്കും നൽകുന്നുണ്ടെന്നും എൽദോ. മണ്ണുത്തി വെറ്ററിനറി കോളജിൽനിന്നുള്ള നിർദേശം അനുസരിച്ചാണ് തീറ്റയിലെ ഘടകങ്ങൾ നിശ്ചയിക്കുകയെന്നും അദ്ദേഹം പറയുന്നു.

ഒരു പശുവിന് 190 രൂപയുടെ ചെലവ് വന്നിരുന്ന സ്ഥാനത്ത് 150 രൂപയായി കുറയ്ക്കാൻ കഴിഞ്ഞുവെന്നതാണ് മാള അഷ്ടമിച്ചിറ സ്വദേശിനി സോമന ഫയാസിനു പറയാനുള്ളത്. 11 പശുക്കളുള്ള സോമന ഒരു വർഷത്തിലേറെയായി സ്വയം നിർമിത തീറ്റ നൽകുന്നു. മുൻപ് സ്ഥിരമായി അകിടുവീക്കവും ചെനപിടിക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടായിരുന്ന തന്റെ ഫാമിൽ രോഗങ്ങൾ ഇല്ലെന്നു പറയാമെന്നും സോമന. മൂന്നാഴ്ച കൂടുമ്പോഴാണ് തീറ്റ ഇറക്കുക. 

cattle-feed-preparation-1
അസംസ്കത വസ്തുക്കൾ സംയോജിപ്പിച്ച് കാലിത്തീറ്റ തയാറാക്കുന്നു

ഇത്തരത്തിൽ അസംസ്കൃത വസ്തുക്കൾ സ്വന്തമായി കൊണ്ടുവരുന്നതുവഴി കാലിത്തീറ്റ ശരാശരി 28 രൂപയ്ക്ക് തയാറാക്കാൻ കർഷകർക്കു കഴിയും. വിപണിയിലെ വലക്കയറ്റിറക്കങ്ങൾ അനുസരിച്ച് ഉൽപാദനച്ചെലവിന് മാറ്റം വരികയും ചെയ്യും. കിലോയ്ക്ക് 28 രൂപ വിലവരുന്നെങ്കിൽ കർഷകർക്ക് എന്താണ് നേട്ടമെന്ന് ചോദ്യമുണ്ടാകും. ഉണ്ട്, നേട്ടമുണ്ട്. 20 മുതൽ 30 ലീറ്റർ പാൽ ചുരത്തുന്ന പശുവിന് ലീറ്ററിന് 400 ഗ്രാമും ശരീരത്തിന് 2 കിലോയും കാലിത്തീറ്റ നൽകണമെന്നാണ് പഠനങ്ങൾ കർഷകരോട് നിർദേശിക്കുന്നത്. അത്തരത്തിൽ തീറ്റ നൽകിയാൽ നിലനിൽക്കാൻ പറ്റില്ലെന്ന തിരിച്ചറിവിലാണ് കർഷകർ സ്വന്തം തീറ്റയിലേക്ക് തിരിഞ്ഞത്. മേൽപ്പറഞ്ഞ പാലുൽപാദനമുള്ള പശുക്കൾക്ക് കർഷകർ സ്വയം നിർമിക്കുന്ന തീറ്റ 4 കിലോയും ഏതെങ്കിലും മികച്ച കാലിത്തീറ്റ 4 കിലോയും കൊടുത്താൽ മതി. അപ്പോൾത്തന്നെ ഉൽപാദനച്ചെലവിൽ വലിയ മാറ്റം വരുമെന്ന് കർഷകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. അതായത് 20 ലീറ്റർ ഉൽപാദനമുള്ള പശുവിന് 14 കിലോ കാലിത്തീറ്റ കൊടുക്കേണ്ട സ്ഥാനത്ത് അത് 8 കിലോയായി കുറയ്കാൻ കഴിയും. 

ചോളം, ഗോതമ്പ് തവിട്, വൻപയർ, ചെറുപയറുപൊടി, സോഡാപ്പൊടി, ഉപ്പ്, മിനറൽ മിക്സ്, എള്ളിൻപിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക് എന്നിവയാണ് സാന്ദ്രീകൃത തീറ്റയിൽ ഉൾപ്പെടുത്തുക. അന്നജം 40%, പ്രോട്ടീൻ 30%, ഫൈബർ 30% എന്ന രീതിയിലാണ് അസംസ്കൃത വസ്തുക്കൾ ചേർക്കുക. സാധാരണ 40% ചോളപ്പൊടിയാണ് ചേർക്കുന്നത്. അതേസമയം വിലക്കുറവിൽ ഗോതമ്പ് ലഭിച്ചാൽ അതും അന്നജത്തിനായി (30% ചോളം, 10% ഗോതമ്പ്) ഉപയോഗിക്കും. ചുരുക്കത്തിൽ അസംസ്കൃത വസ്തുക്കളുടെ ലഭ്യതയും വിലക്കുറവും ശ്രദ്ധിച്ച് തീറ്റ നിർമിക്കാൻ ഓരോ കർഷകനും സാധിക്കും. 

കൂടുതൽ വിവരങ്ങൾക്ക്: 9745229870

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com